Friday, June 22, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.50 AM

ഏകാധിപത്യം പോര്‍വിളി മുഴക്കുമ്പോള്‍

uploads/news/2017/09/143271/editorial.jpg

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്‌ ഉത്തരകൊറിയ. ഏറെ നാളായി അമേരിക്കയെ വെല്ലുവിളിക്കുന്നു എന്ന പേരില്‍ ആ രാജ്യം ലോകത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ചുവടാണ്‌ ഇക്കഴിഞ്ഞ ഞായറാഴ്‌ച ഉത്തര കൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ്‌ പരീക്ഷണം.

എന്നും ഇരുമ്പുമറയ്‌ക്ക്‌ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ്‌ ഉത്തര കൊറിയ. പാശ്‌ചാത്യ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ അനുസരിച്ചാണെങ്കില്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ആധുനിക സമൂഹത്തിനു യോജിച്ചതല്ല. ചുറ്റുമുള്ള ഒരാളെപ്പോലും വിശ്വാസമുള്ളവരല്ല മൂന്നു തലമുറയായി ഇവിടുത്തെ ഭരണാധികാരികള്‍. ഏകാധിപതിയായ കിം ജോങ്‌ ഉന്‍ ആണ്‌ ഇപ്പോഴത്തെ പരമാധികാരി. ഇദ്ദേഹത്തിന്റെ അച്‌ഛന്‍ കിം ജോങ്‌ ഇല്‍, മുത്തച്‌ഛന്‍ കിം ഇല്‍ സുങ്‌ എന്നിവരും കറതീര്‍ന്ന ഏകാധിപതികളായിരുന്നു.

ഒരു ചെറിയ എതിരഭിപ്രായം പോലും ഉയരാന്‍ അനുവദിക്കാത്തവരായിരുന്നു കിം ഇല്‍ സുങ്ങും കിം ജോങ്‌ ഇല്ലും. ഇപ്പോഴത്തെ ഭരണാധികാരിയും ഇതേ പാതയിലാണ്‌. തനിക്ക്‌ ഭീഷണിയാകുമെന്നു തോന്നുന്നവരെ കൊന്നു തള്ളുകയെന്നതാണ്‌ ഈ മൂന്നു പേരുടെയും രീതി. തീരെ ചെറുപ്പമായ കിം ജോങ ഉന്‍, ഒരുകാലത്ത്‌ കൊറിയയിലെ അതിശക്‌തനായിരുന്ന തന്റെ അമ്മാവന്‍ ജാങ്‌ സോങ്‌-തയേക്കിനെ നിഷ്‌കരുണം വധിച്ചുവെന്നാണ്‌ അറിവ്‌. ജാങ്ങിന്റെ കുടുംബത്തെയപ്പാടെയും കൊന്നു തള്ളി. അംബാസഡര്‍മാരും പാര്‍ട്ടിയിലെയും സൈന്യത്തിലെയും ഉന്നതന്മാരും ഒക്കെയാണ്‌ ഇങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടത്‌. പിതാവില്‍ നിന്ന്‌ ഒരു പടി കൂടി കടന്ന്‌, തന്നെ എതിര്‍ക്കുന്നവരുടെ വംശത്തെ തന്നെ ഇല്ലാതാക്കുന്ന നയമാണ്‌ കിം ജോങ്‌ ഉന്നിന്റേത്‌.
ഇതേ രീതിയില്‍ തന്നെയാണ്‌ പക്വതയില്ലാത്ത ഈ ഭരണാധികാരി രാജ്യാന്തര നയങ്ങളും എടുക്കുന്നത്‌. മറ്റുള്ളവരെയെല്ലാം ഒതുക്കുക, തന്റെ മാത്രം അധീശത്വം പുലരുക എന്നതാണ്‌ കിമ്മിന്റെ നിലപാട്‌. ഏതാണ്ട്‌ ഇതേ രീതിയില്‍ തന്നെ ചിന്തിക്കുന്ന ഡോണള്‍ഡ്‌ ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റായതോടെ കൊറിയന്‍ മേഖലയിലെ സംഘര്‍ഷം മൂര്‍ച്‌ഛിച്ചിരിക്കുകയാണ്‌. യുദ്ധമെങ്കില്‍ യുദ്ധം എന്ന നിലപാടിലാണ്‌ കിം ഉല്‍ സുങ്‌. തിരുവായ്‌ക്ക്‌ എതിര്‍വായില്ലാത്ത രാജ്യത്ത്‌ കിം പറയുന്നതേ നടക്കൂ. അതുതന്നെ രാജ്യാന്തര രംഗത്തും വേണം എന്ന നിലപാട്‌ വരുമ്പോഴാണ്‌ അതു സംഘര്‍ഷത്തിലേക്ക്‌ നീങ്ങുന്നത്‌. ഇപ്പോള്‍ ആ ഒരു ഭീഷണിക്കു മുന്‍പിലാണ്‌ ലോകം.

ഞായറാഴ്‌ചത്തെ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണവും അതാണ്‌ തെളിയിക്കുന്നത്‌. ഉത്തര കൊറിയയെ പിന്തുണയ്‌ക്കുന്ന ചൈന പോലും ഈ പരീക്ഷണത്തെ അപലപിച്ചത്‌ ലോകം ഒരു യുദ്ധത്തെ ഇനി ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്‌. അതു മനസ്സിലാക്കാത്ത ആരെങ്കിലും ലോകത്തുണ്ടെങ്കില്‍ അത്‌ കിം ജോങ്‌ ഉന്‍ മാത്രമായിരിക്കും.

കിഴക്കനേഷ്യ, പ്രത്യേകിച്ച്‌ കൊറിയന്‍ ഉപദ്വീപ്‌, മേഖല യുദ്ധക്കളമാകാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ഉത്തരവാദിത്വമുള്ള രാജ്യങ്ങളൊക്കെയും യുദ്ധത്തെ എതിര്‍ക്കാനുള്ള ശബ്‌ദവുമായി രംഗത്തു വരേണ്ടതുണ്ട്‌.
ആധുനികകാല യുദ്ധങ്ങള്‍ മാനവവംശത്തിനുണ്ടാക്കുന്ന നാശനഷ്‌ടങ്ങള്‍ എന്താകുമെന്ന്‌ സിറിയയും ഇറാഖുമൊക്കെ നമുക്ക്‌ കാണിച്ചു തന്നിട്ടുണ്ട്‌. തനിമുട്ടാളനായ ഒരു ഭരണാധികാരി ഒരു വശത്തുനില്‍ക്കുമ്പോള്‍ ഒരു യുദ്ധം ലോകത്തിനാകമാനം നാശമാകും സൃഷ്‌ടിക്കുക. സംഘര്‍ഷമൊഴിവാക്കാനുള്ള ഉത്തരവാദിത്വം ഐക്യരാഷ്‌ട്ര സംഘടനയ്‌ക്ക്‌ മാത്രമാക്കാതെ എല്ലാ രാജ്യങ്ങളും ഒത്തൊരുമയോടെ നീങ്ങേണ്ട സമയമാണിത്‌.

Ads by Google
Wednesday 06 Sep 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW