Monday, May 21, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Thursday 07 Sep 2017 10.55 AM

മൗനത്തിലിരിക്കണോ മരണം വരിക്കണോ?

uploads/news/2017/09/143710/chuttuvattam070917.jpg

മൂന്നു വെടിയൊച്ചകളില്‍നിന്നും പ്രാണന്‍ പൊലിഞ്ഞു പോയപ്പോള്‍ ബാക്കിയായത് ഗൗരി ലങ്കേഷിന്റെ തീച്ചൂടുള്ള അക്ഷരങ്ങള്‍ മാത്രം. മാധ്യമപ്രവര്‍ത്തനവും സാഹിത്യപ്രവര്‍ത്തനവും എല്ലാം തോക്കിന്‍ കുഴലിനാല്‍ ചൂണ്ടപ്പെട്ടു നിയന്ത്രിക്കുന്ന ഒരു ഫാസിസ്റ്റു സംസ്‌കാരം എന്ന് മുതലാണ് നമ്മുടെ രാജ്യത്ത് വേരുറപ്പിച്ചു തുടങ്ങിയത്? അത്തരത്തില്‍ ഈയിടയ്ക്ക് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ട പേര് കല്ബുര്ഗിയുടേത് തന്നെയായിരുന്നു.

ഗോവിന്ദ് പന്‍സാരേയ്ക്കും നരേന്ദ്ര ഢബോല്‍ക്കര്‍ക്കും കല്‍ബുര്‍ഗിയ്ക്കും ഒക്കെ ശേഷവും നിരന്തരമായ ആശയസംവാദം നടത്തിക്കൊണ്ടിരുന്ന ഒരു
മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തുന്നു. ഇതെന്തു തരം ജനാധിപത്യ സംരക്ഷണമാണ് ഈ രാജ്യത്ത് നടക്കുന്നത്?

വിവിധ തരം രാഷ്ര്ടീയ സ്വഭാവമുള്ള,ആശയ വൈവിധ്യമുള്ള, സാംസ്‌കാരിക-മത വൈരുധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ എന്നതുകൊണ്ട് തന്നെ അത്രയധികം വ്യത്യസ്തതകള്‍ നിറഞ്ഞ ജനങ്ങളും ഇവിടെയുണ്ട്. ഓരോ മനുഷ്യരും നമ്മളോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു പൗരന്റെ ആശയങ്ങളെ സ്വീകരിക്കുകയും അവയില്‍ ആവശ്യമായതിനെ മാത്രം സ്വീകരിച്ച് ആവശ്യമില്ലാത്തതിനെ അവഗണിക്കുകയും ചെയ്യുന്നു.

ഒരു പക്ഷെ സ്വതന്ത്രമായ ആശയസംവാദങ്ങള്‍ നടക്കുന്നതുകൊണ്ടു തന്നെയാണ് ഇന്ത്യ എന്ന രാജ്യം വൈവിധ്യമുള്ള സംസ്‌കാരങ്ങളാല്‍ സമ്പന്നമായതും. പക്ഷെ വിവേകവും ആള്‍പ്പെരുപ്പവും വികസനവും വര്‍ദ്ധിക്കുന്നുവെന്നു നാം കരുതുമ്പോള്‍ മാനുഷികത്വവും ബോധവുമൊക്കെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു പറയേണ്ടി വരും.

ഒരാളുടെ ആശയങ്ങളെ സ്വീകരിക്കാന്‍ കഴിയായ്ക, ആശയ വൈരുധ്യം ഉണ്ടാകുമ്പോള്‍ ആ ശബ്ദത്തെ എന്നേയ്ക്കുമായി ഇല്ലാതാക്കുന്നതാണ് മികച്ച പ്രസ്ഥാന പ്രവര്‍ത്തനം എന്നൊക്കെ വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരെങ്കിലും നമ്മുടെ നാട്ടിലുള്ളപ്പോള്‍ ഇവിടെ കോടതിയും ഭരണകൂടവും അംഗീകരിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വകാര്യതാ നിയമത്തിനും ഒക്കെ എന്ത് പ്രസക്തിയാണുള്ളത്?

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ പൊതുവെ എല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ട്. അത്തരത്തില്‍ വിരുദ്ധ ആശയവുമായി വരുന്നവരെ അപമാനിക്കുക, അവരെ മാനസികമായി തളര്‍ത്തുക, നാട് കടത്തുക, അതുമല്ലെങ്കില്‍ അവരുടെ ശബ്ദത്തെ എന്നെന്നേയ്ക്കുമായി നിര്‍ത്തലാക്കുക എന്നതാണ് പരിഹാരം എന്ന് വരുമ്പോള്‍ രാഷ്ര്ടീയം എന്ന എമണ്ടന്‍ പ്രസ്ഥാനം എത്രമാത്രം പൗരന്റെ മൗലിക അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തുന്നു എന്ന് കൂടി ചിന്തിക്കണം.

എഴുത്തുകാരിയെന്നു പറയാന്‍, മാധ്യമപ്രവര്‍ത്തക എന്ന് പറയാന്‍ ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ ഭയക്കണം എന്ന് പറയേണ്ടി വരുന്ന അവസ്ഥ വേദനിപ്പിക്കുന്നു. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ വായിക്കുമ്പോള്‍ പോലും തോന്നിയത് അതുതന്നെയായിരുന്നു.

ഏതൊരു മതവിശ്വാസത്തിന്റെ പുറത്താണെങ്കില്‍ പോലും ക്രിയേറ്റിവ് ആയി ചിന്തിക്കുന്ന എഴുത്തുകാരന് വിശ്വാസത്തിനപ്പുറം പലതും ചിന്തിക്കാന്‍ കഴിഞ്ഞേക്കും, എഴുതുക എന്നത് അയാളുടെ അവകാശമായതുകൊണ്ടു തന്നെ ആ ചിന്തകളെ അയാള്‍ അക്ഷരങ്ങളാക്കി കോറിയിടാനും ശ്രമിച്ചേക്കും.

എന്നാല്‍ അയാളുടെ അക്ഷരങ്ങള്‍ ഒരു വിശ്വാസത്തെ പാടെ മോശമാക്കും എന്ന് എങ്ങനെ പറയാനാകും? അങ്ങനെ മോശമാകാന്‍ തക്ക ബലമേ വൈരുദ്ധ്യ ചിന്താഗതിക്കാര്‍ ആര്‍ത്തുവിളിക്കുന്ന അവരുടെ വിശ്വാസങ്ങള്‍ക്കുള്ളൂവെങ്കില്‍ ആ വിശ്വാസം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയല്ലേ..!

ഗൗരി ലങ്കേഷ് അന്ധമായ ഫാസിസത്തിന്റെ അടുത്ത ഇരയാണ്. ഇനിയുമിവിടെ ഇരകള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘപരിവാറിന്റെ ഫാസിസ്റ്റു ആശയങ്ങള്‍ക്കെതിരെയും നിരന്തരം മാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെടുക എന്നതിനപ്പുറം നിശ്ശബ്ദയാക്കപ്പെടുകയായിരുന്നു. എന്റെ രാജ്യത്തെ ഭരണഘടനാ എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്.

അല്ലാതെ വര്‍ഗീയവാദിയാകാനല്ല. അതുകൊണ്ട് വര്‍ഗീയവാദികള്‍ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു എന്നുറക്കെ പറയാന്‍ ധൈര്യം കാട്ടിയ പത്രപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്.അതുകൊണ്ടു തന്നെ ആ ഒച്ച ഉയര്‍ന്നു കേട്ടതിന്റെ പേരില്‍ അവര്‍ കൊല്ലപ്പെടുകയും ചെയ്തു. പക്ഷെ അപ്പോഴും സമാനമായ രീതിയില്‍ കൊല്ലപ്പെട്ട പലരുടെയും കൊലപാതകികളെ ഇപ്പോഴും ശിക്ഷിച്ചിട്ടില്ല എന്നത് ജീവിച്ചിരിക്കുന്നവരുടെ ഭയം വര്‍ദ്ധിപ്പിക്കുമ്പോള്‍ മറുവശത്ത് ഇത്തരം അടിച്ചമര്‍ത്തലുകള്‍ വീണ്ടും വീണ്ടും തുടരാനുള്ള ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കണം.

അങ്ങനെ വരുമ്പോള്‍ ഭാവിയില്‍ ഇന്ത്യ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ സ്വത്വ പ്രതിസന്ധി നിശ്ശബ്ദരാകേണ്ടി വരുന്ന എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും ആത്മരോദനമായിരിക്കില്ലേ? എഴുതാതെയിരുന്നാല്‍ മനസ്സിനോട് മറുപടികള്‍ പറയണം, എഴുതിയാല്‍ മരണവും, ഒരുവേള മൗനത്തേക്കാള്‍ ഭേദം മരണമാണെന്ന് അവര്‍ സ്വയം തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഗൗരി ലങ്കേഷിന്റെ നിരയിലേയ്ക് ഇനിയും എഴുത്തുകാര്‍ അണി നിരന്നേക്കാം.

ജനാധിപത്യം ഇതിലും ഭംഗിയായി ആഘോഷിക്കുന്ന മറ്റൊരു രാജ്യം ലോകത്ത് വേറെയില്ല എന്ന് നമ്മള്‍ അഹങ്കരിക്കുന്നുണ്ട്.പല രാജ്യങ്ങളോടും അഹങ്കാരത്തോടെ അത് ഉറക്കെ പറയുന്നുമുണ്ട്, പക്ഷെ ഒരു എഴുത്തുകാരന് അദ്ദേഹത്തിന്റെ വിരുദ്ധ അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യമാണെന്ന തെറ്റിധാരണകള്‍ പരക്കുമ്പോള്‍ കുറ്റവാളി ഭരണവര്‍ഗം തന്നെയാണ്.

കല്‍ബുര്‍ഗിയുടെയും ഗോവിന്ദിന്റേയുമൊക്കെ മരണം വരുത്തിവച്ച രക്തക്കറകള്‍ മായ്ക്കാന്‍ പോയിട്ട് അതിന്റെ കാരണക്കാരെ കൃത്യമായി തിരിച്ചറിയാന്‍ പോലും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. നടപ്പിലാക്കുന്നത് ഹിന്ദുത്വ അജണ്ടയാണെങ്കിലും ഫാസിസ്റ്റു നിലപാടാണെങ്കിലും അഴിഞ്ഞു വീഴുന്നത് കെട്ടുറപ്പുണ്ടായിരുന്നുവെന്ന് നാമൊക്കെ അഭിമാനിച്ചിരുന്ന ഒരു സ്വാതന്ത്ര്യ രാജ്യത്തിന്റെ ജനാധിപത്യ നിലപാടുകളാണ്.

അതിനെ തിരികെ പിടിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പ്രത്യേകിച്ച് ഇത്തരത്തില്‍ എന്തുണ്ടായാലും അതൊക്കെ സംഘപരിവാര്‍ ഫാസിസത്തിലേയ്ക്ക് ചേര്‍ത്ത് വയ്ക്കപ്പെട്ടു വായിക്കുമ്പോള്‍ ഉറപ്പായും കൃത്യമായ നിലപാടുകള്‍ സര്‍ക്കാര്‍ എടുക്കുക തന്നെ വേണം. സര്‍ക്കാര്‍ മൗനം പാലിക്കുന്നതുകൊണ്ടു തന്നെയാണ് എഴുത്തുകാര്‍ക്ക് ഉറക്കെ സംസാരിക്കേണ്ടി വരുന്നത്.

ഫാസിസ്റ്റുവക്താക്കള്‍ ഒരു രാജ്യത്തിന്റെ ഭരണത്തെ പ്രതിനിധീകരിക്കുന്നത് വൈവിധ്യം കാത്തു സൂക്ഷിക്കുന്ന ഒരു മതനിരപേക്ഷ രാജ്യത്തിനു യോജിച്ചതല്ല. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ളതാണ്. അക്ഷരങ്ങള്‍ക്ക് പകരം എഴുത്തുകാര്‍ക്ക് വെടിയുണ്ടയാണ്നല്‍കാനുള്ളതെങ്കില്‍ ഒരു മരണത്തില്‍ നിന്നും ഒരായിരം ഗൗരി ലങ്കേഷുമാര്‍ ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.

അവരെ അത്ര പെട്ടെന്ന് നിശ്ശബ്ദരാക്കാനാവില്ല. ഒടുവില്‍ കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ സ്വകാര്യമായ ആനന്ദം അനുഭവിക്കുന്ന രാഷ്ര്ടീയ ഏജന്‍സികളെ കണ്ട് സാധാരണ ജനത ചങ്കുപൊട്ടി മരിക്കേണ്ട ഗതികേടുമുണ്ടായേക്കാം. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് എതിര്‍ക്കുക... വാക്കുകളെ തുളയ്ക്കേണ്ടത് വാക്കുകള്‍ കൊണ്ടാണ് തോക്കുകള്‍ കൊണ്ടല്ല. കുറഞ്ഞത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെങ്കിലും. അല്ലെങ്കില്‍ ഈ നാണക്കേട് സഹിക്കാന്‍ , ഇന്ത്യക്കാരന്‍ ആണെന്ന് പറയാന്‍ പലരും മടിക്കും...

Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Thursday 07 Sep 2017 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW