Thursday, June 07, 2018 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.44 AM

ഗന്ധങ്ങളുടെയും രുചികളുടെയും വിത്തുകള്‍

uploads/news/2017/09/142757/sun2.jpg

ജീവിക്കാന്‍ വേണ്ടി നാടു വിട്ടിറങ്ങുന്നവന്‍ സ്വത്വത്തോടൊപ്പം കൂടെക്കൊണ്ടു പോകുന്നത്‌ ഭൂതകാല ഓര്‍മ്മകളും നാട്ടുശീലങ്ങളും ആഘോഷങ്ങളുമാണ്‌. ഇവ മൂന്നും ഓരോ മലയാളിയുടെയും ഉള്ളിന്റെയുള്ളില്‍ ലോകത്തെവിടെ ജീവിക്കുമ്പോഴും സ്‌ഥായിയായി നിലകൊള്ളുന്നുണ്ട്‌.
അതുകൊണ്ടാവാം ആഗോളവത്‌കരണവും ഉപഭോഗസംസ്‌കാരവും നാട്ടുനന്‍മകളെയും വിശുദ്ധിയേയും മൊത്തം വെട്ടിവിഴുങ്ങി, നമ്മുടെ പല ആഘോഷങ്ങളുടെയും നിറംകെടുത്തിക്കളഞ്ഞിട്ടും പ്രവാസികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളുടെ മനസില്‍നിന്നും ഇനിയും മലയാളിത്തം കുടിയിറങ്ങിപ്പോകാത്തത്‌. ഒരുപക്ഷെ, ഇന്ന്‌ ലോകത്തിന്റെ വിവിധരാജ്യങ്ങളില്‍ പണിയെടുത്തു ജിവിക്കുന്ന മനുഷ്യരിലാണ്‌ കേരളം അതിന്റെ എല്ലാവിധ തനിമകളോടെയും സജീവമായി നിലനില്‍ക്കുന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അവരിലാണ്‌ ഇന്നും നമ്മുടെ പല ഗന്ധങ്ങളുടെയും രുചികളുടെയും ആചാരനുഷ്‌ഠാനങ്ങളുടെയും വിത്തുകള്‍ ഏതു പ്രതികൂലാവസ്‌ഥയിലും മുളച്ചുകൊണ്ടിരിക്കുന്നത്‌.
കൃത്രിമപ്പൂക്കളും വിഷം കലര്‍ന്ന പച്ചക്കറികളും മായം കലര്‍ത്തിയ മട്ടരിയും എന്തിന്‌, വാഴയില വരെ നാട്ടിലുള്ളവര്‍ക്ക്‌ അന്യസംസ്‌ഥാനങ്ങളില്‍നിന്നാണ്‌ വരുന്നത്‌. പൊള്ളുന്ന വിലകൊടുത്ത്‌ അതെല്ലാം വാങ്ങി, പേരിനൊരു ചടങ്ങു നടത്തി, കിട്ടിയ അവധി ഗംഭീരമായി ആഘോഷിക്കുകയണ്‌ കേരളത്തിലുള്ള പഴയവരും പുതിയവരും. മാത്രവുമല്ല, പത്രങ്ങളും ചാനല്‍ മുതലാളിമാരും കുത്തകകളും പാകം ചെയ്‌തു അവതരിപ്പിക്കുന്ന ന്യൂജനറേഷന്‍ പരിപാടികളിലേക്ക്‌ ആഘോഷങ്ങള്‍ ചുരുങ്ങിപ്പോകുകയും ചെയ്‌തു.
എല്ലാ ഉല്‍സവങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം പരസ്‌പരസ്‌നേഹവും സാഹോദര്യവും മാനവികതയും ഊട്ടിയുറപ്പിക്കുക എന്നതാണെന്ന കാര്യം പോലും ഇന്ന്‌ മറവിയുടെ ആഴങ്ങളിലേക്ക്‌ തള്ളിയിട്ടിരിക്കുന്നു. ചുരുക്കത്തില്‍ നാടു വിട്ട മനുഷ്യരോടൊപ്പം പുറത്തേക്കിറങ്ങിപ്പോന്ന ആഘോഷങ്ങളില്‍ പ്രധാനിയാണ്‌ ഓണം. കെട്ടുകഥകളുടെ ആഴമില്ലായ്‌മയിലേക്കോ ഐതിഹ്യങ്ങളുടെ നിറം പിടിപ്പിച്ച കഥകളിലേക്കോ കണ്ണെറിയാതെ ഏവരുടെയും ആഘോഷമായി മാറുന്നു എന്നതാണ്‌ ഓണത്തിന്റെ അന്തസ്സത്ത. അതുകൊണ്ടാണ്‌ നമ്മുടെയൊക്കെ മനസ്സുകളില്‍ ഓണം കടന്നു വരുമ്പോള്‍ സ്‌നേഹത്തിന്റെ പൂവിളികള്‍ നിലയില്ലാതെ ഉയരുന്നത്‌.
പ്രവാസിയുടെ ഓണം മറെറല്ലാ ആഘോഷങ്ങളേയും പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ആചാരമാണ്‌. ഈ വര്‍ഷത്തെ ഓണദിനം തൊട്ട്‌ അടുത്ത വര്‍ഷം ചിങ്ങം വരെ അവരത്‌ ആഘോഷിച്ചു കൊണ്ടേയിരിക്കും. തങ്ങളുടെ ജോലിസമയത്തിനനുസരിച്ചും ജീവിക്കുന്നിടത്തെ ഭൗതിക സാഹചര്യത്തിനനുസരിച്ചും ആഘോഷങ്ങളുടെ രീതിയും സമയവും മാററി പൗരാണികമായ ആ മിത്തിനോട്‌് നീതി പുലര്‍ത്തുന്നു അവര്‍. ഓരോ ഓണവും വ്യത്യസ്‌ത അനുഭവങ്ങളാണ്‌ എനിക്ക്‌ പ്രധാനം ചെയ്‌തിട്ടുള്ളത്‌. വിദേശ രാജ്യങ്ങളിലെ ഓണത്തിനുള്ള എല്ലാ വിഭവങ്ങളും കേരളത്തിലെത്തുന്നതിനും മുമ്പെ ഇവിടെയെത്തുന്നു.
പഴയ കാലത്തെ അപേക്ഷിച്ച്‌, വാഴയിലയൊക്കെ ഇന്നിപ്പോള്‍ വിദേശങ്ങളില്‍ത്തന്നെ കിട്ടിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ ഏറെ കൗതുകകരം. മാത്രവുമല്ല, ഓരോ സംഘടനകളും വ്യത്യസ്‌ത രീതികളിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും സമൂഹ ഓണസദ്യ ഉണ്ടാക്കുകയും ചെയ്യുന്നു. ജിദ്ദയിലെ ഒരു പ്രമുഖ സംഘടന ഓണാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ പാചക മല്‍സരത്തില്‍ പങ്കെടുക്കാനും രുചി നോക്കി വിധി നിര്‍ണ്ണയിക്കാനും ഭാഗ്യമുണ്ടായത്‌ ഓര്‍ത്തുപോകുന്നു. അന്ന്‌, ഞാനേററവും കൂടുതല്‍ ടേസ്‌ററു നോക്കിയത്‌ വിവിധ തരത്തിലുണ്ടാക്കിയ പായസങ്ങളായിരുന്നു. അങ്ങനെ വിവിധ കൂട്ടായ്‌മകളൂം സംഘടനകളും കേരളോല്‍സവങ്ങള്‍ നടത്തുമ്പോള്‍ മലയാളി തന്റെ തനതായ വേഷവിധാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും സന്തോഷം ജനിപ്പിക്കുന്നതും ആനന്ദകരവുമാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ഇതിലൊക്കെ വലിയൊരു തമാശ, വെള്ളിയാഴ്‌ചയല്ലാത്ത ഏതു ദിവസം ഓണം വന്നെത്തിയാലും ഓണാഘോഷം തൊട്ടടുത്ത അവധി ദിവസമായ വെള്ളിയാഴ്‌ചയിലേക്ക്‌ മാററി വെക്കുകയാണ്‌ പ്രവാസികള്‍.
ഓണം വന്നാല്‍ കൊഴുക്കുന്നത്‌ മലയാളി റെസ്‌റേറാറന്റുകളും പച്ചക്കറിക്കടകളുമാണ്‌. ഒരു തിരുവോണസ്സദ്യക്ക്‌ മുപ്പതും മുപ്പത്തഞ്ചും റിയാലാണ്‌ അവര്‍ ഈടാക്കുന്നത്‌. ഞാന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ മലയാളികളെല്ലാവരും ഒത്തുചേര്‍ന്ന്‌, നഗരത്തിലെ പ്രശസ്‌തമായ മലയാളി ഹോട്ടലില്‍ നേരത്തെത്തന്നെ ഓണസ്സദ്യ ബുക്ക്‌ ചെയ്‌ത് പതിനൊന്നുമണിയോടെ ഓണം ഉണ്ടു ഓഫീസിലേക്ക്‌ തിരിച്ചു വരികയാണ്‌ പതിവ്‌. അതാണ്‌ സത്യത്തില്‍ ഓണാഘോഷത്തിന്റെ തുടക്കം. അതില്‍ നിന്നു കിട്ടുന്ന ആനന്ദമാണ്‌ ഞങ്ങള്‍ക്കേററവും പ്രിയങ്കരം.
മറെറാരു പ്രത്യേകത, നാട്ടിലെപ്പോലെ സുഹൃത്തുക്കളെ വീട്ടിലേക്ക്‌ ക്ഷണിച്ച്‌ ഓണസ്സദ്യ വിളമ്പി സന്തോഷം പങ്കിടുന്ന സമ്പ്രദായം സൗദി അറേബ്യന്‍ പ്രവാസി കുടുംബങ്ങളില്‍ കാണുന്നില്ല എന്നതാണ്‌. ഒരു പക്ഷെ, സദ്യയുണ്ടാക്കാനുള്ള കുടുംബിനികളുടെ ബുദ്ധിമുട്ടും മടിയുമൊക്കെയാവാം ഇതിനു പിന്നില്‍. സംഘടനകള്‍ നടത്തുന്ന സമൂഹ ഓണസ്സദ്യയിലേക്കല്ലാതെ സൗഹൃദത്തിന്റെ പേരില്‍ ഓണസ്സദ്യയില്‍ പങ്കെടുത്ത ഓര്‍മ്മ എനിക്കില്ല.
നാട്ടിലാവട്ടെ, അയല്‍പക്കത്തെ വീട്ടില്‍ നമ്മളെത്തിയില്ലെങ്കില്‍ വലിയ പിണക്കത്തിലേക്ക്‌ വരെ കാര്യങ്ങള്‍ നീങ്ങിപ്പോകാറുണ്ട്‌. മാവേലിയെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ നാടു സന്ദര്‍ശിക്കാന്‍ ഭാഗ്യമുള്ളവരും ഇല്ലാത്തവരും വിദേശങ്ങളില്‍ ധാരാളമുണ്ടെങ്കിലും ഓണക്കാലമാവുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഒരു പോലെ നാടും നാട്ടുകാരും ഗ്രാമവും ഉണരുക പതിവാണ്‌.
ആ മധുരതരമായ ഓര്‍മ്മകളില്‍ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍ മറെറാരു കേരളമുണ്ടാക്കി പൂക്കളമിട്ടും ഓണസ്സദ്യയുണ്ടാക്കിയും ആനന്ദിച്ചും ആഘോഷങ്ങള്‍ നടത്തിയും കാലങ്ങളായി അവര്‍ ജീവിതം തള്ളിനീക്കുന്നു. സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഒരുമയുടെയും ഒരു നാടു സ്വപ്‌നം കണ്ടുകൊണ്ടാണ്‌ മഹാബലിയെപ്പോലെ ഓരോ പ്രവാസിയും വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നത്‌. ഇന്നല്ലെങ്കില്‍ നാളെ ആ മനോഹാരതയിലേക്കും പച്ചപ്പിലേക്കും സര്‍വ്വോപരി പുറപ്പെട്ടു പോന്ന സ്വന്തം മണ്ണിലേക്കുമുള്ള ഒരു തിരിച്ചു പോക്കാണ്‌ ഓരോരുത്തരുടെയും സ്വപ്‌നം

അബു ഇരിങ്ങാട്ടിരി

Ads by Google
Sunday 03 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW