Thursday, May 31, 2018 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.01 AM

ആ കുറുക്കന്റെ വാക്കുകള്‍ക്ക്‌ ഇന്ത്യ ചെവികൊടുക്കുമ്പോള്‍

അഫ്‌ഗാനിസ്‌ഥാനില്‍ സമാധാനം സ്‌ഥാപിക്കുവാന്‍ ഇന്ത്യ ഇടപെടണമെന്നാണ്‌ അമേരിക്കയുടെ ആഹ്വാനം. അഫ്‌ഗാന്റെ സവിശേഷതകള്‍ അറിഞ്ഞുകൂടാതെ, അതിന്റെ നയതന്ത്ര പ്രാധാന്യം മാത്രം കണക്കിലെടുത്ത്‌ സഹസ്രാബ്‌ദങ്ങളായി സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ അഫ്‌ഗാനിലേക്ക്‌ നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. ആദ്യം പേര്‍ഷ്യന്‍ സാമ്രാജ്യവും പിന്നീട്‌ അറബികളും സാറിസ്‌റ്റ്‌ റഷ്യയും ഫ്രാന്‍സും ബ്രിട്ടനും സോവിയറ്റ്‌ യൂണിയനും തുടര്‍ന്നുവന്ന അധിനിവേശ ചരിത്രത്തില്‍ അവസാന അദ്ധ്യായം മാത്രമാണ്‌ അമേരിക്കന്‍ അധിനിവേശം. ഈ ഭൂപ്രദേശത്ത്‌ നുഴഞ്ഞുകയറിയ ഒരു വൈദേശിക ശക്‌തിയും പോറലേല്‍ക്കാതെ മടങ്ങിപ്പോയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ആ ദുരിതവേദനയിലാണ്‌ നഷ്‌ടങ്ങളുടെ പതിനാറുവര്‍ഷം എന്ന്‌ അമേരിക്കയുടെ അഫ്‌ഗാന്‍ അധിനിവേശത്തെ വിശേഷിപ്പിച്ചത്‌.
കൊളോണിയല്‍ കാലഘട്ടത്തില്‍ തങ്ങള്‍ക്കിടയില്‍ ഒരു ബഫര്‍ സ്‌റ്റേറ്റായി അഫ്‌ഗാനിസ്‌ഥാനെ നിലനിര്‍ത്താനാണ്‌ റഷ്യയും ബ്രിട്ടനും ആഗ്രഹിച്ചത്‌. എന്നിട്ടും ബ്രിട്ടന്റെ അധികാര വ്യഗ്രതയ്‌ക്ക്‌ പാവഭരണകൂടങ്ങളെ ആവശ്യമായിവന്നു. ഈ അത്യാര്‍ത്തിക്ക്‌ ബ്രിട്ടന്‍ കനത്തവില കൊടുക്കേണ്ടിവന്നു. രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നുവന്ന ശീതയുദ്ധ ചരിത്രത്തിലാണ്‌ റഷ്യ, അഫ്‌ഗാന്‍ രാഷ്‌ട്രീയത്തിലെ നിര്‍ണായക ശക്‌തിയായി മാറുന്നത്‌.
1978-ല്‍ അഫ്‌ഗാനിസ്‌ഥാനിലേക്ക്‌ ബ്രഷ്‌നേവ്‌ ഡോക്‌ട്രിന്റെ അടിസ്‌ഥാനത്തില്‍ റഷ്യ നടത്തിയ നുഴഞ്ഞുകയറ്റത്തിലൂടെ സോവിയറ്റ്‌ യൂണിയന്‍തന്നെ തകര്‍ന്നടിഞ്ഞു. എങ്ങനെയും അഫ്‌ഗാനിസ്‌ഥാനില്‍നിന്നും പുറത്തുകടക്കുക എന്നതുമാത്രമായിരുന്നു പിന്നീടുള്ള കാലങ്ങളില്‍ റഷ്യയുടെ ആലോചന. ഗോര്‍ബച്ചേവിന്റെ ഭരണകാലത്താണ്‌ അത്‌ സാദ്ധ്യമായത്‌. അഫ്‌ഗാനിസ്‌ഥാനിലേക്ക്‌ റഷ്യന്‍ സേനയെ അയച്ചതിനേക്കാള്‍ ദുഷ്‌ക്കരമായിരുന്നു പിന്‍വലിക്കാന്‍ എന്നു ചരിത്രം രേഖപ്പെടുത്തി.
അഫ്‌ഗാനിസ്‌ഥാനെതിരേ അമേരിക്ക എക്കാലവും പട നയിച്ചത്‌ മറ്റു രാഷ്‌ട്രങ്ങളെ താവളമാക്കിയാണ്‌. ആദ്യകാലങ്ങളില്‍ ചൈന, പാകിസ്‌താന്‍, സൗദി അറേബ്യ തുടങ്ങിയ രാഷ്‌ട്രങ്ങളിലൂടെ ആയുധങ്ങള്‍ അഫ്‌ഗാനിലെ ദരിദ്രരും വിദ്യാവിഹീനരുമായ ആളുകളുടെ കൈകളിലെത്തിച്ചു. അങ്ങനെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധയുദ്ധത്തിന്‌ അമേരിക്ക മൂര്‍ച്ചകൂട്ടി. അഫ്‌ഗാനിസ്‌ഥാന്റെ ഇന്നത്തെ ദുരന്തത്തില്‍ ഇന്ത്യ ഒരു കാലത്തും പങ്കാളിയല്ല, ആ പാപക്കറ ഇന്ത്യന്‍ ഭരണാധികാരികളുടെ കരങ്ങളിലുമില്ല.
ലോകത്തെ പരാജിത രാഷ്‌ട്രമാണ്‌ അഫ്‌ഗാനിസ്‌ഥാന്‍. പ്രകൃത്യാലുള്ള അതിര്‍ത്തികളില്ലാത്ത ഈ രാഷ്‌ ്രടം ഇന്ത്യയേയും പാശ്‌ചാത്യ ലോകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിത്താരയായിരുന്നു. ഈ യാത്രാപഥം അധീനതയിലായാല്‍ ലോകവാണിജ്യത്തിന്റെ കുത്തക തങ്ങളിലാകുമെന്ന്‌ ഒരു വേള പാശ്‌ചാത്യ രാഷ്‌്രടങ്ങള്‍ മോഹിച്ചു പോയിട്ടുണ്ട്‌. മഹാനായ അലക്‌സാണ്ടറിനും രണവിരാനായ നെപ്പോളിയനും ആ മോഹം സാക്ഷാത്‌ക്കരിക്കാനായില്ല.
ഹിന്ദുക്കുഷ്‌ മലനിരകളില്‍ കിടക്കുന്ന ഗോത്രങ്ങള്‍ പൊതുവില്‍ സ്വാതന്ത്ര്യ കാംക്ഷികളാണ്‌. അവരെ സംബന്ധിച്ചിടത്തോളം യാതൊരു വൈദേശിക അധികാരത്തെയും വച്ചുപൊറുപ്പിക്കാന്‍ സാദ്ധ്യമല്ല. അഫ്‌ഗാനിസ്‌ഥാനില്‍ സംഘടിതമായ ഭരണകൂടം നിലവില്‍വന്ന സന്ദര്‍ഭങ്ങളിലെല്ലാംതന്നെ ഏകദേശം 10-20 ശതമാനം ജനങ്ങള്‍ മാത്രമാണ്‌ ആ ഭരണകൂടത്തിന്‌ വിധേയമായിരുന്നത്‌. ശേഷം ഗ്രാമീണ സമൂഹങ്ങള്‍ വൈദേശിക ഭരണകൂടത്തിനെതിരേ യുദ്ധത്തിലാണ്‌. സോവിയറ്റ്‌ യൂണിയന്‍ 10,000 സൈനികരെ അഫ്‌ഗാനിലേക്ക്‌ ആയച്ചപ്പോള്‍ 1.50,000 മുജാഹിദീനുകളാണ്‌ (വിശുദ്ധ പോരാളികളാണ്‌) സോവിയറ്റ്‌ വിരുദ്ധ ചേരികളിലുണ്ടായാത്‌. ഇവര്‍ സംഘടിത സൈന്യമല്ല. അസംഘടിത ഗ്രാമീണരാണ്‌. എ.കെ. 47 എന്ന റഷ്യന്‍ നിര്‍മിത തോക്കുകള്‍ ഇന്ത്യ, ഈജിപ്‌ത്‌, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ശേഖരിച്ച്‌ പേഷാവറിലൂടെ സാധാരണക്കാരിലെത്തിച്ച്‌ അമേരിക്കയും പാകിസ്‌താനും സംയുക്‌തമായി ഒളിപ്പോരുകള്‍ക്ക്‌ നേതൃത്വം നല്‍കി. അന്ന്‌ പാകിസ്‌താന്‍ അമേരിക്കയുടെ സഹായി ആയിരുന്നു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ പാക്‌-അമേരിക്കന്‍ ബന്ധത്തിന്റെ ഉത്‌പന്നമാണ്‌ താലിബാനുകള്‍. പഴയമുജാഹിദീന്‍ പോരാളികള്‍തന്നെയാണ്‌ ഇന്നത്തെ താലിബാനുകള്‍. റഷ്യന്‍ അധിനിവേശത്തിനെതിരേ പോരാടിയ സ്വാതന്ത്ര്യ ദാഹികള്‍ ഇന്ന്‌ അമേരിക്കയ്‌ക്കെതിരേ പോരാ ടുന്നു. എണ്‍പതുകളില്‍ റഷ്യ കാത്തിരുന്നത്‌ എങ്ങനെ അഫ്‌ഗാനില്‍നിന്നു പുറത്തുകടക്കും എന്നായിരുന്നു. ഇന്ന്‌ അമേരിക്കയും ആലോചിക്കുന്നത്‌ അതുതന്നെയാണ്‌.
അമേരിക്കയ്‌ക്ക്‌ സൈനികപരവും വ്യാവസായികവുമായ താല്‍പ്പര്യങ്ങള്‍ അഫ്‌ഗാനിസ്‌ഥാനുലുണ്ട്‌. മധ്യേഷ്യന്‍ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചേ മതിയാകു. അഫ്‌ഗാനിസ്‌ഥാന്റെ എണ്ണ, ധാതുനിക്ഷേപങ്ങള്‍ കവര്‍ന്നെടുത്തെ മതിയാകൂ. ദക്ഷിണേഷ്യയില്‍ മുതല്‍ മുടക്കില്ലാതെ, ഇന്ത്യന്‍ രക്‌തംകുടിച്ച്‌ കൊഴുക്കാനാവുമോ എന്നാണ്‌ ആ കുറുക്കന്‍ ഇപ്പോള്‍ ആലോചിക്കുന്നത്‌. അഫ്‌ഗാനിനുമേലുള്ള ഇന്ത്യന്‍ സൈനിക ഇടപെടല്‍ പാകിസ്‌താനും ചൈനയും വച്ചുപൊറുപ്പിക്കില്ല. ദുരന്ദ്‌ ലൈന്‍ പണ്ടുതന്നെ പാകിസ്‌താനും അഫ്‌ഗാനിസ്‌ഥാനും സ്വീകാര്യമല്ല. പഷ്‌തൂണ്‍ ഗോത്രം ഈ മേഖലയില്‍ വിഭജിതമാണ്‌. പഷ്‌തൂണുകളാണ്‌ ഇന്നത്തെ താലിബാന്‍ സേനയുടെ നട്ടെല്ല്‌. പഷ്‌തൂണുകള്‍ക്കെതിരേ ഇന്ത്യ നടത്തുന്ന അതിക്രമം പാകിസ്‌താന്റെ രക്‌തത്തിനെതിരേ നടത്തുന്ന അക്രമമാണ്‌. ചൈന ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ വഴിതെളിക്കുമ്പോള്‍ മറുവശത്തേക്കുള്ള സൈനിക നീക്കം ചൈനക്കും സ്വീകാര്യമാകില്ല.
ഇന്ത്യയും ചൈനയും തമ്മിലുള്ളത്‌ സൗഹൃദത്തിന്റെയും സംഘര്‍ഷത്തിന്റെയും ബന്ധങ്ങളാണ്‌. അതിര്‍ത്തികള്‍ എന്നും സംഘര്‍ഷഭരിതമാണ്‌. 1945-ലാണ്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ചൈന ഐക്യരാഷ്‌ട്ര സംഘടനയുടെ സ്‌ഥാപനാംഗവും രക്ഷാ സമിതിയിലെ സ്‌ഥിരാംഗവും ആകുന്നതെങ്കിലും ആ സ്‌ഥാനത്തേക്കു പ്രവേശിക്കുന്നതിന്‌ പീപ്പിള്‍സ്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ചൈനയ്‌ക്കു കഴിയുന്നത്‌ 1971 -ല്‍ മാത്രമാണ്‌. ചൈനയുടെ ആഗോള രാഷ്‌ട്രീയപ്രവേശനത്തിന്‌ ഇന്ത്യയുടെ പിന്തുണയും സഹായവും ഉണ്ടായിരുന്നു എന്നത്‌ മറ്റൊരു വസ്‌തുത. എന്നാല്‍, ചൈനയ്‌ക്ക്‌ അതിന്റേതായ ആഗോള രാഷ്‌ട്രീയ താല്‍പ്പര്യങ്ങളും സാമ്രാജ്യത്ത വ്യാപനത്വരയും തുടക്കം മുതലേ പ്രകടമായുണ്ടായിരുന്നു.
തെക്കന്‍ ഏഷ്യയിലെ നിര്‍ണായകശക്‌തിയായ ഇന്ത്യയും അയല്‍രാജ്യങ്ങള്‍ക്കുമേല്‍ പ്രകടമായ നിക്ഷിപ്‌ത താല്‍പ്പര്യങ്ങളോടെയാണ്‌ നിലകൊള്ളുന്നത്‌. ഒരു നിര്‍ണായക ആഗോള സാമ്പത്തിക ശക്‌തി എന്ന നിലയില്‍ ചൈനയെ ചെറുതായി കാണുവാന്‍ പാശ്‌ചാത്യ ലോകത്തിനും കഴിയില്ല. ചൈനീസ്‌ സാമ്പത്തിക വിദഗ്‌ദ്ധരുടെ വിശദീകരണം ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്‌തിയാണ്‌ ചൈന എന്നതാണ്‌. യു.എസ്‌. ഒന്നും യുണൈറ്റഡ്‌ യൂറോപ്പ്‌ രണ്ടും സ്‌ഥാനങ്ങളില്‍പ്രതിഷ്‌ഠിക്കപ്പെടുന്നു.
അമേരിക്കന്‍ ആഭ്യന്തരവിപണിതന്നെ ചൈനീസ്‌ ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കില്‍ ചകിതമാണ്‌. ചൈനയുടെ ഏഷ്യന്‍ താല്‍പ്പര്യങ്ങള്‍ സൈനികവും വാണിജ്യപരവുമാണ്‌. ഒരു സാമ്പത്തിക ശക്‌തി എന്നുള്ള നിലയിലോ സൈനിക ശക്‌തി എന്ന നിലയിലോ ഇന്ത്യ വികസിക്കുന്നത്‌ ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ ഹാനികരമാണ്‌. അതുകൊണ്ടുതന്നെ അതിര്‍ത്തികളെ സംഘര്‍ഷഭരിതമാക്കികൊണ്ടാണ്‌ ചൈന എക്കാലവും ഇടപെടുന്നത്‌. മുമ്പുതന്നെ അഫ്‌ഗാന്‍ വിമതസേനകള്‍ക്ക്‌ ആയുധംനല്‍കി പഴക്കംവന്ന ചൈന അധികം കാത്തിരിക്കില്ല, താലിബാനുകളെ ശക്‌തീകരിക്കാന്‍. ട്രംപിലെ കുറുക്കന്‍ ചിന്തിക്കുന്നത്‌ ദക്ഷിണേഷ്യയെ ഒരു യുദ്ധത്തിലേക്ക്‌ തുറന്നുവിടാം എന്നുതന്നെയാണ്‌. അതിലൂടെ മികച്ച ആയുധകച്ചവടം ഉറപ്പാക്കാം. വിശേഷിച്ചും നരേന്ദ്രമോഡി ഭരണകൂടത്തിന്റെ ഇച്‌ഛകള്‍ അമേരിക്കന്‍ ഭരണകൂടത്തിന്‌ നന്നായി അറിയാം.
അഫ്‌ഗാനിസ്‌ഥാനിലേക്കുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ഏതുനീക്കവും ഇന്ത്യയില്‍ തന്നെ കൂടുതല്‍ തീവ്രവാദി ആക്രമങ്ങള്‍ക്ക്‌ വഴിതുറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇസ്ലാമിക ജിഹാദികള്‍ക്ക്‌ ഇന്ത്യയിലേക്കു പ്രവേശിക്കാനുള്ള വാതിലുകള്‍ എന്നും തുറന്നുതന്നെയാണ്‌ കിടക്കുന്നത്‌. അഫ്‌ഗാനോടുള്ള ഇന്ത്യയുടെ ഉദാരവും സൗഹൃദപരവുമായ സമീപനങ്ങള്‍തന്നെയാണ്‌ ഇന്ത്യയില്‍ സമാധാനം സ്‌ഥാപിച്ചിട്ടുള്ളത്‌. ഡോണള്‍ഡ്‌ ട്രംപ്‌ അഫ്‌ഗാനിസ്‌ഥാനില്‍ ഇന്ത്യയുടെ ചെലവില്‍ സമാധാനം സ്‌ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നു പോലും! അതിനര്‍ത്ഥം ഇന്ത്യ, പാകിസ്‌താന്‍, ചൈന, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാഷ്‌ട്രങ്ങള്‍ തമ്മില്‍ അമേരിക്കന്‍ പടകോപ്പുകളുപയോഗിച്ച്‌ യുദ്ധം ചെയ്യണമെന്നാണ്‌. ഈ കുതന്ത്രത്തിന്‌ ഇന്ത്യ വിധേയമാകുമോ? കാത്തിരിക്കാം. നിര്‍ണായകമാണ്‌ വരും ദിനങ്ങള്‍.

ഡോ. ജോര്‍ജ്‌ കെ. അലക്‌സ്‌

Ads by Google
Friday 08 Sep 2017 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW