Saturday, May 19, 2018 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 04.44 PM

വിശ്വസിക്കരുത് ഡോ.ഇന്റര്‍നെറ്റിനെ

''ചെറുതും വലുതുമായ അസുഖങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതുന്നുവര്‍ ഏറെയാണ്. രോഗത്തെക്കുറിച്ചുള്ള ലക്ഷണങ്ങള്‍ വായിച്ചു സ്വയം രോഗിയായി തീരുന്നവര്‍ ധാരാളമാണ്. വിശ്വസിക്കാമോ നമുക്ക് ഇന്റര്‍നെറ്റിനെ...''
uploads/news/2017/09/143783/akavumpuravum070917.jpg

അല്‍പം മനഃപ്രയാസത്തിലെന്നവണ്ണം മധ്യവയസ്‌കരായ ദമ്പതികള്‍ കഴിഞ്ഞ ദിവസം എന്നെ കാണാന്‍ വന്നു. ജനറല്‍ ചെക്ക് അപ്പ് പായ്‌ക്കേജുകള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വരവ്. അതിന്റെ ഫലത്തെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യണമെന്നതാണ് ആഗമനോദ്ദേശ്യം. രണ്ട് പേരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍. നല്ല പഠിപ്പുള്ളവര്‍.

സാധാരണഗതിയില്‍ കണ്‍സള്‍ട്ടേഷന്‍ സമയത്ത് ആദ്യപകുതിയില്‍ ഞാന്‍ കാര്യമായൊന്നും സംസാരിക്കാറില്ല. രോഗിയും കൂടെവരുന്നവരും ആയിരിക്കും കാര്യങ്ങളൊക്കെ പറയുക. കൃത്യമായി വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ഞാന്‍ ഇടപെടും.

എന്തിനാണ് ഈ ആരോഗ്യപരിശോധന നടത്തിയതെന്ന് ഞാന്‍ ചോദിച്ചു. കഴിഞ്ഞ ഒരു മാസമായി നെഞ്ചിന് നടുവിലായി വേദന അനുഭവപ്പെടുന്നതാണ് കാരണം. ഒരു ദിവസം വൈകുന്നേരമാണ് അത് തുടങ്ങിയത്. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സംഗതി വഷളായി.

''എന്റെ ഇടതുതോളിനും കൈയ്ക്കും നല്ല വേദന. അനങ്ങാന്‍ വയ്യ. ഉടന്‍തന്നെ അടുത്തുള്ള ഡോക്ടറുടെ അടുത്തുപോയി. പേശീവേദനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതിനുള്ള ചില ഗുളികകള്‍ തന്നു. ഒരെണ്ണം കഴിച്ചപ്പോഴേ വേദന പോയി. അത് വളരെ ഡോസ് കൂടിയ മരുന്നാണെന്ന് എനിക്ക് മനസിലായി.

ശക്തമായ വേദനസംഹാരികള്‍ കഴിച്ചാല്‍ ഹൃദയാഘാതം മൂലമുള്ള വേദന അറിയാതെ പോകുമെന്നും അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ക്ക് കൃത്യമായ രോഗനിര്‍ണയം നടത്താന്‍ കഴിയാതെ പോകുമെന്നും ഞാന്‍ ഇന്റര്‍നെറ്റില്‍ വായിച്ചിട്ടുണ്ടായിരുന്നു.'' അയാള്‍
രോഗാവസ്ഥ വിവരിച്ചു.

''അതുശരി, എന്നിട്ട്?'' ഞാന്‍ പ്രോത്സാഹിപ്പിച്ചു.
''ചിലപ്പോള്‍ പുറത്തുനിന്നാണ് വേദന തുടങ്ങുന്നത്. തോള്‍പ്പലകകളുടെ നടുവില്‍നിന്ന്. പിന്നീട് വേദന ഇടതുതോളിലേക്ക് മാറും. അത് നെഞ്ചിന് നടുവിലേക്ക് പടരും. അനങ്ങാന്‍ വയ്യാത്ത അവസ്ഥ.''

''കേട്ടിട്ട് പേശിവേദനയാണെന്നുതന്നെ തോന്നുന്നു.'' ഞാന്‍ മനസില്‍ പറഞ്ഞു.
''ഒന്നോ രണ്ടോ പ്രാവശ്യം എനിക്ക് നെഞ്ചരിച്ചിലുണ്ടായി. നെഞ്ചില്‍ അസ്വസ്ഥത, ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുക, കൂടുതലായി മൂത്രം പോകുക തുടങ്ങിയ പ്രശ്‌നങ്ങളു
മുണ്ടായിരുന്നു.'' അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഈ ലക്ഷണങ്ങള്‍ അല്‍പ്പം പ്രശ്‌നമാണല്ലോ എന്നു ഞാനോര്‍ത്തു. എന്നാല്‍, എന്റെ മുന്നിലുള്ള രോഗി നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ ശാരീരികമായി സാധാരണ നിലയിലായിരുന്നു. ''വേറെ എന്തെങ്കിലും?'' ഞാന്‍ ചോദിച്ചു.

''വായുവിന്റെ പ്രശ്‌നമാണോയെന്നതായിരുന്നു മറ്റൊരു സംശയം. നേരത്തെ തന്നെ എനിക്ക് അസിഡിറ്റിയുടെ പ്രശ്‌നമുണ്ട്. എന്നാല്‍, എന്റെ ലക്ഷണങ്ങള്‍ ഹൃദയസ്തംഭനത്തിന്റേതാകാമെന്നാണ് ഇന്റര്‍നെറ്റില്‍ നിന്നും മനസിലായത്. അതുകൊണ്ട് തന്നെ വിശദമായ പരിശോധനയ്ക്കായി അടുത്ത നഗരത്തിലെ വിദഗ്ധരായ കാര്‍ഡിയോളജിസ്റ്റിനെ കണ്ടു. അദ്ദേഹം വിശദമായി തന്നെ പരിശോധിച്ചു.

രക്തം, മൂത്രം, ഇസിജി, ട്രെഡ്മില്‍ തുടങ്ങിയ പരിശോധനകളെല്ലാം നടത്തി. റിസള്‍ട്ട് സാധാരണ നിലയിലായിരുന്നു. എനിക്ക് ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

വായുവിനുള്ള മരുന്നാണ് അദ്ദേഹം തന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഞാന്‍ ആ മരുന്നൊന്നും കഴിച്ചില്ല.'' ഭാര്യയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു.

''ഒത്തിരി മൂത്രം പോകുന്നുണ്ടായിരുന്നതിനാല്‍ ഞാനൊരു യൂറോളജിസ്റ്റിനെ കണ്ടു. ആ ഡോക്ടര്‍ എന്നെ നന്നായി പരിശോധിച്ചു. രക്തവും മൂത്രവും വീണ്ടും ടെസ്റ്റ് ചെയ്തു. വയറിന്റെ സ്‌കാന്‍ എടുത്തു. മൂത്രത്തില്‍ പ്രശ്‌നമൊന്നുമുള്ളതായി അദ്ദേഹത്തിന് കണ്ടെത്താനായില്ല. അതുകൊണ്ടാണ് ഫുള്‍ ബോഡി ചെക്കപ്പ് ചെയ്‌തേക്കാം എന്നു കരുതിയത്.'' അവര്‍ ഇരുവരുടെയും മുഖത്ത് ഉരുണ്ടൂ കൂടിയ ആശങ്ക ഞാന്‍ വായിച്ചെടുത്തു.

''അപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?'' എന്റെ ചോദ്യം കേട്ടപ്പോള്‍ വീണ്ടും അവര്‍ പരസ്പരം നോക്കി. ഇരിപ്പിടത്തില്‍ നിന്നും അല്‍പ്പം മുന്നോട്ട് ആഞ്ഞ് മേശപ്പുറത്ത് കൈകള്‍ ഊന്നി സ്വരം താഴ്തി അയാള്‍ പറഞ്ഞു,

''ഡോക്ടര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തണം. ഈ നെഞ്ച് വേദനയുടെ കാരണമെന്താണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ കൂടുതലായി മൂത്രം പോകുന്നതെന്നും കണ്ടെത്തണം. ഇന്റര്‍നെറ്റില്‍ സാധാരണ വായുകോപത്തിനും നെഞ്ചുവേദനയ്ക്കും പറഞ്ഞിട്ടുള്ള മരുന്നുകളെല്ലൊം ഞാന്‍ കഴിച്ചിരുന്നു.

ഡോക്ടര്‍മാര്‍ തന്ന മരുന്നുകള്‍ മാത്രം കഴിച്ചില്ല. അവ എന്റെ വൃക്കകളെ കേടുവരുത്തിയേക്കുമെന്നാണ് എന്റെ പേടി. ഇന്റര്‍നെറ്റില്‍ അങ്ങനെ പറയുന്നുണ്ട്. എന്റെ പ്രശ്‌നങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. ശരിക്കും എന്താണ് കുഴപ്പമെന്ന് ഡോക്ടര്‍ പറഞ്ഞു തരണം.'' ഇടയ്ക്കിടെ അയാള്‍ ടൗവല്‍ എടുത്ത് മുഖം തുടയ്ക്കുന്നുണ്ടായിരുന്നു.

നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളെല്ലാം ഞാന്‍ പരിശോധിച്ചു. ആദ്യത്തെ ഡോക്ടര്‍ ഒരു ജനറല്‍ ഫിസിഷനായിരുന്നു. അദ്ദേഹമാണ് പേശീവേദനയാണെന്ന് കണ്ടെത്തിയതും വേദനസംഹാരികള്‍ നല്‍കിയതും. അതിനൊപ്പം കുറെ ദിവസത്തേക്ക് അന്റാസിഡും നല്‍കിയിരുന്നു.

കാര്‍ഡിയോളജിസ്റ്റാണെങ്കില്‍ ഈ പ്രദേശത്തെ വിദഗ്ധരില്‍ ഒരാളാണ്. ശരിയായ പരിശോധനകള്‍ അദ്ദേഹവും നടത്തിയിട്ടുണ്ട്. എന്നാല്‍, ടെസ്റ്റുകളൊന്നും കുറിച്ചില്ല. നിയമക്കുരുക്കുകളുമായി രോഗികള്‍ കോടതി കയറുന്ന ഇക്കാലത്ത് എന്തെങ്കിലും പരിശോധനകള്‍ നടത്താതിരിക്കുന്നത് ഗുലുമാലാകുന്ന കാലമാണ്. യൂറോളജിസ്റ്റാണെങ്കില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇതുവരെ പത്ത് - പതിനയ്യായിരം രൂപയെങ്കിലും നെഞ്ചുവേദനയുടെയും നെഞ്ചരിച്ചിലിന്റെയും ശ്വാസതടസത്തിന്റെയും ഇടയ്ക്കിടെ മൂത്രം പോകുന്നതിന്റെയും പേരില്‍ ഇദ്ദേഹം പൊടിച്ചു കഴിഞ്ഞു.

ഹൃദയത്തിന് എന്തെങ്കിലും തകരാറുകളുണ്ടോയെന്നറിയാന്‍ ഞാന്‍ കുറെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍, ഹൃദയത്തെ കുറ്റപ്പെടുത്താനുള്ള കാരണങ്ങളൊന്നും തന്നെ കാണാനായില്ല. ഇനി പൊതുവായ ചില കാര്യങ്ങള്‍ ചോദിക്കാം എന്നു വിചാരിച്ചു.

ഈ അസ്വസ്ഥതയൊക്കെ തുടങ്ങിയ സമയത്ത് എന്തെങ്കിലും ശാരീരികാധ്വാനം ചെയ്തിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. 'ഉവ്വ്' എന്നായിരുന്നു മറുപടി. പറമ്പിലെ കുറച്ച് കാട് വെട്ടാന്‍ നോക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

''അപ്പോള്‍ സ്ഥിരമായി ഇത്തരം ജോലികള്‍ ചെയ്യുന്നയാളാണോ?'' എന്റെ ചോദ്യങ്ങള്‍ യഥാര്‍ഥ 'രോഗി'യിലേക്കുള്ളതായിരുന്നു.
''അല്ല, സാധാരണഗതിയില്‍ വ്യായാമത്തിനു പോലും സമയം കിട്ടാറില്ല ഡോക്ടര്‍.''

ഞാന്‍ അദ്ദേഹത്തിന്റെ കൈകളിലേക്ക് നോക്കി. ഇടത് കൈയ്ക്കായിരുന്നു പേശീവലിപ്പവും കരുത്തും കൂടുതല്‍.
'' താങ്കള്‍ക്ക് ഏത് കൈയാണ് വശം?''
''ഇടതാണ് ഡോക്ടര്‍.''

അപ്പോള്‍ അങ്ങനെയാണ് സംഗതി. മറ്റ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് പോലെ ഇതും പേശീവേദനയാണ്. കാട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഇടതുകൈയിലെ പേശികള്‍ വലിഞ്ഞു. അങ്ങനെ വേദനയുണ്ടായി. നെഞ്ച് വേദന, ഇടത് വശം, കൈകള്‍, ശ്വാസതടസം, അധികമായി മൂത്രം പോകുന്നു തുടങ്ങിയവ 'കീ വേഡാക്കി' ഇന്റര്‍നെറ്റില്‍ നടത്തിയ തെരച്ചിലാണ് കുഴപ്പത്തിലാക്കിയത്.

ജനറല്‍ ഫിസിഷ്യന്‍ വേദനസംഹാരിയും അന്റാസിഡും നല്‍കിയെങ്കിലും അതില്‍ ഒന്നേ കഴിച്ചുള്ളൂ. ഇന്റര്‍നെറ്റില്‍ നോക്കി വേദനസംഹാരിയാണെന്ന് ഉറപ്പാക്കിയിട്ട് അന്റാസിഡ് ഉപേക്ഷിച്ചു.

വേദനസംഹാരി കഴിച്ചതിനു ശേഷമാണോ നെഞ്ചെരിച്ചില്‍ ഉണ്ടായതെന്ന് ഞാന്‍ ചോദിച്ചു. 'അതെ' എന്നായിരുന്നു മറുപടി.

''അത് കഴിച്ച് കുറേ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നം തുടങ്ങി. അപ്പോള്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ നെഞ്ചെരിച്ചിലിനുള്ള പരിഹാരം തേടി. അധികം എരിവും പുളിയും ചൂടുള്ള ഭക്ഷണം, എണ്ണ ചേര്‍ത്തുള്ള ഭക്ഷണം എന്നിവ ഒഴിവാക്കണമെന്നും അധികമായി വെള്ളം കുടിക്കണമെന്നും ഭക്ഷണം കഴിച്ചാലുടന്‍ കിടക്കരുതെന്നും കണ്ടു. ഞാന്‍ അങ്ങനെയൊക്കെ ചെയ്തിരുന്നു. എങ്കിലും ഹൃദയാഘാതമാണോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു.''

എല്ലാം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. ''നിങ്ങള്‍ ഇടതുകൈയനാണ്. കാട് വെട്ടിയത് ഇടതുകൈകൊണ്ടാകും. അതാണ് ഇടതുവശത്തായി പേശീവേദന തോന്നിയത്. ഫിസിഷന്‍ അതിനാണ് മരുന്നു നല്‍കിയത്. എന്നാല്‍, വേദനസംഹാരി മാത്രം കഴിച്ചിട്ട് അന്റാസിഡ് വേണ്ടെന്നു വച്ചു.

അന്റാസിഡ് ഇല്ലാതിരുന്നതിനാല്‍ വേദനസംഹാരി വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കി. അതാണ് നെഞ്ചെരിച്ചിലായി മാറിയത്. നെറ്റില്‍ നോക്കി നെഞ്ചെരിച്ചിലിനുള്ള പരിഹാരം ചെയ്തു. കാര്‍ഡിയോളജിസ്റ്റിനേയും യൂറോളജിസ്റ്റിനെയും കണ്ടെങ്കിലും ഗൗരവമുള്ള പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉള്ളതായി അവര്‍ക്ക് കണ്ടെത്താനാകാതിരുന്നത് അതുകൊണ്ടാണ്.''

''ശ്വാസതടസം പോലെ തോന്നിച്ചത് ആശങ്കകള്‍കൊണ്ടാകാം. ഒപ്പം നെഞ്ചെരിച്ചിലും. അതിനാല്‍ കൂടുതല്‍ വെള്ളം കുടിച്ചു കാണണം. അതുകൊണ്ടാകാം കൂടുതല്‍ മൂത്രം പോയത്. ഇതെല്ലാം ചേരുംപടി ചേരുന്നുണ്ട്.''

അതുവരെ മിണ്ടാതിരുന്ന അദ്ദേഹത്തിന്റെ ഭാര്യ പുഞ്ചിരിയോടെ പറഞ്ഞു.
''ഡോക്ടര്‍ പറഞ്ഞത് ശരിയാണ്. സാധാരണ വെള്ളം കുടിക്കാത്ത ആള് നെഞ്ചെരിച്ചിലാണെന്ന് പറഞ്ഞ് ദിവസം മൂന്ന് ലിറ്റര്‍ വെള്ളം വരെ കുടിക്കുന്നുണ്ടായിരുന്നു. ശ്വാസംമുട്ടല്‍ പോലെ തോന്നിയത് പേടികൊണ്ടാണെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു.''

''അങ്ങനെയെങ്കില്‍ കുറച്ചു കാര്യങ്ങള്‍ കൂടി അറിയാനുണ്ട്. നിങ്ങള്‍ക്ക് അമിതദാഹം പോലെ തോന്നാറുണ്ടോ?''
''ഇല്ല. നെഞ്ചെരിച്ചിലിനു അധികം വെള്ളം കുടിക്കുന്നതിനാല്‍ ദാഹിക്കാറേയില്ല.''

''അങ്ങനെയെങ്കില്‍ അമിതദാഹം തോന്നിപ്പിക്കുന്ന പ്രമേഹത്തിനുള്ള സാധ്യതകളോ ഹോര്‍മോണ്‍ പ്രശ്‌നങ്ങളോ ഇല്ല.'' പേടിച്ച് മുറുകിയിരുന്ന അദേഹത്തിന്റെ മുഖത്ത് ചിരി വിടര്‍ന്നു.

''ഡോക്ടര്‍ അങ്ങ് പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ഒത്തിരി വെള്ളം കുടിച്ചിരുന്നതുകൊണ്ടാകണം അധികമായി മൂത്രം പോയിരുന്നത്. ഇന്റര്‍നെറ്റിനേക്കാള്‍ എന്റെ കുടുംബഡോകട്‌റെയാണ് വിശ്വസിക്കേണ്ടതെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. എല്ലാത്തിനുമായി ഓടിനടന്ന് ഒട്ടേറെ സമയവും പണവും മനഃസമാധാനവും നഷ്ടപ്പെടുത്തി.''

ഞാന്‍ വിശദമായി തന്നെ അദ്ദേഹത്തെ പരിശോധിച്ചു. എല്ലാം സാധാരണരീതിയിലായിരുന്നു. ഫിസിഷന്‍ നിര്‍ദേശിച്ചതുപോലെ അന്റാസിഡ് കഴിക്കാനും വിശ്രമമെടുക്കാനും അഞ്ച് ദിവസത്തേക്ക് വേദനക്ക് തടവാനുള്ള ക്രീം ഉപയോഗിക്കാനും തീരുമാനിച്ചു.

പിന്നീട് പേശികള്‍ ബലപ്പെടുത്താനായി ഫിസിയോതെറാപ്പി ചെയ്യേണ്ടി വന്നേക്കാം. വേണമെങ്കില്‍ പിന്നീട് രക്തപരിശോധന നടത്താമെന്നും നിര്‍ദേശിച്ചു. ചിരിച്ചുെകാണ്ടാണ് ഇരുവരും പുറത്തേക്ക് പോയത്.

ഡോ. ബിജയ്‌രാജ് രാജന്‍ ബാബു
കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷന്‍
ആസ്റ്റര്‍ മിംമ്‌സ്, കോഴിക്കോട്

Ads by Google
Ads by Google
Loading...
TRENDING NOW