Wednesday, May 30, 2018 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 01.16 AM

ഗൗരിയുടെ ശബ്‌ദം നിലയ്‌ക്കില്ല; പോരാട്ടം തുടരും

uploads/news/2017/09/143593/4.jpg

വിമത ശബ്‌ദങ്ങള്‍ക്കു കുഴിമാടം തീര്‍ക്കുന്നവര്‍ അടക്കി ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൗരി ലങ്കേഷ്‌ അവസാനത്തെ രക്‌തസാക്ഷി അല്ലെന്നറിയാം. എന്നാല്‍, ഗൗരിയെ ഒരു വെടിയുണ്ടകൊണ്ട്‌ തീര്‍ത്തുകളയാം എന്നു കരുതുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണ്‌. നിങ്ങള്‍ക്കു ദുഃഖിക്കേണ്ടി വരും; നിറയൊഴിക്കാന്‍ നിങ്ങള്‍ തയാറായി നില്‍ക്കുമ്പോള്‍ ആ വെടിയുണ്ടയെ മറികടക്കാന്‍ കഴിയുന്ന ശബ്‌ദങ്ങള്‍ ഈ രാജ്യത്ത്‌ ധാരാളമുണ്ട്‌. വെടിയുണ്ടയുടെ രാഷ്‌ട്രീയം തിരിച്ചറിയുന്ന ഒരു ജനത ഈ രാജ്യത്തിന്‌ കാവലുണ്ട്‌.
വെടിയുണ്ടയുടെ രാഷ്‌്രടീയം ഫാസിസ്‌റ്റുകളുടേതാണ്‌. സ്വതന്ത്ര ചിന്തയെ ഹനിക്കാന്‍ ശ്രമിക്കുന്ന ഫാസിസം, ഭക്ഷണ സ്വാതന്ത്ര്യത്തിന്‌ വിലക്കുതീര്‍ക്കുന്ന ഫാസിസം. എന്തു ധരിക്കണമെന്ന്‌ ഞങ്ങള്‍ തീരുമാനിക്കുമെന്ന്‌ അവര്‍ പറയും. സമ്പാദിച്ചത്‌ ചെലവഴിക്കാന്‍ നിനക്ക്‌ സ്വാതന്ത്ര്യമില്ലെന്ന്‌ ആക്രോശിക്കും. പക്ഷേ, ഇതൊന്നും തകര്‍ത്തെറിയാന്‍ മതിയാകില്ല നിങ്ങള്‍ ചൂണ്ടിനില്‍ക്കുന്ന തോക്കിന്‍കുഴലുകള്‍.
ലങ്കേഷ്‌ പത്രിക എന്ന മാധ്യമത്തിന്റെ പത്രാധിപ ഗൗരി ലങ്കേഷ്‌ സ്വന്തം വീട്ടുമുറ്റത്ത്‌ വെടിയേറ്റ്‌ മരണപ്പെട്ടിരിക്കുന്നു. പിതാവ്‌ ലങ്കേഷ്‌ ആരംഭിച്ച പ്രസിദ്ധീകരണത്തെയും അദ്ദേഹം പകര്‍ന്നു നല്‍കിയ ആശയങ്ങളെയും മുറുകെ പിടിച്ച ഗൗരി ഒരു തികഞ്ഞ മതേതര വാദിയായിരുന്നു. ജാതീയതയെക്കതിരെയുള്ള ചെറുത്തുനില്‍പ്പിനുവേണ്ടിയും ഇന്ത്യയെ ഹൈന്ദവ രാഷ്‌ട്രീയത്തിന്റെ പാതയിലേക്ക്‌ നയിക്കുന്നതിനെതിരെയും ഗൗരി ലങ്കേഷ്‌ ഉറച്ച നിലപാട്‌ സ്വീകരിച്ചിരുന്നു.
ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കപ്പെടുകയും നാനാത്വത്തില്‍ ഏകത്വം എന്നത്‌ കേവലം "മിത്ത്‌" മാത്രമായി മാറുകയും ചെയ്യുന്ന കാലത്തിന്റെ പ്രതികരണമാണു ഗൗരി ലങ്കേഷില്‍ കണ്ടത്‌. പ്രഫ. എം.എം. കല്‍ബുറഗി വധിക്കപ്പെട്ടപ്പോള്‍ അതിനെ കടുത്ത ഭാഷയില്‍ അപലപിക്കാനും പ്രതിഷേധിക്കുവാനും ഗൗരി ലങ്കേഷ്‌ മുന്നിലുണ്ടായിരുന്നു.
സ്വതന്ത്ര ഭാരതത്തില്‍ നാം വെടിയൊച്ച കേട്ടത്‌ ഡല്‍ഹിയിലെ ബിര്‍ളാ ഹൗസില്‍നിന്നാണ്‌. പ്രാര്‍ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍വച്ച്‌ കൈയെത്തുംദൂരത്തുവച്ചാണു നാഥുറാം വിനായക്‌ ഗോഡ്‌സേ ആ കൊലപാതകം ചെയ്‌തത്‌. അന്നു പിടഞ്ഞ്‌ വീണത്‌ മഹാത്‌മാവായിരുന്നു. നമ്മെ സ്വതന്ത്ര്യത്തിലേക്കു കൈപിടിച്ചുയര്‍ത്തിയ, വര്‍ഗീയതയെയും ഭിന്നിപ്പിച്ചു ഭരിക്കലിനെയും ഇല്ലാതാക്കാന്‍ ശ്രമിച്ച നമ്മുടെ പ്രിയപ്പെട്ട ബാപ്പു.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ നെഞ്ചിനു നേരെ വര്‍ഗീയവാദികള്‍ കാഞ്ചി വലിച്ചു. ആ വെടിയൊച്ച നിലയ്‌ക്കും മുമ്പേ ഉഗ്രസ്‌ഫോടനത്തോടെ രാജീവ്‌ ഗാന്ധി ചിതറിത്തെറിച്ചു. നടുക്കുന്ന ഓര്‍മകളായിരുന്നു ഇതെല്ലാം.
എന്നാല്‍ ഇന്നവര്‍ ചുവട്‌ മാറ്റിപ്പിടിച്ചിരിക്കുന്നു. ചിന്തയെ അവര്‍ ഭയപ്പെടുന്നു. പേനയുടെ ശക്‌തിയെ ഭയപ്പെടുന്നവര്‍ തോക്കിന്റെ ശക്‌തികൊണ്ട്‌ പേനയെ നേരിടാന്‍ ശ്രമിക്കുന്നു. 2015 ഓഗസ്‌ത്‌ 30 നു കല്‍ബുറഗി കൊലചെയ്യപ്പെട്ടു. ഗോവിന്ദപന്‍സാരയും നരേന്ദ്ര ദാബോല്‍ക്കറും കൊല ചെയ്യപ്പെട്ടു. പെരുമാള്‍ മുരുകന്‍ എഴുത്തവസാനിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. പ്രഫ. യു.ആര്‍. അനന്തമൂര്‍ത്തിയെയടക്കമുള്ളവരോട്‌ ഇന്ത്യ വിട്ടുപോകാനുള്ള ആഹ്വാനങ്ങളുമുണ്ടായി. അനന്തമൂര്‍ത്തിയുടെ മരണം ചിലര്‍ ആഘോഷമാക്കി മാറ്റി.
കഴിഞ്ഞദിവസം, ആ നിറതോക്ക്‌ നിറയൊഴിച്ചത്‌ ഗൗരി ലങ്കേഷിനു നേരെയാണ്‌. അതെ, രാഷ്‌ട്രപിതാവിനു നേരെ തീതുപ്പിയ ആ തോക്ക്‌ വീണ്ടും ഭീഷണിയാകുകയാണ്‌. ഫാസിസം പടര്‍ന്നു പന്തലിച്ച്‌ കൊലവിളികള്‍ തുടരുകയാണ്‌. അവര്‍ ആശയങ്ങളെ ഭയപ്പെടുന്നു. പക്ഷേ, ചോദ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇതുകൊണ്ടൊന്നും സാധിക്കില്ല.
നമുക്ക്‌ ഒരു സന്ദേശം നല്‍കിയശേഷമാണു ഗൗരി വിടവാങ്ങിയത്‌. "ഹിന്ദുത്വ രാഷ്‌ട്രീയത്തിനെതിരെയും ജാതീയതയ്‌ക്കെതിരെയുമുള്ള എന്റെ വിമര്‍ശനം എനിക്ക്‌ ഹിന്ദു വിരോധി എന്ന പേര്‌ ചാര്‍ത്തിത്തന്നിരിക്കുകയാണ്‌. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന്‌ ഞാന്‍ കരുതുന്നു. ബസവണ്ണയെയും ഡോ. അംബേദ്‌കറെയുംപോലെ എന്റെ ചെറുതായ മാര്‍ഗത്തിലൂടെ സ്‌ഥിതിസമത്വപൂര്‍ണമായ ഒരു സമൂഹത്തിനുവേണ്ടിയാണ്‌ എന്റെ പോരാട്ടം."-ഗൗരി ലങ്കേഷ്‌ കുറിച്ചു. അതെ അവരുടെ പോരാട്ടം നിലയ്‌ക്കുന്നില്ല.
ഗൗരി ലങ്കേഷ്‌, താങ്കളുടെ ശബ്‌ദത്തെ ഭയന്നവരാണ്‌ ആ വെടിയൊച്ച ആസ്വദിച്ചത്‌. പക്ഷേ ആ സ്വരം നിലച്ചുപോകില്ല, ആയിരങ്ങള്‍ ഏറ്റെടുക്കും.

ഡോ. എം. ഹരിപ്രിയ
(മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖിക )

Ads by Google
Thursday 07 Sep 2017 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW