Monday, November 20, 2017 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.49 AM

ബ്രിക്‌സിലെ നയതന്ത്രവിജയം

uploads/news/2017/09/143270/bft1.jpg

ബ്രിക്‌സ്‌ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയതന്ത്രത്തിന്റെ ഉജ്വല വിജയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യശസ്‌ വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ദോക്‌ലാം സംഘര്‍ഷത്തിന്‌ ഇന്ത്യയുടെ ഇച്‌ഛയ്‌ക്കൊത്ത പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞതിനു പിന്നാലെ പാകിസ്‌താനിലെ ഭീകരപ്രസ്‌ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ ചൈനയെ നിര്‍ബന്ധിതമാക്കുന്ന ധാരണയാണു ബ്രിക്‌സില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്‌. അമേരിക്ക അടക്കമുള്ളവരെ ഇത്തരം ഭീകരപ്രസ്‌ഥാനങ്ങള്‍ക്കെതിരായ കര്‍ക്കശ നിലപാടിലേക്ക്‌ എത്തിക്കാന്‍ കഴിഞ്ഞതിനു പിന്നാലെ ചൈനയും ആ വഴിയിലേക്ക്‌ എത്തിയിരിക്കുന്നു. ദോക്‌ലാം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ കടുത്ത വിയോജിപ്പ്‌ അംഗീകരിക്കാന്‍ ചൈന തയാറായിരിക്കുന്നു. 1962-ല്‍ പണ്ഡിറ്റ്‌ നെഹ്‌റുവിനു പറ്റിയ പാളിച്ച മോഡിക്കും സംഭവിക്കുമെന്ന ചിന്ത തെറ്റിപ്പോയെന്നും ചൈന തിരിച്ചറിയുന്നു.
ദോക്‌ലാം അടക്കമുള്ള വിഷയങ്ങളില്‍ ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമോ എന്ന്‌ സംശയിച്ചവരേറെ. റഷ്യ അടുത്തിടെ പലവേളകളിലും ഇന്ത്യ പ്രതീക്ഷിക്കുന്ന നിലപാടുകളല്ല സ്വീകരിച്ചതെന്നു പലരും കരുതിയിരുന്നു. ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം കൂടിയെന്നു കരുതുന്നവര്‍ അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ എന്നാല്‍ ബ്രിക്‌സ്‌ ഉച്ചകോടിയില്‍ എല്ലാവരും ഇന്ത്യക്കൊപ്പം അണിനിരന്നു. ഈ ഉച്ചകോടിയില്‍ അംഗങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കു പുറമേ ഈജിപ്‌ത്‌, മെക്‌സിക്കോ, തായ്‌ലന്‍ഡ്‌ എന്നിവരെ അതിഥികളായി പങ്കെടുപ്പിച്ചിരുന്നു. അംഗരാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണ മൂലമാണ്‌ ചൈനയ്‌ക്ക്‌ ഇന്ത്യന്‍ നിലപാടുകള്‍ അംഗീകരിക്കേണ്ടിവന്നത്‌. ഇതാണു നയതന്ത്രവിജയം.
പാക്‌ ഭീകര പ്രസ്‌ഥാനങ്ങള്‍ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ ശക്‌തമായ നടപടി വേണമെന്നു ലോകവേദികളില്‍ ഇന്ത്യ ഉന്നിച്ച ആവശ്യത്തിനു വിലങ്ങുതടിയായത്‌ ചൈനയാണ്‌. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വിയെ തടങ്കലില്‍ നിന്നു മോചിപ്പിച്ച പാക്‌ നീക്കമാണ്‌ ആദ്യം ഇന്ത്യ ഉന്നയിച്ചത്‌. പിന്നെ, ഭീകരര്‍ക്കും ഭീകര പ്രസ്‌ഥാനങ്ങള്‍ക്കും പാക്‌ അധികൃതര്‍ നല്‍കിവരുന്ന സഹായങ്ങള്‍, സംരക്ഷണം എന്നിവ സംബന്ധിച്ച വിഷയങ്ങള്‍. അതൊക്കെ 1267-മത്‌ യു.എന്‍. പ്രമേയത്തിന്റെ ലംഘനമാണ്‌ ; ഭീകരതയെ മാത്രമല്ല അതുമായി ബന്ധമുള്ളവരെയും സഹായിച്ചുകൂടാ എന്നതാണ്‌ അതിലെ വ്യക്‌തമായ നിര്‍ദേശം.
പാകിസ്‌താനും ഭീകരര്‍ക്കും എതിരേ 1267-ാം പ്രമേയത്തിന്റെ അടിസ്‌ഥാനത്തില്‍ നടപടി വേണമെന്നു യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ അതിനെ തടഞ്ഞതു ചൈനയാണ്‌. അങ്ങനെ പാകിസ്‌ഥാനെ രക്ഷിച്ചതും അവര്‍ തന്നെ. പാകിസ്‌താനിലുള്ള നിക്ഷേപ, വാണിജ്യ താല്‍പര്യങ്ങള്‍ മൂലമാണ്‌ യു.എന്‍. രക്ഷാസമിതിയില്‍ ചൈന ആ നിലപാടെടുത്തത്‌. ഭീകരരെ പിണക്കിയാല്‍ പാക്‌ സൈന്യം എതിരാകുമെന്നും തങ്ങള്‍ മുടക്കുന്ന ആയിരക്കണക്കിനു കോടി ഡോളര്‍ വെള്ളത്തിലാകുമെന്നും അവര്‍ ഭയപ്പെട്ടു. അവിടെ ചൈന നടത്തിയ പല പദ്ധതികള്‍ക്കും പരസ്യമായി സഹായമേകിയത്‌ ഈ വിധ്വംസക, ഭീകര പ്രസ്‌ഥാനങ്ങളുടെ തലവന്മാരാണെന്നതു പരസ്യമായ രഹസ്യവുമായിരുന്നു. അന്നു യു.എന്നില്‍ വിജയിച്ചവര്‍ ഇന്നു ബ്രിക്‌സില്‍ തോറ്റു. ഇനി ചൈനയ്‌ക്ക്‌ യു.എന്നില്‍ പഴയ നിലപാടെടുത്ത്‌ പാകിസ്‌താനെയും അവിടത്തെ ഭീകരരെയും സംരക്ഷിക്കാന്‍ പ്രയാസമാകും. യു.എന്നിലൂടെ നേടാന്‍ കഴിയായിരുന്നതാണ്‌ ബ്രിക്‌സിലൂടെ ഇന്ത്യ നേടിയിരിക്കുന്നത്‌.
ദോക്‌ലാമില്‍ ചൈന നടത്തിയത്‌ നഗ്‌നമായ അതിര്‍ത്തിലംഘനമായിരുന്നു. ഭൂട്ടാനുമായുള്ള ദീര്‍ഘകാല ധാരണയുടെ വെളിച്ചത്തിലാണ്‌ ഇന്ത്യ ഇടപെട്ടത്‌. അതു പ്രകോപനത്തിനും യുദ്ധം അനിവാര്യമാണെന്ന ചൈനയുടെ പ്രഖ്യാപനത്തിനും വഴിവച്ചു. എന്നാല്‍ വളരെ ശാന്തമായും വേണ്ടതിലധികം കാര്യഗൗരവത്തോടെയുമാണ്‌ ഇന്ത്യ അതിനെ പ്രതിരോധിച്ചത്‌. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവലും ചൈനീസ്‌ സ്‌റ്റേറ്റ്‌ കൗണ്‍സിലര്‍ യാങ്‌ ജീച്ചിയും തമ്മിലെ കൂടിക്കാഴ്‌ച നിര്‍ണായകമായി. ദോക്‌ലാം ഇന്ത്യന്‍ ഭൂപ്രദേശമല്ലല്ലോ എന്നും അവിടെ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചത്‌ എന്തിനെന്നുമായിരുന്നു ജീച്ചിയുടെ ചോദ്യം. തര്‍ക്കഭൂമിയെല്ലാം ചൈനയുടേതാകുന്നത്‌ എങ്ങനെയെന്നു ദോവല്‍ തിരിച്ചടിച്ചു. തര്‍ക്കം അവിടെ തീരുകയായിരുന്നു. സേനാപിന്മാറ്റത്തിനു വഴിയൊരുങ്ങി. അതിര്‍ത്തിയില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌ പരസ്‌പര സഹകരണത്തിനും സൗഹാര്‍ദത്തിനും വിഷമകരമാകുമെന്ന ഇന്ത്യന്‍ നിലപാട്‌ ഇപ്പോള്‍ സിയാമെനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഷീ ചിന്‍പിങ്ങുമായി നരേന്ദ്ര മോഡി പങ്കുവയ്‌ക്കുകയും അത്‌ ശരിവയ്‌ക്കപ്പെടുകയും ചെയ്‌തിരിക്കുന്നു.
സമാനമായ പ്രശ്‌നങ്ങളാണ്‌ 1962-ല്‍ ഉണ്ടായതെന്ന്‌ ഓര്‍ക്കുക. അക്‌സായ്‌ചിന്‍ മേഖലയിലേക്ക്‌ 1953 മുതല്‍ ചൈന റോഡ്‌ വെട്ടിക്കൊണ്ടിരുന്നത്‌ സുരക്ഷാ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെങ്കിലും നെഹ്‌റു വേണ്ടത്ര ഗൗരവം കാണിച്ചില്ല. "ഇന്ത്യ-ചീന ഹായ്‌ ഹായ്‌" എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളായിരുന്നു നെഹ്‌റു ഭരണകൂടത്തിന്റേത്‌. ചൈനയെ അന്ധമായി വിശ്വസിക്കാന്‍ അദ്ദേഹം തയാറായതാണോ എന്നതറിയില്ല. 1957 ആയപ്പോഴേക്കും ചൈന ആ റോഡ്‌ ഗതാഗതത്തിനു തുറന്നുകൊടുത്തു. സൈനികനീക്കവും തുടങ്ങി. അതോടെ അക്‌സായ്‌ചിന്‍ മേഖല ഇന്ത്യയില്‍ നിന്നു വേര്‍തിരിക്കപ്പെട്ടു. ചൈന അക്‌സായ്‌ചിന്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്ന്‌ അധികൃതര്‍ നെഹ്‌റുവിനെ അറിയിച്ചിട്ടും അനക്കമുണ്ടായില്ല. മാത്രമല്ല, 1959-ല്‍ പാര്‍ലമെന്റിനെ നെഹ്‌റു തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു. ചൈന അവിടെ റോഡ്‌ നിര്‍മ്മിക്കുന്നു എന്നും മറ്റും കേട്ട്‌ അംഗങ്ങള്‍ രോഷാകുലരാകരുതെന്നും അവിടെ അങ്ങനെയൊന്നും നടക്കുന്നിെല്ലന്നുമാണ്‌ അദ്ദേഹം പാര്‍ലമെന്റില്‍ പ്രസ്‌താവിച്ചത്‌. 1957-ല്‍ത്തന്നെ ചൈന ഗതാഗതം ആരംഭിച്ച ആ റോഡും നെഹ്‌റുവിന്റെ തെറ്റായ നിലപാടുകളുമൊക്കെയാണ്‌ അന്നു ടിബറ്റ്‌ കൈയിലാക്കാന്‍ ചൈനയ്‌ക്കു സഹായകമായത്‌. ആദ്യമേ ആ റോഡ്‌ നിര്‍മ്മാണം തടഞ്ഞിരുന്നുവെങ്കില്‍ ടിബറ്റില്‍ കയറിക്കൂടാന്‍ ചൈനയ്‌ക്കാകില്ലായിരുന്നു. സമാനമായ ശ്രമമാണ്‌ ഇപ്പോള്‍ ദോക്‌ലാമിലൂടെ ചൈന പരീക്ഷിച്ചത്‌. അന്നു ടിബറ്റായിരുന്നെങ്കില്‍ ഇന്നു ഭൂട്ടാനെ കൈവശപ്പെടുത്താനായിരുന്നു നീക്കം. പക്ഷേ, നെഹ്‌റുവല്ല നരേന്ദ്ര മോഡി എന്ന്‌ ചൈനയ്‌ക്കു തിരിച്ചറിവുണ്ടായി.
ചൈനീസ്‌ മാധ്യമങ്ങള്‍ ഇത്രമാത്രം പ്രാധാന്യം കൊടുത്ത മറ്റൊരു സംഭവം അടുത്തെങ്ങും ഉണ്ടായിട്ടില്ല. ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെയാണ്‌ ആ പ്രശ്‌നം മോഡി സര്‍ക്കാര്‍ പരിഹരിച്ചത്‌. പഴക്കമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗമുണ്ടാക്കുകയും അതേസമയം മറ്റെല്ലാ വിധത്തിലുമുള്ള സഹകരണങ്ങള്‍ തുടരുകയും ചെയ്യുക എന്നതാണ്‌ നേരായ പോംവഴി. അത്‌ ഇനിയെങ്കിലും ചൈന തിരിച്ചറിഞ്ഞാല്‍ നല്ലത്‌.

കെ.വി.എസ്‌. ഹരിദാസ്‌

Ads by Google
Wednesday 06 Sep 2017 01.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW