Friday, November 10, 2017 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 04.14 PM

വാസ്തുബലിയും ഗൃഹവാസവും

ആദ്യകാലങ്ങളില്‍ പുതുതായി നിര്‍മ്മിച്ച ഗൃഹത്തിന്റെ പാല് കാച്ച് നടത്തുന്നതിന് ഒരു ദിവസം മുമ്പ് വാസ്തുബലി നടത്തിയിരുന്നു. പാലുകാച്ചിന് തലേദിവസം വൃത്തിയായി പത്മമിട്ട് (പൊടിക്കളംതീര്‍ത്ത്) സര്‍വ്വദേവതാ ആവാഹനം നടത്തി പൂജ ചെയ്ത് സ്ഥലദോഷാദി കാര്യങ്ങള്‍ ഇല്ലാതാക്കി അന്ന, ഐശ്വര്യാദി, സമൃദ്ധിയെ കൈവരുത്തുന്ന രീതിയുമുണ്ട്. ഈ പൂജയാണ് ബലിപൂജ അഥവാ വാസ്തുബലി.
uploads/news/2017/09/143778/joythi070917.jpg

വാസ്തുപുരുഷനെ സംതൃപ്തനാക്കുവാനും വാസ്തുപുരുഷന്റെ അനുഗ്രഹം ഗൃഹത്തില്‍ നിറഞ്ഞു നില്‍ക്കുവാനും ചെയ്യുന്നതായ പൂജയാണ് വാസ്തുപൂജ. ഇത് ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയെ വന്ദിച്ചും വളരെ വൃത്തിയാക്കിയതിനുശേഷവും മാത്രമേ ചെയ്യാവൂ.

ശിലാസ്ഥാപനം (കല്ലിടല്‍), വാതില്‍ കട്ടിളവയ്ക്കുന്ന സമയം, ഗൃഹപ്രവേശനത്തിനുള്ള ഗണപതിഹോമം എന്നിവയോടൊപ്പം മൂന്ന് സമയങ്ങളിലാണ് വാസ്തുപൂജ ചെയ്യുന്നത്. എന്നാല്‍ വളരെ വലുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ സമയങ്ങളില്‍ പൂജാമുറിയുടെ കട്ടിളവയ്പ്, അടുക്കളയുടെ നിര്‍മ്മാണസമയം എന്നിവ തുടങ്ങുന്നതിന് മുമ്പായും അപൂര്‍വ്വമായി വാസ്തുപൂജ ചെയ്തുവരുന്നുണ്ട്.

എന്താണ് വാസ്തുബലി?


ആദ്യകാലങ്ങളില്‍ പുതുതായി നിര്‍മ്മിച്ച ഗൃഹത്തിന്റെ പാല് കാച്ച് നടത്തുന്നതിന് ഒരു ദിവസം മുമ്പ് വാസ്തുബലി നടത്തിയിരുന്നു. പാലുകാച്ചിന് തലേദിവസം വൃത്തിയായി പത്മമിട്ട് (പൊടിക്കളംതീര്‍ത്ത്) സര്‍വ്വദേവതാ ആവാഹനം നടത്തി പൂജ ചെയ്ത് സ്ഥലദോഷാദി കാര്യങ്ങള്‍ ഇല്ലാതാക്കി അന്ന, ഐശ്വര്യാദി, സമൃദ്ധിയെ കൈവരുത്തുന്ന രീതിയുമുണ്ട്. ഈ പൂജയാണ് ബലിപൂജ അഥവാ വാസ്തുബലി.

ഒരു വീടിനെ അല്ലെങ്കില്‍ കെട്ടിടത്തെ, അതുമല്ലെങ്കില്‍ പുതുതായെടുക്കുന്ന ഒരു ക്ഷേത്രത്തെ അത് സ്ഥിതി ചെയ്യുന്ന ഒന്നാകെയുള്ള ഭൂമിയിലെ പ്രസ്തുത നിര്‍മ്മിതിയെ വേര്‍തിരിച്ചെടുത്ത് ഇന്നയിന്ന ഭാഗങ്ങളില്‍ വാസ്തുപുരുഷ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടിക്കൂടിയാണ് വാസ്തുബലി അനുഷ്ഠിക്കുന്നത്.

വാസ്തുബലി അനുഷ്ഠിക്കുന്നതോടുകൂടിയാണ് വാസ്തുവില്‍നിന്ന് ഉടമയ്ക്ക് പ്രസ്തുത ഗൃഹം, കെട്ടിടം ക്ഷേത്രം വേര്‍തിരിഞ്ഞ് കിട്ടുന്നത്. അതിരിട്ട്, മതില്‍പ്പണി ചെയ്യുന്നതിന് മുമ്പായി വാസ്തുബലി ചെയ്തിരിക്കണമെന്നാണ് അനുശാസനം.

എല്ലാപ്പണികളും ചെയ്തശേഷമായാലും ഗൃഹപ്രവേശനം, പാല്കാച്ചല്‍ ഇവയ്ക്ക് മുമ്പായി വാസ്തുബലി ചെയ്തിരിക്കണം.
അതിരുകള്‍ മതില്‍, വേലി ഇവ തീര്‍ത്ത് വാസ്തുബലി ചെയ്യുന്നതോടെ ആ ഭൂമിയില്‍ സര്‍വ്വദേവതാ പ്രീതിയും വാസ്തുപുരുഷസാന്നിധ്യവും വന്നുചേര്‍ന്നിരിക്കും.

വാസ്തുബലി എത്രവിധത്തില്‍ ചെയ്യാം?


മഹാവാസ്തുബലിയെന്നും, സാധാരണ വാസ്തുബലിയെന്നും രണ്ട് രീതിയില്‍ ചെയ്യാം. മഹാവാസ്തുബലി ഗണപതി ഹോമത്തിന് തലേന്ന് വൈകിട്ടാണ് സാധാരണ ചെയ്യുന്നത്.

81, 64, 32 എന്നിങ്ങനെ കളങ്ങള്‍ തീര്‍ത്താണ് ഇത് ചെയ്യുന്നത്. വൈകിട്ട് ചെയ്യുന്ന വാസ്തുബലിപൂജ 32 കളമെങ്കിലും തീര്‍ത്ത് മാത്രമേ ചെയ്യാറുള്ളൂ. ഇത് ചെയ്യുന്നത് എടുപ്പുകള്‍ക്ക് ഉള്ളില്‍ത്തന്നെയാകണം.

32 കളം തീര്‍ക്കുന്ന കളങ്ങളില്‍ വടക്ക് കിഴക്ക് മൂലയില്‍ ഒന്നാമതായി ഈശാനനും 2-ാമതായി പര്‍ജ്ജന്യനും, 3-ാമതായി ജയന്തനും, 4-ാമതായി ഇന്ദ്രനും, 5-മതായി ആദിത്യനും, 6-ാമതായി സത്യകനും, 7-ാമതായി ഭൃംശനും, 8-ാമതായി അന്തരീക്ഷനും, 9-ാമത് അഗ്നിയും, 10-ാമത് പുഷാവും, 11-ാമത് വിതഥനും, 12-ാമത് ഗൃഹക്ഷതനും, 13-മത് യമനും, 14-ാമത് ഗന്ധര്‍വ്വനും, 15-ാമത് ഭൃംഗനും, 16-ാമത് മൃഗനും, 17-ാം സ്ഥാനത്ത് പിതൃക്കളും, 18-ല്‍ ദ്വാരപാലകനും, 19-ല്‍ സുഗ്രീവനും, 20-ല്‍ പുഷ്പദന്തനും, 21-ല്‍ വരുണനും, 22-ല്‍ അസുരനും, 23-ല്‍ ശോഷന്‍, 24-ല്‍ രോഗനും, 25-ല്‍ വായുവും, 26-ല്‍ നാഗനും, 27-ല്‍ മുഖ്യനും 28-ല്‍ ഭല്ലാടനും, 29-ല്‍ സോമനും, 30-ല്‍ അര്‍ഗ്ഗളനും, 31-ല്‍ അദിതിയും, 32-ാം സ്ഥാനത്ത് ദിതിയും സങ്കല്‍പ്പിച്ച് ആവാഹിക്കണം.

മാത്രമല്ല കളത്തിന് ഉള്ളിലായി ഈശാനഭാഗത്ത് ആപവല്‍സന്‍-ആപനും, തെക്ക്കിഴക്ക് സവിത്യകന്‍, സാവിത്രന്‍ എന്നിവരും കന്നിമൂല ഉള്ളില്‍ ഇന്ദ്രന്‍ - ഇന്ദ്രജിത്ത് എന്നിവരും, വായു മൂല ഉള്ളില്‍ ശിവജിത്തും, ശിവനും മധ്യഭാഗത്ത് കിഴക്ക് ഉള്ളിലായി ആര്യകനും, തെക്ക് വിവസ്വാനും, പടിഞ്ഞാറ് മിത്രകനും തെക്ക് ഭൂഭൃത്തും, മൂലസ്ഥാനത്ത് (കേന്ദ്രബിന്ദുമദ്ധ്യം) ബ്രഹ്മാവും സ്ഥിതി വന്നതായി പ്രാര്‍ത്ഥിച്ച് ആവാഹിക്കുവാനും മറക്കരുത്.

ഗണപതിഹോമത്തോടൊപ്പം ചെയ്യുന്ന വാസ്തുബലി എങ്ങനെ?


ഗൃഹപ്രവേശനത്തിന്റെ അന്ന് അതിരാവിലെ കാലത്ത് മഹാഗണപതിഹോമം, വീട് കയറല്‍, പാല് കാച്ചല്‍ ഇവ കഴിഞ്ഞാണ് സാധാരണ വാസ്തുബലി ചെയ്യുക. ഇക്കാലത്ത് ഒട്ടും സമയമില്ലാത്ത ജീവിതത്തിരക്കില്‍ രണ്ട് ദിവസങ്ങളിലായി വാസ്തുബലിയും ഗണപതിഹോമവും ചെയ്യുന്നതില്‍ 99 ശതമാനം പേര്‍ക്കും അത് ഇഷ്ടമില്ല.

മാത്രമല്ല മഹാഗണപതി ഹോമാഗ്നി കെടുംമുമ്പേതന്നെ മത്സ്യ-മാംസാദികള്‍ ഉപയോഗിച്ച് സദ്യനടത്താനും ഇതേ ദിവസം തന്നെ വേണമെന്ന് ശഠിക്കുന്നവരും കുറവല്ല. ആയതുകൊണ്ട് ഗണപതിഹോമത്തിന്റെ അന്നുതന്നെ കാലത്ത് വാസ്തുബലി ചെയ്യുന്ന രീതിയാണ് താഴെ വിശദമാക്കുന്നത്.

ഇത് ചെയ്യുന്നതിന് വാസ്തുപുരുഷന് പൂജ ചെയ്ത്, നൂല്‍ബന്ധനമറുത്ത് ഗൃഹത്തില്‍ പ്രവേശിച്ച് പാല് കാച്ചലിനോട് ചേര്‍ന്നുതന്നെ മഹാഗണപതി ഹോമത്തിന് ശേഷം പൂമുഖത്ത് മുറ്റത്തായി കിഴക്കോ, പടിഞ്ഞാറോ ഭാഗത്ത് ഒരുശില (കരിങ്കല്‍, കൃഷ്ണശില, ചെങ്കല്ല്) കഴുകി വൃത്തിയാക്കി ഒരു നാക്കിലയില്‍ വൃത്തിയോടെ സ്ഥാപിക്കുക.

ഇതില്‍ ചക്ക, വെള്ളരിക്ക, കുമ്പളം, നാളികേരം ഇവ ഏതെങ്കിലും ഒന്നില്‍ ബലി ചെയ്ത് ഇതില്‍ ഗുരുതി കുങ്കുമം എണ്ണപ്പരുവത്തില്‍ ജലത്തില്‍ കലക്കി ഇതില്‍ തെച്ചിപ്പൂവ്, തുളസിപ്പൂവ് ഇവയിട്ട് മേല്‍പ്പറഞ്ഞ ബലിവസ്തുക്കളില്‍ ഒന്ന് വെട്ടി രണ്ടാക്കിയ ശേഷം ബലിക്കല്ലില്‍ ഉള്‍ഭാഗം മേലേക്ക് വയ്ക്കുക. ശേഷം ഗുരുതി കലക്കിവച്ചത് ഇതിലും കല്ലിലുമായി മൂന്ന് പ്രാവശ്യം ഒഴിച്ച് തീര്‍ക്കുക. ഗുരുതിയെടുത്ത പാത്രം മണ്ണില്‍ കമഴ്ത്തിയിടുക.

ശേഷം ഗണപതിഹോമ സമയത്ത് ചെറിയ ഉരുളിയില്‍ എടുത്തുവച്ച നെല്ല്, ഉണക്കലരി, എള്ള്, തെച്ചിപ്പൂ-തുളസിപ്പൂ- ജലം ഇവയെടുത്ത് ഇതിന് മുകളില്‍ കറുക കെട്ടിയത് (പച്ചക്കറുകപ്പുല്ല്) മൂന്നെണ്ണം വീതം കെട്ടിയത് ഒമ്പത് എണ്ണം വച്ച് കുങ്കുമ ഗുരുതി തൂവിയ കല്ലില്‍ കമഴ്ത്തി ബലി തൂവുക.

ഉരുളിയും മണ്ണിലേക്ക് മാറ്റിക്കമഴ്ത്തുക. ശേഷം കിണ്ടിയില്‍നിന്ന് 3 പ്രാവശ്യം ജലം ഒഴിച്ച് മൂന്ന് പ്രാവശ്യം അക്ഷതമിട്ട് (തുളസി, തെച്ചി, ഉണക്കലരി, അല്പം മഞ്ഞള്‍പ്പൊടി ഇവയില്‍ ജലം തളിച്ചത്) ശേഷം വീണ്ടും തീര്‍ത്ഥം മൂന്ന് പ്രാവശ്യം കൂടി ഒഴിച്ച് വാസ്തുബലി അവസാനിപ്പിക്കണം.

വാസ്തുപൂജാമന്ത്രങ്ങളും വാസ്തുഗായത്രിയും ചൊല്ലി വേണം മേല്‍ക്കാര്യങ്ങള്‍ ചെയ്യുവാന്‍. ഇത്തരത്തില്‍ വാസ്തുബലി അര്‍പ്പിച്ചാല്‍ ആ ഗൃഹത്തിന് സ്ഥലാദിദോഷങ്ങളെയും ഒരു പരിധിവരെ ഗ്രഹദോഷങ്ങളെയും അതിജീവിക്കാനാകും.

മാത്രമല്ല അന്ന- വസ്ത്ര- ധനൈശ്വര്യാദികള്‍ ആ ഗൃഹത്തില്‍ വന്നണയുമെന്നാണ് വിശ്വാസം. വാസ്തുബലി ശരിയായി ചെയ്തിട്ടുള്ള ഗൃഹങ്ങളിലും കെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും വളരെക്കാലങ്ങളോളം ധനൈശ്വരാദികള്‍ നിറഞ്ഞുനില്‍ക്കും.

സി. മണികണ്ഠന്‍

Ads by Google
Ads by Google
TRENDING NOW