Wednesday, June 20, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 07 Sep 2017 01.14 AM

എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ഷട്ടില്‍ ബാഡ്‌മിന്റണ്‍ കളിക്കുമോ?

uploads/news/2017/09/143591/2.jpg

എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ഷട്ടില്‍ ബാഡ്‌മിന്റണ്‍(ഷട്ടില്‍) കളിക്കുമോ? ഒരു കാര്യം ഉറപ്പാണ്‌ ഇതു സംബന്ധിച്ച ഫയല്‍ ഷട്ടില്‍ കളിക്കും. ഇതു സാമാജികനെന്ന നിലയിലുള്ള അനുഭവമാണ്‌.
ജനങ്ങള്‍ക്കുപകാരപ്പെടേണ്ട പദ്ധതികള്‍ നടപടി ക്രമങ്ങളിലൂടെ പേരില്‍ വകുപ്പുകള്‍ക്കിടയില്‍ ഷട്ടില്‍ കളിക്കുന്നതിനു പലതവണ സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്‌.
പ്രാദേശിക വികസന ഫണ്ടും, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടും കഴിഞ്ഞാല്‍ എം.എല്‍.എ.മാര്‍ക്ക്‌ നേരിട്ട്‌ നിര്‍ദേശിക്കാവുന്ന പ്രവര്‍ത്തികള്‍ക്കായി ഓരോ സാമ്പത്തികവര്‍ഷവും അഞ്ച്‌ കോടി രൂപ ആസ്‌തി വികസന ഫണ്ട്‌ എന്ന പേരില്‍ 2012-13 ലെ ബജറ്റിലാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. അന്നത്തെ ധനമന്ത്രി കെ.എം.മാണിയാണു പുതിയ ഫണ്ട്‌ അവതരിപ്പിച്ചത്‌.
പദ്ധതിയുടെ നിര്‍ദേശം എം.എല്‍.എമാര്‍ നല്‍കണം. വ്യവസ്‌ഥകള്‍ക്കു വിധേയമായി ഓരോപ്രദേശത്തിന്റെയും ആവശ്യകത പരിഗണിച്ച്‌ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നതാണ്‌ ഈ പദ്ധതിയുടെ പ്രത്യേകത. എം.എല്‍.എ.യുടെ നിര്‍ദേശത്തോടെ തുടങ്ങുന്ന പ്രക്രിയയില്‍ പിന്നെ നടപടിക്രമങ്ങളുടെ പരമ്പരയാണ്‌. എം.എല്‍.എ.ആസ്‌തി വികസനഫണ്ടില്‍ നിന്ന്‌ തുക അനുവദിച്ച്‌ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയായ 10 ലക്ഷം രൂപയുടെ റോഡ്‌ പ്രവര്‍ത്തിക്കുപോലും എസ്‌റ്റിമേറ്റ്‌ തയാറാക്കുന്നതിന്‌ ഫയല്‍ കടന്നുപോകുന്നത്‌ 18 മേശപ്പുറങ്ങളിലൂടെയാണ്‌.
എസ്‌റ്റിമേറ്റിന്റെ ആദ്യഘട്ടം കഴിഞ്ഞാല്‍ ഭരണാനുമതി ലഭിക്കുന്നതിന്‌ ഫയല്‍ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണ വകുപ്പിലേക്ക്‌ അയയ്‌ക്കും. ഈ പൊന്നാപുരം കോട്ടയില്‍ നിന്ന്‌ പരിക്കില്ലാതെ ഫയല്‍ തിരികെ ലഭിക്കുന്നതാണ്‌ അടുത്ത കടമ്പ. ആകെ 10 മേശപ്പുറങ്ങള്‍. ഇതിനിടയില്‍ ഫയലിന്‌ ജാതകദോഷപ്രകാരം ശനി ബാധിക്കാതിരുന്നാല്‍ ഭാഗ്യം.
തുടര്‍ന്ന്‌ ഫയല്‍ ധനകാര്യ വകുപ്പിന്‌ പോകുന്നു. പിന്നെയും നടപടി ക്രമം ബാക്കി. ചുരുക്കത്തില്‍ ഒരു പ്രവൃത്തി നിര്‍ദേശിച്ച്‌ പൂര്‍ത്തീകരിക്കാന്‍ ചുരുങ്ങിയത്‌ എട്ട്‌ മുതല്‍ 12 മാസം വരെ വേണ്ടിവരും. ഓരോ മേശപ്പുറത്തും ഫയല്‍ എത്തുമ്പോള്‍ കൃത്യമായ ഓര്‍മപ്പെടുത്തലുമായി എത്തിയെങ്കില്‍ മാത്രമേ ഇവ പൂര്‍ത്തിയാകുകയുള്ളു. വാസ്‌തവം എന്തുതന്നെയായാലും കരാറുകാരന്‍ പണി ചെയ്യാന്‍ വരുമ്പോള്‍ എസ്‌റ്റിമേറ്റ്‌ എടുത്ത കാലത്തേക്കാള്‍ റോഡ്‌ കുളമായിട്ടുണ്ടാകും. കരാറുകാരന്‌ നഷ്‌ടം വരാത്ത രീതിയില്‍ പണി പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെയെടുക്കും. ഒരുകാലത്തും ഒന്നും ശരിയാകാതെ ഈ ചക്രം ഇതേ രീതിയില്‍ ചലിച്ചുകൊണ്ടിരിക്കും.
ഇതിനിടയില്‍ ഫണ്ട്‌ അനുവദിച്ചകാര്യം മാധ്യമങ്ങളെ അറിയിച്ചാല്‍ ഒരു വര്‍ഷമായിട്ടും പണി തുടങ്ങാത്തതിന്‌ ജനങ്ങളുടെ പരിഭവം ബാക്കി. ഇവിടെ വരെ ഈ പ്രവര്‍ത്തിയെത്തിക്കാന്‍ എത്ര തവണ പാമ്പും കോവണിയും കളിച്ചുവെന്നത്‌ ജനപ്രതിനിധിയുടെ സ്വകാര്യ ദുഃഖം മാത്രം.
ആസ്‌തി വികസന ഫണ്ടെന്ന ഒരു എം.എല്‍.എ.ക്ക്‌ ഓരോ സാമ്പത്തിക വര്‍ഷവും അനുവദിക്കപ്പെട്ട അഞ്ച്‌ കോടി രൂപയുടെ ഉറപ്പായ ഫണ്ടിന്റെ അവസ്‌ഥയാണ്‌ മുകളില്‍ പറഞ്ഞത്‌. ബജറ്റില്‍ ടോക്കണ്‍ പ്ര?വിഷന്‍ മാത്രം നല്‍കിയിട്ടുള്ള ഫണ്ടുകിട്ടുമെന്ന്‌ യാതൊരു ഉറപ്പുമില്ലാത്ത ആയിരക്കണക്കിന്‌ മറ്റ്‌ പ്രവൃത്തികളുടെ കാര്യമോ?
ഈ ശ്രേണിയിലെവിടെങ്കിലും ഒരു ഉദ്യോഗസ്‌ഥന്‌ ഒരു സംശയമുണ്ടായാല്‍ ഫയലില്‍ ക്വറി രൂപം പ്രാപിക്കുകയായി. ക്വറി എന്നാല്‍ ബ്ലൂവെയ്‌ല്‍ കളിപോലാണ്‌. ഫയലിനു ജീവന്‍ തിരിച്ചുകിട്ടിയാല്‍ ഭാഗ്യം!
ഇത്തരം ഒരു ചോദ്യം ഉന്നയിക്കപ്പെട്ട ഒരു സാഹചര്യമാണ്‌ ലേഖനത്തില്‍ ആദ്യം സൂചിപ്പിച്ചത്‌. ഒരു സ്‌കൂളിന്‌ പാചകപ്പുരയും ടോയ്‌ലറ്റും പണിയുന്നതിന്‌ അനുവദിച്ച 15 ലക്ഷം രൂപയില്‍ സേവിങ്‌സായി വന്ന രണ്ട്‌ ലക്ഷം രൂപ ഉപയോഗിച്ച്‌ ഷട്ടില്‍ കോര്‍ട്ട്‌ പണിയുന്നതിന്‌ നിര്‍ദേശിച്ച്‌ കത്ത്‌ നല്‍കി. അതില്‍ ഒരു ഉദ്യോഗസ്‌ഥന്‌ ഉണ്ടായ സംശയമാണ്‌ എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ ബാഡ്‌മിന്റണ്‍ (ഷട്ടില്‍) കളിക്കുമോ? എന്നത്‌. എത്രകുട്ടികള്‍ ഭാവിയില്‍ കളിക്കാന്‍ സാധ്യതയുണ്ട്‌ എന്നിങ്ങനെ ചോദ്യം നീണ്ടു പോകാം. ഇതോടെ ഫയല്‍ പാമ്പും കോണിയും കളി തുടങ്ങും.
ഫയല്‍ സംബന്ധിച്ച പല കഥകളും ഇത്തരുണത്തില്‍ ഓര്‍മവരുന്നു. പുതുതായി സര്‍വീസില്‍ പ്രവേശിച്ച ക്ലാര്‍ക്ക്‌ അദ്ദേഹത്തിന്‌ യാതൊരു പിടിയുമില്ലാത്ത ഫയല്‍ കണ്ടപ്പോള്‍ സൂപ്രണ്ടിനോട്‌ ആരാഞ്ഞു... എന്തു ചെയ്യണം? പഴയ ഫയല്‍ നോക്കിയെഴുതിയാല്‍ മതിയെന്നായിരുന്നു മറുപടി. പഴയ ഫയല്‍ താളില്‍ ഇരുന്ന ചത്ത ഈച്ചയുടെ ശേഷിപ്പും പുതിയ ക്ലാര്‍ക്ക്‌ പുതിയ ഫയലില്‍ വരച്ചുവച്ച "ഈച്ച കോപ്പി" എന്ന പഴയ കഥ ജീവനക്കാര്‍ക്കിടയില്‍ ഇന്നും വൈറലാണ്‌.
കേരള പി എസ്‌സി. പരീക്ഷയില്‍ ഉന്നതവിജയം നേടി ജോലിയില്‍ പ്രവേശിക്കുന്ന ക്ലറിക്കല്‍ വിഭാഗക്കാര്‍ക്ക്‌ ഐ.എം.ജി. നല്‍കുന്ന ട്രെയിനിങ്‌ ലഭിക്കുന്നത്‌ ഒരു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടായിരിക്കും. അപ്പോഴേക്കും തടസവാദങ്ങള്‍ അയാള്‍ പഠിച്ചിട്ടുണ്ടാവും.
ഫ്യൂഡലിസത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും നമ്മുടെ ഭരണ സംവിധാനത്തിലുണ്ടെന്നതിന്‌ ഉദാഹരണങ്ങള്‍ ഏറെയാണ്‌. ഒരു പരാതി കിട്ടിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്റെ അനുമതിയില്ലാതെ താഴെത്തട്ടിലേക്ക്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടാന്‍ പാടില്ലായെന്നത്‌ ഇന്ന്‌ നിലനില്‍ക്കുന്ന കീഴ്‌വഴക്കം. മാമൂലുകളും കീഴ്‌വഴക്കങ്ങളും കൊണ്ട്‌ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളും ജനകീയ പ്രശ്‌നങ്ങളും ഗതികിട്ടാതെ അലഞ്ഞു നടക്കുന്ന കാഴ്‌ചപ്പറമ്പുകളാണ്‌ നമ്മുടെ ശാപം. ഒരു പദ്ധതിക്ക്‌ എന്തിനാണ്‌ ഇത്രയധികം ഗോവണികള്‍ എന്നു മനസിലാകുന്നില്ല.
നിര്‍ദേശിക്കുന്ന പദ്ധതി ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമെന്ന] പ്രാഥമികമായി വിലയിരുത്തിയാല്‍ കാര്യകാരണ സഹിതം എം.എല്‍.എ. യെ അറിയിച്ചാല്‍ അപാകത പരിഹരിച്ച്‌ പുതിയ നിര്‍ദേശം നല്‍കാന്‍ കഴിയില്ലേ? അനുഭവങ്ങളാണ്‌ നമുക്ക്‌ പാഠങ്ങള്‍ നണ്ടകേണ്ടത്‌. കാലങ്ങളായി പിന്തുടരുന്ന അവസ്‌ഥകള്‍ നമ്മുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമല്ലെങ്കില്‍ അവ ഉറപ്പായും മാറേണ്ടതു തന്നെയാണ്‌.
ജനപ്രതിനിധികളും ഭരണസംവിധാനവും അവയുടെ ഒരു പുനര്‍വായന കൂടി ഇടയ്‌ക്ക്‌ നിര്‍വഹിക്കുന്നത്‌ നന്നായിരിക്കുമെന്ന്‌ തോന്നുന്നു. നമ്മുടെ കുട്ടികള്‍ ആവശ്യമെങ്കില്‍ ഷട്ടില്‍ കളിക്കട്ടെ. അവര്‍ ഭാവിയില്‍ ഒട്ടനവധി ഷട്ടില്‍ കളികള്‍ കാണേണ്ടവരല്ലേ?

Ads by Google
Thursday 07 Sep 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW