Tuesday, June 19, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.53 AM

ആത്മീയതയ്‌ക്കൊപ്പം സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌ത് സിറോ മലബാര്‍ സിനഡ്‌

കൊച്ചി: ആത്മീയതയ്‌ക്കൊപ്പം സാമൂഹികപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌ത്‌ സിറോ മലബാര്‍ സിനഡ്‌. സമര്‍പ്പിത ജീവിതത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകത വ്യക്‌തമാക്കുന്നതായിരുന്നു സിനഡ്‌ തീരുമാനങ്ങളോരോന്നും.
മതവിഭാഗീയതയ്‌ക്കും സാമൂഹിക ശൈഥില്യത്തിനും എതിരേ ശബ്‌ദമുയര്‍ത്തണമെന്ന ആഹ്വാനമാണു സിനഡ്‌ മുന്നോട്ടുവച്ചത്‌. സഭ സ്‌ഥാപനങ്ങളില്‍ നടന്നുവരുന്ന അനുചിത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. കോഴ, തലവരി തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണമെന്നും ജോലി ചെയ്ുയന്നവര്‍ക്കു മികച്ച വേതനം ലഭ്യമാക്കണമെന്നും സിനഡ്‌ നിര്‍ദേശിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ആശങ്കാജനകമാണെന്ന വിലയിരുത്തലുമുണ്ടായി. യുവജനങ്ങളെ സഭയിലേക്ക്‌ ആകര്‍ഷിക്കാനും ഇതര മതസമൂഹങ്ങളുടെ ജീവിതധാരയില്‍ ഭാഗമാകാനും മറ്റു ക്രൈസ്‌തവ സമൂഹങ്ങളുമായി ആശയവിനിമയം നടത്താനും നവവൈദികര്‍ സന്നദ്ധരാവണമെന്നു സിനഡ്‌ ആഹ്വാനം ചെയ്‌തു.
അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ന്യായമായ വേതനം നല്‍കണം. സഭാ വിദ്യാലയങ്ങളില്‍ പ്രവേശനത്തിനും ജോലിക്കും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ല. അതു തിരുത്തപ്പെടണം. വിശ്വാസിസമൂഹം ഒറ്റക്കെട്ടായി അതിനെ ചെറുക്കണമെന്നും സിനഡ്‌ നിര്‍ദേശിച്ചു. വിദ്യാലയങ്ങളുടെ കെട്ടിടനിര്‍മാണത്തിനും പുനരുദ്ധാരണത്തിനും മറ്റു മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തണം. പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക്‌ സിനഡ്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ തുടരണം. ഇക്കാര്യത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്‌ നടത്തുന്ന പരിശ്രമങ്ങളെ സിനഡ്‌ പിന്തുണച്ചു. വന്യമൃഗങ്ങളുടെ ശല്യംമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ഷകര്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
മദ്യശാലകള്‍ സ്‌ഥാപിക്കുന്നതിനുള്ള ദൂരപരിധി അമ്പതു മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം ആശങ്കയുണര്‍ത്തുന്നതാണ്‌. ദേവാലയങ്ങളിലും സഭാസ്‌ഥാപനങ്ങളിലും ആരോഗ്യപരവും മാനവമഹത്വം വളര്‍ത്തുന്നതുമായ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ വൈദികരും സമര്‍പ്പിതരും വിശ്വാസസമൂഹവും കൈകോര്‍ത്തുപ്രവര്‍ത്തിക്കണമെന്നും സിനഡ്‌ ആഹ്വാനം ചെയ്‌തു.
രാഷ്‌ട്രനിര്‍മാണത്തില്‍ എല്ലാ മതങ്ങളോടും സമൂഹങ്ങളോടും ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സഭ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെ സമ്പ്രദായങ്ങളെയും പാരമ്പര്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌ഥിതി ഉണ്ടാകണമെന്നും സിനഡ്‌ ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റ്‌, സോഷ്യല്‍ മീഡിയ എന്നിവയെ വിശ്വാസപരിശീലന മേഖലയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സ്‌മാര്‍ട്ട്‌ കാറ്റക്കിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസാമഗ്രികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കും. അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്കു വിശ്വാസപരിശീലനം കൂടുതല്‍ ഫലപ്രദമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സിനഡില്‍ അഭിപ്രായമുയര്‍ന്നു. അന്ധരെയും ബധിരരെയും മതബോധനത്തില്‍ സഹായിക്കുന്നതിനു രൂപതകളിലും ഇടവകകളിലും പ്രത്യേകം പരിശീലനം നേടിയവരെ സജ്‌ജരാക്കും.
അനാഥമന്ദിരങ്ങളുടെയും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികളുടെയും ആവശ്യങ്ങളും അവകാശങ്ങളും പരിഗണിച്ച്‌ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ നടപ്പാക്കണമെന്നും സിനഡില്‍ ആവശ്യമുയര്‍ന്നു. ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ നടപ്പാകുമ്പോള്‍ അനാഥമന്ദിരങ്ങളും ബാലഭവനങ്ങളും അടച്ചിടേണ്ട അവസ്‌ഥയുണ്ടാകും. വിദ്യാഭ്യാസത്തിനുമാത്രം കുട്ടികളെ താമസിപ്പിക്കുന്ന ബാലമന്ദിരങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിച്ച്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്നും സിനഡ്‌ ആവശ്യപ്പെട്ടു.

Ads by Google
Wednesday 06 Sep 2017 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW