Friday, June 08, 2018 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google

മറുവിചാരം

Jaison Mathew
Jaison Mathew
Thursday 07 Sep 2017 02.24 PM

ഗൗരി ലങ്കേഷ് അവസാനത്തെ പേരല്ല; സംഘപരിവാറിന്റെ തോക്കുകള്‍ ഇനിയും ശബ്ദിക്കും

ശാരീരികമായ ചെറിയ പ്രതിരോധം തീര്‍ക്കുന്നതിന് പോലും തീര്‍ത്തും ദുര്‍ബലയായ ആ സ്ത്രീയെ അവസാനിപ്പിക്കാന്‍ അക്രമികള്‍ക്ക് ഏഴ് വെടിയുണ്ടകള്‍ വേണ്ടി വന്നു. താന്‍ സ്വീകരിച്ച നിലപാടുകള്‍ കൊണ്ട് അത്രയേറെ കരുത്തുള്ള സ്ത്രീയായിരുന്നു അവര്‍
Gauri Lankesh

ഒരിടവേളയ്ക്ക് ശേഷം സംഘപരിവറിന്റെ തോക്കുകള്‍ വീണ്ടും ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തവണ ഗൗരി ലങ്കേഷ് എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് അവര്‍ തോക്ക് ചൂണ്ടിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തടര്‍ന്ന് ഗാന്ധി മുതല്‍ ഗൗരി വരെ എന്നൊരു പ്രയോഗം സോഷ്യല്‍ മീഡിയില്‍ കണ്ടു. എന്നാല്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം മാത്രം കൈമതലായ ഇവരുടെ പട്ടികയിലെ അവസാന പേര് ആകില്ല ഗൗരി ലങ്കേഷ് എന്ന് ഉറപ്പാണ്. സംഘ് രാഷ്ട്രീയത്തിന് അലോസരമുണ്ടാക്കുന്നവര്‍ ഇനിയും തോക്കിനിരയാകും.

ശാരീരികമായ ചെറിയ പ്രതിരോധം തീര്‍ക്കുന്നതിന് പോലും തീര്‍ത്തും ദുര്‍ബലയായ ആ സ്ത്രീയെ അവസാനിപ്പിക്കാന്‍ അക്രമികള്‍ക്ക് ഏഴ് വെടിയുണ്ടകള്‍ വേണ്ടി വന്നു. താന്‍ സ്വീകരിച്ച നിലപാടുകള്‍ കൊണ്ട് അത്രയേറെ കരുത്തുള്ള സ്ത്രീയായിരുന്നു അവര്‍. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ചെയ്ത ട്വീറ്റില്‍ അവര്‍ കേരളത്തിന്‍െ്‌റ മതേതര നിലപാടുകളെ പ്രശംസിച്ചിരുന്നു. ഗേസായി സംഘികളുടെ ഒന്നാം നമ്പര്‍ ശത്രുവായ കേരളത്തിന്‍െ്‌റ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വ്യക്തിയെ അവര്‍ എങ്ങനെ സഹിക്കും.

രാജ്യത്തെ ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്‍പ്പ് സമരങ്ങളോട് എന്നും അവര്‍ ഐക്യപ്പെട്ടിരുന്നു. സംഘപരിവാറിന്റെ കണ്ണിലെ കരടായ കനയ്യ കമാറും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും അവര്‍ക്ക് മക്കളെപ്പോലെ ആയിരുന്നു. തന്റെ മാധ്യത്തിലൂടെ എന്നും തുറന്ന പോരാട്ടം നടത്തിയിരുന്ന ഗൗരി ലങ്കേഷിന് നേരെ തോക്ക് ചൂണ്ടപ്പെടാന്‍ ഇത് തന്നെ ധാരാളം. ഗാന്ധിയില്‍ തുടങ്ങി കല്‍ബുര്‍ഗി, മുഹ്മദ് അഖ്‌ലാഖ് വഴി ഗൗരി ലങ്കേഷില്‍ അവസാനിക്കില്ല ഈ ചോരക്കൊതി. എതിര്‍പ്പിന്റെ ചെറുശബ്ദങ്ങള്‍ ഉയര്‍ത്തുന്നവര്‍ പോലും നിശബ്ദരാക്കപ്പെടും.

മൂന്ന് വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിന്റെ ഹൃദയവും ശ്വാസകോശവും തുളച്ചു കയറിയെന്നാണ് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 7.65 എംഎം പിസ്റ്റള്‍ ആണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ തന്നെ കൊല്ലപ്പെട്ട എംഎം കല്‍ബുര്‍ഗി, മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട ഗോവിന്ദ് പന്‍സാരെ, പൂനെയില്‍ കൊല്ലപ്പെട്ട നരേന്ദ്ര ദബോല്‍ക്കര്‍ എന്നിവരെ കൊല്ലാനും സമാനമായ ഈ പിസ്റ്റളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗൗരി ഉള്‍പ്പെടെ സംഘപരിവാറിനെ അലോസരപ്പെടുത്തിയിരുന്ന ഈ നാല് പേരുടെ മരണത്തിലെ സാമ്യത കാണാതിരിക്കാനാകില്ല.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ കൂട്ടത്തേടെ ആഹ്ലാദ പ്രകടനം തുങ്ങിയിട്ടുണ്ട്. ഒരു മരണത്തില്‍ പോലും ആഹ്‌ളാദ പ്രകടനം നടത്താന്‍ കഴിയുന്ന വിധം എത്ര മൃഗീയമാണ് ഇവരുടെ മാനസിക നിലവാരം. സ്ത്രീകള്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്. ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടത് ആരുടെ ആവശ്യമായിരുന്നെന്ന് ഈ ആഹ്‌ളാദ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഗൗരി ലങ്കേഷിനെ കൊല്ലപ്പെടുന്നതിന് മുമ്പ് എത്ര പേര്‍ക്ക് അറിയാമായിരുന്നു എന്നാണ് ബിജെപിയുടെ ബൗദ്ധിക സെല്‍ അധ്യക്ഷന്‍െ്‌റ ചോദ്യം. ബൗദ്ധിക സെല്‍ അധ്യക്ഷന്റെ നില ഇതാണെങ്കില്‍ അണികളുടെ കാര്യം പറയാനില്ല.

ഗൗരി ലങ്കേഷിന്റെ മരണം നിലപാടുള്ള ചില സിനിമാ പ്രവര്‍ത്തകരെ കൂടി നമുക്ക് കാണിച്ചു തന്നു. അവരുടെ വീട്ടില്‍ ആദ്യാവസാനം ഉണ്ടായിരുന്ന സിനിമാ താരമാണ് പ്രകാശ് രാജ്. മറ്റ് ചില താരങ്ങളും ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ കേരളത്തിലെ സ്ഥിതിയോ? സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വൊട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന നടന് ഓണക്കോടിയുമായി ജയിലിന് മുന്നില്‍ കാവല്‍ നില്‍ക്കുകയാണ് മലയാള താരങ്ങള്‍. എല്ലാ മാസവും ബ്ലോഗ് എഴുതുന്ന സൂപ്പര്‍ താരങ്ങളും ഇത്തരം വിഷയങ്ങളില്‍ മിണ്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW