Friday, June 22, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 04 Sep 2017 01.09 AM

നവഭാരത സങ്കല്‍പ്പം പൂവണിയട്ടെ

uploads/news/2017/09/142962/editorial.jpg

മാറ്റങ്ങള്‍ നല്ലതാണ്‌. അത്‌ ക്രിയാത്മകമെങ്കില്‍ കുറേക്കൂടി നല്ലത്‌. ഒന്‍പതു പുതിയ മന്ത്രിമാരെ കൂട്ടിച്ചേര്‍ത്തു കേന്ദ്രമന്ത്രിസഭ വീണ്ടും പുനഃസംഘടിപ്പിച്ചിരിക്കുകയാണ്‌. കഴിവുള്ളവര്‍ നേതൃത്വത്തില്‍ വരുന്നത്‌ രാജ്യത്ത്‌ ശ്രേയസ്‌കരമാണ്‌. കഴിവുപോരെന്നു കാലം തെളിയിക്കുന്നവരെ ഒഴിവാക്കുവാന്‍ സമയത്തെടുക്കുന്ന തീരുമാനവും ഗുണകരമാണ്‌.

കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ ചില സ്വപ്‌നങ്ങള്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷിക്കുന്ന 2022 ന്‌ മുമ്പായി രാജ്യത്തെ പുതുക്കിപ്പണിയാമെന്നും ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാമെന്നും അദ്ദേഹം പ്രത്യാശിച്ചു. നവഭാരതം എന്ന ആ സങ്കല്‍പ്പത്തിലേക്കുള്ള ചുവടുവയ്‌പായി മന്ത്രിസഭാ അഴിച്ചുപണിയെ രാജ്യം നോക്കുകയാണ്‌.

നിര്‍മലാ സീതാരാമന്‍ ക്യാബിനറ്റ്‌ റാങ്കോടുകൂടി കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയാകുമ്പോള്‍ രാജ്യത്തെ സംബന്ധിച്ച്‌ അതൊരു പുതിയൊരു തുടക്കം കൂടിയാണ്‌. രാജ്യത്തെ നിര്‍ണായക പദവികളില്‍ ഇരുന്നിട്ടുള്ള വനിതകള്‍ വളരെക്കുറവാണെന്നു കാണാം. ഭരണതലത്തില്‍ ഒരു ഇന്ദിരാഗാന്ധിയിലൊതുങ്ങുന്ന വനിതാചരിത്രത്തിനു തുടര്‍ച്ചയുണ്ടാകേണ്ട കാലം അതിക്രമിച്ചിരുന്നു. പ്രതിരോധമന്ത്രിയെന്ന നിലയില്‍ നിര്‍മലാ സീതാരാമനില്‍ രാഷ്‌ട്രനേതൃത്വം പുലര്‍ത്തുന്ന പ്രതീക്ഷ രാജ്യത്തിനുമുണ്ട്‌്. മികച്ച പ്രാസംഗികയും വിദ്യാഭ്യാസവിദ്‌ഗ്‌ധയുമായ നിര്‍മല നല്ലൊരു കുടുംബിനി കൂടിയാണെന്ന്‌ പ്രത്യേകം എടുത്തുപറയേണ്ടതാണ്‌.

ഒളിമ്പിക്‌സ്‌ വെള്ളി മെഡല്‍ ജേതാവായ രാജ്യവര്‍ധന്‍ സിങ്‌ റാത്തോഡിനെ കേന്ദ്രകായിക സഹമന്ത്രിയാക്കിയത്‌ രാജ്യത്തെ കായികരംഗത്തിന്‌ ലഭിച്ച അംഗീകാരം തന്നെയാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മൂന്നു സ്വര്‍ണമെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണവും നേടിയ റാത്തോഡിലൂടെ ഇന്ത്യന്‍ കായികരംഗം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നു പ്രതീക്ഷിക്കാം.
ഐടി - ടൂറിസം മന്ത്രിയായി അല്‍ഫോന്‍സ്‌ കണ്ണന്താനം നിയമിക്കപ്പെട്ടത്‌ കേരളത്തിനു ലഭിച്ച പരിഗണനകൂടിയായി വ്യാഖ്യാനിക്കാം. രാഷ്‌ട്രീയ പരിഗണനകളെക്കാള്‍ കഴിവും യോഗ്യതയും മാനദണ്ഡമായ അഴിച്ചുപണിയെന്ന്‌ ഒറ്റനോട്ടത്തില്‍ കാണാം. നാലു മുന്‍സിവില്‍ സര്‍വ്വീസുകാര്‍ പുതിയ മന്ത്രിമാരായത്‌ ഇതിനു പിന്‍ബലമേകുന്നു.

സ്‌ഥാനമോഹികള്‍ ദിവസങ്ങളായി വട്ടമിട്ടിരുന്നുവെങ്കിലും അവര്‍ക്കാര്‍ക്കും പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഇന്നലെ നടന്ന സത്യപ്രതിജ്‌ഞ വ്യക്‌തമാക്കുന്നു. ജെ.ഡി.യു, ശിവസേന, അണ്ണാ ഡി.എം.കെ. തുടങ്ങിയ കക്ഷികള്‍ക്ക്‌ ഇന്നലെ ഇച്‌ഛാഭംഗത്തിന്റെ ദിവസമായിരുന്നു. ഈ ഇച്‌ഛാഭംഗം രാജ്യത്തെ ജനങ്ങള്‍ക്ക്‌ പ്രതീക്ഷയാണ്‌ പകരുന്നത്‌. കഴിവും യോഗ്യതയും മാനദണ്ഡമാകുമ്പോള്‍ ഭരണനിര്‍വഹണശേഷി ഉയരുമെന്ന പ്രതീക്ഷ. രാജ്യത്തെ ജീവിതാവസ്‌ഥയില്‍ മാറ്റം വരുമെന്ന പ്രതീക്ഷ. വാഗ്‌ദാനങ്ങള്‍ ജലരേഖയാകില്ലെന്ന പ്രത്യാശ. അതിനൊപ്പം ഉയരാന്‍ നേതൃത്വത്തിനു കഴിയാനാകുമ്പോള്‍ മാത്രമേ ഈ മാറ്റങ്ങള്‍ കൊണ്ട്‌ എന്തെങ്കിലും ഫലമുണ്ടാകൂ.

എന്നാല്‍ രാഷ്‌ട്രീയ പക്ഷപാതിത്വം മാനദണ്ഡമായില്ലെങ്കിലും സാമുദായിക പ്രാദേശിക താല്‌പര്യം പുനഃസംഘടനയിലുണ്ടെന്ന ആക്ഷേപം ഒറ്റയടിക്കു തള്ളിക്കളയാനാവില്ല. പുനഃസംഘടന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായി മാറുമ്പോള്‍ കബളിപ്പിക്കപ്പെടുന്നത്‌ എന്നും വഞ്ചിക്കപ്പെടുന്ന ജനങ്ങള്‍ തന്നെയാണ്‌. രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെ ഈ മൂല്യച്യുതി തന്നെയാണ്‌ രാഷ്‌ട്രീയകക്ഷികളോട്‌ ജനങ്ങള്‍ക്കു വര്‍ധിച്ചുവരുന്ന അവജ്‌ഞയ്‌ക്കും പുച്‌ഛത്തിനും കാരണമെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഗാന്ധിജിയുടെ സ്വപ്‌നം സഫലമാക്കുവാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അദ്ദേഹം നയിച്ച ബഹുജനസമരങ്ങളിലേക്കും ഒന്നു തിരിഞ്ഞു നോക്കുന്നത്‌ നന്നായിരിക്കും. കാരണം അദ്ദേഹത്തിന്റെ സമരപ്പന്തലുകളും റാലികളും നിറഞ്ഞിരുന്നത്‌ ദിവസക്കൂലിക്കെടുത്ത റാലിത്തൊഴിലാളികളെക്കൊണ്ടായിരുന്നില്ല. ഇത്‌ രാജ്യത്തെ എല്ലാ കക്ഷികള്‍ക്കും സംഭവിച്ച അപചയമാണെന്ന്‌ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളെ നയിക്കുന്നവര്‍ തിരിച്ചറിയേണ്ട കാലം കഴിഞ്ഞു.

സാമുദായിക പ്രാദേശിക വോട്ടുബാങ്കുകളെ തൃപ്‌തിപ്പെടുത്താനുള്ള കുറുക്കുവഴിയായി മാത്രം മന്ത്രിസഭാ പുനഃസംഘടന മാറിയാല്‍ നേരത്തേ എഴുപത്തി മൂന്നായിരുന്ന മന്ത്രിമാരുടെ എണ്ണത്തില്‍ മൂന്നുകൂടി വര്‍ധിച്ച്‌ എഴുപത്തിയാറായി എന്ന ഭാരം ജനങ്ങളുടെ തലയിലേറ്റാം എന്നുമാത്രമാകും ഫലം.

Ads by Google
Monday 04 Sep 2017 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW