Tuesday, June 05, 2018 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 04 Sep 2017 01.14 AM

ഇന്ന്‌ തിരുവോണം

uploads/news/2017/09/142965/re4.jpg

ഐതിഹ്യം

ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യകഥകള്‍ ഏറെയാണ്‌. മഹാബലിയുടെ കാലത്തെ ദേശീയ സമൃദ്ധിയെ ഓര്‍മപ്പെടുത്തുകയാണ്‌ ഓണം എന്നതാണ്‌ ഇതില്‍ മുഖ്യം. വര്‍ഷംതോറും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്നു എന്നതാണ്‌ ഇതിനു പിന്നിലെ സങ്കല്‌പം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണ മഹാബലിപ്പെരുമാള്‍ കല്‌പിച്ചുവെന്നതാണ്‌ മറ്റൊരു കഥ.
പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ ഓര്‍മ പുതുക്കലാണ്‌ ഓണമെന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്‌. കേരളത്തില്‍ ഒരുകാലത്ത്‌ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ ഓണമെന്നു മറ്റൊരു വാദമുണ്ട്‌. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ്‌ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക്‌ തിരിച്ചതെന്നും അതിന്റെ സ്‌മരണയാണ്‌ ഓണമെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ വിളവെടുപ്പുത്സവമാണ്‌ ഓണമെന്നും മലബാറില്‍ കൊല്ലവര്‍ഷപ്പിറവി കുറിക്കുന്ന ദിവസമാണ്‌ ഓണമെന്നുമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടു ചരിത്രകാരന്മാര്‍ മുന്നോട്ടുവയ്‌ക്കുന്നു.
ഐതിഹ്യകഥകളെന്തുമാകട്ടെ ഓണം മലയാളിയുടെ പ്രിയപ്പെട്ട ഉത്സവമാണ്‌. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണത്തെ അത്യാഹ്ലാദത്തോടെ വരവേല്‍ക്കുന്നു. മാലോകരെല്ലാരും ഒന്നുപോലെ കഴിഞ്ഞ ഇന്നലെകളെ ഓര്‍മിപ്പിക്കുകയാണ്‌ ഓണക്കാഴ്‌ചകള്‍. ഓണക്കാലത്ത്‌ അണിഞ്ഞൊരുങ്ങുന്ന പ്രകൃതിയും ഈ മഹോത്സവത്തിന്റെ മാറ്റു കൂട്ടുന്നു.

ഓണസദ്യ

ഓണാഘോഷത്തില്‍ പ്രധാനമാണ്‌ ഓണസദ്യയും ഓണപ്പൂക്കളവും. കാര്‍ഷികകേരളത്തില്‍ നിന്നകന്ന മലയാളിക്ക്‌ ഇന്നുപക്ഷേ ഓണസദ്യക്കും ഓണപ്പൂക്കളത്തിനും അന്യസംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വന്നു. മറുനാട്ടില്‍ നിന്നെത്തുന്ന പൂവണ്ടിയും പച്ചക്കറിലോറിയും മലയാളിയുടെ ഓണാഘോഷത്തെ വേറിട്ടതാക്കി. എങ്കിലും ഈഓണക്കാലത്തും നമ്മുടെ ഇന്നലെകളെ ഓര്‍ത്തെടുക്കാന്‍ ഒരവസരം തെളിയുകയാണ്‌.
സമൃദ്ധമായ കേരളീയസദ്യയെ പരിചയപ്പെടുത്തുകയാണ്‌ ഓണസദ്യ. പ്രാദേശിക വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ വിഭവസമൃദ്ധമാണിത്‌. എരിശേരി, കാളന്‍, ഓലന്‍, തോരന്‍, കിച്ചടി, പച്ചടി, സാമ്പാര്‍, പഴന്നുറുക്ക്‌, ഉപ്പേരി, പുളിശേരി, രസം, മോര്‌, അവിയല്‍, ഇഞ്ചിക്കറി, മധുരക്കറി, അച്ചാര്‍, പുളി, ശര്‍ക്കരയുപ്പേരി, കായുപ്പേരി, നെയ്യും പരിപ്പും, പപ്പടം, വിവിധ പായസങ്ങള്‍ തുടങ്ങി ഓണവിഭവങ്ങളുടെ പട്ടിക നീണ്ടതാണ്‌.
നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായ ഈ വിഭവങ്ങളുടെ രുചിഭേദങ്ങള്‍ അറിയാന്‍ കിട്ടുന്ന അവസരം കൂട്ടുകാര്‍ പാഴാക്കരുത്‌. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതും നിശ്‌ചിതമായ ക്രമമുണ്ട്‌. കഴിക്കുന്ന ആളുടെ ഇടതുവശം തുമ്പുവരത്തക്കവിധം ഇടുന്ന തൂശനിലയില്‍ ഇടത്തുനിന്ന്‌ വലത്തോട്ടാണ്‌ വിളമ്പുക. ഈ വിഭവങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിക്കുമ്പോള്‍ അതു നമ്മുടെ നാടിന്റെ സംസ്‌കാരത്തെ തൊട്ടറിയല്‍ കൂടിയാകുന്നു.

ചേരമാന്‍ പെരുമാളും ചിങ്ങവും

ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നു ചേരമാന്‍ പെരുമാള്‍ മഹാരാജാവ്‌ മക്കയിലേക്ക്‌ യാത്രയായതെന്നും ആ നല്ല രാജാവിനോടുള്ള ഭക്‌ത്യാദരങ്ങളുടെ സൂചനയായി ആ ദിവസം കേരളീയര്‍ പുതുവത്സര ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയെന്നുമാണ്‌ മറ്റൊരു കഥ. മലബാര്‍ മാന്വലില്‍ അതിന്റെ കര്‍ത്താവായ ലോഗന്‍ തിരുവോണം മലബാറില്‍ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നു പറയുന്നുണ്ട്‌.

ഓണപ്പൂക്കളം

പ്രത്യേകം മെഴുകിയുണ്ടാക്കിയ കളത്തിലാണ്‌ പൂവിടുക. സാധാരണ കളം വൃത്താകൃതിയിലായിരിക്കും. അത്തംമുതല്‍ പത്തു ദിവസമാണ്‌ ഓണപ്പൂക്കളം. ആദ്യദിവസം ഒരു നിറത്തില്‍ പൂവ്‌ തുടങ്ങി പത്താംദിവസം പത്തു നിറത്തിലുള്ള പൂക്കളിടുന്നു. കളത്തിന്റെ നടുവിലായി ചെമ്പരത്തിപ്പൂ, കോളാമ്പിപ്പൂ തുടങ്ങിയവ ഈര്‍ക്കിലില്‍ കോര്‍ത്ത്‌ കുട കുത്താറുണ്ട്‌.
ഓണക്കാലത്ത്‌ പ്രകൃതിയും പൂത്തൊരുങ്ങി നില്‍ക്കുകയാണ്‌. ചെറുതും വലുതുമായി പല വര്‍ണങ്ങളില്‍ പല ആകൃതികളില്‍ എത്രയെത്രെ പൂക്കള്‍ ഉണ്ടെന്നോ? തുമ്പ, മുക്കുറ്റി, കുമ്പളം, ചെമ്പരത്തി, അരളി, പൂവാങ്കുറുന്നില, കറുക, ഉഴിഞ്ഞ, നിലപ്പന, കൃഷ്‌ണക്രാന്തി, കണ്ണാന്തളി, കദളി, കായാമ്പൂ, കോളാമ്പി, നെല്ലി, അരിപ്പൂവ്‌, മന്ദാരം തുടങ്ങി നമുക്കുചുറ്റുമുള്ള പൂക്കളെ കണ്ടറിയാനും തൊട്ടറിയാനും കൂട്ടുകാര്‍ ശ്രമിക്കുമല്ലോ.
അങ്ങാടിപ്പൂക്കളില്‍നിന്നു വ്യത്യസ്‌തമായി നമ്മുടെ നാട്ടില്‍ കാണുന്ന കുഞ്ഞുപൂക്കളെ അടുത്തറിയാന്‍ കിട്ടുന്ന ഒരവസരവും കൂട്ടുകാര്‍ പാഴാക്കരുത്‌.

തൃക്കാക്കര ഉത്സവം

വാമനന്റെ പ്രതിഷ്‌ഠയുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ തിരുവോണനാളില്‍ തുടങ്ങി ഇരുപത്തേഴു ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു. ചിങ്ങത്തിലെ അത്തം തൊട്ടു തിരുവോണനാളിലെ ആറാട്ടുവരെയുള്ള ഒടുവിലത്തെ പത്തുദിവസത്തെ ഉത്സവം കേരളംമുഴുവന്‍ കൊണ്ടാടിയിരുന്നു. ഇതാണ്‌ ഓണമായി പരിണമിച്ചതെന്നാണ്‌ ചിലരുടെ അഭിപ്രായം.തൃക്കാക്കരയപ്പന്റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്‍പ്പിച്ചതനുസരിച്ചാണ്‌ ഓണം കൊണ്ടാടുന്നതെന്നും അത്തംമുതല്‍ വീട്ടുമുറ്റത്തു തൃക്കാക്കരയപ്പന്റെ രൂപം മണ്ണുകൊണ്ടുണ്ടാക്കി പൂവിടുന്നത്‌ അതിന്റെ അനുസ്‌മരണമാണെന്നുമാണ്‌ മറ്റൊരു വാദം.

ഓണപ്പൊട്ടന്‍

ഉത്രാടം, തിരുവോണം നാളുകളില്‍ വടക്കന്‍ കേരളത്തിലെ വീടുകള്‍തോറും കയറിയിറങ്ങി ഐശ്വര്യം നേരുന്ന തെയ്യക്കോലമാണ്‌ ഓണപ്പൊട്ടന്‍. മഹാബലിയുടെ സങ്കലപമായാണ്‌ ഓണപ്പൊട്ടനെ കാണുന്നത്‌. വര്‍ണകിരീടവും കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയും ചൂടി കുടമണി കുലുക്കി വരുന്ന ഓണപ്പൊട്ടനു പുറകില്‍ ആര്‍പ്പുവിളി യുമായി കുട്ടികളുടെ ഒരു പടയുമുണ്ടാകും. മൂക്കിനു താഴെ നിന്ന്‌ മാറുവരെ ഞാന്നുകിടക്കുന്ന ഓണമഞ്ഞത്താടി ഓണപ്പൊട്ടന്റെ ഒരു സവിശേഷതയാണ്‌. ഒന്നും മിണ്ടാത്തതിനാലാണ്‌ ഇതിന്‌ ഓണപ്പൊട്ടന്‍ എന്ന പേരുവന്നത്‌.

പുലിക്കളി

തൃശൂരിന്റെ തനതു കലാവിഷ്‌കാരമാണ്‌ പുലിക്കളി. തൃശൂരില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ നാലോണനാളിലാണ്‌ പുലിക്കൂട്ടമിറങ്ങുക. വിവിധ ദേശങ്ങളില്‍നിന്നായി നൂറുകണക്കിനു പുലിവേഷക്കാര്‍ തൃശൂര്‍ സ്വരാജ്‌ റൗണ്ടിലെത്തും. മുസ്ലിം ജനതയിലെ പഠാണികള്‍ എന്നു പറയുന്നവരാണ്‌ തൃശൂരില്‍ തുടങ്ങിയതെന്നു പറയുന്നു. പോസ്‌റ്റ് ഓഫീസ്‌ റോഡിലെ മുസ്ലിം പള്ളിക്കും ഈ ആഘോഷവുമായി ബന്ധമുണ്ട്‌.

കുമ്മാട്ടിക്കളി

തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത്‌ നടക്കുന്ന വിനോദമാണ്‌ കുമ്മാട്ടിക്കളി. കവുങ്ങിന്റെ പാളകൊണ്ടുള്ള മുഖാവരണങ്ങളും ശരീരം മുഴുവന്‍ കുമ്മാട്ടിപ്പുല്ലും ഉണങ്ങിയ വാഴയില എന്നിവ വച്ചുകെട്ടിയാണ്‌ കുമ്മാട്ടി കളിക്കുക.

കിളികളി

കിളിത്തട്ട്‌ കളിയെന്നും പറയും. പെണ്‍കുട്ടികളാണ്‌ ഈ കളിയില്‍ പങ്കെടുക്കുന്നത്‌. ഒരു വലിയ കളം വരച്ച്‌ അതിന്റെ ഒരുഭാഗത്ത്‌ ഒരു കുട്ടിയെ നിര്‍ത്തും. മറ്റു കുട്ടികള്‍ കളത്തിലൂടെ ഓടിക്കൊണ്ടിരിക്കും. കിളിയുടെ അടികൊള്ളാതെ മറുവശത്തെത്തുന്നവരാണ്‌ വിജയികള്‍.

തുമ്പിതുള്ളല്‍

സ്‌ത്രീകളുടെ ഓണക്കാല വിനോദമാണ്‌ തുമ്പിതുള്ളല്‍. മധ്യതിരുവിതാംകൂറിലാണ്‌ ഈ കളി കൂടുതല്‍ പ്രചാരത്തിലുള്ളത്‌. പെണ്‍കുട്ടികള്‍ കുളിച്ച്‌ പുതുവസ്‌ത്രമണിഞ്ഞ്‌ വട്ടത്തില്‍ നില്‍ക്കും. അവര്‍ക്കുനടുവില്‍ തുമ്പിയായി ഒരുകുട്ടി ചമ്രം പടിഞ്ഞിരിക്കും. കൈയില്‍ ഒരു തുമ്പച്ചെടി പിടിച്ച്‌ കണ്ണുംപൂട്ടിയാണ്‌ തുമ്പിയിരിക്കുക. ചുറ്റിലുമുള്ളവര്‍ തുമ്പിപ്പാട്ടുകള്‍ പാടും. പാട്ടുകള്‍ മുറുകുമ്പോഴാണ്‌ തുമ്പി ഉറഞ്ഞുതുള്ളുക.

ഓണത്തല്ല്‌

കൈയാങ്കളി, ഓണപ്പട എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ഓണത്തല്ലിനായി പ്രത്യേക സ്‌ഥലം തയ്യാറാക്കും. രണ്ടു ഭാഗങ്ങളായി നിന്നാണ്‌ മത്സരം. ഒരു വശത്തുനിന്ന്‌ ഒരാള്‍വന്ന്‌ എതിരാളിയെ വെല്ലുവിളിക്കും. അപ്പോള്‍ മറുപുറത്തുനിന്നും ഒരാള്‍ വെല്ലുവിളി ഏറ്റെടുത്ത്‌ തല്ലു തുടങ്ങും. കൈ നിവര്‍ത്തി കൈത്തല ഉപയോഗിച്ചേ അടിക്കാവൂ. എതിരാളി ഒഴിഞ്ഞുമാറി മറു കക്ഷിയുടെ വശത്തു കയറിപ്പറ്റണം. ചാടിമറിച്ചില്‍, പൊങ്ങിപ്പറക്കല്‍, കരണംമറിച്ചില്‍ തുടങ്ങി പല രീതികള്‍ മത്സരാര്‍ഥികള്‍ സ്വീകരിക്കും. ഓണത്തല്ലിന്റെ അവസാന റൗണ്ടാണ്‌ അവിട്ടത്തല്ല്‌. പല നാളുകളിലായി തല്ലുകള്‍നടത്തി വിജയികളായ ഒടുവിലത്തെ രണ്ടു സംഘക്കാര്‍ തമ്മിലുള്ള മത്സരമാണിത്‌.

വള്ളംകളി

ഓണക്കാലം ജലോത്സവങ്ങളുടെ കാലം കൂടിയാണ്‌. കുട്ടനാട്ടില്‍ ജലമേളകള്‍ ഓണാഘോഷത്തിന്റെ ഭാഗമാണ്‌. ഓളപ്പരപ്പിലൂടെ കളിവള്ളങ്ങള്‍ തുഴഞ്ഞ്‌ നീങ്ങുന്ന കാഴ്‌ച ഓണക്കാലത്ത്‌ വിനോസഞ്ചാരികള്‍ക്കും അവസ്‌മരണീയ അനുഭവമാകുന്നു.

ഓണക്കിളി

കര്‍ക്കടകത്തിലെ ദുര്‍ഘടങ്ങള്‍ ഒഴിഞ്ഞ്‌ ചിങ്ങപ്പുലരി വന്നെത്താന്‍ കാത്തിരിക്കുന്ന മലയാളിക്കരികില്‍ പ്രതീക്ഷയുമായി എവിടെനിന്നോ പറന്നെത്തുന്ന പക്ഷിയാണ്‌ ഓണക്കിളി. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നൊരു വിശ്വാസം നിലവിലുണ്ടായിരുന്നു.ദേശാടനപക്ഷിയായ യൂറേഷ്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍ എന്ന മഞ്ഞക്കിളിയെയാണ്‌ ഓണക്കിളി എന്നു വിളിക്കുന്നത്‌. വാലിട്ടു കണ്ണെഴുതിയപോലെ കൊക്കില്‍നിന്നു കണ്ണിലേക്കു പടരുന്ന കറുത്ത വരയും ചിറകോരത്തുനിന്ന്‌ വാലറ്റം വരെയുള്ള കറുപ്പു നിറവുമൊഴിച്ചാല്‍ ഇതിനു ദേഹം മുഴുവന്‍ നല്ല കൊന്നപ്പൂവിന്റെ നിറമാണ്‌. ചുണ്ടിന്‌ ഓറഞ്ചു കലര്‍ന്ന ചുവപ്പും.

ഓണത്തുമ്പി

സ്വര്‍ണച്ചാറില്‍ മുങ്ങിയപോലെ തിളങ്ങുന്ന കണ്ണാടിച്ചിറകുമായി ചിങ്ങം പുലരുന്നതോടെ ഓണത്തുമ്പി നെല്‍വയലുകളില്‍ വിരുന്നെത്തുന്നു.പ്രജനനകേന്ദ്രങ്ങളായ വെള്ളക്കെട്ടുള്ള നെല്‍വയലുകളും തോടുകളും ഇല്ലാതായതോടെ ഇവ ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌.

തുമ്പപ്പൂ

അത്തം നാള്‍ തുമ്പയും തുളസിക്കതിരുമാണ്‌ പൂക്കളത്തിന്‌. പ്രധാനം തുമ്പക്കുടംകൊണ്ടാണ്‌ ഓണത്തപ്പനെ അലങ്കരിക്കുന്നത്‌. തൃക്കാക്കരയപ്പനെ വരവേല്‌ക്കാനായി തിരുവോണനാളിന്‌ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേര്‍ക്കാറുണ്ട്‌. കര്‍ക്കടകമാസത്തില്‍ തുമ്പപ്പൂവും വെരുകിന്‍പൂവും ചേര്‍ത്തുകെട്ടി ശ്രീപരമേശ്വരന്‌ അര്‍പ്പിക്കുന്ന തുമ്പയും വെരുകും ചാര്‍ത്തുക എന്നൊരു ചടങ്ങ്‌ മുമ്പുണ്ടായിരുന്നു. കരിത്തുമ്പ, പെരുന്തുമ്പ എന്നീ രണ്ടുതരം തുമ്പച്ചെടികളുണ്ട്‌. തുമ്പച്ചെടിയുടെ ശാസ്‌ത്രനാമം ല്യൂക്കസ്‌ അസ്‌പെര കുടുംബം: ലാമിയേസി.

മുക്കുറ്റി

പൂക്കളത്തിനു സ്വര്‍ണത്തിളക്കമേകാന്‍ മുക്കുറ്റിപ്പൂതന്നെ വേണം. പൂവട്ടിയെക്കാളും മുക്കുറ്റിപ്പൂ ശേഖരിക്കാന്‍ സൗകര്യം പച്ചിലക്കുമ്പിളിലാണ്‌. തുമ്പയെപ്പോലെത്തന്നെ മുക്കുറ്റിയും ഒരൗഷധസസ്യമാണ്‌. മുക്കുറ്റിയുടെ ശാസ്‌ത്രനാമം ബയോഫൈറ്റം സൈന്‍സിറ്റേവം എന്നാണ്‌.

കണ്ണന്റെ കിരീടംപോലെ

കൃഷ്‌ണമുടി എന്നും ഹനുമാന്‍ കിരീടം എന്നും ഇതിനുപേരുണ്ട്‌. മുത്തും രത്നവും പതിപ്പിച്ച കൃഷ്‌ണകിരീടംപോലെയാണീ പൂങ്കുലയുടെ ആകൃതി. പൊന്തക്കാടുകളില്ലാതായതോടെ കൃഷ്‌ണകിരീടവും വംശനാശത്തിന്റെ വക്കിലാണ്‌. ജപ്പാനിലെ പഗോഡയെ ഓര്‍മിപ്പിക്കുന്ന രൂപമായതിനാല്‍ ഇംഗ്ലീഷില്‍ ഇതിന്‌ പഗോഡ പ്ലാന്റ്‌ എന്നും പേരുണ്ട്‌. ക്ലിറോഡെന്‍ഡ്രം പാനിക്കുലേറ്റ എന്നാണിതിന്റെ ശാസ്‌ത്ര നാമം. കുടുംബം വെര്‍ബനേസിയെ.

ഓണക്കളി
ാവക്കൂത്ത്‌

ഉടുക്ക്‌, കിണ്ണം എന്നീ വാദ്യങ്ങളോടെ നടത്തുന്ന പാവകൂത്ത്‌. കൈയുറപ്പാവകളാണ്‌ ഇതിനുപയോഗിക്കുന്നത്‌. ആലപ്പുഴ ജില്ലയിലാണ്‌ ഇത്‌ പ്രചാരം നേടിയത്‌.

ഓണത്താറ്‌

ഓണത്തപ്പന്റെ (മഹാബലി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ ഓണത്താറ്‌. കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ്‌ ഇത്‌ പ്രചാരത്തിലുള്ളത്‌.
ചെറിയൊരു ആണ്‍കുട്ടിയാണ്‌ ഓണത്താറിന്റെ വേഷംകെട്ടുക. അകമ്പടിയായി ചെണ്ടകൊട്ടും പാട്ടുമുണ്ടാകും. വലതുകൈയില്‍ മണിയും ഇടതുകൈയില്‍ ഓണവില്ലും പിടിച്ച്‌ മണിമുട്ടിക്കൊണ്ടാണ്‌ തെയ്യം ആടുന്നത്‌.

കരടികളി

കളിക്കാരന്‍ കരടിയുടെ മുഖംമൂടി ധരിക്കും. കളിക്കായി ശരീരം മുഴുവന്‍ കരിതേച്ച്‌, ഉണങ്ങിയ വാഴയിലകള്‍ ചേര്‍ത്തുണ്ടാക്കിയ ഉടുപ്പ്‌ ധരിക്കുന്നു. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്‌താണ്‌ കരടികളി അവതരിപ്പിക്കുക. മധ്യതിരുവിതാംകൂറിലാണ്‌ കരടികളി പ്രചാരം നേടിയത്‌.

ഉത്രാടസന്ധ്യയിലെ തുയിലുണര്‍ത്തുപാട്ട്‌

ചിങ്ങമാസത്തില്‍ പാണനും പാട്ടിയും വീടുതോറും ചെന്ന്‌ പാടുന്ന പാട്ടാണ്‌ തുയിലുണര്‍ത്തുപാട്ട്‌. ചിങ്ങനിലാവുദിക്കുന്നതുമുതല്‍ അസ്‌തമിക്കുന്നതുവരെയാണ്‌ ഇവര്‍ വീടുതോറും കയറിയിറങ്ങുക. മൂതേവിയെ അകറ്റി ചീപോതി (ശ്രീഭഗവതി)യെ ഓരോ വീട്ടിലേക്കും സ്വാഗതം ചെയ്യുകയാണ്‌ പാട്ടിന്റെ ലക്ഷ്യം. പാണനും പാട്ടിയും ഒരുദിവസം ഏഴുവീട്ടിലേ പാടുകയുള്ളൂ. തുടിയും പുള്ളുവര്‍ വീണയുമാണ്‌ അകമ്പടി വാദ്യങ്ങള്‍.

Ads by Google
Monday 04 Sep 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW