Wednesday, September 06, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Wednesday 06 Sep 2017 04.17 PM

ആദരവാണ് പട്ടാളക്കാരോട്

സിനിമയ്ക്ക് അപ്പുറം ഫിറ്റ്‌നസ് കാര്യങ്ങളില്‍ മണിക്കുട്ടന് പ്രത്യേക ശ്രദ്ധയുണ്ട്. വ്യായാമം മുടക്കാറില്ല. കഥാപാത്രങ്ങള്‍ക്കുവേണ്ടി എത്ര ത്യാഗം സഹിക്കാനും തയാര്‍. പട്ടാളസിനിമയും പട്ടാളക്കാരെയും ഏറെ ഇഷ്ടപ്പെടാന്‍ ചില കാരണങ്ങളുണ്ട് മണിക്കുട്ടന്.
uploads/news/2017/09/143465/manikuttanstarhelth.jpg

കുടപ്പനക്കുന്നിലെ മണിക്കുട്ടന്റെ വീട്. സ്വീകരണമുറിയിലെ ഷെല്‍ഫില്‍ സ്‌കൂള്‍ തലം മുതലുള്ള ട്രോഫികള്‍ ഭംഗിയായി നിരത്തി വച്ചിരിക്കുന്നു. ഷെല്‍ഫില്‍ അടുക്കിവച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ നോക്കി നിന്നപ്പോള്‍ മണിക്കുട്ടന്‍ പറഞ്ഞു തുടങ്ങി. ''ഇതൊക്കെ സ്‌കൂളിലും കോളജിലും പഠിക്കുമ്പോള്‍ എനിക്ക് കിട്ടിയതാണ്.

സ്‌റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തപ്പോള്‍ ലഭിച്ച ട്രോഫികളുമുണ്ട്''. 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മണിക്കുട്ടന്‍. മേജര്‍ രവിയുടെ ചിത്രങ്ങളില്‍ മണിക്കുട്ടന്‍ സജീവമാണല്ലോ എന്ന ചോദ്യത്തിന് ചിരി മാത്രം.

''നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സന്തോഷമേയുള്ളൂ''. ഏത് കഥാപാത്രം ചെയ്യുമ്പോഴും ശരീരഘടന നന്നായിരിക്കണമെന്ന നിര്‍ബന്ധം മണിക്കുട്ടനുണ്ട്. മുഖത്തെ ചിരിമായാതെ മണിക്കുട്ടന്‍ സംസാരിച്ചു തുടങ്ങി.

പട്ടാള സിനിമകള്‍ പ്രചോദനമാണ്


മേജര്‍ രവി സാറിന്റെ 'കുരുക്ഷേത്ര', '1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സ്' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മേജര്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുകയെന്നത് വലിയൊരു അനുഭവമാണ്. 1971 ല്‍ യുദ്ധം നടന്ന പല സ്ഥലങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

സാറിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു പട്ടാളക്കാരന്റെ മനോഭാവം എപ്പോഴും ഉണ്ടാകും. പട്ടാളക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ച് പോകും. 'കുരുക്ഷേത്ര' എന്ന ചിത്രം ചെയ്യുന്നതു വരെ പട്ടാളക്കാരുടെ കഷ്ടപ്പാട് എന്താണ് എന്നൊന്നും ആലോചിച്ചിരുന്നില്ല.

അതൊക്കെ തിരിച്ചറിയുന്നത് ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ്്. പട്ടാളക്കാരുടെ മനോധൈര്യം മനസിലാക്കാന്‍ സാധിച്ചു. പട്ടാളക്കാരോട് ബഹുമാനം തോന്നിയ നിമിഷങ്ങളുണ്ട്. ചെറുപ്പം മുതല്‍ പട്ടാളക്കാരുടെ ജീവിതത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ അതിനെക്കുറിച്ച് ഇത്രയധികം ചിന്തിച്ചിരുന്നില്ല.

അവര്‍ എത്രമാത്രം ത്യാഗം സഹിച്ചാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതെന്ന് ഓര്‍ത്തുപോകും. അവരുടെ ചിട്ടയും ധൈര്യവും ഒക്കെ എന്റെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.

സെലക്ടീവ് അല്ല


കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒരിക്കലും സെലക്ടീവാകാറില്ല. ചെറിയ കഥാപാത്രങ്ങളാണെങ്കിലും ചെയ്യാറുണ്ട്. ഒരേ സമയം ഒന്നിലധികം ചിത്രങ്ങള്‍ ഞാന്‍ ഏറ്റെടുക്കാറില്ല. ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചില ചിത്രങ്ങള്‍ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്. ഞാനിപ്പോഴും അഭിനയ വിദ്യാര്‍ഥിയാണ്.

ആദ്യ ചിത്രമായ 'ബോയ് ഫ്രണ്ടി'ല്‍ നായക കഥാപാത്രം ചെയ്്തതുകൊണ്ടാണ് മറ്റ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെറുതാണെന്ന തോന്നല്‍ വരുന്നത്. തട്ടത്തിന്‍ മറയത്ത്, പാവാട, ഒപ്പം, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെല്ലാം വളരെ ചെറിയ കഥാപാത്രങ്ങളാണ്് ചെയ്തത്.

ഈ കഥാപാത്രങ്ങളൊക്കെ സിനിമ ഇന്‍ഡസ്ട്രിയിലെ സൗഹൃദങ്ങളിലൂടെ ലഭിച്ചതാണ്. അതല്ലാതെ ഒരു നടന്‍ എന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും എനിക്ക് ലഭിച്ചിട്ടില്ല.

'കായംകുളം കൊച്ചുണ്ണി' എന്ന സീരിയലില്‍ കൈയൊപ്പ് നല്‍കിയ കഥാപാത്രം പോലെ സിനിമയില്‍ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല. ബോയ് ഫ്രണ്ടിനു ശേഷം 'ഛോട്ടാ മുംബൈ' മാത്രമേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളൂ.

കിട്ടിയ കഥാപാത്രങ്ങളെല്ലാം സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങളെല്ലാം എന്നെ തേടി വന്ന കഥാപാത്രങ്ങളാണ്. ലഭിച്ച കഥാപാത്രങ്ങള്‍ മോശമാക്കാതെ ചെയ്തിട്ടുണ്ട്. പ്രേക്ഷകര്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ട്. മോശം പറഞ്ഞാലും സ്വീകരിക്കാറുണ്ട്്.

കഥാപാത്രത്തിനായി തയാറെടുപ്പുകളില്ല


കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്റേതായ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പറയാറില്ല. സംവിധായകനും കഥാകൃത്തിനും അതിനെക്കുറിച്ച്് വ്യക്തമായ ധാരണയുണ്ടാകും. കഥാപാത്രത്തിന്റെ സംസാര ശൈലി, നടത്തം തുടങ്ങി പല കാര്യങ്ങളും അവര്‍ മനസില്‍ കണ്ടിട്ടുണ്ട്. അതിനനുസരിച്ചുള്ള തയാറെടുപ്പുകള്‍ എടുക്കാറുണ്ട്.

തുടക്കകാലങ്ങളില്‍ കഥാപാത്രത്തിനായി പല തയാറെടുപ്പുകളും പ്ലാന്‍ ചെയ്തിരുന്നു. പിന്നീട് മനസിലായി ഞാന്‍ വിചാരിക്കുന്നതല്ല, കഥാപാത്രത്തിനു ആവശ്യം. സംവിധായകനും തിരക്കഥാകൃത്തും തീരുമാനിക്കുന്നതാണ്. അങ്ങനെയുള്ള നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്.

സംഭാഷണ ശൈലിയിലോ, അഭിനയത്തിലോ ഇംപ്രവൈസേഷന്‍ വരുത്താറുണ്ട്. അത് സംവിധായകന്റെ അനുവാദത്തോടെ ആയിരിക്കും. വേണ്ട എന്നു സംവിധായകന്‍ പറഞ്ഞാല്‍ ഒഴിവാക്കാറുമുണ്ട്.

ഫിറ്റ്‌നസ് ആവശ്യമായി വരുന്ന കഥാപാത്രങ്ങളാണെങ്കില്‍ അതിനനുസരിച്ചുള്ള തയാറെടുപ്പുകള്‍ ചെയ്യാറുണ്ട്. കഥാപാത്രത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാണ്. അതിനു വേണ്ടി പ്രയത്‌നിക്കാനും മടിയില്ല.

TRENDING NOW