Monday, June 04, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 04.38 PM

വാഴയിലയിലെ സദ്യ മറക്കാന്‍ കഴിയില്ല

ഒരേ സ്വഭാവമുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ജീവിതം ബോറാകില്ലേ? വ്യത്യസ്ത അഭിരുചികളുള്ളവര്‍ വിവാഹം കഴിച്ചാല്‍ മാത്രമേ ജീവിതത്തിന് ഒരര്‍ത്ഥമുണ്ടാകൂ എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.
uploads/news/2017/09/143165/Weeklypriyamani.jpg

ജീവിത പങ്കാളിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും പ്രിയാമണി

അന്യഭാഷാനടികള്‍ മലയാളസിനിമയിലേക്ക് വരുന്നത് ഇതാദ്യമല്ല. മലയാളത്തില്‍ തുടക്കം കുറിക്കാനെത്തിയവരെല്ലാം തന്നെ മറക്കാനാവാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുമുണ്ട്.

ഇക്കൂട്ടത്തില്‍ മലയാളസിനിമയിലെത്തുകയും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളിപ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അഭിനേത്രിയാണ് പ്രിയാമണി.

അഭിനയജീവിതം തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ വിവാഹത്തിലേക്ക് പ്രവേശിക്കുന്ന പ്രിയാമണി തന്റെ ജീവിതപങ്കാളിയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും മനസ്സ് തുറക്കുന്നു.......

മുസ്തഫയെ എങ്ങനെ കണ്ടുമുട്ടി?


ഐ.പി.എല്‍.ക്രിക്കറ്റ് ലീഗില്‍ വെച്ചാണ് ഞങ്ങളാദ്യമായി കാണുന്നത്. എന്റെ സിനിമകള്‍ അദ്ദേഹം കണ്ടിട്ടുളളതുകൊണ്ടാകാം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ശേഷം ഒരു ഹായ്. പക്ഷേ ആ പരിചയപ്പെടല്‍ ഒരു പ്രണയമാകുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല.

ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ഞെട്ടിയത് ഞങ്ങളുടെ കൂട്ടുകാരാണ്. കാരണം മുസ്തഫയും ഞാനും വിപരീതസ്വഭാവക്കാരാണ്. മുസ്തഫ അധികം സംസാരിക്കുന്ന പ്രകൃതമല്ല. പരിചയമുള്ളവരായാലും അല്ലെങ്കിലും എല്ലാവരോടും ഒരുപോലെയേ സംസാരിക്കൂ.

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയും. ഞാനാണെങ്കില്‍ നേരെ തിരിച്ചും. പരിചയമില്ലാത്ത ആളുകളാണെങ്കില്‍ കൂടി പത്ത് മിനിറ്റ് സംസാരിച്ചാല്‍ പിന്നെ അവരെയും എന്റെ സുഹൃത്തുക്കളാക്കും. അത് അദ്ദേഹത്തിനുമറിയാവുന്ന കാര്യമാണ്.

ഞങ്ങള്‍ സുഹൃത്തുക്കളായിരുന്ന സമയങ്ങളില്‍ അദ്ദേഹം എന്നോട് പറയും' പ്രിയാ, പരിചയമില്ലാത്ത ആളുകള്‍ വന്ന് സംസാരിച്ചുകഴിഞ്ഞാല്‍ അവരോട് അല്‍പം അകലമിട്ട് പെരുമാറുന്നതാണ് നല്ലത്. പക്ഷേ ജന്മനാ എന്റെ സ്വഭാവം ഇങ്ങനെയാണ്. എല്ലാവരോടും ഫ്രണ്ട്‌ലിയായി പെരുമാറും.

അത് പെട്ടെന്ന് മാറ്റാന്‍ പറ്റില്ല. ഞാന്‍ അനുസരിക്കില്ല എന്നായപ്പോള്‍ അദ്ദേഹം ഉപദേശം നിര്‍ത്തിയെന്നാണ് കരുതിയത്. എന്നാല്‍ ക്യാപ്‌സൂള്‍ പരുവത്തില്‍ എന്നും ഉപദേശങ്ങള്‍ തന്നുകൊണ്ടിരുന്നു.

കുറെയായപ്പോള്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ടെന്ന് എനിക്കും തോന്നി. ഇപ്പോള്‍ പഴയതുപോലെ എല്ലാവരോടും ഫ്രണ്ട്‌ലിയാകില്ല. ആരെയെങ്കിലും പരിചയപ്പെട്ടാല്‍ തന്നെ ഒരല്‍പം അകലമിടാറുണ്ട്.

തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന ഞാന്‍ ഇടയ്ക്ക് ബ്രേക്ക് എടുത്തത് മുസ്തഫയ്ക്ക് വേണ്ടിയാണ്. എപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന എന്നെ ഒരാഴ്ച ഫ്രീയാക്കാനായി ഒരു ഹോളിഡേ ഡ്രിപ്പ് മുസ്തഫ പ്‌ളാന്‍ ചെയ്തു. അതും ഒരാഴ്ചത്തെ ട്രിപ്പ്.

ഇതിനുമുമ്പ് ഒരിക്കലും സുഹൃത്തുക്കളുമായിപ്പോലും യാത്രകള്‍ പോയിട്ടില്ലാത്തയാളാണ് ഞാന്‍. വീട്ടുകാരുമായി വണ്‍ഡേ ട്രിപ്പ് മാത്രമേ പോകാന്‍ സമയം കണ്ടെത്തിയിട്ടുള്ളൂ.

ആ ഞാനാണ് അദ്ദേഹവുമായി ഡല്‍ഹിയിലേക്ക് ഒരു ഹോളിഡേ ട്രിപ്പ് നടത്തിയത്. ആ യാത്രയില്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യം കെയറിംഗാണ്. മാത്രമല്ല, ഹോളിഡേ ട്രിപ്പ് അദ്ദേഹം പ്‌ളാന്‍ ചെയ്യുന്നത് എന്റെ സിനിമകളുടെ ഡേറ്റുകള്‍ നോക്കിയാണ്.

അല്ലെങ്കില്‍ തന്നെ ഒരേ സ്വഭാവമുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ജീവിതം ബോറാകില്ലേ? (ചിരിക്കുന്നു) വ്യത്യസ്ത അഭിരുചികളുള്ളവര്‍ വിവാഹം കഴിച്ചാല്‍ മാത്രമേ ജീവിതത്തിന് ഒരര്‍ത്ഥമുണ്ടാകൂ എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

വിവാഹശേഷം അഭിനയം ഉപേക്ഷിക്കില്ല?


അഭിനയമെന്നതിനെ ഇഷ്ടപ്പെട്ട് വളര്‍ന്നവളാണ് ഞാന്‍. അഭിരുചി അഭിനയമാണെന്ന് മനസ്സിലാക്കിയപ്പോള്‍ വീട്ടുകാരും പച്ചക്കൊടി കാട്ടി. സിനിമയിലേക്ക് വന്നതോടെ പഠനം മുടങ്ങുമെന്ന ചിന്ത വീട്ടുകാരെപ്പോലെ എനിക്കും ഉണ്ടായിരുന്നു.

ഷൂട്ടിംഗില്ലാത്ത അവസരങ്ങളില്‍ സ്‌കൂളുകളിലും കോളേജിലും പോകാന്‍ സാധിക്കുമെന്ന് കണ്ടതോടെ പഠനം തുടരാമല്ലോ എന്ന സന്തോഷമായി. അഞ്ചോളം ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ഇപ്പോഴുംഅഭിനയിച്ചുകൊണ്ടിരിക്കുന്നു.

വിവാഹശേഷം അഭിനയം അവസാനിപ്പിച്ച് കുടുംബജീവിതം നയിക്കുന്ന നടിമാരുണ്ടാവാം. അത് തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ എന്നെ സംബന്ധിച്ച് അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അഭിനയം എന്റെ ജോലിയാണ്. ഇഷ്ടമുള്ള കാലമത്രയും സിനിമ ചെയ്യണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നതും.

വിവാഹം തീരുമാനിച്ച ശേഷവും ധാരാളം പ്രോജക്ടുകള്‍ ഞാനേറ്റുകഴിഞ്ഞു. സിനിമയെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു. അതേറ്റവും കൂടുതല്‍ അറിയാവുന്നതും മുസ്തഫയ്ക്കാണ്. അദ്ദേഹം ഫ്രീയാകുന്ന സമയം ഫോണ്‍ വിളിക്കുമ്പോള്‍ ഷൂട്ടിംഗ് തിരക്കുകളില്‍ പെട്ട് ഞാന്‍ കോള്‍ എടുക്കണമെന്നില്ല .

ഇപ്പോള്‍ ഞാന്‍ ഫ്രീ ആണെന്ന് മെസേജയച്ചാലല്ലാതെ അദ്ദേഹം ഇങ്ങോട്ട് വിളിക്കാറില്ല. എന്റെ ജോലിക്ക് അദ്ദേഹം ബഹുമാനം നല്‍കുന്നുണ്ടെന്നതിന് തെളിവാണിത്. വിവാഹം കഴിഞ്ഞും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് സന്തോഷമേയുള്ളു.

Ads by Google
Loading...
TRENDING NOW