Thursday, September 07, 2017 Last Updated 2 Min 52 Sec ago English Edition
Todays E paper
Thursday 07 Sep 2017 03.05 PM

മുഖം നോക്കിയല്ല; ശരിയുടെ പക്ഷത്തു മാത്രം നിലകൊള്ളുന്ന കാനം രാജേന്ദ്രന്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജീവിതവും കാഴ്ചപ്പാടുകളും...
uploads/news/2017/09/143766/Weeklykanamrajendhran.jpg

മറ്റുള്ളവരുടെ ഇഷ്ടമോ അനിഷ്ടമോ നോക്കി അഭിപ്രായം പറയുന്ന ആളല്ല കാനം രാജേന്ദ്രന്‍. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി പദത്തില്‍ അദ്ദേഹം എത്തിയതു മുതല്‍ വാര്‍ത്തകളിലൂടെ ഇക്കാര്യം നമുക്കു വ്യക്തമാണ്.

എന്നാല്‍ അതിനുമുമ്പും അതിഗംഭീരമായ ഒരു പ്രവര്‍ത്തനത്തിന്റെ ചരിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയ്ക്കും ട്രേഡ് യൂണിയന്‍ നേതാവ് എന്ന നിലയ് ക്കും തിളക്കമാര്‍ന്ന സംഭാവനകളാണ് അദ്ദേഹം പൊതുസമൂഹത്തിനു നല്‍കിയത്. തിരക്കുകള്‍ക്കിടയിലെ ഹ്രസ്വമായ ഒരു കൂടിക്കാഴ്ചയില്‍ ആ കാലത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നു കാനം.

രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ച സാഹചര്യം എന്തായിരുന്നു?


കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ കൊച്ചുകളപ്പുരയിടത്തില്‍ വി.കെ. പരമേശ്വരന്‍ നായര്‍. അദ്ദേഹം എസ്‌റ്റേറ്റ് ജീവനക്കാരനായിരുന്നു. ചെറുപ്പത്തില്‍ എല്ലാ അവധിക്കാലത്തും അച്ഛന്റെ കൂടെ തോട്ടത്തിലേക്കു പോയിരുന്നത് എന്റെ ജീവിതഗതി നിര്‍ണയിച്ചെന്നു പറയാം.

അദ്ദേഹം ജോലിചെയ്തിടത്തും അതിനടുത്തുള്ള മര്‍ഫി സായിപ്പിന്റെ എസ്‌റ്റേറ്റിലുമൊക്കെ തൊഴിലാളിസമരങ്ങള്‍ പതിവായിരുന്നു. അതിന്റെ ഭാഗമായുള്ള മുദ്രാവാക്യം വിളികളൊക്കെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. അന്നുമുതലേ 'ഇങ്ക്വിലാബ് സിന്ദാബാദ്' ഒപ്പമുണ്ട്.

വാഴൂരിലായിരുന്നു എന്റെ സ്‌കൂള്‍ പഠനം. അക്കാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷനോട് ആഭിമുഖ്യം തോന്നി. പിന്നീട് കോട്ടയം ബസേലിയസ് കോളജില്‍ ചേര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കോട്ടയം ഭാസിയായിരുന്നു ലോക്കല്‍ ഗാര്‍ഡിയന്‍. അങ്ങനെയുള്ള ബന്ധങ്ങളാണ് പാര്‍ട്ടിയുമായി എന്നെ കൂടുതല്‍ അടുപ്പിച്ചത്.

എങ്ങനെയായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ രീതി?


ആശയപരമായ സംവാദങ്ങള്‍കൊണ്ട് ക്യാമ്പസുകള്‍ സജീവമായ കാലമായിരുന്നു അത്. ഇന്നത്തെപ്പോലെ അത്ര ശക്തമായ സമരമൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദിവിരുദ്ധ സമരം, ഭക്ഷ്യകമ്മി നികത്തണമെന്നാവശ്യപ്പെട്ടുള്ള സമരം തുടങ്ങിയവയൊക്കെയാണ് അക്കാലത്തേതായി ഞാനോര്‍ക്കുന്നത്.

എന്നാല്‍ വ്യത്യസ്തമായ ആശയങ്ങള്‍ കേള്‍ക്കാനുള്ള സൗകര്യം കോളജില്‍ ഉണ്ടായിരുന്നു. സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്നു ക്യാമ്പസുകളില്‍ വന്ന് പ്രസംഗിച്ചിരുന്നു. പക്ഷേ ഇന്ന് സ്ഥിതി മാറി.

തങ്ങള്‍ക്കിഷ്ടപ്പെട്ട ആശയം പറഞ്ഞില്ലെങ്കില്‍ സംസാരിക്കാന്‍ അനുവദിക്കില്ല. ജനാധിപത്യവിരുദ്ധമായ ആശയത്തിന് അടിത്തറ പാകാന്‍ പുതിയ കാലഘട്ടത്തിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയം ഇടയാക്കിയിട്ടുണ്ട്.

അപ്പോള്‍ കോളജുകളില്‍ രാഷ്ട്രീയം വേണ്ടെന്നാണോ?


വിദ്യാര്‍ത്ഥിരാഷ്ട്രീയം ആവശ്യമാണ്. അതിന്റെ ദിശയാണു തെറ്റിപ്പോയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കാര്യം നോക്കൂ. അവിടെ ഒരു വിദ്യാര്‍ത്ഥിസംഘടന വേറൊരു സംഘടനയുടെയും യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സമ്മതിക്കില്ല.

എം.ജി കോളജില്‍ അടുത്തകാലത്ത് സജീവമായ മറ്റൊരു വിദ്യാര്‍ത്ഥിസംഘടനയും ഇതേ രീതി തുടരുന്നു. തങ്ങളെപ്പോലെ പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ക്കുമുള്ള സ്വാതന്ത്ര്യം ഇവിടെ വേണ്ട, പുറത്ത് റോഡില്‍ മതി എന്ന നിലപാട് മാറ്റണം.

എ.ഐ.എസ്.എഫിന്റെ സ്ഥാനാര്‍ത്ഥി യൂണിവേഴ്‌സിറ്റി സെനറ്റിലേക്കു മത്സരിച്ചപ്പോള്‍ വോട്ട് ചെയ്യാന്‍ പോയവരുടെ ഐഡന്റിറ്റി കാര്‍ഡ് കീറിക്കളഞ്ഞ സംഭവമുണ്ടായി. അത് ബലപ്രയോഗമാണ്, ജനാധിപത്യമല്ല. ചെയ്യുന്നതു ശരിയോ തെറ്റോ എന്ന് സ്വയം വിമര്‍ശനപരമായി നമ്മള്‍ പരിശോധിക്കണം.

യൗവനാരംഭത്തിലേ ഭാരിച്ച ചുമതലകള്‍ വന്നുപെട്ടല്ലോ. അതെങ്ങനെ?


അക്കാലത്ത് അഖിലകേരള ബാലജനസഖ്യവുമായും എനിക്കു ബന്ധമുണ്ടായിരുന്നു. പക്ഷേ അവരുടെ രാഷ്ട്രീയത്തിനു പിന്നാലെ ഞാന്‍ പോയില്ല. തിരുവനന്തപുരത്ത് ബാലജനസഖ്യത്തിന്റെ ഒരു ക്യാമ്പില്‍ വച്ചാണ് കണിയാപുരം രാമചന്ദ്രനെ പരിചയപ്പെടുന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ അതും ഒരു വഴിത്തിരിവായെന്നു പറയാം. 1970-ല്‍ എ.ഐ.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ എനിക്ക് ഇരുപത് വയസേയുള്ളൂ. കണിയാപുരമായിരുന്നു അന്നത്തെ പ്രസിഡന്റ്.

അതിനുശേഷം മുതിര്‍ന്ന പാര്‍ട്ടിനേതാക്കളുമായി വേദി പങ്കിടാന്‍ അവസരങ്ങള്‍ വന്നുചേര്‍ന്നു. അച്യുതമേനോന്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, ബലറാം, ടി.വി. തോമസ്, ആര്‍. സുഗതന്‍ ഇവരോടെല്ലാം അടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം അവരില്‍നിന്നുതന്നെ കേള്‍ക്കാന്‍ കഴിയുന്നത് മഹാ കാര്യമല്ലേ? പുസ്തകം വായിച്ചാല്‍ ആ അനുഭവങ്ങള്‍ കിട്ടില്ല. അവരുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളുമൊക്കെ അറിയുമ്പോഴാണ് പാര്‍ട്ടിയോടുള്ള ആദരവ് ഇരട്ടിക്കുന്നത്.

എപ്പോഴായിരുന്നു വിവാഹം?


1974-ല്‍. അന്നെനിക്ക് ഇരുപത്തിനാലു വയസാണ്. സ്വന്തം നാട്ടില്‍ത്തന്നെയുള്ള, സുഹൃത്തിന്റെ സഹോദരികൂടിയായ വനജയെയാണ് വിവാഹം കഴിച്ചത്. ഞങ്ങളുടെ ആദ്യത്തെ കുട്ടി മരിച്ചുപോയി.

അക്കാര്യം ഞാനറിയുന്നത് സോവിയറ്റ് യൂണിയനില്‍ വച്ചാണ്. പിന്നീട് രണ്ടു കുട്ടികളുണ്ടായി. സ്മിതയും സന്ദീപും. അവരുടെ വിദ്യാഭ്യാസവും വളര്‍ച്ചയുമൊക്കെ നോക്കിയത് വനജയാണ്. ഞാന്‍ എപ്പോഴും യാത്രയിലും തിരക്കിലുമായിരുന്നു.

TRENDING NOW