Saturday, May 19, 2018 Last Updated 35 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.02 AM

സാക്ഷരതയ്‌ക്കപ്പുറം

uploads/news/2017/09/143886/bft2.jpg

രാജ്യത്തിന്‌ മാതൃകയായി കേരളം മുന്നില്‍ നടന്ന മേഖലകള്‍ ഒരുപാടുണ്ട്‌. അതില്‍ പ്രധാനമാണു സാക്ഷരത. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്‌ഥാനമാണ്‌ കേരളം. 2011-ലെ സെന്‍സസ്‌ പ്രകാരം 93.1 ശതമാനമാണ്‌ കേരളത്തിലെ സാക്ഷരത. സെന്‍സസ്‌ റിപ്പോര്‍ട്ട്‌ പ്രകാരം 90 ശതമാനത്തിന്‌ മീതെ സാക്ഷരത നേടിയ സംസ്‌ഥാനം കേരളം മാത്രമാണ്‌. ഇന്ത്യയുടെ സാക്ഷരതാ നിരക്ക്‌ 64.84 ശതമാനം.
സ്‌ത്രീ സാക്ഷരതയില്‍ കേരളം ഉണ്ടാക്കിയ മുന്നേറ്റവും ലോക ശ്രദ്ധ നേടിയിട്ടുണ്ട്‌. പുരുഷന്മാരുടെ സാക്ഷരതാനിരക്ക്‌ 96.02 ആണെങ്കില്‍ സ്‌ത്രീകളുടേത്‌ 91.98 ആണ്‌. സ്‌ത്രീ-പുരുഷ സാക്ഷരത നിരക്കിലെ വ്യത്യാസം വളരെ കുറഞ്ഞ സംസ്‌ഥാനങ്ങളില്‍ ഒന്നാണ്‌ കേരളം. ഏറ്റവുമധികം സ്‌ത്രീ സാക്ഷരതയുള്ള സംസ്‌ഥാനവും കേരളം തന്നെ. സ്‌ത്രീ സാക്ഷരതയ്‌ക്ക്‌ യുനെസ്‌കോ തന്നെ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌. സമൂഹത്തില്‍ ഏറ്റവുമധികം ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇരയാകുന്നത്‌ സ്‌ത്രീകളാണ്‌. ചൂഷണത്തിനും കടുത്ത ലിംഗവിവേചനത്തിനും എതിരേ പോരാടാന്‍ സ്‌ത്രീകള്‍ക്ക്‌ ശക്‌തിയും ഊര്‍ജവും നല്‍കുന്നത്‌ വിദ്യാഭ്യാസമാണ്‌. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം മനസിലാകണമെങ്കില്‍ സാക്ഷരത നേടണം. എന്തു കഷ്‌ടപ്പാടുകള്‍ സഹിച്ചും മക്കളെ പഠിപ്പിക്കണമെന്ന ബോധം സ്‌ത്രീകള്‍ക്ക്‌ ലഭിക്കുന്നത്‌ സാക്ഷരതയിലൂടെയാണ്‌. കേരളത്തിലെ ഉയര്‍ന്ന സ്‌ത്രീ സാക്ഷരതയാണ്‌ സ്‌ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയിലും പ്രതിഫലിക്കുന്നത്‌. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം സ്‌ത്രീ ബിരുദധാരികളുള്ള സംസ്‌ഥാനവും കേരളമാണ്‌. സ്‌ത്രീ ശാക്‌തീകരണ പ്രസ്‌ഥാനത്തിന്‌ ഏറ്റവും മികച്ച മാതൃകയാണു കുടുംബശ്രീ. 43 ലക്ഷം സ്‌ത്രീകള്‍ ഇന്ന്‌ ആ പ്രസ്‌ഥാനത്തില്‍ അംഗങ്ങളാണ്‌. കുടുംബശ്രീ പ്രസ്‌ഥാനത്തിന്റെ വിജയത്തിന്‌ അടിസ്‌ഥാനവും സ്‌ത്രീ സാക്ഷരതയും അതിലൂടെ സ്‌ത്രീകള്‍ ആര്‍ജിച്ച സാമൂഹ്യ അവബോധവുമാണ്‌.
ഇടതുപക്ഷ സര്‍ക്കാരുകള്‍ സാക്ഷരതയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു പ്രവര്‍ത്തിച്ചതെന്ന്‌ നമുക്കറിയാം. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനംകൊണ്ട്‌ സാക്ഷരതാ പരിപാടി പൂര്‍ണമാകുന്നില്ല. അത്‌ തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ സംസ്‌ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക്‌ 1988-ല്‍ രൂപം നല്‍കിയത്‌. എഴുതാനും വായിക്കാനും അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനുമുള്ള കഴിവ്‌ മാത്രമല്ല സാക്ഷരത. സാമൂഹികവും സാംസ്‌കാരികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ഇടപെടാനുള്ള കഴിവ്‌ ആര്‍ജിക്കുമ്പോഴാണ്‌ സാക്ഷരതയ്‌ക്ക്‌ അര്‍ഥമുണ്ടാകുന്നത്‌. പഠനമെന്നത്‌ ജീവിതത്തിലുടനീളം വേണ്ടതാണ്‌. അതിനുള്ള പ്രചോദനം സാക്ഷരതയിലൂടെ ലഭിക്കണം. ഈ രീതിയില്‍ ഉയര്‍ന്ന സാമൂഹിക അവബോധം സാക്ഷരതയിലൂടെ സൃഷ്‌ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടപ്പാക്കുന്നത്‌.
നിരക്ഷരതയുടെ ഒരു തുരുത്തുപോലും കേരളത്തിലുണ്ടാവാന്‍ പാടില്ലെന്നതാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ്‌ സമഗ്ര സാക്ഷരതാ സര്‍വേ നടത്തുന്നത്‌. ഈ സാമ്പത്തിക വര്‍ഷം തന്നെ ഒരു ലക്ഷം പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണ്‌ സംസ്‌ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ചിട്ടുളളത്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്‌ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ട്രാന്‍സ്‌ജന്‍ഡേഴ്‌സ്‌ തുടങ്ങി മുഴുവന്‍ ജനവിഭാഗങ്ങളെയും സാക്ഷരതയിലൂടെ മുഖ്യധാരയില്‍ എത്തിക്കാനും അവര്‍ക്ക്‌ തുല്യ അവസരം ഉറപ്പാക്കാനുമാണ്‌ പരിപാടി. പാലക്കാട്‌ ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ സാക്ഷരതാ പദ്ധതിയുടെ ഒന്നാം ഘട്ടം 71 ആദിവാസി ഊരുകളില്‍ നടപ്പാക്കി. സര്‍വെയില്‍ 4,060 നിരക്ഷരരെയാണ്‌ അട്ടപ്പാടിയില്‍ കണ്ടെത്തിയത്‌. അവരില്‍ 1,127 പേരെ സാക്ഷരരാക്കി.
അവശേഷിക്കുന്നവരെ കൂടി സാക്ഷരരാക്കാന്‍ രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചുകഴിഞ്ഞു. വയനാട്‌ ജില്ലയിലെ മുഴുവന്‍ ആദിവാസികളെയും സാക്ഷരരാക്കാനുള്ള പദ്ധതിയും മുന്നോട്ടുപോകുന്നു. സമഗ്രമായ സാക്ഷരതാ-തുടര്‍വിദ്യാഭ്യാസ പദ്ധതിയാണ്‌ ആദിവാസികള്‍ക്കുവേണ്ടി നടപ്പാക്കുന്നത്‌. 2017-18-ലെ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
തീരദേശത്തെ നിരക്ഷരതാ നിര്‍മാര്‍ജനത്തിന്‌ ഫിഷറീസ്‌ വകുപ്പിന്റെ പിന്തുണയോടെ 2017-ല്‍ ആരംഭിച്ച പദ്ധതിയാണ്‌ അക്ഷരസാഗരം. മാതൃഭാഷ പഠിക്കാതെ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവുന്ന അവസ്‌ഥ മാറ്റാനാണ്‌ മാതൃഭാഷാപഠനം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്‌. വിദ്യാര്‍ഥികളിലും ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞവരിലും ഉദ്യോഗസ്‌ഥരിലുമടക്കം മലയാളം അറിയാത്തവര്‍ ധാരാളമുണ്ട്‌. ഇത്തരക്കാരെ മലയാളം പഠിപ്പിക്കാന്‍ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്‌ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌. കേരളത്തിനു പുറത്തും ഇന്ത്യയ്‌ക്ക്‌ പുറത്തും കഴിയുന്ന മലയാളികളുടെ മക്കളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിയാണ്‌ മലയാളം മിഷന്‍ ഏറ്റെടുത്തിട്ടുള്ളത്‌. നാലു കോഴ്‌സുകള്‍ മലയാളം മിഷന്‍ അതിനുവേണ്ടി ആരംഭിച്ചിട്ടുണ്ട്‌. ഈ കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ മലയാളത്തില്‍ എസ്‌.എസ്‌.എല്‍.സിക്കാര്‍ക്ക്‌ തുല്യമായ അറിവ്‌ ലഭിക്കണമെന്നതാണ്‌ ലക്ഷ്യം.
ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ വേണ്ടിയുള്ള സാക്ഷരതാ പരിപാടി സര്‍ക്കാരിന്റെ പുരോഗമന കാഴ്‌ചപ്പാടിന്റെ മറ്റൊരു തെളിവാണ്‌. നമ്മുടെ വികസന പ്രക്രിയയില്‍ പങ്ക്‌ വഹിക്കുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെ കേരള സമൂഹത്തിന്റെ ഭാഗമായാണ്‌ സര്‍ക്കാര്‍ കാണുന്നത്‌. അവരില്‍ പലരും മാതൃഭാഷയിലും നിരക്ഷരരാണ്‌. അവരെ ആദ്യം ഹിന്ദിയോ ബംഗാളിയോ ഒഡിയയോ ബിഹാറിയോ പഠിപ്പിക്കും. അതിന്‌ ശേഷം കേരള സമൂഹത്തെയും സംസ്‌കാരത്തെയും അറിയാന്‍ അവസരമൊരുക്കും. ഇതാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ക്കൊന്നും ഇത്തരമൊരു പരിപാടി ചിന്തിക്കാന്‍ പോലും കഴിയില്ല. ഹിന്ദി മേഖലയിലുള്ള യു.പി., ബിഹാര്‍, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍ എന്നീ നാലു സംസ്‌ഥാനങ്ങളിലാണ്‌ ഇന്ത്യയിലെ നിരക്ഷരരില്‍ 43 ശതമാനവും. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിട്ട്‌ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്നത്‌ എളുപ്പമാക്കുന്നത്‌ ഈ നിരക്ഷരതയാണ്‌.
സാക്ഷരതയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ചുകൊണ്ട്‌ മുന്നോട്ടുപോകണം എന്നതാണ്‌ സര്‍ക്കാരിന്റെ നയം. ഈ വര്‍ഷത്തെ ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച്‌ യുനെസ്‌കോ ഈ വര്‍ഷം സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിന്‌ ഡിജിറ്റല്‍ ലോകത്തില്‍ സാക്ഷരത എന്ന പേരാണ്‌ നല്‍കിയത്‌. ഡിജിറ്റല്‍ ലോകത്ത്‌ സാക്ഷരതയുടെ അര്‍ഥവും നിര്‍വചനവും മാറിയെന്നാണ്‌ യുനെസ്‌കോ ഓര്‍മിപ്പിക്കുന്നത്‌. ദൈനംദിന ജീവിതത്തില്‍ സാക്ഷരത പ്രയോജനപ്പെടണമെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും ഇന്റര്‍നെറ്റിലൂടെ അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാനും കഴിയണം. അതിവേഗം ഡിജിറ്റല്‍ സമൂഹമായി മാറുന്ന കേരളത്തില്‍ ഇതിന്‌ പ്രത്യേക പ്രസക്‌തിയുണ്ട്‌. ഈ മാറ്റം ഉള്‍ക്കൊണ്ടാണ്‌ സാക്ഷരതയുടെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെടുന്നത്‌. കേരളത്തിലെ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെയും സ്‌ത്രീ വിദ്യാഭ്യാസത്തിന്റെയും സ്‌ത്രീ ശാക്‌തീകരണത്തിന്റെയും അടിത്തറ സാക്ഷരതയാണ്‌.

പിണറായി വിജയന്‍

മുഖ്യമന്ത്രി

Ads by Google
Friday 08 Sep 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW