Saturday, May 19, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Monday 04 Sep 2017 03.44 PM

പുള്ളിക്കാരന്‍ ബോറാ !

സെവന്‍ത് ഡേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്യാംധര്‍ എന്ന നവസിനിമാക്കാരനും മമ്മൂട്ടിയെ നായകനാക്കി പുളളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ ഒരുക്കിയപ്പോഴും തഥൈവ. പുള്ളിക്കാരന്‍ സ്റ്റാറായിരിക്കം, പക്ഷേ പുള്ളിക്കാരന്റെ ഈ പരിപാടി ബോറാണ്. സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ് , നിങ്ങളുടെ സിനിമകളില്‍ ഉത്തരവാദിത്തമുള്ള കാരണവന്മാരൊന്നുമില്ലേ, ഇത്രയും സുന്ദരും സല്‍സ്വഭാവിയുമായ ഒരു മനുഷ്യന് ഒരു കുടുംബം ഉണ്ടാക്കിക്കൊടുക്കാന്‍.
Pullikkaran Staraa, movie review, secondshow

2003ലാണ് ക്രോണിക് ബാച്ച്‌ലര്‍ എന്ന സിനിമ ഇറങ്ങുന്നത്. തന്റേതല്ലാത്ത(തന്റേടമില്ലാത്ത) കാരണത്താല്‍ അവിവാഹിതനായ അല്‍പം മൂത്തുനരച്ചുപോയ ചെറുപ്പക്കാരന്റെ കദനകഥ പറയുന്ന ആ മമ്മൂട്ടിചിത്രം ഹിറ്റായി എന്നതു മലയാളിക്കു പറ്റിയ ഒരബദ്ധമാണ്. അതിനുശേഷമിറങ്ങിയ മമ്മൂട്ടി സിനിമകളില്‍ എല്ലാവര്‍ഷവും കാണും ഇത്തരത്തിലൊരു കഥാപാത്രം. വെറുതേ പറയുകയല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞവര്‍ഷം രണ്ടെണ്ണം ഉണ്ടായിരുന്നു; തോപ്പില്‍ ജോപ്പനും, വൈറ്റും. രണ്ടും വയസായ നായകനെ എങ്ങനെയും ഒന്നു കെട്ടിക്കാനുള്ള ശ്രമങ്ങളാണ്. അതിനുമുമ്പുളള വര്‍ഷങ്ങളില്‍ ഉട്ടോപ്യയിലെ രാജാവ്, ഭാസ്‌കര്‍ ദി റാസ്‌കല്‍, മംഗ്ളീഷ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാവൂട്ടിയുടെ നാമത്തില്‍, ജവാന്‍ ഓഫ് വെള്ളിമല എന്നുതുടങ്ങി പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ് വരെയുള്ള സിനിമകളില്‍ ഇതാണു പ്രമേയം. തന്റേതല്ലാത്ത കാരണത്താല്‍ അല്‍പസ്വല്‍പം ഗുണ്ടായിസം കൈയിലുള്ളതിനാല്‍ പെണ്ണുകിട്ടാത്ത സുന്ദരനും(അതിങ്ങനെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.) സല്‍സ്വഭാവിയുമായ 'മുതിര്‍ന്ന' ചെറുപ്പക്കാരന് പെണ്ണന്വേഷിച്ചുകൊണ്ടുള്ള സിനിമകള്‍. സെവന്‍ത് ഡേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്യാംധര്‍ എന്ന നവസിനിമാക്കാരനും മമ്മൂട്ടിയെ നായകനാക്കി പുളളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ ഒരുക്കിയപ്പോഴും തഥൈവ. പുള്ളിക്കാരന്‍ സ്റ്റാറായിരിക്കം, പക്ഷേ പുള്ളിക്കാരന്റെ ഈ പരിപാടി ബോറാണ്. സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചോദിക്കുകയാണ് , നിങ്ങളുടെ സിനിമകളില്‍ ഉത്തരവാദിത്തമുള്ള കാരണവന്മാരൊന്നുമില്ലേ, ഇത്രയും സുന്ദരും സല്‍സ്വഭാവിയുമായ ഒരു മനുഷ്യന് ഒരു കുടുംബം ഉണ്ടാക്കിക്കൊടുക്കാന്‍. (അവിവിഹിതനായ നായകന്‍ സിനിമയില്‍ ഒരു കുറ്റമേയല്ല എന്നെങ്കിലും മനസിലാക്കു മിഷ്ടര്‍. എന്തിനാണു നിങ്ങള്‍ ഇദ്ദേഹത്തെ വിവാഹിതനാക്കാന്‍ ഇത്ര പാടുപെടുന്നത്. )

Pullikkaran Staraa, movie review, secondshow

ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്ന്‍മെന്റ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ശ്യാംധറിന്റേത്. ഭാഗികമായി അയാള്‍ അതില്‍ വിജയിച്ചിട്ടുമുണ്ട്. പക്ഷേ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അതൊരു ടിപ്പിക്കല്‍ മമ്മൂട്ടി കഥാപാത്രത്തെ വിവാഹംകഴിക്കാന്‍ ശ്രമിക്കുന്ന പ്രമേയമുളള സിനിമയായി. കൃത്യമായി പറഞ്ഞാല്‍ അതു കഴിഞ്ഞ ഓണത്തിനിറങ്ങിയ തോപ്പില്‍ ജോപ്പന്റെ ആവര്‍ത്തനമാണ്. തോപ്പില്‍ ജോപ്പനെയൊക്കെ ആവര്‍ത്തിക്കാന്‍ ഒരു ന്യൂജന്‍ സംവിധായകനു ഗതികേടുണ്ടായാല്‍ സുകൃതക്ഷയം, സുകൃതക്ഷയം...മലയാളസിനിമ ക്ഷയിച്ചു എന്നല്ലാണ്ട് എന്താ പറയുക....സ്ത്രീകഥാപാത്രങ്ങള്‍ക്കുപോലും ജോപ്പനുമായി വ്യത്യാസമില്ല. വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കില്‍നില്‍ക്കുന്ന ഒന്നാം നായികയും (പഴയ കൂട്ടുകാരി), കാമുകനൊപ്പം ഒളിച്ചോട്ടം പരാജയപ്പെട്ട രണ്ടാം നായികയും. എന്തൊരു ദാരിദ്ര്യമാണു ചേട്ടാ, ഈ ജോപ്പനൊയൊക്കെ അനുകരിക്കുന്നത്. ഇക്കുറി ചെറിയൊരു വെറൈറ്റിയുണ്ട്, നായകന്‍ പ്ലാന്ററും പണക്കാരനും ഗുണ്ടയുമല്ല, പകരം പുളളിക്കാരന്‍ അധ്യാപകനാണ്. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരന്‍. വെറൈറ്റിയില്ലേ. മുദ്രശ്രദ്ധിക്കണം, മുദ്ര.

Pullikkaran Staraa, movie review, secondshow

രാജകുമാരന്‍ രാജകുമാരിയില്‍നിന്ന് രാജകീയമായി കൊച്ചിയിലേക്കുവരുന്നത് ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിപ്പിക്കാനാണ്. ഇക്കുറി പുള്ളിക്കാരന്‍ അവിവാഹിതനായി നില്‍ക്കുന്നത് തന്റേതല്ലാത്ത കാരണത്താലുണ്ടായ ചീത്തപ്പേരുകൊണ്ടാണ്. ജനിച്ചുവീണപ്പോള്‍ നഴ്‌സിന്റെ നെഞ്ചത്തുതൊട്ടതിന്റെ പേരില്‍ കിട്ടിയചീത്തപ്പേരാണ്, അത് അഞ്ചാംവയസില്‍ കുളിസീന്‍ കണ്ടതിന്റെ പേരില്‍ വലുതായി, പിന്നെ നാട്ടിലുണ്ടാകുന്ന സകലപെണ്ണുകേസിലും പേരുചേര്‍ക്കപ്പെട്ടു വലുതായത്രേ. എന്നാലും പുളളിക്കാരന്‍ ഇതിലെല്ലാം നിഷ്‌കളങ്കനാണത്രേ. ഇത്രയും നിഷ്‌കുവായ പുളളിക്കാരന്‍ ഈ കാരണങ്ങള്‍കൊണ്ടൊക്കെ സ്ത്രീകളോട് ഇടപെടാന്‍ മടിയുള്ളവനാണെന്നും കഥ നമ്മോടു വിവരിക്കുന്ന രണ്‍ജി പണിക്കരുടെ ശബ്ദം പറയുന്നു. പക്ഷേ സിനിമയില്‍ അത് ഒട്ടും വിശ്വസനീയമല്ല. രാജകുമാരന്‍ എന്ന നായകന് സ്ത്രീകളോട് ഇടപെടുന്നതിന് ഒട്ടും സങ്കോചമില്ല. മാത്രമല്ല ട്രെയിനില്‍ വച്ചു മാത്രം പരിചയപ്പെടുന്ന മഞ്ജിമ എന്ന സുന്ദരിയായ പെണ്‍കുട്ടിയെ(ദീപ്തി സതി) തന്റെ ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടുവന്ന് അഭയം കൊടുക്കുന്നുണ്ട് സ്ത്രീകളോട് ഇടപെടാന്‍ ഭയമുള്ള പുള്ളിക്കാരന്‍. പറയാന്‍ വന്ന കഥയുടെ പൊള്ളത്തരമോ അല്ലെങ്കില്‍ പറയാന്‍ വന്ന കഥ താരത്തിന്റെ ഇമേജിന് അനുസൃതമായി പൊളിച്ചെഴുതേണ്ടിവന്ന ഗതികേടോ ആവാം ഇത്തരം വിട്ടുവീഴ്ചകളിലേയ്‌ക്കെത്തിച്ചത്.

Pullikkaran Staraa, movie review, secondshow

ഇതൊക്കെയാണെങ്കിലും ലളിതനര്‍മങ്ങളിലൂടെ(മരുന്നിന് അല്‍പം ദ്വയാര്‍ഥവും) ഇടവേള വരെ കണ്ടിരിക്കാവുന്ന കാഴ്ചയാണ് പുള്ളിക്കാരന്റേത്. നവാഗതനായ രതീഷ് രവിയുടെ തിരക്കഥയെ ആദ്യമണിക്കൂറില്‍ കുറച്ചൊക്കെ ആസ്യാദ്യകരമാക്കാന്‍ ശ്യാംധറിനു കഴിയുന്നുണ്ട്. എന്നാല്‍ അധ്യാപകപരിശീനത്തിലേക്കു സിനിമ കടക്കുമ്പോള്‍ സിനിമ നന്നെ വിരസമാകുന്നു. ലളിതം എന്ന പഠനപരിശീലനത്തിനെത്തുന്നതാണ് രാജകുമാരന്‍. കഥകളിലൂടെ പറയുന്ന രാജകുമാരന്റെ വാക്കുകള്‍ക്ക് സാരോപദേശകഥകള്‍ക്ക് അപ്പുറം എന്തെങ്കിലും മെറിറ്റ് ഉണ്ടെന്നു തോന്നുന്നില്ല, സിനിമയെത്തന്നെ വേറൊരു മൂഡിലാക്കാനോ അപക്വമായ ഈ പരിശീലനപദ്ധതിക്കു കഴിയുന്നുളളു. മമ്മൂട്ടിയെപ്പോലെ അനുഭവസമ്പത്തേറിയ നടന്റെ സാന്നിധ്യവും അവതരണവും ഉണ്ടായിട്ടും കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ ശേഷിയുള്ളതല്ല ഇതിനായി ഉപയോഗിക്കുന്ന സംഭാഷണങ്ങളും. ഇടവേള കഴിയുന്നതോടെ സിനിമയുടെ അതുവരെയുണ്ടായിരുന്ന രസച്ചരടും മുറിയും. പിന്നെ നായകന്‍ നന്മ മരമാണ്. അവസാനം സഹകഥാപാത്രങ്ങളിലൊരാളായ കുര്യച്ചന്‍(ദിലീഷ് പോത്തന്‍) തന്നെ പറയുന്നുണ്ട്, അവിടെയും നന്മ, ഇവിടെയും നന്മ ആ പരിപാടി ഇക്കുറി വേണ്ടെന്ന്. നമ്മള്‍ പറയാനുള്ളത്, അവരു തന്നെ പറഞ്ഞ സ്ഥിതിക്ക് അതിനെ വെറുതേ വിടാം.

Pullikkaran Staraa, movie review, secondshow

ആശാ ശരത്ത്, ഇന്നസെന്റ്, ഹരീഷ് കണാരന്‍, പേളി മാണി, തെസ്‌നി ഖാന്‍, സീനു സോഹന്‍ലാല്‍ എന്നിവരാണു മറ്റുവേഷങ്ങളില്‍. എല്ലാവരും രാജകുമാരന്‍ മാഷിന്റെ നിഷ്‌കളങ്കതയ്ക്കുമുന്നില്‍ തോറ്റുതുന്നംപാടാനുള്ളതാണ്. രാജകുമാരന്‍ നന്മയുടെ ഹോള്‍സെയില്‍ ഏജന്റായതുകൊണ്ട് അവിടെയും സുഖം ഇവിടെയും സുഖം എന്നലൈനില്‍ പടം നിഷ്‌കളങ്കമായി അവസാനിക്കും.

ഉട്ടോപ്യയിലെ രാജാവ്, തോപ്പില്‍ ജോപ്പന്‍ എന്നീ സമീപകാലദുരന്തങ്ങളില്‍ കണ്ട പുള്ളിക്കാരന്‍ തന്നെയാണ് ഇക്കുറിയും. ദിലീഷ് പോത്തനാണ് പ്രകടനത്തില്‍ മുന്നില്‍നില്‍ക്കുന്നത്. ആശാ ശരത്തിനൊരു പതിവുവേഷമാണ്. ലാല്‍ജോസിന്റെ നീനയില്‍ ദീപ്തി സതിക്കു സൗമ്യമായ വേഷമായതിനാല്‍ ആ ആവിഷ്‌കാരഭാവങ്ങള്‍ക്ക് അവസരം കുറവായിരുന്നു. ഇക്കുറി ആ കുറവ് പരിഹരിച്ചിട്ടുണ്ട്. ഭാവഭിനയപ്രകടനത്താല്‍ ദീപ്തിക്കൊച്ച് അഭിനയിച്ചു തകര്‍ത്തു. ജയചന്ദ്രനാണ് സംഗീതം. പാട്ടുകള്‍ തരക്കേടില്ലെങ്കിലും അസ്ഥാനത്താണ് പ്രയോഗം.

Pullikkaran Staraa, movie review, secondshow

അവസാനവാക്ക്: പുള്ളിക്കാരനോട് ആരേലും ചെന്നുപറ; ഇത്രയും പ്രായമായിട്ടും പെണ്ണുകിട്ടിയില്ലേ എന്നുപറഞ്ഞു നിലവിളിക്കുന്നത് ഭയങ്കര ബോറാണെന്ന്. സാറാണെങ്കിലും സ്റ്റാറാണെങ്കിലും സുന്ദരനാണ് എന്നിങ്ങനെ അടിക്കടി സിനിമയില്‍ കൂടി പറയിപ്പിക്കുന്നത്, അതിലേറെ ബോറാണെന്നും. നല്ലസിനിമ പറ്റില്ലെങ്കില്‍ ഇത്രയുമെങ്കിലും ചെയ്തുകൂടെ.. പറ്റത്തില്ലല്ലേ...

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW