Wednesday, June 20, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 04 Sep 2017 01.08 AM

ലൗ ജിഹാദ്‌: നേരും നുണകളും

uploads/news/2017/09/142961/bft1.jpg

ലൗ ജിഹാദ്‌ വീണ്ടും മാധ്യമ ജുഡീഷ്യല്‍ ചര്‍ച്ചകളില്‍ നിറയുകയാണ്‌. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുശേഷമാണു കേരളത്തില്‍ വീണ്ടും ലൗ ജിഹാദ്‌ സംവാദവിഷയമായിരിക്കുന്നത്‌. കഴിഞ്ഞ ദിവസം സംസ്‌ഥാന പോലീസ്‌ മേധാവിതന്നെ ഒരു ഇംഗ്ലീഷ്‌ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ "ലൗ ജിഹാദ്‌" ഉണ്ടെന്നു സൂചിപ്പിക്കുകയും, അതും ഈഴവ പെണ്‍കുട്ടികളെയാണു ലക്ഷ്യംവയ്‌ക്കുന്നതെന്നും പറഞ്ഞതായി ആ മാധ്യമം അച്ചടിച്ചു. എന്നാല്‍ പിന്നീട്‌ പോലീസ്‌ മേധാവി തന്നെ ആ പ്രസ്‌താവനയെ നിഷേധിക്കുകയും ചെയ്‌തു. എന്തായാലും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രണയങ്ങളെയും, മിശ്രവിവാഹങ്ങളെയുംപോലും ഫാസിസ്‌റ്റ്‌ കാലത്തെ മതഭ്രാന്തിന്റെ അളവുകോലുകള്‍വച്ചുകൊണ്ട്‌ മാപിനീവല്‍ക്കരിക്കുന്നു എന്നതാണ്‌ ഈ സംവാദത്തിന്റെ ഏറ്റവും അപകടകരമായ പരിണിതി.
"ലൗ ജിഹാദ്‌" എന്ന പദത്തെ "ലൗ" എന്നും "ജിഹാദ്‌" എന്നും പിരിച്ചെഴുതാം. "ലൗ" എന്ന ഇംഗ്ലീഷ്‌ വാക്കിനു മലയാളത്തില്‍ സ്‌നേഹം, പ്രേമം, പ്രണയം തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഉണ്ട്‌. "ജിഹാദ്‌" എന്നത്‌ പ്രയാസങ്ങളോട്‌ മല്ലിടുക എന്നര്‍ത്ഥം വരുന്ന അറബി പദമാണ്‌.
ഈ വാക്കിനു വ്യക്‌തിഗതമായ ശ്രമം എന്നൊരര്‍ത്ഥം കൂടിയുണ്ട്‌. അല്‍ജിഹാദ്‌ ഫീ സബീലില്ലാഹ്‌ (ദൈവമാര്‍ഗത്തിലെ സമരം) എന്ന രൂപത്തില്‍ ഖുര്‍ആനിലും, ഹദീസുകളിലും ധാരാളമായി വന്നിട്ടുള്ള രൂപമാണു സാധാരണ ഈ പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്‌തിയെ "മുജാഹിദ്‌" എന്ന്‌ വിളിക്കുന്നു.
എന്തായാലും നിഘണ്ടുവിലും ഇസ്ലാമിക പ്രത്യയശാസ്‌ത്രങ്ങളിലും കല്‍പ്പിക്കപ്പെടുന്ന അര്‍ത്ഥമൊന്നുമല്ല കഴിഞ്ഞ പതിറ്റാണ്ടുകളായി ലോകവും ഭരണകൂടങ്ങളും ഈ പദത്തിനു നല്‍കിയിരിക്കുന്നത്‌. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും, വ്യാഖ്യാനമോ, ദുര്‍വ്യാഖ്യാനമോ ചെയ്യപ്പെടുകയും ചെയ്‌തിട്ടുള്ള വാക്കുകളില്‍ ഒന്നാമത്‌ നില്‍ക്കുന്നത്‌ ഒരു പക്ഷേ "ജിഹാദ്‌" എന്ന പദം തന്നെയായിരിക്കും. അതിനു ഇസ്ലാമിതരമായ കാരണങ്ങളെ പഴിക്കാന്‍ മുസ്ലിങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ അത്തരമൊരു തെറ്റിധാരണ പരക്കുന്നതില്‍ പ്രമുഖമായ പങ്ക്‌ ഇസ്ലാമിന്റെ പേരില്‍ ആ മതത്തെ ലോകത്തിനു മുന്നില്‍ വികൃതമാക്കിക്കളഞ്ഞ തീവ്രവാദികള്‍ക്കു തന്നെയാണ്‌.
"ലൗ ജിഹാദ്‌" തികച്ചും വ്യത്യസ്‌തമായ ഒരു രാഷ്‌ട്രീയ സംജ്‌ഞയാണ്‌, വിശേഷിച്ചു കേരളത്തില്‍. ഒരു പ്രത്യേക രാഷ്‌ട്രീയ കാലാവസ്‌ഥയില്‍, വലിയ തോതില്‍ വിളവ്‌ കൊയ്യാനാകുമോ എന്ന്‌ സംഘപരിവാര്‍ നടത്തിയ കേവല പരീക്ഷണം മാത്രമായിരുന്നു അത്‌.
പത്തനംതിട്ടയില്‍ രണ്ട്‌ എം.ബി.എ. വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച്‌ മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചെന്ന കേസ്‌ പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്നു കേരളത്തിലെ ഹൈന്ദവസംഘടനകളും ബി.ജെ.പിയും ആവശ്യമുന്നയിച്ചുതുടങ്ങി. പിന്നീട്‌ കര്‍ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത്‌ വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു. പക്ഷേ, ഉദ്ദേശിച്ചതുപോലെയുള്ള ഒരു രാഷ്‌ട്രീയ നേട്ടം ഇതില്‍നിന്നും കൊയ്യാന്‍ ആയില്ല.
കേരള ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ്‌ മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്‌തമാക്കി. കള്ളക്കടത്ത്‌, മയക്കുമരുന്ന്‌ വ്യാപാരം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങള്‍ക്ക്‌ ബന്ധമുണ്ടെന്നതിന്‌ തെളിവുകളില്ലെന്ന്‌ ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കേസ്‌ പരിഗണിക്കവേ ഹൈക്കോടതി ജസ്‌റ്റിസ്‌ എം. ശശിധരന്‍, ഇടുങ്ങിയ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ ഇത്തരം കുപ്രചാരണങ്ങള്‍ എന്നു വിധിന്യായത്തില്‍ പറഞ്ഞു.
"ലൗ ജിഹാദ്‌" വഴി ദക്ഷിണ കര്‍ണാടകയിലെ 3,000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന്‌ ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന്‌ ഈ ആരോപണത്തെക്കുറിച്ച്‌ ദക്ഷിണ കര്‍ണാടക പോലീസ്‌ ഔദ്യോഗിക വിശദീകരണം നല്‍കി. 2009 സെപ്‌റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണു കാണാതായതായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ എന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ്‌ വ്യക്‌തമാക്കി. ആക്കാലയളവില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍പോലും ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട്‌ ലേഖന പരമ്പരകള്‍ വന്നു.
കൗതുകകരമായ ഒരു കാര്യം, പ്രത്യേകിച്ച്‌ ഒരു സമുദായത്തോടും പ്രത്യേക ചായ്‌വില്ലാത്ത കേരളീയ മാധ്യമങ്ങളില്‍ പോലും ആ വാര്‍ത്തകള്‍ വന്നു. അത്തരം മാധ്യമങ്ങളില്‍ ഉണ്ടായിരുന്ന സംഘപരിവാര്‍ അനുയായികളായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എഡിറ്റര്‍മാരെ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടായിരുന്നു വാര്‍ത്തകളെന്ന്‌ ഇപ്പോള്‍ പല മാധ്യമസുഹൃത്തുക്കള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ സമ്മതിക്കുന്നു .
എന്തായാലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വളരെ അപൂര്‍വമായി മാത്രമേ ഇതു സംബന്ധിച്ച വാര്‍ത്തകളും, പരാമര്‍ശങ്ങളും കാണാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ 2014 സെപ്‌റ്റംബര്‍ 13ന്‌ യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ "ലൗ ജിഹാദ്‌" പ്രചാരണവുമായി ആര്‍.എസ്‌.എസ്‌ വീണ്ടും രംഗത്തുവന്നത്‌.
ലൗ ജിഹാദിന്‌ ഇരയാകുന്ന ഹിന്ദുസ്‌ത്രീകളെ രക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരണമെന്ന്‌ ആര്‍.എസ്‌.എസ്‌ ആവശ്യപ്പെട്ടു. നേരത്തേ സംഘപരിവാറില്‍പ്പെട്ട വി.എച്ച്‌.പി, ബജ്‌റംഗ്‌ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്‌, ധര്‍മ ജാഗരണ്‍ മഞ്ച്‌ എന്നിവ ലൗ ജിഹാദ്‌ പ്രചാരണം നടത്തിയിരുന്നു.
യോഗി ആദിത്യനാഥാണ്‌ ഇതുസംബന്ധിച്ച വിവാദ പ്രസ്‌താവനയുമായി ആദ്യം രംഗത്തിറങ്ങിയത്‌ . ഉത്തര്‍പ്രദേശില്‍ "ലൗജിഹാദ്‌" നിലനില്‍ക്കുന്നുവെന്നും അഖിലേഷ്‌ യാദവിന്റെ സര്‍ക്കാര്‍ അതിനു ചൂട്ടുപിടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുയുവതിയെ മുസ്ലിം വിശ്വാസി വിവാഹംചെയ്‌താല്‍ 100 മുസ്ലിം സ്‌ത്രീകളെ വിവാഹംചെയ്‌തു ഹിന്ദുമതത്തിലേക്ക്‌ മാറ്റണമെന്നും അദ്ദേഹം പിന്നീട്‌ പ്രസംഗിച്ചു.
ഭാഗ്യവശാല്‍ ഉത്തര്‍പ്രദേശില്‍ ലൗജിഹാദിന്‌ ഇതുവരെ രാഷ്‌ട്രീയമായ ശക്‌തി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം യുവതികളൊക്കെ തന്നെ സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഇണകളെ തെരഞ്ഞെടുക്കുന്നത്‌.
മുസഫര്‍നഗര്‍ കലാപത്തിനും അതിനെ തുടര്‍ന്ന്‌ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും ശേഷം "ബാഹു ബേട്ടി ബച്ചാവോ ആന്തോളന്‍" (പെണ്‍മക്കളേയും മരുമക്കളേയും സംരക്ഷിക്കുന്ന പ്രസ്‌ഥാനം) എന്ന പ്രസ്‌ഥാനവുമായി ഇറങ്ങിയയതും ഒരു പാളിപ്പോയ രാഷ്‌ട്രീയ അതിമോഹത്തിന്റെ ക്രൗര്യ രൂപമായിരുന്നു. ദേശീയ തലത്തില്‍ ഗുജറാത്ത്‌ മോഡലിനേയും നരേന്ദ്ര മോഡിയേയും ഉയര്‍ത്തി പിടിച്ചാണു ബി.ജെ.പി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്‌ അമിത്‌ഷായും സംഘവും ഏര്‍പ്പെട്ടത്‌.
"നമ്മുടെ പെണ്‍കുട്ടികളുടേയും മരുമക്കളുടേയും മാനം സംരക്ഷിക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌" എന്നായിരുന്നു സഞ്ചീവ്‌ ബാലിയയുടെ മുദ്രാവാക്യം. തെരഞ്ഞെടുപ്പിനുശേഷം ദേശീയ മാധ്യമങ്ങളില്‍ തട്ടികൊണ്ടു പോകലും, കൂട്ടബലാല്‍സംഗവും നിര്‍ബന്ധ മതപരിവര്‍ത്തനവും നിറഞ്ഞുനിന്നു.
നേരത്തെ മുസഫര്‍നഗറില്‍ നടന്നെന്നു പറയപ്പെട്ട സംഭവം ഓഗസ്‌റ്റ്‌ പകുതിയോടെ തന്നെ വ്യാജമാണെന്നു തെളിഞ്ഞ്‌ കെട്ടടങ്ങുകയാണുണ്ടായത്‌. ആ സംഭവത്തിലെ യുവതി പിന്നീട്‌ താന്‍ സ്വന്തം ഇഷ്‌ടപ്രകാരമാണു കാമുകനോടൊപ്പം വീട്‌ വിട്ടിറങ്ങി പോയതെന്ന്‌ അധികാരികളെ ബോധിപ്പിക്കുകയും തനിക്ക്‌ ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
എന്നിട്ടും "ലൗജിഹാദ്‌" എന്ന വിഷയത്തില്‍ തന്നെയാണ്‌ ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. യു.പിയില്‍ നടക്കുന്ന 99 ശതമാനം ബലാല്‍സംഗ കേസുകളിലേയും പ്രതികള്‍ മുസ്ലിംകളാണെന്ന പച്ചകള്ളം അക്കാലത്തെ യു.പിയിലെ ബി.ജെ.പി പ്രസിഡന്റ്‌ ലക്ഷമീകാന്ദ്‌ ബജ്‌പാല്‍ ആവര്‍ത്തിച്ചു. സംസ്‌ഥാന സര്‍ക്കാര്‍ "ലൗജിഹാദികളെ" സംരക്ഷിക്കുന്ന നിലപാടാണ്‌ എടുക്കുന്നതെന്ന്‌ അദ്ദേഹം ആരോപിക്കുകയുണ്ടായി.
എന്തായാലും 2014 സെപ്‌റ്റംബര്‍ 13ന്‌ യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ്‌ ഫലത്തിലും ലൗജിഹാദ്‌ എന്ന സംഘപരിവാര്‍ ആയുധം ഉത്തര്‍പ്രദേശില്‍ വേണ്ടത്ര ഫലപ്രാപ്‌തിയില്‍ എത്തിയിരുന്നില്ല എന്നത്‌ ആശ്വാസകരമായ രാഷ്‌ട്രീയ ചരിത്രം.
ധാരാളം മതേതര പ്രണയങ്ങളും മിശ്ര വിവാഹങ്ങളും നടക്കുന്ന, പുരോഗമനപരമായ ഒരു സമൂഹമായ കേരളത്തില്‍ പുതിയ കാലത്ത്‌ മിശ്രവിവാഹങ്ങള്‍ പോലും ഫാസിസ്‌റ്റ്‌ ഭീതിയോടെയാണു നടക്കുന്നതെന്ന്‌ യാഥാര്‍ത്ഥ്യമാണ്‌. ചില അപൂര്‍വ അവസരങ്ങളിലെങ്കിലും നമ്മുടെ പോലീസും ജുഡീഷ്യറിയുമെല്ലാം ആഴവും പരപ്പുമുള്ള ഇത്തരം കെണിയില്‍പ്പെട്ട്‌ തെറ്റിദ്ധരിക്കപ്പെടുന്നു എന്നതും അസ്വസ്‌ഥതയുളവയ്‌ക്കുന്ന വസ്‌തുതയാണ്‌.

ജഹാംഗീര്‍ റസാഖ്‌ പാലേരി
ലേഖകന്റെ ഫോണ്‍ നമ്പര്‍: 8136 888 889

Ads by Google
Monday 04 Sep 2017 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW