Wednesday, September 13, 2017 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 04 Sep 2017 01.14 AM

മണ്‍ചിരാതുകളുടെ പൊന്‍പ്രഭയില്‍ തിരുവോണത്തോണിക്ക്‌ വരവേല്‍പ്പ്‌

uploads/news/2017/09/142966/re5.jpg

കോഴഞ്ചേരി: മണ്‍ചിരാതുകളും ആപ്പിണ്ടി വിളക്കുകളും വെളിച്ചമേകിയ ഉത്രാടരാത്രിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയില്‍, താലപ്പൊലിയുടെ പൊലിമയില്‍ തിരുവോണത്തോണിക്കു ആചാരപരമായ വരവേല്‍പ്പ്‌. ആറന്മുള ഭഗവാന്റെ പള്ളിയോടങ്ങളുടെഅകമ്പടിയോടെ തിരുവോണത്തോണി കടന്നു പോയതോടെ പമ്പയുടെ കരകളില്‍ ഓണസദ്യയ്‌ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഉത്രാട സന്ധ്യയില്‍ കാട്ടൂര്‍ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ നിന്ന്‌ പുറപ്പെട്ട തിരുവോണത്തോണി ഇന്നു പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവില്‍ അടുക്കും. ആചാരപ്രകാരം യാത്രയ്‌ക്ക്‌ നേതൃത്വം നല്‍കാന്‍ മങ്ങാട്ട്‌ നാരായണ ഭട്ടതിരി ഇന്നലെ ആറന്മുളയില്‍ നിന്നും കാട്ടൂരിലെത്തിയിരുന്നു.
അയിരൂര്‍ പുതിയകാവ്‌ ദേവീ ക്ഷേത്രത്തിലെ ഉച്ചപൂജ തൊഴുത ശേഷമാണ്‌ അദ്ദേഹം കാട്ടൂര്‍ ക്ഷേത്രക്കടവിലെത്തിയത്‌. തിരുവോണസദ്യക്ക്‌് വിഭവങ്ങളൊരുക്കുന്ന 18 നായര്‍ കുടുംബാംഗങ്ങളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ ഭട്ടതിരിക്ക്‌ ആചാരപൂര്‍വം വരവേല്‍പ്പ്‌ നല്‍കി. കാട്ടൂര്‍ ക്ഷേത്രത്തില്‍ ദീപാരാധന തൊഴുതു കഴിഞ്ഞപ്പോള്‍ ഓണവിഭവങ്ങള്‍ തോണിയില്‍ കയറ്റാന്‍ ഭട്ടതിരി നിര്‍ദേശിച്ചു. കാട്ടൂരിലെ അവകാശികളായ 18 നായര്‍ കുടുംബാംഗങ്ങള്‍ ആറന്മുളയപ്പന്‌ തിരുവോണ സദ്യയ്‌ക്കുളള വിഭവങ്ങള്‍ തോണിയില്‍ എത്തിച്ചു. സദ്യക്ക്‌ ആവശ്യമുള്ള വിഭവങ്ങള്‍ തോണിയില്‍ കയറ്റി. കൊടിയും കുടയും പലകയുമടക്കമുള്ള സാധങ്ങള്‍ വേറെയും തോണിയിലേറ്റി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന്‌ മേല്‍ശാന്തി പകര്‍ന്ന്‌ നല്‍കിയ ദീപവും ഏറ്റുവാങ്ങി ഭട്ടതിരി തോണിയിലേറി. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ദീപം സ്‌ഥാപിച്ചു. ആറന്മുള ക്ഷേത്രത്തില്‍ ഈ ദീപമാണ്‌ അടുത്ത ഒരുവര്‍ഷം കെടാവിളക്കില്‍ തെളിയുന്നത്‌. കൃഷ്‌ണ സ്‌തുതികളും വായ്‌കുരവകളും ഭക്‌തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ നൂറുകണക്കിന്‌ ഭക്‌തര്‍ വെറ്റ,പുകയില നാണയം അടങ്ങിയ ദക്ഷിണ ഭട്ടതിരിക്ക്‌ സമര്‍പ്പിച്ചു. ദക്ഷിണ സ്വീകരിച്ച ശേഷം നായര്‍ കുടുംബാംഗങ്ങളും ദേവസ്വം
ഉദ്യോഗസ്‌ഥരും തോണിയാത്രയ്‌ക്കായി ഒപ്പം കയറി. ഭട്ടതിരിയുടെ അനുജ്‌ഞ ലഭിച്ചതോടെ യാത്രയ്‌ക്ക്‌ തുടക്കമായി. തോണി മൂന്ന്‌ വളളപ്പാട്‌ കിഴക്ക്‌ ദിശയിലേക്ക്‌ തുഴഞ്ഞ്‌ നീങ്ങി വടക്ക്‌ ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ പടിഞ്ഞാറ്‌ ദിശയിലേക്ക്‌ മാറി ആറന്മുള ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ കാട്ടൂര്‍, ചെറുകോല്‍, കോറ്റാത്തൂര്‍, അയിരൂര്‍ തുടങ്ങിയ പളളിയോടങ്ങള്‍ തോണിക്ക്‌ അകമ്പടിയായി തുടക്കത്തില്‍ എത്തി. കാട്ടൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ അയിരൂര്‍ മഠത്തിലെത്തിയ തോണിക്ക്‌ ആദ്യ വരവേല്‍പ്പ്‌ ഇവിടെ ലഭിച്ചു.
മഠത്തിലെ ദീപാരാധനയ്‌ക്കു ശേഷം പുറപ്പെട്ട തോണിക്ക്‌ മേലുകര വെച്ചൂര്‍ മനയിലും സ്വീകരണം ലഭിച്ചു. മനയിലെ ദീപാരാധനയ്‌ക്കും മേളപ്പെരുമയ്‌ക്കും നാരായണീയ പാരായണത്തിനും ശേഷം പുറപ്പെട തോണി ഇടനാട്ട്‌കാവ്‌, തേവരക്കുന്ന്‌ ക്ഷേത്രക്കടവുകളിലും പമ്പയുടെ ഇരുകരകളിലും ഭക്‌തര്‍ മണ്‍ചിരാത്‌ ഒഴുക്കിയും, വായ്‌ക്കുരവയിട്ടും, വഞ്ചിപ്പാട്ട്‌ പാടിയും. വരവേറ്റു. പുലര്‍ച്ചെ നിക്ഷേപ മാലിയിലെത്തിയപ്പോള്‍ തോണിയില്‍ നിന്ന്‌ ഭട്ടതിരി ഒരു പിടി അരി ഐതിഹ്യപ്രകാരം നദിയില്‍ നിക്ഷേപിച്ചു.
വിദൂര പ്രദേശങ്ങളിലെ പള്ളിയോടങ്ങള്‍ ഒഴിച്ചുള്ളവയെല്ലാം ഈ നേരം തോണിയെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. പളളിയോടങ്ങളുടെ അകമ്പടിയോടെ ആയി പിന്നീടുള്ള യാത്ര. കാട്ടൂരില്‍ നിന്നും സ്വീകരിച്ച ദീപവുമായി തോണിയില്‍ നിന്നിറങ്ങിയ ഭട്ടതിരിയെ പളളിയോട സേവാസംഘം, ഉപദേശക സമിതി, കരനാഥന്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ആചാരപരമായി സ്വീകരിക്കും. ക്ഷേത്രത്തിലെത്തി ദീപം ഭട്ടതിരി മേല്‍ശാന്തിക്ക്‌ കൈമാറും. മേല്‍ശാന്തി ഈ ദീപം അടുത്ത ഉത്രാടം നാള്‍ വരേക്കും തെളിയുന്നതിനായി കെടാവിളക്കിലേക്ക്‌് പകരും.
ഈ സമയം ഊട്ടുപുരയില്‍ തിരുവോണസദ്യക്ക്‌ ഒരുക്കങ്ങള്‍ ആരംഭിക്കും. കരക്കാരും ഭട്ടതിരിയും ഭഗവാനൊപ്പം തിരുവോണ സദ്യ കഴിക്കും. തിരുവോണ നാളിലെ ദീപാരാധന തൊഴുന്ന ഭട്ടതിരി ദേവസ്വം ബോര്‍ഡ്‌ നല്‍കുന്ന കിഴിപ്പണം സ്വീകരിച്ച്‌ അത്‌ ഭഗവാന്‌ ദക്ഷിണയായി സമര്‍പ്പിച്ച്‌ അടുത്ത വര്‍ഷവും ഇതിന്‌ അവസരം തരണമെന്ന്‌ പ്രാര്‍ഥിച്ച്‌ ഇറങ്ങി കുമാരനല്ലൂരിന്‌ മടങ്ങും.

Ads by Google
Advertisement
Monday 04 Sep 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW