Saturday, June 16, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 01.49 AM

മുരുകന്റെ ദുര്‍വിധി ആവര്‍ത്തിക്കാതിരിക്കാന്‍...

uploads/news/2017/09/143269/bft2.jpg

സംസ്‌ഥാനത്ത്‌ റോഡ്‌ അപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ഓരോ വര്‍ഷവും ആശങ്കാജനകമാംവിധം ഉയരുകയാണ്‌. 2016-ലെ കണക്കിന്‍പ്രകാരം സംസ്‌ഥാനത്തെ റോഡ്‌ അപകടമരണനിരക്ക്‌ ലക്ഷത്തിന്‌ 11.80 ആണ്‌. 4196 പേരാണ്‌ കഴിഞ്ഞവര്‍ഷം മാത്രം മരിച്ചത്‌; പരുക്കേറ്റവര്‍ 43735 പേരും.
പല ഘടകങ്ങളുണ്ടെങ്കിലും അപകടങ്ങളില്‍പ്പെടുന്നവര്‍ക്കു ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിലെ അനാസ്‌ഥയും കാലതാമസവുമാണ്‌ മരണനിരക്ക്‌ ഉയരാന്‍ പ്രധാനകാരണം. തിരുനെല്‍വേലി സ്വദേശിയായ മുരുകനെന്ന യുവാവിനുണ്ടായ ദുര്യോഗം തന്നെ ഏറ്റവും അവസാനത്തെ ഉദാഹരണം.
അപര്യാപ്‌ത റഫറല്‍ വ്യവസ്‌ഥയുടെ രക്‌തസാക്ഷിയാണു മുരുകന്‍. പരസ്‌പരമുള്ള ചെളിവാരിയേറു നിര്‍ത്തി ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കുറ്റമറ്റ സംവിധാനം ആവിഷ്‌കരിക്കുകയാണു വേണ്ടത്‌. ഇനിയെങ്കിലും പരിഹാരമാര്‍ഗ രൂപരേഖ (പ്രോട്ടോകോള്‍) നടപ്പാക്കാന്‍ അമാന്തിക്കരുത്‌. വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ മൂന്നു ലെവല്‍ റഫറല്‍ സംവിധാനവും ട്രോമാ കെയര്‍ പ്രോട്ടോകോള്‍ നിബന്ധനകളും പ്രയോഗികവല്‍ക്കരിക്കുന്നത്‌ ഫലസിദ്ധി ഉറപ്പാക്കും.
ട്രോമാകെയറില്‍ വിദേശത്ത്‌ വിജയകരമായി നടപ്പാക്കിക്കണ്ട ചില സംവിധാനങ്ങള്‍ നമ്മുടെ സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികൂടി കണക്കിലെടുത്ത്‌ അല്‍പം പരിഷ്‌കരിച്ച്‌ സര്‍ക്കാര്‍ പരിഗണനയ്‌ക്കും വായനക്കാരുടെ അറിവിലേക്കുമായി സമര്‍പ്പിക്കുന്നു. സംസ്‌ഥാന, ദേശീയപാതകള്‍ കേന്ദ്രീകരിച്ച്‌ ഓരോ 50/60 കിലോമീറ്ററിലും ഒരുനോഡല്‍ പോയിന്റിനു കീഴില്‍ സുസജ്‌ജമായ ട്രോമാ കെയര്‍ നോഡല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങണം. അമേരിക്കയിലെ മിനസോട്ടാ യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ച ഇന്ത്യയിലെ 2/7 ദിവസ ബി.ടി.എല്‍.എസ്‌ /എ.ടി.എല്‍.എസ്‌. കോഴ്‌സ്‌ (ട്രോമാ കെയര്‍ അപ്‌ഡേറ്റ്‌ പരിശീലനകോഴ്‌സ്‌ ) പാസായ കാര്‍ഡ്‌ ഉള്ള (ഇതില്ലാത്ത ഡോക്‌ടര്‍മാരെയും ടീമിനെയും ഒരാഴ്‌ചത്തെ സര്‍ക്കാര്‍ ചെലവില്‍ ഇത്‌ കേരളത്തില്‍ത്തന്നെ പരിശീലിപ്പിക്കാന്‍ മിനസോട്ട യൂണിവേഴ്‌സിറ്റി അംഗീകരിച്ച ടീമും പരിശീലകരും ഇന്ത്യയില്‍ ഇന്നു ലഭ്യമാണ്‌) ഒരു സീനിയര്‍ ജനറല്‍ സര്‍ജന്റെ മേല്‍നോട്ടത്തിന്‍ കീഴില്‍ സജ്‌ജീകരിക്കുക. ഇദ്ദേഹത്തിന്റെ പരിധിയില്‍ ഒരു ടീമിനെ (ജനറല്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും പരിശീലനം നേടിയ അനസ്‌തീഷ്യാ ടെക്‌നീഷ്യന്മാരും ഉള്‍പ്പെട്ട) സജീവമാക്കാം. ഈ നോഡല്‍ പോയിന്റിനു കീഴില്‍ കുറഞ്ഞത്‌ ആറോ ഏഴോ 108 ആംബുലന്‍സുകളും ഡ്രൈവര്‍മാരും സേവന ടീമും എപ്പോഴും ഏകദേശം 15/20 കിലോമീറ്ററിനുള്ളില്‍ പട്രോളിങ്‌ നടത്തുകയോ നിര്‍ദിഷ്‌ട സ്‌ഥലത്തു തമ്പടിക്കുകയോ ചെയ്യാം.
ഓരോ ആംബുലന്‍സിലും ട്രോമാ കെയര്‍ പരിശീലനം സിദ്ധിച്ച ചുരുങ്ങിയത്‌ ഒരു ടെക്‌നീഷ്യനും രണ്ടു നഴ്‌സുമാരും ശ്വാസോച്‌ഛ്വാസ സംവിധാനവുമടക്കം ഏര്‍പ്പെടുത്തണം. അപകടമുണ്ടായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ടീമെത്തി പരുക്കേറ്റയാള്‍ക്കു പരിചരണം നല്‍കി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ആദ്യ നിര്‍ണായക സുവര്‍ണ മണിക്കൂര്‍ (ഗോള്‍ഡന്‍ അവര്‍) പരിചരണം 100% പ്രയോജനപ്രദമാക്കാനും അപകടത്തിനു സാക്ഷികളാകുന്നവര്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുമ്പോഴുണ്ടാകാവുന്ന മനപ്പൂര്‍വമല്ലാത്ത ഗുരുതര ഭവിഷ്യത്തുകള്‍ ഒഴിവാക്കാനും സാധിക്കും.
റഫറല്‍ ലെവല്‍ സെന്റര്‍ ഒന്നിലെ ആശുപത്രിയില്‍ "108 ടീം" രോഗിയുമായി വന്നാല്‍ "സുവര്‍ണ മണിക്കൂറില്‍ ദൂരയാത്ര ഒഴിവാക്കി രോഗിയെ കൂടുതല്‍ "സ്‌റ്റെബിൈലസ്‌" ചെയ്യാനുള്ള പരിചരണം നല്‍കും. ഇതിനു ശേഷമേ രണ്ടാമത്തെയോ മൂന്നാമത്തെയോ (സെക്കന്ററി /ടെര്‍ഷ്യറി) റഫെറല്‍ സെന്ററുകളിലേക്ക്‌ അപകടത്തില്‍പ്പെട്ടയാളെ മാറ്റാന്‍ കഴിയൂ. രണ്ടും മൂന്നും സെന്ററില്‍ നിന്നും കണ്‍സള്‍ട്ടന്റിന്റെ സ്വീകാര്യതാ സമ്മതം ലഭിച്ചിരിക്കണമെന്നതാണ്‌ ഒരു കടമ്പ. ഇതു ലഭിച്ചാല്‍ത്തന്നെ പരുക്കേറ്റയാള്‍ സ്‌റ്റേബിളാകാതെ മറ്റൊരു ആശുപത്രിയിലേക്കുമാറ്റാന്‍ ചികിത്സിക്കുന്ന ഡോക്‌ടര്‍ക്ക്‌ അനുമതിയില്ല. അത്തരമൊരു അവസ്‌ഥയ്‌ക്കുശേഷം പരുക്കേറ്റയാളെ അവിടെ എത്തിക്കുന്നതു വരെയുള്ള പൂര്‍ണ ഉത്തരവാദിത്തം റഫര്‍ ചെയ്യുന്ന ആശുപത്രിക്കും അവിടുത്തെ ഡോക്‌ടര്‍ക്കുമാണ്‌. ഇക്കാരണത്താല്‍തന്നെ ഒന്നുമുതല്‍ മൂന്നു വരെയുള്ള റഫറല്‍ സെന്ററുകള്‍ എല്ലാം സ്വയംപര്യാപ്‌തമായിരിക്കുകയും വേണം.
നമ്മുടെ സംവിധാനത്തില്‍ ഒന്നാം കെയര്‍ (പ്രൈമറി കെയര്‍) സ്‌റ്റേഷന്‍ താലൂക്ക്‌ ആശുപത്രികളും രണ്ടാമത്തെ (സെക്കന്‍ഡറി )റഫറല്‍ സെന്ററുകള്‍ ജില്ലാ ആശുപത്രികളും മൂന്നാമത്തെ (ടെര്‍ഷ്യറി)സെന്ററുകള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രികളുമാണ്‌. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഏറ്റവും ഉന്നതനിലവാരമായ ലെവല്‍ ഒന്ന്‌ നിലവാര ട്രോമാകെയര്‍ പരിചരണസംവിധാനങ്ങള്‍ ക്രമീകരിക്കണം. പരുക്കേറ്റയാളെ "സ്‌റ്റെബിലൈസ്‌"ചെയ്യാന്‍ വേണ്ടതെല്ലാം പ്രൈമറി, സെക്കന്‍ഡറി ലെവല്‍ ആശുപത്രികളിലാണ്‌ ചെയ്യേണ്ടത്‌; അത്യാവശ്യ ശസ്‌ത്രക്രിയകള്‍ ഉള്‍പ്പടെ. ഒരു ജനറല്‍ സര്‍ജനെ ഇതിനായി നിയോഗിക്കാം. ഇദ്ദേഹത്തിന്‌ താങ്ങും തണലുമായി അടിയന്തര മെഡിസിന്‍ പരിശീലനമുള്ള ഫിസിഷ്യനും അനസ്‌തീഷ്യ കണ്‍സള്‍ട്ടന്റും താലൂക്ക്‌ /ജില്ലാ പരിചരണ ആശുപത്രി ടീമിലെ അവിഭാജ്യ ഘടകമാണ്‌. ട്രോമാ കെയര്‍ വ്യവസ്‌ഥയിലെ പരമപ്രധാന കാര്യം രോഗിയെ സ്‌റ്റെബിലൈസ്‌ ചെയ്‌ത്‌ അപകട ഭവിഷ്യത്തിലേക്ക്‌ പോകാതെ നിലനിര്‍ത്തുകഎന്നതാണ്‌. അടിവരയിട്ടു പറയേണ്ടത്‌ താലൂക്ക്‌, ജില്ലാ തല സെന്ററുകളിലെ ആവശ്യാനുസരണമുളള വെന്റിലേറ്ററുകളുടെ ലഭ്യതയാണ്‌. സെക്കന്‍ഡറി കെയര്‍ സെന്റര്‍ നല്ലനിലവാരത്തില്‍ പ്രവര്‍ത്തിക്കാന്‍ ന്യുറോ സര്‍ജന്റെയും ഓര്‍ത്തോ സര്‍ജന്റെയും കൂടി സേവനം ഉറപ്പാക്കണം. ഇതു ടെര്‍ഷ്യറി സെന്ററിലേക്കുള്ള റഫറല്‍ലോഡ്‌ കുറയ്‌ക്കാന്‍ ഉപകരിക്കും. ആദ്യ രണ്ടു തലങ്ങളിലെയും പരിചരണശേഷം അപകടനിലയില്‍ തുടരുന്നവരെ മാത്രമേ ടെര്‍ഷ്യറി സെന്ററുകളായ മെഡിക്കല്‍ കോളജുകളിലേക്ക്‌ റഫര്‍ ചെയ്യാവൂ.
ഈ സര്‍ക്കാര്‍ സംവിധാന വ്യവസ്‌ഥ സ്വകാര്യ ആശുപത്രികള്‍ക്ക്‌ എങ്ങനെ ബാധകമാക്കാന്‍ കഴിയും? ട്രോമാ സെന്റര്‍ ആകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ച്‌ പരിശോധന നടത്തി അംഗീകാരം നല്‍കി ട്രോമാ പരിചരണകേന്ദ്രങ്ങള്‍ ആക്കാം. സര്‍ക്കാര്‍ സംവിധാനം നിരസിക്കുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അക്കാര്യം ഒപ്പിട്ടു വാങ്ങി 108 ആംബുലന്‍സിലോ സ്വന്തം നിലയിലോ സ്വകാര്യആശുപത്രിയില്‍ ചികിത്സ തേടാം. എന്നാലും എപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്കു മാറാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചാലും കിടക്കയുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാന ചികിത്സ കിട്ടത്തക്ക നിലയില്‍ തന്നെ വേണം റഫറല്‍ നിയമസംഹിതയ്‌ക്കു രൂപം നല്‍കേണ്ടത്‌.
ട്രോമാകെയര്‍ സജ്‌ജീകരണ നിലവാരം ഉയര്‍ത്തല്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യത ഉള്ളതു തന്നെയാണ്‌. അത്‌ ഒരിക്കലും അനാവശ്യ ദുര്‍വ്യയമല്ല, മറിച്ച്‌ അത്യന്താപേക്ഷിതമാണെന്ന്‌ എല്ലാവരും സമ്മതിക്കുന്ന സത്യം തന്നെ.

ഡോ. ജെ. മുഹമ്മദ്‌ സലിം

തിരുവനന്തപുരം കിംസ്‌ ആശുപത്രിയിലെ ഡോക്‌ടറാണ്‌ ലേഖകന്‍.
ഫോണ്‍: 9447051030.

Ads by Google
Wednesday 06 Sep 2017 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW