Saturday, May 19, 2018 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Sunday 03 Sep 2017 08.18 PM

ലുക്കുണ്ടെന്നേ ഉള്ളു, നല്ല ബോറാണ്

സ്‌കോട്ട്‌ലന്‍ഡിലെ പിക്ചര്‍പെര്‍ഫെക്ട് പാടങ്ങളിലൂടെ അരണ്ടവെളിച്ചത്തിലുള്ള കാറോട്ടങ്ങള്‍, കോട്ടും സൂട്ടുമിട്ട കഥാപാത്രങ്ങള്‍, ഹൈക്ലാസ് വില്ലന്മാര്‍, ആഭിചാരത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രകള്‍, ജൂത ഉന്മൂലനം എന്നുവേണ്ട ഒരു ഹോളിവുഡ് സിനിമയ്ക്കുവേണ്ട സകല വിഭവങ്ങളും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട സിനിമയിലുണ്ട്. പക്ഷേ മലയാളസിനിമയ്ക്കുവേണ്ട ഒന്നില്ല, സാമാന്യബോധം.
Adam Joan, secondshow

ആളുകള്‍ പല ടൈപ്പാണ്. ചിലര്‍ ഉള്ളതൊന്നും പുറത്തുകാണിക്കില്ല. മറ്റു ചിലരാവട്ടെ ഒന്നുമില്ലെങ്കിലും 'ഷോ'യ്ക്കു കുറവൊന്നും കാണില്ല. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തുകിടക്കട്ടെ എന്ന ലൈന്‍. ചില നവ മലയാളസിനിമകളും അങ്ങനെ തന്നെയാണ്. സിനിമ ഉടനീളം ഭയങ്കര ബില്‍ഡ് അപ്പ് ആയിരിക്കും. കണ്ടുതീര്‍ക്കുമ്പോഴായിരിക്കും ഉള്ളി പൊളിച്ചപോലെ ഒന്നുമില്ലായിരുന്നു എന്നു മനസിലാകുന്നത്. എന്നാലും കെട്ടുക്കാഴ്ചകളും ചമയങ്ങളും കടം വാങ്ങിയാണെങ്കിലും(ഐ മീന്‍ കോപ്പിയടി) കാട്ടിക്കൂട്ടുന്ന ആഡംബരമൊക്കെ കണ്ട് സംഭവം ക്ലാസാണുകേട്ടോ എന്നൊരു എഫ്.ബി. സ്റ്റാറ്റസ് ഇട്ട് കാശുപോയില്ല എന്നു സ്വയം വിശ്വസിപ്പിക്കാന്‍ നോക്കാം. ആദം ജോവാന്‍ എന്ന പൃഥ്വിരാജ് സിനിമയും ഏതാണ്ട് അതേ കാറ്റഗറിയില്‍ വരുന്നതാണ്. മുടിഞ്ഞ ഗെറ്റപ്പും അളിഞ്ഞ സെറ്റപ്പും.! സംഭവം റിച്ചാണ്, ജൂതപ്രേതം, സ്‌കോട്ട്‌ലന്‍ഡ്, ബ്ലാക് മാസ്, സാത്താന്‍ സേവ, എന്നുവേണ്ട മലയാളത്തില്‍ ഒരു സംവിധായകനും സഞ്ചരിക്കാത്ത വഴിയിലൂടെ (ഭ്രാന്തനെപ്പോലെ എന്നുപറയണോ) സഞ്ചരിച്ചിട്ടുണ്ട് സംവിധായകന്‍ ജിനു വി. ഏബ്രഹാം. കാണാന്‍ കയറുന്ന പാവം മലയാളിയെ സംഭ്രമിപ്പിച്ചു കളയും.

പൃഥ്വിരാജിന്റെ തന്നെ മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ആദം ജോവാന്‍. ദോഷം പറയരുതല്ലോ സ്‌ക്രിപ്റ്റില്‍ ആ 'നിലവാരം' ഒക്കെ നിലനിര്‍ത്തിയിട്ടുണ്ട് ജിനു. അവതരണത്തിലാണെങ്കില്‍ സംഭവം സ്‌റ്റൈലിഷാണ്. സ്‌കോട്ട്‌ലന്‍ഡിലെ പിക്ചര്‍പെര്‍ഫെക്ട് പാടങ്ങളിലൂടെ അരണ്ടവെളിച്ചത്തിലുള്ള കാറോട്ടങ്ങള്‍, കോട്ടും സൂട്ടുമിട്ട കഥാപാത്രങ്ങള്‍, ഹൈക്ലാസ് വില്ലന്മാര്‍, ആഭിചാരത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രകള്‍, ജൂത ഉന്മൂലനം എന്നുവേണ്ട ഒരു ഹോളിവുഡ് സിനിമയ്ക്കുവേണ്ട സകല വിഭവങ്ങളും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട സിനിമയിലുണ്ട്. പക്ഷേ മലയാളസിനിമയ്ക്കുവേണ്ട ഒന്നില്ല, സാമാന്യബോധം.

Adam Joan, secondshow

ഠ മൊത്തം ജൂതന്മാരാ

ജൂതപശ്ചാത്തലത്തില്‍ പറഞ്ഞ പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയുടെ ചിത്രീകരണത്തിനിടെ സെറ്റില്‍ പ്രേതത്തെ കണ്ടിരുന്നു എന്നു ചില വാര്‍ത്തകളൊക്കെ പരന്നിരുന്നു. പബ്ലിസിറ്റി സ്റ്റണ്ടെന്നു കരുതി വിട്ടതാണ്. പക്ഷേ സംഭവം സത്യമാണെന്നു തോന്നുന്നു. ഏതോ ജൂതപ്രേതം അദ്ദേഹത്തിന്റെ കൂടെ കൂടിയിട്ടുണ്ട്. എസ്രയുടെ അതേ ശൈലിയില്‍ പറയുന്ന ആദം ജോവാനിലുമുണ്ട് ഒരു ജൂതലിങ്ക്. ജൂതവേട്ടയാണെന്ന് ആദ്യം കരുതിയത്. പിന്നതു സാത്താന്‍സേവയിലേക്കും കുട്ടിക്കടത്തിലേയ്ക്കും പിന്നെ എവിടെയെക്കെയോ നീങ്ങുന്ന സിനിമ ഒരു ഘട്ടത്തില്‍ ടി.ഡി. രാമകൃഷ്ണന്റെ നോവല്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയെപ്പോലും ഓര്‍മിപ്പിച്ചു. ഒരു ക്ലൂ പോലുമില്ലാതെ തട്ടിക്കൊണ്ടുപോയ സ്വന്തം മകളെ അന്വേഷിച്ചിറങ്ങുന്ന ലിയാം നീല്‍സണിന്റെ ടേക്കണ്‍ സിനിമകളെയും ഒരുപൊടിക്ക് ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷേ ഒരു മുണ്ടക്കയം പ്ലാന്റര്‍ സി.ഐ.എയെും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെയും വെല്ലുന്ന സൂപ്പര്‍കോപ്പായുള്ള പരിണാമം അത്രയ്ക്കങ്ങു ദഹിച്ചില്ല എന്നുവേണം പറയാന്‍.

Adam Joan, secondshow

സിനിമയുടെ ടോട്ടല്‍ മൂഡ് മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന്റേതാണ്. മകളെത്തേടിയുളള, മകളുടെ തിരോധാനം അന്വേഷിച്ചുപോകുന്ന പിതാവിന്റെ കഥയാണ് ജിനുവും പൃഥ്വിയും സംഘവും പറയാന്‍ ശ്രമിക്കുന്നതും. അസ്വഭാവികതകളും അസാധാരണത്വങ്ങളും ഏറെയുണ്ടെങ്കിലും ഒരു മെച്ചപ്പെട്ട ത്രില്ലര്‍ ആകാനുള്ള വകുപ്പ് ആദം ജോവാനിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സ്‌ക്രിപ്റ്റ് അര്‍ഹിക്കുന്ന വേഗതയോ ആഖ്യാന മികവോ ജിനുവിന് കാഴ്ചവയ്ക്കാനായിട്ടില്ല. ആഡംബരകാറുകളുടെ സ്ലോമോഷന്‍ ദൃശ്യങ്ങള്‍, പള്ളികളുടെയും സെമിത്തേരികളുടേയും പഴയ കോട്ടകളുടേയും അതിമനോഹരമായ ആകാശദൃശ്യങ്ങള്‍, കിട്ടിയ എല്ലാ ലാന്‍ഡ്‌സ്‌കേപ്പുകളിലും പൃഥ്വിരാജിനെ നിര്‍ത്തി കാറുകളുടെ പശ്ചാത്തലത്തിലുള്ള ചില ട്രാവല്‍ മാഗസിന്‍ ഫോട്ടോഷൂട്ടുകള്‍ ഇതൊക്കെയാണ് സിനിമയില്‍ കൂടുതലായാളുള്ളത്. ജിത്തു ദാമോദറിന്റെ തകര്‍പ്പന്‍ എന്നു മാത്രം വിശേഷിപ്പിക്കേണ്ട ദൃശ്യങ്ങളും അതിനു കൊഴുപ്പേകുന്ന ദീപക് ദേവിന്റെ പശ്ചാത്തലസംഗീതവും ചേര്‍ന്ന് സിനിമയ്‌ക്കൊരു വേറൊരു തലം ഒരുക്കുന്നുണ്ടെങ്കിലും സങ്കീര്‍ണമായ തിരക്കഥയുടെ വിലപ്പെട്ട സമയം അപഹരിച്ച് ഈ ത്രില്ലറിനെ ഒരു വിരസ ഉല്‍പന്നമായി മാറ്റുകയാണ് അന്തിമഫലത്തില്‍.

ഹൈറേഞ്ചിലെ ന്യൂജനറേഷന്‍ പ്ലാന്ററാണ് ആദം(പൃഥ്വിരാജ്). ആദമിന്റെ ഭാര്യ എമി (മിഷ്ടി ചക്രവര്‍ത്തി) സ്‌കോട്ട്‌ലന്‍ഡില്‍വച്ച് പ്രസവത്തോടെ മരിക്കുന്നു. ഏഴുവര്‍ഷങ്ങള്‍ക്കുശേഷം മകള്‍ ഇളയെ സ്‌കോട്ട്‌ലന്‍ഡില്‍വച്ച് ചില അജ്ഞാതശക്തികള്‍ തട്ടിക്കൊണ്ടുപോകുന്നു. ഇതിന്റെ പിന്നാലെ അന്വേഷിച്ചുപോകുന്ന ആദമിന്റെ കണ്ടെത്തലുകളാണ് ആദം ജോവാന്‍ പറയുന്നത്. ആദമിന്റെ അമ്മയെ വെടിവച്ചുവീഴ്ത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന രംഗത്തോടെയാണു സിനിമ തുടങ്ങുന്നത്. ആദമിന്റെ സഹോദരന്റേയും ഭാര്യയുടേയും(രാഹുല്‍ മാധവ്, ഭാവന) ദുരൂഹമായ ഇടപെടലുകള്‍, അന്വേഷണം ചെന്നെത്തുന്ന ആഭിചാരങ്ങളുടെ ലോകം ഇവയൊക്കെ കൗതുകവും ഉദ്വേഗവും ജനിപ്പിക്കുമെങ്കിലും റബര്‍ പോലെ വലിച്ചുനീട്ടിയുള്ള ആഖ്യാനം നന്നെ മുഷിപ്പിക്കും. നരേന്‍, ലെന, മണിയന്‍ പിള്ള രാജു എന്നിവരാണു മറ്റുവേഷങ്ങളില്‍. പ്രതിനായകരായെത്തുന്നവരില്‍ ഏറെയും പരിചിതരല്ലാത്ത താരങ്ങളാണ്.

Adam Joan, secondshow

സിനിമ ഏറെ സമയവും സ്‌കോട്ട്‌ലന്‍ഡിലെ ദൃശ്യങ്ങള്‍ കാട്ടാനാണ് ചെലവഴിച്ചിട്ടുളളത്. ഹാര്‍ലി ഡേവിഡ്‌സണിലും ആഡംബരകാറുകളിലുമുള്ള പൃഥ്വിയുടെ രാത്രി സഞ്ചാരങ്ങളെ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്. സിനിമയുടെ ഏറിയപങ്കിനും ഒരു ഇരുട്ടിന്റെ ടിന്റഡ് കളര്‍ പശ്ചാത്തലമുണ്ട്. സിനിമ പങ്കുവയ്ക്കാനുദ്ദേശിക്കുന്ന ഒരു ഗ്രേ മാറ്ററിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുളളതാണെന്നു തോന്നുന്നു ഈ ബില്‍ഡ് അപ്പ്. സത്യം പറഞ്ഞാല്‍ കാഴ്ച്ചക്കാരനെ ഒന്നു വിരട്ടാന്‍വേണ്ടി മാത്രമുളളതാണിതൊക്കെ. ആ കെട്ടുകാഴ്ചകളില്ലായിരുന്നെങ്കില്‍ അകവും പുറവും ശൂന്യമായിപ്പോയ വെറും ആവര്‍ത്തന ത്രില്ലര്‍ മാത്രമാകുമായിരുന്നു ആദം ജോഹാന്‍ എന്നതും മറ്റൊരു പരമാര്‍ഥം.

ഏതാണ്ടു മുക്കാല്‍പങ്കും പൃഥ്വിരാജിന്റെ കേന്ദ്രകഥാപാത്രത്തെ ആശ്രയിച്ചാണു സിനിമ മുന്നേറുന്നത്. എസ്രയും സെവന്‍ത് ഡേയിലും കണ്ട ആ കൃത്രിമ ഗൗരവവും ശരീരചലനങ്ങളും ആവര്‍ത്തിക്കുന്ന പൃഥ്വിരാജിന്റെ വൈകാരിക ഭാവങ്ങള്‍ക്ക് മകളെ നഷ്ടപ്പെട്ട പിതാവിന്റെയല്ല, ആഭിചാരരഹസ്യങ്ങള്‍ തേടിപ്പോകുന്ന അന്വേഷകന്റെ നിറമാണ്. ഒരുപാട്ടിനുള്ളില്‍ പ്രേമിച്ചു കല്യാണം കഴിച്ചു പ്രസവിച്ചു മരിക്കാനാണു നായിക മിഷ്ടിയുടെ യോഗവും. എമിയുടെ ജൂതപശ്ചാത്തലമൊക്കെ ഒരു കോമഡിയാണ്. പള്ളിയില്‍ ക്വയര്‍ പാടാന്‍ വരുന്ന ജൂതപ്പെണ്‍കുട്ടി. നരേനും ഭാവനയും രാഹുല്‍മാധവും ദുരൂഹതകള്‍ക്കുള്ളിലെ ദുരൂഹതകളായി തുടരുന്ന കഥാപാത്രങ്ങളാണ്. ലെനയും ഒറ്റ സീനില്‍ മാത്രമെത്തുന്ന കെ.പി.എ.സി. ലളിതയും തങ്ങളുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

Adam Joan, secondshow

ത്രില്ലര്‍ ഗണത്തില്‍ പൃഥ്വരാജിന്റേതായി ഒരുവര്‍ഷത്തിനുള്ളില്‍ ഇറങ്ങുന്ന മൂന്നാമത്തെ സിനിമയാണിത്. ടിയാന്‍ കൂടി കണക്കിലെടുത്താല്‍ വമ്പന്‍ ബജറ്റില്‍ ഇറക്കിയ നാലാമത്തെ സിനിമ. സാങ്കേതിക, ദൃശ്യവിന്യാസങ്ങളിലും അവതരണമികവിലും ഈ സിനിമകള്‍ പുലര്‍ത്തുന്ന മേന്മ മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്നതാണെങ്കിലും പലതിന്റെയും അടിസ്ഥാനചട്ടക്കൂട് ദുര്‍ബലമോ ഒട്ടുമേ തന്നെ മൗലികമോ അല്ല എന്ന ഒരു പ്രശ്‌നമുണ്ട്. സിനിമകളുടെ മേക്കിങ്ങില്‍ നിലവാരം വേണം എന്ന നിര്‍ബന്ധം നല്ലതാണ്. അതുപോലെ തന്നെ ആ ഗുണം സ്‌ക്രിപ്റ്റുകളുടെ തെരഞ്ഞെടുപ്പില്‍ കൂടി പുലര്‍ത്തുന്നതു നന്നായിരിക്കും. അല്ലെങ്കില്‍ ഇതുപോലെ ലുക്കുമാത്രമേ കാണു. ഉള്ളു കാലിയായിരിക്കും.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW