Monday, June 04, 2018 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 01.15 AM

'കരി'നിയമം ഉണ്ടെങ്കിലും 'കരി'ദിനക്കാഴ്‌ചകള്‍ ബാക്കി

uploads/news/2017/09/143592/3.jpg

നാട്ടാന സംരക്ഷണ നിയമം നിലവില്‍ വന്നത്‌ 2003 ലാണ്‌. അതു പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം ബാക്കിനിര്‍ത്തുന്നതാണു തുറവൂരില്‍ ആനയിടഞ്ഞ സംഭവം. നാട്ടാനകള്‍ പാപ്പാന്‍മാരില്‍നിന്നും ഉടമകളില്‍നിന്നും നേരിട്ടിരുന്ന പീഡനങ്ങള്‍ക്ക്‌ അറുതിവരുത്തുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണു നിയമനിര്‍മാണം സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്‌. ആനയിടയുന്നത്‌ പ്രകൃതിനിയമമാണെന്നും ഇടയുന്നതോ ഇടയാത്തതോ ആയ ആനകളുടെ നേര്‍ക്കു ക്രൂരതപാടില്ലെന്നും കര്‍ശനമായി നിയമത്തിലുണ്ട്‌. മദപ്പാടുള്ള ആനയെ കെട്ടിയിട്ട്‌ സംരക്ഷിക്കാനാണു നിയമം അനുശാസിക്കുന്നത്‌. ഉത്സവപ്പറമ്പുകളിലും ആഘോഷവേളകളിലും ആനകളെ ദീര്‍ഘനേരം നിര്‍ത്താനും ചട്ടം അനുവദിക്കുന്നില്ല.
എറണാകുളത്തെ ക്ഷേത്രത്തില്‍നിന്ന്‌ ഒമ്പതുദിവസം നീണ്ട ഉത്സവാഘോഷത്തിനുശേഷമാണു ബാലകൃഷ്‌ണനെന്ന കരിവീരനെ ആലപ്പുഴയിലേക്ക്‌ ലോറിയില്‍ കൊണ്ടുവന്നത്‌. ഈ യാത്രാവേളയിലാണ്‌ ആന ലോറിയില്‍നിന്ന്‌ ഇറങ്ങിയോടി പരാക്രമം കാണിച്ചത്‌. പുലര്‍ച്ചെ ആനയോടി മറഞ്ഞിട്ട്‌ ഒപ്പമുണ്ടായിരുന്ന നാലുപാപ്പാന്‍മാരും ഏതാനും കിലോമീറ്റര്‍ മാത്രം അകലേക്കോടിമറഞ്ഞ ആനയെ കണ്ടെത്തിയതു തന്നെ നേരംപുലര്‍ന്നിട്ടായിരുന്നു. ഇതിനകം ആന ചതുപ്പില്‍ വീഴുകയും ചെയ്‌തു. തുറവൂര്‍ സംഭവത്തിലെ നായകന്‍ ബാലകൃഷ്‌ണനു മദപ്പാടില്ലെന്നാണു ഡോക്‌ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. അതുകൊണ്ടുതന്നെ എന്തുകാരണത്താലാണ്‌ ആന ലോറിയില്‍നിന്ന്‌ ഓടിരക്ഷപ്പെട്ടതെന്ന്‌ അന്വേഷിക്കേണ്ടതുണ്ട്‌.
ആനസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുമെന്നാണ്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. എന്നാല്‍, പലപ്പോഴും ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന കിട്ടാറില്ലെന്നാണ്‌ ആക്ഷേപമുയരുന്നത്‌. ഉത്സവപ്പറമ്പുകളില്‍ ആനകള്‍ നേരിട്ടിരുന്ന പ്രതിസന്ധികള്‍ നേരിടാന്‍ ചട്ടവും നിയമവും കുറേക്കൂടി കര്‍ശനമാക്കിയെന്നുള്ളത്‌ വസ്‌തുതയാണ്‌. അതിന്റെ ഫലമായിട്ടാണു പലക്ഷേത്ര ഉത്സവങ്ങളില്‍നിന്നും ആനകളെ മാറ്റിനിര്‍ത്തിയിരിക്കുന്നത്‌. ആനയെ ഉത്സവത്തിനു കൊണ്ടുവരുമ്പോള്‍ തടിച്ചുകൂടുന്ന ജനങ്ങള്‍ക്ക്‌ ആനയിടഞ്ഞ്‌ അപകടം പിണഞ്ഞാല്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷവേണം. അതു മാത്രമല്ല, നിശ്‌ചിത സമയം മാത്രമേ എഴുന്നള്ളിപ്പിന്‌ ഇറക്കാവു. റോഡിലൂടെ നടത്തുമ്പോള്‍ കാല്‍നനയാന്‍ വെള്ളം നനച്ചുകൊടുക്കാനുള്ള സംവിധാനം ഒരുക്കണം. ഒരു നിശ്‌ചിതഅകലം പാലിച്ചേ ജനങ്ങള്‍ നില്‍ക്കാവു എന്നെല്ലാം പറയുമ്പോള്‍ പാലിക്കപ്പെടാന്‍ തന്നെ ബുദ്ധിമുട്ടുള്ളതാണെന്നു ക്ഷേത്രഭാരവാഹികള്‍ പലരും ചൂണ്ടിക്കാണിക്കുന്നു. ഈ പൊല്ലാപ്പുകള്‍ മൂലമാണു ചിലക്ഷേത്രങ്ങളിലെങ്കിലും തിടമ്പെഴുന്നള്ളിക്കല്‍ വരെ വാഹനരഥങ്ങളിലേക്കു മാറ്റപ്പെട്ടത്‌. ആന സംരക്ഷണ നിയമം പാലിക്കാന്‍ ചിലര്‍ സന്നദ്ധരാകുമ്പോള്‍ മറ്റിടങ്ങളില്‍ ഇതു ലംഘിക്കുന്നവരും ധാരാളം. ചിലപ്പോള്‍ അപകടമൊന്നും ഇല്ലാതെ ആനയാഘോഷം കടന്നുപോകാം. എന്നാല്‍, ജനങ്ങള്‍ക്കു "കരിദിനം" സമ്മാനിക്കുന്നവയാണു വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്‌. സമ്പൂര്‍ണമായി വന്യജീവിയായ ആനകളുടെ യഥാര്‍ഥ ആവാസവ്യവസ്‌ഥ കാടുകള്‍ തന്നെയാണ്‌. എന്നാല്‍, അവയെ ഇണക്കിവളര്‍ത്തി നാട്ടാനയാക്കുമ്പോള്‍ യഥാര്‍ഥ ആവാസവ്യവസ്‌ഥയില്‍നിന്നുള്ള മാറ്റമാണു സംഭവിക്കുന്നത്‌.
നാട്ടിലെ ജീവിതരീതികളോട്‌ അതു പിന്നീട്‌ പൊരുത്തപ്പെടുക മാത്രമാണു ചെയ്ുന്നയത്‌. എത്രകാലം കഴിഞ്ഞാലും നാട്ടിലെ വ്യവസ്‌ഥകളോട്‌ ആനകള്‍ പൂര്‍ണമായി പൊരുത്തപ്പെടില്ലെന്നു തന്നെയാണ്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ പറയുന്നത്‌.
ആനകളെ കേവലം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുമ്പോഴാണു ചട്ടവും നിയമവും ഏറെ ലംഘിക്കപ്പെടുന്നത്‌. പാപ്പാന്‍മാരാണ്‌ ആനകളുടെ മിത്രവും അതുപോലെ ശത്രുവും. എന്നാല്‍, ഇവര്‍ ആന ഉടമകളുടെ കരുക്കളായി പ്രവര്‍ത്തിക്കുന്നവരാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പരിചയമില്ലാത്ത പാപ്പാന്‍മാരും ആനകളുടെ ശത്രുപക്ഷത്താണു നിലകൊള്ളുന്നത്‌. അതുകൊണ്ടാണു ചുരുങ്ങിയത്‌ മൂന്നുവര്‍ഷമെങ്കിലും പരിചയമുള്ള ആനപാപ്പാന്‍മാര്‍ വേണമെന്നു നാട്ടാന പരിപാലന നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്‌. നാട്ടാന സംരക്ഷണ നിയമത്തിന്റെ കാതലായ ഭാഗങ്ങള്‍ ഇതാണ്‌: ആനപാപ്പാന്റെ യോഗ്യതകള്‍ സംസ്‌ഥാന ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ അംഗീകരിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണമെന്നാണു വ്യവസ്‌ഥ. ആനയുടെ പരിചരണം കൃത്യതയോടെയാകണമെന്നും ചട്ടം പറയുന്നു.
കൃത്യമായ ഇടവേളകളില്‍ വെറ്റിനറി സര്‍ജന്‍ ആനയെ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തണം. മതിയായ ഭക്ഷണം ലഭ്യമാക്കണം. വലിയ ശബ്‌ദശല്യങ്ങളില്‍നിന്ന്‌ ആനകളെ സംരക്ഷിച്ചുനിര്‍ത്തണം. മോശം ആരോഗ്യമുള്ള ആനകളെ ദൂരസ്‌ഥലത്തേക്കു കൊണ്ടുപോകരുത്‌.
റോഡിലൂടെ തുടര്‍ച്ചയായി മൂന്ന്‌ മണിക്കൂറില്‍ കൂടുതല്‍ നടത്താന്‍ പാടില്ല. ആനകളെ വേദനിപ്പിക്കുന്ന വിധത്തിലുള്ള യാതൊരുവിധമുറകളും പ്രയോഗിക്കാന്‍ പാടില്ല. എന്നാല്‍, ചട്ടവും നിയമവും അതേപടി പാലിക്കപ്പെടുന്നുണ്ടെന്ന്‌ ആരും കരുതാനിടയില്ല. നിയമം പ്രാബല്യത്തില്‍ വന്നിട്ടും ആനപാപ്പാന്‍മാര്‍ മദ്യപിച്ച്‌ ആനകളെ മര്‍ദിക്കുന്ന കാഴ്‌ചകള്‍ പലവട്ടം വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്‌.
കാലുകളിലും ദേഹത്തുംവലിയ മുറിവുകളുമായി റോഡിലൂടെ നടന്നുപോകുന്ന ആനകളെ എത്രയോ കണ്ടിരിക്കുന്നു. ഈ വ്രണങ്ങളില്‍ തോട്ടിയുപയോഗിച്ച്‌ കൊളുത്തിവലിക്കുന്ന പാപ്പാന്‍മാരും എത്രയോ ഉണ്ട്‌. നാട്ടിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുന്നത്തൂര്‍കോട്ടപോലും വിവാദത്തിനതീതമായിരുന്നില്ല. ഒടുവില്‍ സുപ്രീംകോടതിവരെ ഈ വിഷയം കയറിയിറങ്ങി.
ആനകള്‍ക്കു ദൈവികപരിവേഷം ചാര്‍ത്തി നല്‍കി ആരാധിക്കുന്നവരാണു കേരളീയര്‍. എന്നാല്‍, സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി കരയിലെ ഏറ്റവും വലിയ ജീവിയെ മെരുക്കിയെടുക്കുകയും പിന്നീട്‌ അവയെ ചൊല്‍പ്പടിക്കു നിര്‍ത്തി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കേണ്ടതു തന്നെയാണ്‌. നാട്ടാന സംരക്ഷണനിയമം കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ ഇനിയും "കരി"ദിനങ്ങള്‍ ആവര്‍ത്തിക്കുകതന്നെ ചെയ്യും.

ബൈജു ഭാസി

Ads by Google
Thursday 07 Sep 2017 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW