Tuesday, June 19, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.53 AM

സ്‌നേഹത്തില്‍ അധിഷ്‌ഠിതമായ ആദ്ധ്യാത്മികതയ്‌ക്കേ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ: ഡോ. ജോസഫ്‌ മാര്‍ത്തോമ്മ

uploads/news/2017/09/143276/re4.jpg

തിരുവല്ല: സ്‌നേഹത്തില്‍ അധിഷ്‌ഠിതമായ ആദ്ധ്യാത്മികതയ്‌ക്കുമാത്രമേ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു നവലോക സൃഷ്‌ടിക്കു ചാലകശക്‌തിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നു മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ അദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്‌മാരക ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സഭാ പ്രതിനിധി മണ്ഡലത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ ഉന്നതനിലവാരത്തിലേക്ക്‌ ഉയരാന്‍ സംസ്‌ഥാനത്തു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക്‌ കഴിയുന്നുണ്ടോയെന്ന്‌ ആത്മപരിശോധന നടത്തണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാണുന്ന പ്രവണത വേദനാജനകമാണ്‌. ജനക്ഷേമകരമായ പുതിയ കാര്യങ്ങള്‍ നടപ്പാക്കുന്നതിന്‌ പകരം മുന്‍ സര്‍ക്കാരിന്റെ ഭൂതകാല ചെയ്‌തികളുടെ വിഴുപ്പലക്കലിനാണ്‌ കൂടുതലും ശ്രദ്ധനല്‍കുന്നത്‌. എല്ലാം ശരിയാക്കാമെന്ന്‌ പ്രഖ്യാപിച്ച്‌ ജനങ്ങളുടെ ഉറച്ച പിന്തുണനേടി അധികാരത്തിലെത്തിയ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രഖ്യാപിതലക്ഷ്യത്തിനനുസരിച്ചു പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയവാദവും മതമൗലികവാദവും ഭീകരവാദവും ഛിദ്രവാസനകളും ലോകത്തെ സംഘര്‍ഷങ്ങളുടെ അരങ്ങേറ്റഭൂമിയാക്കി മാറ്റിയിരിക്കുന്നു. ഇക്കാലത്ത്‌ അരങ്ങേറുന്ന യുദ്ധങ്ങള്‍ക്കും യുദ്ധസന്നാഹങ്ങള്‍ക്കും പിന്നില്‍ പലപ്പോഴും അദൃശ്യ ശക്‌തിയായി പ്രവര്‍ത്തിക്കുന്നത്‌ ഭീകരവാദപ്രസ്‌ഥാനങ്ങളാണ്‌. അക്രമരാഹിത്യത്തിന്റെ സമരമാര്‍ഗത്തിലൂടെ നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം നിതാന്ത ജാഗ്രതയോടെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ ഭാരതീയനുമുണ്ട്‌. നമ്മുടെ രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നൂറ്റാണ്ടുകളായി നാം പാലിച്ചുപോന്ന മതസാഹോദര്യത്തെയും അപകടത്തിലാക്കുന്ന ഛിദ്രവാസനകള്‍ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ദ്ധിച്ചുവരുന്നത്‌ തടയാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും ഭാരതജനതയും ഒരുമയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അരാജകത്വത്തിന്റെ നാളുകളായിരിക്കും ഇനി ഉണ്ടാവുക.സമൂഹത്തിനു ദിശാബോധവും മൂല്യബോധവും നല്‍കേണ്ട സാമൂഹിക മാധ്യമങ്ങള്‍ പോലും ഇന്നു ദുരുപയോഗപ്പെടുകയാണെന്നും ഇതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരത്തിലുള്ള ദുഷിച്ച പ്രവണതകള്‍ സഭയിലേക്കും കടന്നു വന്നു കൊണ്ടിരിക്കുന്നുവെന്നത്‌ ആശങ്കാജനകമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഡോ. മാത്യൂസ്‌ ജോര്‍ജ്‌ ചുനക്കര ധ്യാനപ്രസംഗം നടത്തി. റവ.ഡോ. ജോസഫ്‌ ചാക്കോ കുരുടാമണ്ണില്‍, റവ.പി.ടി. മാത്യു, റവ.തോമസ്‌ ഫിലിപ്‌, റവ. റോയി മാത്യു, സിസ്‌റ്റര്‍ ഏലിയാമ്മ മാത്യു, സിസ്‌റ്റര്‍ പൊന്നമ്മ കോശി, തോമസ്‌ മാത്യു എന്നിവരുടെ ദേഹവിയോഗത്തില്‍ മണ്ഡലം അനുശോചനം രേഖപ്പെടുത്തി. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത, ഗീവര്‍ഗീസ്‌ മാര്‍ അത്തനേഷ്യസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌, ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ തിമൊത്തിയോസ്‌, ഡോ. ഐസക്ക്‌ മാര്‍ ഫിലക്‌സിനോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌, വൈദികര്‍, അത്മായര്‍ തുടങ്ങിയവര്‍ മണ്ഡലത്തില്‍ പങ്കെടുത്തു.
ഇന്നു രാവിലെ 8.30 നു തിരുവല്ല സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന കുര്‍ബാനയ്‌ക്കുശേഷം, സഭയിലെ സജീവസേവനത്തില്‍നിന്നു വിരമിച്ച വൈദികരെ ആദരിക്കും. സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകളായ മാര്‍ത്തോമ്മാ മാനവ സേവ അവാര്‍ഡ്‌, കര്‍ഷക അവാര്‍ഡ്‌, ഗ്രന്ഥരചനാ വൈദിക അവാര്‍ഡുകള്‍, ഇടവക സെമിത്തേരി സംരക്ഷണ പുരസ്‌കാരം എന്നിവ നല്‍കും. സഭാ ബജറ്റ്‌ അത്മായ ട്രസ്‌റ്റി പ്രകാശ്‌ പി. തോമസ്‌ അവതരിപ്പിക്കും.
സമാപന ദിവസമായ നാളെ പുതിയ സഭാ സെക്രട്ടറി, വൈദിക ട്രസ്‌റ്റി, അത്മായ ട്രസ്‌റ്റി, വൈദിക തെരഞ്ഞെടുപ്പ്‌ കമ്മറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കും.

Ads by Google
Wednesday 06 Sep 2017 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW