Friday, June 22, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 02.01 AM

മരണക്കയമായി പാറമടകള്‍; ആയിരം ജീവന്‍ കവര്‍ന്നു

നിയമങ്ങള്‍ ലംഘിച്ച്‌ ഭൂമി ആഴത്തില്‍ തുരന്നു ഖനനം നടത്തിയതിനു നൂറുകണക്കിനാളുകള്‍ ഇരകളാകുന്നു. സംസ്‌ഥാനത്ത്‌ എണ്ണായിരത്തോളം പാറമടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. ഇവയുടെ കൃത്യമായ കണക്കു സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ പക്കല്‍ ഇല്ല. നിയമപ്രകാരമുള്ള പാറമടകളുടെ വിവരങ്ങളേ ഔദ്യോഗിക രേഖകളില്‍ കാണൂ. അനധികൃതമായി പ്രവര്‍ത്തിക്കുന്നവ അനേകം. മഴവെള്ളം കെട്ടിക്കിടന്ന്‌ മരണം മാടിവിളിക്കുന്ന നിഗൂഢത്തടാകങ്ങളാണിവ.
കേരളത്തില്‍ ഇത്തരം പാറമടകള്‍ മരണക്കയങ്ങളാകുന്നത്‌ പുതിയ കാര്യമല്ല. പാറമടകളിലെ വെള്ളക്കെട്ടില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തെല്ലും അറിയാതെ നീരാട്ടിനിറങ്ങുന്ന യുവാക്കളാണ്‌ മരണത്തിലേക്കു നീന്തുന്നത്‌. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെ പെട്ടമല പാറമടയില്‍ മൂന്നു വിദ്യാര്‍ഥികളുടെ കൂടി ജീവന്‍ പൊലിഞ്ഞതോടെ പട്ടികയുടെ ദൈര്‍ഘ്യവും കൂടുകയാണ്‌.
2002 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പാറമടകളില്‍ മരിച്ചവരുടെ എണ്ണം 260 ആയിരുന്നു. എന്നാല്‍, അതിനുശേഷമുള്ള പത്തുവര്‍ഷത്തിനകം ഇത്തരം പാറമടകള്‍ എണ്ണൂറിലേറെപ്പേര്‍ക്കു നിത്യനിദ്ര സമ്മാനിച്ചു. വിനോദയാത്രാസംഘങ്ങളില്‍പ്പെട്ടവരാണ്‌ ഇതിലേറെയും. അവധിക്കാലത്താണ്‌ മരണസംഖ്യ കൂടുന്നതെന്നത്‌ വേറെകാര്യം. ഖനനം നിര്‍ത്തിയ പാറമടകള്‍ കാടും പടലും പിടിച്ച്‌ വഴിയോരങ്ങളില്‍പ്പോലും ധാരാളം. വാഹനം നിയന്ത്രണംവിട്ടു ചെന്നാല്‍ തടഞ്ഞുനിര്‍ത്താന്‍ ചുറ്റുമതിലോ കോണ്‍ക്രീറ്റ്‌ വേലിയോ ഇല്ല. എറണാകുളം ജില്ലയില്‍ ശാസ്‌താമുകളില്‍ ഏതാനും നാള്‍മുമ്പ്‌ റോഡരികിലെ വലിയ പാറമടയിലേക്ക്‌ കാര്‍ മറിഞ്ഞ്‌ സഞ്ചരിച്ചിരുന്നവര്‍ മരിച്ചിരുന്നു.
ഉള്‍പ്രദേശങ്ങളില്‍ ഹെക്‌ടര്‍ കണക്കിനു പ്രദേശത്ത്‌ വ്യാപിച്ചിരിക്കുന്ന പാറമടകളും ധാരാളം. എന്നാല്‍, ഒരിടത്തും അപകടമുന്നറിയിപ്പു ബോര്‍ഡുകളും സ്‌ഥാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആളില്ലാ പാറമടകള്‍ വലിയചതിക്കുഴിയാണ്‌. സര്‍ക്കാര്‍ ഈ വിപത്ത്‌ ഇതുവരെ ഗൗരവമായി കാണുന്നില്ല. പല പാറമടകളിലും രക്ഷാപ്രവര്‍ത്തനം അസാധ്യമാണ്‌. റോഡ്‌ സൗകര്യമില്ലാത്തതാണു കാരണം. പാറമട പ്രവര്‍ത്തനം നിലച്ചുകഴിഞ്ഞാല്‍ അവിടേക്കുള്ള റോഡുകള്‍ അടയും. ഇടവഴികളോ കഷ്‌ടിച്ച്‌ ബൈക്ക്‌ കടന്നുപോകുന്ന വഴികളോ ഒക്കെയാണ്‌ യാത്രാമാര്‍ഗം. പ്രവര്‍ത്തനം നിലച്ച പാറമടകള്‍ പലതും മീന്‍വളര്‍ത്തു കേന്ദ്രങ്ങളായി പരിണമിച്ചിട്ടുണ്ട്‌.
എന്നാല്‍, ബഹുഭൂരിപക്ഷം പാറമടകളും ഈ നിലയിലേക്കു മാറിയിട്ടില്ല. മാലിന്യം തള്ളുന്നതിനുള്ള ഇടമായി ഇവ മാറുന്നതും സാധാരണം. പാറമടകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബാധം അനുമതി നല്‍കുന്ന സാഹചര്യമാണ്‌ ഇതിന്‌ ഇടയാക്കിയത്‌.
കരിങ്കല്ലിന്റെ വര്‍ധിച്ച ആവശ്യമാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. മാറിമാറി വന്ന സര്‍ക്കാരുകള്‍ പരിസ്‌ഥിതി ആഘാതങ്ങള്‍ കണ്ടില്ലെന്നു നടിച്ചു യഥേഷ്‌ടം അനുമതി നല്‍കി. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍സ്‌ ചട്ടം 1967 പ്രകാരം 20 അടി ആഴത്തില്‍( ആറു മീറ്റര്‍) മാത്രമാണ്‌ ഖനനം പാടുള്ളൂ. എന്നാല്‍, കേരളത്തിലൊരിടത്തും ആറുമീറ്റര്‍ ആഴമുള്ള പാറമടകള്‍ കാണില്ല. പകരം ഇതിന്റെ പത്തിരട്ടിയെങ്കിലും ആഴമുള്ള പാറമടകള്‍ അനവധിയുണ്ടുതാനും. ആറു മീറ്ററിലധികം പാറ തുരക്കണമെങ്കില്‍ മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പിന്റെ അനുമതി വേണം. പാറഖനനത്തിനുശേഷം മണ്ണിട്ട്‌ നികത്തി പൂര്‍വസ്‌ഥിതിയിലാക്കി കൃഷിയോഗ്യമാക്കണമെന്ന്‌ ചട്ടമുണ്ടെങ്കിലും അതൊക്കെ കടലാസുകളില്‍ മാത്രം ഒതുങ്ങും.
നിലവില്‍ സര്‍ക്കാരിന്റെ ലൈസന്‍സുള്ള 4100 പാറമടകള്‍ സംസ്‌ഥാനത്തുണ്ട്‌. എന്നാല്‍, പാരിസ്‌ഥിതികാനുമതി വേണമെന്ന കര്‍ശന നിബന്ധന വന്നതോടെ ഇവയില്‍ മൂന്നിലൊന്നുപോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ്‌ ഈ മേഖലയിലുള്ളവര്‍ പറയുന്നത്‌. അതായത്‌ കൂടുതല്‍ പാറമടകള്‍ പ്രവര്‍ത്തിക്കാതെ ജീവനു ഭീഷണിയായി അനുദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നു സാരം. പ്രവര്‍ത്തനം നിലച്ച പാറമടകള്‍ സൃഷ്‌ടിക്കുന്ന വിപത്തുകള്‍ തടയാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണരേണ്ടിയിരിക്കുന്നു.

Ads by Google
Friday 08 Sep 2017 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW