Tuesday, May 29, 2018 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 04 Sep 2017 01.38 AM

സഭകളെ കണ്ണുവച്ചു ബി.ജെ.പി; കണ്ണന്താനത്തിലൂടെ പുതിയ സന്ദേശം

Cabinet reshuffle, BJP,  Alphonse Knnanthanam

തിരുവനന്തപുരം: അല്‍ഫോന്‍സ്‌ കണ്ണന്താനത്തിനു കേന്ദ്ര മന്ത്രിസ്‌ഥാനം നല്‍കിയത്‌ കേരളത്തില്‍ ക്രിസ്‌തീയസഭകളുമായുള്ള ബന്ധം ലക്ഷ്യമാക്കി. അതോടൊപ്പം ബി.ജെ.പി. സംസ്‌ഥാന ഘടകത്തിനു നല്ലൊരു തിരിച്ചടി നല്‍കുകയെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്‌. കേരളത്തിലെ നേതാക്കള്‍ മുന്നോട്ടുവച്ച എല്ലാ പേരുകളും തള്ളിക്കളഞ്ഞാണു കണ്ണന്താനത്തെ മന്ത്രിയാക്കിയത്‌. സംസ്‌ഥാന ബി.ജെ.പി. കേന്ദ്രത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിലുള്ള പ്രതികരണവും കൂടിയാണ്‌ ഈ മന്ത്രിസ്‌ഥാനമെന്നാണു ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണു വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കിയ ബി.ഡി.ജെ.എസുമായി ബി.ജെ.പി. സഖ്യത്തിലേര്‍പ്പെട്ടത്‌. വോട്ട്‌ ശതമാനത്തില്‍ വര്‍ധനയുണ്ടാക്കാനായെങ്കിലും സഖ്യം കൊണ്ട്‌ വലിയ ഗുണമുണ്ടായിട്ടില്ലെന്നാണു ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശന്റെ നിലപാട്‌ മാറ്റുന്ന രീതിയും ബി.ജെ.പി. നേതൃത്വത്തിന്‌ അത്ര ദഹിക്കുന്നില്ല. അദ്ദേഹം വിചാരിച്ചാലൂം ഈഴവ സമുദായത്തെ ഒപ്പം നിര്‍ത്താന്‍ കഴിയില്ലെന്നാണു ബി.ജെ.പിയുടെ പൊതുവായ നിലപാട്‌. ഈ സാഹചര്യത്തിലാണു കേരളത്തില്‍ ബി.ജെ.പി. പുതിയ സാദ്ധ്യതകളെക്കുറിച്ച്‌ ആലോചിക്കുന്നത്‌. അതിനു സംസ്‌ഥാനത്തെ ക്രിസ്‌തീയ സഭകളെയാണ്‌ ലക്ഷ്യമാക്കുന്നത്‌. ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തില്‍ അവരുമായി ബന്ധപ്പെടാന്‍ കഴിയുന്നവരാരുമില്ലെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. കേരളത്തില്‍ ഹിന്ദുത്വം മാത്രം പറഞ്ഞുകൊണ്ട്‌ മുന്നോട്ടുപോകാനും കഴിയില്ല. ആ സാഹചര്യത്തില്‍ ക്രിസ്‌തീയ സഭകളുമായുള്ള ചര്‍ച്ചകള്‍ക്ക്‌ ഇടനിലക്കാരനായി കണ്ണന്താനത്തെ ഉപയോഗിക്കാനാണു ബി.ജെ.പിയുടെ നീക്കം. ക്രിസ്‌തീയനായ ഒരു വ്യക്‌തിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവര്‍ക്കിടയില്‍ കടന്നുചെല്ലാനാകുമെന്ന്‌ ബി.ജെ.പി. വിശ്വസിക്കുന്നു. കണ്ണന്താനത്തിനു സഭകളുമായി അത്ര അടുത്ത ബന്ധമില്ലെങ്കിലും അദ്ദേഹത്തെ ഇടനിലക്കാരനാക്കിക്കൊണ്ട്‌ ചര്‍ച്ച നടത്താമെന്നുമാണു വിലയിരുത്തല്‍.

അതേസമയം, അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ സംസ്‌ഥാന നേതൃത്വത്തില്‍ അത്ര തൃപ്‌തിയുമില്ല. ഗ്രൂപ്പിസം കൊടികുത്തിവാഴുന്ന ബി.ജെ.പിയില്‍ ഒരു വിഭാഗത്തിലുംപെടാത്ത വ്യക്‌തിയാണ്‌ അദ്ദേഹം. എം.പി പോലുമല്ലാത്ത കണ്ണന്താനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്‌ സംസ്‌ഥാനനേതാക്കള്‍ക്കുള്ള സന്ദേശമാണ്‌. എം.പിയായ സുരേഷ്‌ഗോപിയുടെയും ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും പേരുകളാണു സംസ്‌ഥാന ഘടകം മുന്നോട്ടുവച്ചതെന്നാണു സൂചന.നല്ല സാദ്ധ്യതയുണ്ടായിട്ടും കേരളത്തില്‍ അതെല്ലാം കൊണ്ടുകളെഞ്ഞന്നാണു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. മെഡിക്കല്‍ കോളജ്‌ കോഴയും ഗ്രൂപ്പിസവും അവരെ വല്ലാതെ പ്രകോപിതരാക്കിയിട്ടുമുണ്ട്‌. ദേശീയതലത്തില്‍ തന്നെ മെഡിക്കല്‍ കോളജ്‌ കോഴ ബി.ജെ.പിക്കു വലിയ തിരിച്ചടിയായതാണ്‌. അതിനു കാരണം സംസ്‌ഥാന ബി.ജെ.പിയിലെ ഗ്രൂപ്പിസമാണെന്നാണ്‌ വിലയിരുത്തല്‍. ഇനി സംസ്‌ഥാന നേതൃത്വത്തിനെ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോകാനാണു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനവും. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു താല്‍പര്യമുള്ളവരെ പ്രധാനപ്പെട്ട സ്‌ഥാനങ്ങളില്‍ എത്തിച്ച്‌ അവരിലൂടെ എന്‍.ഡി.എയ്‌ക്ക്‌ പുതിയ മുഖം നല്‍കാനാണു ശ്രമം.

കേരളത്തിന്റെ നേതാക്കളെ പൂര്‍ണമായും തള്ളിക്കളഞ്ഞതിലുള്ള പ്രതിഷേധം ഇന്നലെ വളരെ പ്രകടവുമായിരുന്നു. എം.പിയല്ലാത്ത ഒരു വ്യക്‌തിയെ കേന്ദ്ര മന്ത്രിസ്‌ഥാനത്തേക്കു പരിഗണിക്കില്ലെന്നായിരുന്നു ചിലരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞദിവസം രാത്രിവരെ അവര്‍ അതു ശക്‌തമായി ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തില്‍ തഴഞ്ഞതുകൊണ്ടുതന്നെ കേരളത്തിന്‌ ഒരു മന്ത്രിസ്‌ഥാനം ലഭിച്ചിട്ടും ബി.ജെ.പിയില്‍ കാര്യമായ ആഘോഷവുമുണ്ടായിരുന്നില്ല. ബി.ജെ.പിയുടെ ഓഫീസുകള്‍ പോലും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഓണം സമ്മാനമാണു കണ്ണന്താനത്തിന്റെ മന്ത്രിസ്‌ഥാനമെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചെങ്കിലും ആഘോഷമെന്നും കണ്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW