Tuesday, September 12, 2017 Last Updated 7 Min 19 Sec ago English Edition
Todays E paper
സുഭാഷ്‌ ആരക്കുന്നം
Monday 04 Sep 2017 01.38 AM

സെബിയ വിളിച്ചു, ഉമ്മന്‍ ചാണ്ടി വിളി കേട്ടു; വീടിനൊപ്പം, മകളുടെ വിവാഹത്തിന്‌ ഒരു ലക്ഷത്തി​​ന്‍െ്‌റ കൈത്താങ്ങ്‌

Umman chandy,  Financial support,  Sebiya

മുളന്തുരുത്തി: ട്രെയിന്‍ യാത്രയ്‌ക്കിടെ ഉമ്മന്‍ ചാണ്ടിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്‌ചയാണ്‌ അടച്ചുറപ്പുള്ള വീടായി സെബിയ മുസ്‌തഫയ്‌ക്കു തണലായത്‌. മകളുടെ വിവാഹത്തിന്‌ ഒരു ലക്ഷം രൂപ സഹായമെന്ന അറിയിപ്പ്‌ ഇരട്ടിമധുരമായി; ഒപ്പം ഓണസമ്മാനവും.

എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ പാര്‍പ്പാംകോട്‌ ലക്ഷംവീട്‌ കോളനിയിലാണ്‌ വിധവയായ സെബിയയും കുടുംബവും താമസിക്കുന്നത്‌. മകളുടെ വിവാഹത്തിന്‌ പണമില്ലാതെ ഇല്ലാതെ വിഷമിക്കുന്ന ഇവരുടെ അവസ്‌ഥ കഴിഞ്ഞ ദിവസം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഒരു ലക്ഷത്തിന്റെ ധനസഹായം കുടുംബത്തെ തേടിയെത്തിയത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട്‌ നല്‍കിയ സാമ്പത്തികസഹായത്തിന്റെ വിവരം പിറവം നഗരസഭാ ചെയര്‍മാന്‍ സാബു കെ. ജേക്കബിന്റെ നേതൃത്വത്തിലാണു വീട്ടിലെത്തി അറിയിച്ചത്‌.ഉത്രാടദിനത്തില്‍ അപ്രതീക്ഷിതമായി അതിഥികളായെത്തിയ സാബു കെ. ജേക്കബിനെയും കോണ്‍ഗ്രസ്‌ നേതാക്കളെയും സെബിയയും മക്കളും ചേര്‍ന്ന്‌ സ്വീകരിച്ചു.

സെബിയയ്‌ക്കും മക്കളായ അസന ബീവിക്കും അന്‍സുബിനും അദ്ദേഹം ഓണക്കോടി കൈമാറി. വൃദ്ധമാതാവിന്‌ അരിയും പലവ്യഞ്‌ജനങ്ങളുമടങ്ങിയ ധാന്യക്കിറ്റും നല്‍കി. അവരെ വീണ്ടും വിസ്‌മയിപ്പിച്ച്‌ നഗരസഭാ ചെയര്‍മാന്‍ തന്റെ ഫോണില്‍ ഉമ്മന്‍ ചാണ്ടിയുടെ നമ്പര്‍ വിളിച്ച്‌ സെബിയയ്‌ക്കു കൈമാറുകയായിരുന്നു."സാറേ, ഞാന്‍ സെബിയ മുസ്‌തഫയാണ്‌" എന്നു പറഞ്ഞതോടെ എന്താണു വിളിച്ചതെന്ന സ്‌നേഹപൂര്‍വമുള്ള ചോദ്യം. മകളുടെ നിക്കാഹ്‌ വിളിക്കാനാണെന്ന്‌ സെബിയ പറഞ്ഞു. ഈ മാസം 24-ന്‌ കാഞ്ഞിരമറ്റം സെന്റ്‌ ഇഗ്‌നേഷ്യസ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11-നാണു ചടങ്ങ്‌. "നോക്കട്ടെ" എന്ന മറുപടിക്കു ശേഷം അല്‍പനേരം നിശബ്‌ദത. രാവിലെ എത്താന്‍ പറ്റില്ലെന്നും ഉച്ചയ്‌ക്ക്‌ ഒന്നിനെത്താമെന്നും ഡയറി നോക്കിയ ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു. "എല്ലാം സാബുവിനോടു പറഞ്ഞിട്ടുണ്ട്‌. വിവാഹ ആവശ്യത്തിനായി ഒരു ലക്ഷം രൂപ നല്‍കും" എന്നും അറിയിച്ചു. പിറവം സ്വദേശിയും പ്രതീക്ഷ ഫൗണ്ടേഷന്‍ ഡയറക്‌ടറുമായ റോബിന്‍ മാത്യു നാരേക്കാട്ട്‌ എന്ന മനുഷ്യസ്‌നേഹിയാണു പണം നല്‍കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതോടെ സെബിയ കരച്ചിലിലായി. തുടര്‍ന്ന്‌ ബംഗളുരുവിലുള്ള റോബിന്‍ മാത്യുവുമായും സെബിയ ഫോണില്‍ സംസാരിച്ചു.

ആറ്‌ വര്‍ഷം മുമ്പാണ്‌ കൂലിപ്പണിക്കാരനായ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനം മൂലം മരിച്ചത്‌. ട്രെയിന്‍ യാത്രയ്‌ക്കിടെ അപ്രതീക്ഷിതമായി കണ്ട ഉമ്മന്‍ ചാണ്ടിയോടു സങ്കടം പറഞ്ഞതോടെ അടച്ചുറപ്പുള്ള വീട്‌ നിര്‍മിക്കാന്‍ വഴിതുറന്നു. സാബു കെ. ജേക്കബിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട വീട്‌ നിര്‍മാണം പ്രവാസി മലയാളി സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ്‌ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കി. ഇതിനിടെയാണ്‌ മകളുടെ വിവാഹം ഉറപ്പിച്ചത്‌. പണം വീണ്ടും പ്രതിസന്ധിയായ വാര്‍ത്ത മംഗളം പ്രസിദ്ധീകരിച്ചതോടെ സാബു കെ. ജേക്കബ്‌ ഇടപെട്ട്‌ ഉമ്മന്‍ ചാണ്ടിയെ വിവരം അറിയിക്കുകയായിരുന്നു.

Ads by Google
Advertisement
LATEST NEWS
TRENDING NOW