Saturday, May 19, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.44 AM

ഓണത്തപ്പന്‌ വഴി വേണം

uploads/news/2017/09/142756/sun1.jpg

ഒരുപാടെല്ലാം കണ്ടും കേട്ടും കണ്ണുമിഴിച്ചും മുഖം ചുളിച്ചും തലകുനിയുന്ന നാളുകള്‍. ആഘോഷങ്ങളുടെ പളപളപ്പ്‌. വിലക്കയറ്റങ്ങളുടെ പെരുമഴ. പിടിച്ചുപറി, തട്ടിക്കൊണ്ടുപോക്ക്‌. എല്ലാം കെട്ടുപൊട്ടിച്ചിറങ്ങുന്ന കാലം.
പരുക്കേല്‍ക്കാതെ ഒതുങ്ങിക്കൂടാന്‍ നോക്കുമ്പോള്‍ ഓര്‍മകള്‍ നെടുവീര്‍പ്പുകളുടെ അകമ്പടിയോടെ അങ്ങോട്ടുപോകുന്നു. പിറന്നു വളര്‍ന്ന്‌ എല്ലാത്തിനും പങ്കാളിയാകാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്‌ ഒരു മലയോരത്തെ കുഗ്രാമത്തില്‍നിന്നായിരുന്നു.
ഇപ്പോഴും ആ സ്‌ഥലമുണ്ടെങ്കിലും പരിഷ്‌കാരങ്ങള്‍ പഴയതൊക്കെ ഇല്ലെന്നാക്കി റോഡുകള്‍, ഇലക്‌ട്രിക്‌, ടെലഫോണ്‍ ലൈനുകളുണ്ടായി. ടവറുകള്‍ക്കു മുകളില്‍ ആകാശത്തേക്ക്‌ വായ്‌ തുറന്ന കുടകള്‍, ആളുകളുടെ മനസുകളില്‍ പലതും കടന്നുകൂടി, പഴയതു പലതും ചോര്‍ന്നുപോയി.
സ്‌നേഹം, സൗഹാര്‍ദ്ദം, സന്തോഷം, പഴയതുപോലെ ചിരിച്ചുകൊണ്ട്‌, അടുത്തുവന്നു ലോഹ്യവും ക്ഷേമവും ചോദിക്കുന്നവരുണ്ടോ?
സംശയത്തോടെ പുകഞ്ഞുനോക്കുന്ന കണ്ണുകളാണെങ്ങും. ആരെയും വിശ്വാസമില്ല. തട്ടിപ്പിനും വെട്ടിപ്പിനും ഇരയായാലോ? പരിഷ്‌കാരങ്ങള്‍ കെട്ടിയേല്‍പിച്ച പുതുമകളുമായി മനംമാറിയ മനുഷ്യര്‍, മറ്റുള്ളവരെ പേടിച്ചും സംശയിച്ചും വീടുകള്‍ക്കു ചുറ്റും മതിലുകളും വേലികളും കെട്ടി അകവേ സുരക്ഷിതരായി. ഒന്നുമില്ലാത്തവരെയും ദുര്‍ബലരെയും ആരുമറിയുന്നില്ല.
ഗ്രാമത്തിലെ ധനശേഷി കുറഞ്ഞവരില്‍ ഒരുകൂട്ടര്‍, കാടോരങ്ങള്‍ വെട്ടി ചുട്ടൊരുക്കി കരനെല്ലു കൃഷി ചെയ്യുമായിരുന്നു. അവരും ഓണമാഘോഷിക്കും. മൂപ്പുകുറഞ്ഞ വിത്തു വിതച്ചത്‌ വിളഞ്ഞു.
കൊയ്‌തു മെതിച്ചു നെല്ലു പുഴുങ്ങിയുണക്കി കുത്തി അരിയാക്കും. നെല്ലു വറുത്തിടിച്ച്‌ അവലുണ്ടാക്കും. കര്‍ക്കടകം അവസാന നാളിനു മുമ്പേ പുത്തരിയൂണ്‌. എന്നാലേ ചിങ്ങത്തിലെ തിരുവോണത്തിന്‌ പുനെല്ലരിയുടെ ചോറുണ്ണാന്‍ കഴിയൂ. കറികള്‍ക്കു പയറും പീച്ചിങ്ങയും മത്തങ്ങയുമൊക്കെ പാകമായിട്ടുണ്ടാകും. അവരുടെ ഗൃഹങ്ങളിലും ഓണത്തപ്പന്‍ ചെല്ലുമത്രെ. വിഷമില്ലാത്ത ചോറും കറികളും രുചിക്കാന്‍ അദ്ദേഹത്തിനും ഇഷ്‌ടമായിരിക്കും.
പരിഷ്‌കാരങ്ങള്‍ അവരെക്കൊണ്ടും പലതും വേണ്ടെന്നുവയ്‌പിച്ചു. നാവനക്കാതെയും പരസ്‌പരം നോക്കാതെയും കണ്ണു മിഴിച്ചു മുമ്പിലിരിക്കാന്‍ സ്വീകരണമുറികളില്‍ ടെലിവിഷന്‍, അതില്‍ക്കാണാമല്ലോ സ്വര്‍ണക്കസവുള്ള വേഷ്‌ടിയുടുത്ത്‌ തലയില്‍ കിരീടവും ഓലക്കുടഷേപ്പില്‍ പണിത സ്വര്‍ണക്കുടയും കനത്ത കൊമ്പന്‍ മീശയും പെരുവയറിനുമീതെ പൂണുലുമായി ഉരുണ്ടുരുണ്ടു വരുന്നൊരു സത്വം. മാവേലി, ഏതു പാതാളത്തില്‍നിന്നാണു വരവെന്നറിയില്ല.
മഹാബലി ശക്‌തനും ബുദ്ധിമാനും ഉദാരനുമായ ചക്രവര്‍ത്തിയും സമര്‍ഥനായ പോരാളിയുമായിരുന്നില്ലെ? ടെലിവിഷന്‍ മാവേലി ഒരു കോമാളി കഥാപാത്രമെന്നു പ്രത്യേകം പറയേണ്ടല്ലോ.
മനുഷ്യത്വവും സാഹോദര്യവുംകൊണ്ട്‌ സമൃദ്ധമായിരുന്ന ഗ്രാമങ്ങള്‍ പലകാലം പൂക്കള്‍ ചൂടി. ആളുകള്‍ ഹര്‍ഷാരവങ്ങളോടെ ഓണത്തപ്പനെ എതിരേറ്റു- പൂക്കള്‍ പറിക്കാനും തെങ്ങോലയില്‍ പച്ചില ചുരുട്ടിവച്ചു പന്തു മെടഞ്ഞും തലപ്പന്തും കുട്ടിയും കോലുമൊക്കെ കളിക്കാനും ഓടി നടന്നവരുടെ കൂട്ടത്തില്‍ പല പയ്യന്മാരുമുണ്ടായിരുന്നു. അതിലൊരാളായിരുന്നവന്‍ നിഷ്‌ക്കളങ്കമായ പഴയകാലത്തെ ഓര്‍ത്തുപോവുകയാണ്‌.
കുടിയില്‍നിന്നും മലയോരത്തേക്കു റോഡുകളില്ലായിരുന്നു. വഴിവിളക്കുമില്ല. കല്ലിനും കുറ്റിക്കും ഒഴിഞ്ഞും വളഞ്ഞും പറമ്പുകളിലൂടെയും തോട്ടരികിലൂടെയും തോടുകടന്നും കുഗ്രാമമായ മലയോരത്തെ വീടുകളില്‍ച്ചെല്ലാനുള്ള വഴികള്‍ക്ക്‌ ഒരടിയിലേറെ വീതിയുണ്ടാവില്ല.
മഴയൊന്നു മാറിയ നാളുകളായിരിക്കും. പറമ്പുകളിലും കാടുകളിലുമെല്ലാം പലതരം പൂക്കള്‍ വിരിഞ്ഞുനില്‍ക്കും. ഓണത്തപ്പന്റെ വരവുണ്ടെന്ന വിളംബരം- കുടികളില്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. നല്ല വീതിയില്‍ തെളിച്ചിട്ട വഴികള്‍. മുറ്റവും പരിസരവും വൃത്തിയാക്കിയത്‌. വീടിന്റെ ചുമരുകള്‍ തൂത്തു തുടച്ച്‌, പച്ചരി പൊടിച്ചു കലക്കിയതില്‍ കൈപ്പത്തി മുക്കി ചുവരുകളില്‍ പതിക്കും. അപൂര്‍വം ചില കലാരൂപങ്ങളും ത്രികോണങ്ങളും വരയ്‌ക്കും.
മലയോരത്തുകാരും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കും. വീടുകളുടെ മുന്‍വശം നടുമുറ്റത്ത്‌ ഒരുവട്ടം ചാണകം മെഴുകി വൃത്തിയാക്കും. അതിനു നടുവിലായി അത്തം നാളില്‍ മണ്ണുകുഴച്ച്‌ ഒരു വളയമുണ്ടാക്കും. പിള്ളേര്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എങ്ങും ഓടിനടന്നു പൂക്കള്‍ കൊണ്ടുവരും. പൂക്കള്‍ ഈര്‍ക്കിലില്‍ കൊരുത്തു വളയത്തില്‍ നാട്ടും. വളയത്തിനകത്തും ചുറ്റിലുമായി പൂക്കള്‍ കൊണ്ടുള്ള അലങ്കാരം. രണ്ടാംനാള്‍ ആദ്യത്തെ വളയത്തിനകത്തായി രണ്ടാമത്തേത്‌. ദിവസങ്ങള്‍ കഴിയുമ്പോള്‍ അകത്തെ വളയങ്ങള്‍ക്കു വട്ടം കുറഞ്ഞും പൊക്കം ശകലം കൂടിയും വരും.
ഓണത്തപ്പന്‍ എഴുന്നെള്ളി അലങ്കാരങ്ങള്‍ കണ്ടു സന്തോഷിച്ചു ആഘോഷങ്ങളില്‍ പങ്കുകൊണ്ടു ഇനി അടുത്തകൊല്ലം വരാം നിങ്ങളെല്ലാവരും സുഖവും സന്തോഷവുമായിക്കഴിയുവിന്‍. അദ്ദേഹം തിരിച്ചു നടക്കും.
കുളിച്ചു ചന്ദനക്കുറി തൊട്ട്‌ കോടിയുടുത്ത കുട്ടികള്‍, ഉള്ള സ്‌ഥലത്തു കളികള്‍ തുടങ്ങി. ഓണസദ്യയുണ്ട്‌ അപ്പൂപ്പനോടൊപ്പം കളികള്‍ കണ്ടുകൊണ്ടിരുന്ന വികലാംഗനായ കുട്ടി ചോദിച്ചു: ''ഈ ഓണത്തപ്പന്‍ ആരാ അപ്പാപ്പാ?'' അതോ, മാവേലി എന്നൊരു രാജാവൊണ്ടായിരുന്നുപോലും. അങ്ങു പാതാളത്തിലെങ്ങാണ്ടാ കൊട്ടാരം. പ്രജകളെല്ലം സുഖമായിക്കഴിയുന്നൊണ്ടോ എന്നറിയാന്‍, ആ രാജാവ്‌ കൊല്ലത്തിലൊരിക്കല്‍ പൂമീലേക്കെഴുന്നെള്ളുമെന്നാ പറയണെ. അന്നാ തിരുവോണം. ''നമ്മടെ വീട്ടിലൊക്കെ വരുവോ?'' ങും.
അപ്പാപ്പന്‍ മുറ്റത്തേക്കെത്തുന്ന തെളിഞ്ഞ വഴിയിലേക്കു നോക്കി. ഓണത്തപ്പന്‍ വന്നൊണ്ടോ?

നാരായന്‍

Ads by Google
Sunday 03 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW