Wednesday, November 14, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 02.22 PM

രക്തസമ്മര്‍ദം നിയന്ത്രിക്കാം

വിശ്രമരഹിതമായ ജോലിയും അതുണ്ടാക്കുന്ന മാനസി സംഘര്‍ഷവും മൂലം സുഖമായ ഉറക്കം പോലും ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുകയും അവ ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയവ രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
uploads/news/2017/09/143148/AyurvedBP.jpg

തൊഴില്‍ രംഗത്തെ മത്സരങ്ങളും ജീവിതശൈലിയില്‍ വന്ന താളപ്പിഴകളും യുവതലമുറയെ രോഗികളാക്കുന്നു. വ്യായാമക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയും രക്തത്തില്‍ കൊഴുപ്പുകൂടുന്നതിനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകുന്നു.

വിശ്രമരഹിതമായ ജോലിയും അതുണ്ടാക്കുന്ന മാനസി സംഘര്‍ഷവും മൂലം സുഖമായ ഉറക്കം പോലും ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുകയും അവ ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയവ രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

ആര്‍ക്കും വരാം


മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കൗമാരക്കാരിലും ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടുവരുന്നു. അശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമക്കുറവും ബേക്കറി - ഫാസ്റ്റ് ഫുഡ് ആഹാരരീതികളും കുട്ടികളെ വരെ അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവരാക്കിത്തീര്‍ക്കുന്നു.

പഴയ തലമുറയുടെ ആയുര്‍ദൈര്‍ഘ്യം 70 - 80 വയസുവരെ ആയിരുന്നത് ഇന്ന് 60 ലും താഴേയ്ക്ക് എന്ന അവസ്ഥയിലാണ്. യാത്രയ്ക്കിടയിലും ജോലിസ്ഥത്തും കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്നു കൂടി വരുകയാണ്.

മാറി വരുന്ന ജീവിതശൈലി, കമ്പ്യൂട്ടര്‍ വല്‍ക്കരണം, യന്ത്രവല്‍ക്കരണം തുടങ്ങി തൊഴില്‍ മേഖലയിലെ പിരിമുറുക്കം, കുടുംബ-സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി രക്തസമ്മര്‍ദം കൂട്ടുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.

ശാരീരിക പ്രവര്‍ത്തനം


രക്തസമ്മര്‍ദം ഉയരുന്നതിന്റെ അടിസ്ഥാനകാരണം ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാതദോശത്തിന്റെ വൈഗുണ്യം ആണെന്നു മനസിലാക്കാന്‍ കഴിയും. ഹൃദയം, രക്തവാഹിനിക്കുഴലുകള്‍, നാഡീവ്യൂഹം ഇവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം വഴിയാണ് രക്തചംക്രമണം നടക്കുന്നത്.

ഹൃദയത്തിന്റെ സങ്കോചഫലമായി രക്തം ധമനികളിലേയ്ക്ക് പ്രവഹിക്കുമ്പോള്‍ ധമനീ ഭിത്തികളില്‍ ഏല്പിക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയത്തില്‍ നിന്നും പ്രവഹിക്കുന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തി കോശങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുകയും കോശങ്ങളില്‍ നിന്നും രക്തത്തില്‍ കലരുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് മൂലം അശുദ്ധമാകുന്നു. ഹൃദയം സങ്കോചിക്കുമ്പോള്‍ ഉയര്‍ന്ന മര്‍ദവും ഹൃദയം വികസിക്കുമ്പോള്‍ കുറഞ്ഞ മര്‍ദവും അനുഭവപ്പെടുന്നു.

വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍


രക്തസമ്മര്‍ദത്തിലുള്ള വ്യതിയാനം രണ്ടുതരത്തില്‍ അനുഭവപ്പെടുന്നു. രക്തസമ്മര്‍ദവും, ന്യൂനരക്തമര്‍ദവും. ഇതില്‍ രക്താതിമര്‍ദമുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്.

ഉറക്കമുണരുമ്പോള്‍ തലയുടെ പിന്‍ഭാഗത്ത് ശക്തിയായ വേദന, ഛര്‍ദി, തിചുറ്റല്‍, ഹൃദയഭാഗത്ത് അസ്വസ്ഥത, കിതപ്പ് മുതലായവയാണ് അമിത രക്തസമ്മര്‍ദത്തിനുള്ളവരില്‍ സാധരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍.

ന്യൂനരക്തസമ്മര്‍ദമുള്ളവര്‍ക്ക് തലചുറ്റല്‍, ബോധക്കേട്, ശബ്ദം കേള്‍ക്കാതെവരുക, കണ്ണിരുട്ടികല്‍, തലവേദന തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. അതിനാല്‍ കൂടെക്കൂടെയുള്ള വൈദ്യപരിശോധനയും ചികിത്സയും വഴി ചികിത്സയും വഴി രക്തസമ്മര്‍ദം സമാവസ്ഥയില്‍ നിലനിര്‍ത്തേണ്ടടത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്.

സാധാരണയായി പാരമ്പര്യം, അമിതവണ്ണം, ഉപ്പിന്റെ അമിതോപയോഗം, പുകവലി, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് രക്താതിമര്‍ദ്ദത്തിന്റെ കാരണങ്ങളായി സംശയിക്കുന്നത്. ഇവ കൂടാതെ ചില പ്രത്യേക രോഗാവസ്ഥകള്‍ മൂലവും അധികരക്തസമ്മര്‍ദ്ദമുണ്ടാകാം.

വൃക്കകളുടെ തകരാറുകള്‍, ഹോര്‍മോണ്‍ ഗ്രന്ഥികളുടെ തകരാറുകള്‍, ഗര്‍ഭാവസ്ഥ, ഗര്‍ഭനിരോധന ഗുളികകള്‍, സ്റ്റിറോയ്ഡ്‌സ് എന്നിവയും രക്താതിമര്‍ദത്തിനു കാരണമാകാം. അതിനാല്‍ ശരിയായ രോഗനിര്‍ണയം നടത്തി ചികിത്സ നിശ്ചയിക്കേണ്ടത് ആവശ്യമാണ്.

രക്തസമ്മര്‍ദം നിയന്ത്രണ വിധയമാക്കാന്‍ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1. ശരീരഭാരം കുറയ്ക്കുക.
2. ശരിയായ ആഹാരരീതി ശീലിക്കുക.
3. കൃത്യമായി വ്യായാമം ചെയ്യുക.
4. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക.

വ്യായാമം ചെയ്യുക


അമിതവണ്ണമുള്ളര്‍ക്ക് രക്തസമ്മര്‍ദമേറാനുള്ള സാധ്യത കൂടുതലാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലികളും വ്യായാമക്കുറവും അമിതമായ മാംസ ഭക്ഷണശീലവും, ചോക്ലേറ്റ്, ഐസ്‌ക്രീം, എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍ ഇവയും രക്തത്തിലെ കൊളസ്ട്രാള്‍ കൂട്ടുവാനും രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് അവയുടെ സങ്കോച വികാസങ്ങളെ തടസപ്പെടുത്തുവാനും കാരണമാകും. പാരമ്പര്യമായി ശരീരഭാരം കൂടുതലുള്ളവര്‍ക്ക് രക്താതിമര്‍ദത്തിനുള്ള സാധ്യതയുണ്ട്.

ഇങ്ങനെയുള്ളവര്‍ ഭക്ഷണക്രമികരണം കൊണ്ടും വ്യായാമം കൊണ്ടും ശരീരഭാരം കുറയ്ക്കണം. കൃത്യമായ വ്യായാമം, യോഗ തുടങ്ങിയവ ദിനചര്യത്തിന്റെ ഭാഗമാക്കണം. ദുര്‍മേദസിനെ ഇല്ലാതാക്കാന്‍ കഴിവുള്ളതും മല - മൂത്ര പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നവയുമാണ് പഞ്ചകോല ചൂര്‍ണ്ണം, ത്രിഫലാചൂര്‍ണം, അവിപത്തിചൂര്‍ണം തുടങ്ങിയ ഔഷധങ്ങളും ഉദ്ധ്യര്‍ത്തന ചികിത്സയും ഫലപ്രദമാണ്.

ചിട്ടയായ ആഹാരരീതി


ശരിയായ ആഹാരശൈലി പാലിക്കേണ്ടത് രക്താതിമര്‍ദത്തെ അതിജീവിയ്ക്കുവാന്‍ അനിവാര്യമാണ്. ദിവസവും കഴിയ്ക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കുകയാണ് ഒരു മാര്‍ഗം. ദിവസവും ഒരാള്‍ക്ക് ഏഴു ഗ്രാമില്‍ താഴെ ഉപ്പ് മതിയാകും. എന്നാല്‍ 10 മുതല്‍ 15 ഗ്രാം വരെ ഉപ്പ് കഴിക്കുന്നവരാണ് അധികവും.

ഉപ്പ് അധികമുള്ള അച്ചാര്‍, പപ്പടം, സോസുകള്‍, സോള്‍ട്ട് ബിസ്‌ക്കറ്റ് തുടങ്ങിയവ രക്താദിമര്‍ദ്ദമുള്ളവര്‍ ഒഴിവാക്കണം. പകരം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടുനീക്കാത്ത ധാന്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, കറിവെച്ച ചെുമത്സ്യങ്ങള്‍ ഇവ ധാരാളമായി കഴിയ്ക്കണം.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ വെളുത്തുള്ളി നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. രക്തപ്രവാഹത്തെ ഊര്‍ജ്ജിതമാക്കാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍, ഫോസ്ഫറസ് , മഗ്നീഷ്യം, അസനോസിന്‍ ഇവയ്ക്കു കഴിയും. അതുപോലെ തന്നെ ചുവന്നുള്ളിക്കും സവോളയ്ക്കും രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.

ഉലുവ, കറിവേപ്പില, ചുക്ക്, മുരിങ്ങ, നെല്ലിക്ക, കുരുമുളക്, തഴുതാമ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കൊഴുപ്പ് നീക്കം ചെയ്ത മോര് ഉപ്പില്ലാതെ കറിവേപ്പിലയും ഇഞ്ചിയും ചേര്‍ത്ത് സംഭാരമായി ഉപയോഗിക്കുന്നതും നല്ലതാണ്.

മാനസിക സംഘര്‍ഷങ്ങള്‍ നമ്മുടെ ശരീരത്തില്‍ അപകടകരമായ മാറ്റങ്ങള്‍ വരുത്തും. പ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും വേണം. മാനസികോല്ലാസം നല്‍കുന്ന വിനോദങ്ങള്‍ക്കും യാത്രകള്‍ക്കും ജീവിതത്തില്‍ പ്രാധാന്യം നല്‍കണം.

ഔഷധപ്രയോഗത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ആഹാരനിയന്ത്രണം, വ്യായാമം, മനഃശാന്തി, വൈകാരികമായ സമനില തുടങ്ങിയവയും പാലിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദത്തെ പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

വിവരങ്ങള്‍ക്ക്
കടപ്പാട്: ഡോ. ഡൊമിനിക് തോമസ്
ചൈതന്യ ആയുര്‍വേദ
ഹോസ്പിറ്റല്‍, ഈരാറ്റുപേട്ട

Ads by Google
Tuesday 05 Sep 2017 02.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW