Monday, May 28, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.44 AM

ഓണക്കവിതകള്‍...

uploads/news/2017/09/142754/sun5.jpg

വീട്ടുവഴി

വീട്ടുവഴിയില്‍ നിന്നിറയത്തു നോക്കുമ്പോള്‍
'വരികെ'ന്നു ചൊല്ലുവാനാരുമില്ല.
പൂമുഖപ്പടിയില്ല, തുളസിത്തറയില്ല
അച്‌ഛന്റെ ചാരുകസേരയില്ല- മുറ്റ-
ത്തോണത്തിന്നത്തപ്പൂക്കളവുമില്ല..

ഏഴരവെളുപ്പിന്‌ നാമജപത്തിനായ്‌
മെല്ലെയുണര്‍ത്തിയോരമ്മയില്ല
തോഴരോടൊത്ത്‌ തൊടിയിലേക്കോടുവാന്‍
പൂക്കുമ്പിള്‍ കുത്തിയ പെങ്ങളില്ല-ഓണം
ഒന്നിച്ചുഘോഷിച്ചോരാരുമില്ല..

മറ്റാരുമറിയാതെയുപ്പേരിപ്പൊതിയുമായ്‌
കണ്ണുപൊത്താന്‍ വന്ന പെണ്ണുമില്ല
നാട്ടുമാങ്കൊമ്പിലന്നൂഞ്ഞാലുകെട്ടുവാന്‍
കയര്‍തുമ്പുകെട്ടിയോരനുജനില്ല-എങ്ങും
സ്‌നേഹം പകുത്തവരാരുമില്ല..

എല്ലാമൊരു സ്വപ്‌നമെന്നറിഞ്ഞീടിലും
ഇവിടെയെത്താതെനിക്കോണമില്ല..
ഈ ജന്മബന്ധത്തിലെന്നുമലിഞ്ഞൊരെന്‍
മണ്ണിടംവിട്ടുഞാനെങ്ങുമില്ല-കാലം
ഓര്‍മത്തിരശ്ശീല താഴ്‌ത്തുകില്ല....!

അഞ്ചല്‍ ദേവരാജന്‍

ചിങ്ങനിലാവ്‌

ചിങ്ങനിലാവ്‌
ചന്ദനക്കിണ്ണവുമായി
വിരുന്നു വന്നു..

ഇന്ദീവര മിഴികളില്‍
സുന്ദരസ്വപ്‌നങ്ങള്‍
ഊയലാടി...

തിരയിളകുന്ന
ഓണക്കിനാക്കളില്‍
ആമോദം ഈണമായി..

തുയിലുണരുന്ന
തുമ്പക്കുടങ്ങളില്‍
മധുചന്ദ്രിക മുത്തമിട്ടു..

മന്ദാരത്തിന്റെ
തൂപെണ്‍ദലങ്ങളെ
മന്ദാനിലന്‍
തഴുകിയുണര്‍ത്തി..

മാവേലിപ്പൊലിമയില്‍
മാലോകരുണരുമ്പോള്‍
മലയാളം
എത്ര ധന്യം!

ഉമ്മന്നൂര്‍ ഗോപാലകൃഷ്‌ണന്‍

തിരുവോണം വാമനാവതാര പുണ്യം എത്ര ധന്യം!

ആഷാഢമേഘങ്ങള്‍ മായ്‌ഞ്ഞു പോയ്‌ ഭൂമിക്കു
പൂഷാവു പൊന്‍വെയില്‍ കച്ചനല്‍കി.
രാവിന്റെ കൊമ്പൊത്തൊരമ്പിളി പാല്‍വെട്ടം
ഭൂവിന്റെ മാറിലെ പാലാഴിയായ്‌...

ശ്രാവണം പൊന്നോണക്കോടിയുടുത്തുകൊ-
ണ്ടീവഴി പിന്നെയുമാഗതമായ്‌;
നാടിന്‍ സിരകളിലാമോദം പൂക്കവെ
വീടിനലങ്കാരം പെയ്‌തിറങ്ങി...

മാനസമാകുന്ന മുറ്റത്തു തീര്‍ക്കുന്നൊ-
രാനന്ദ പൂക്കളാലത്തക്കളം;
സാഹോദര്യത്തിന്റെ സന്ദേശം കൈരളി
നാടിന്റെയുത്സവാഘോഷമെങ്ങും...

വാമനാവതാര പുണ്യസ്‌മരണയില്‍
പ്രേമസ്വരൂപന്‍ മഹാബലിയെ
കേരളം ഭക്‌ത്യാദനം വരവേല്‍ക്കുന്നൊ-
രാരാധ്യ നക്ഷത്രമാവണിയില്‍...

പാലടപര്‍പ്പടമുപ്പേരിയും പഴം
ചേലൊത്ത ചെമ്പാവിന്‍ ചോറും, പിന്നെ
കാളനുമോലനുമിഞ്ചി നാരങ്ങയും
ചേര്‍ന്നുള്ള സംതൃപ്‌ത സദ്യവട്ടം...!

തുമ്പിതുള്ളല്‍ കുമ്മിയൂയലാട്ടം, തിരു-
വാതിര കോല്‍കളി കുംഭമൂത്തും
ഒക്കെയും മാമല നാടിന്നുണര്‍വേകി
തൃക്കാക്കരയപ്പന്നോണോത്സവം...!

കാര്‍ഷികോല്‌പന്നം വിളവെടുത്തീടുന്ന
വാര്‍ഷികം തന്നല്ലോ ചിങ്ങമാസം;

ആര്യാട്‌ കൃഷ്‌ണന്‍കുട്ടി

മാവേലിയുടെ വ്യഥ

അത്തം തുടങ്ങിയാല്‍ പത്താന്നാളെത്തുന്ന
ചിത്താമോദത്തിന്‍ തിരുവോണവും...!

എങ്ങനെ മറക്കും കേരളത്തെ നാം
എങ്ങനെ കാണുമിന്നത്തെ കേരളത്തെ
പാതാള വാസിയായെങ്കിലും നാം
പതിവായി ഓണനാളിലെന്‍ പ്രജകളോടൊത്തോണം
കാണുവാന്‍ മുടങ്ങാതെയെത്തിയിരുന്നാണ്ടു തോറും
ഇന്നിവിടിരുന്നു നാം കാണുന്നു നാടിന്‍ മാറ്റം
ഇനിയെന്തിനു നാം ഭൂതകാലം പൂകണം
മന്നനായി നാം വാണിരുന്ന കേരളം
മാനവരെല്ലാമൊന്നായി വസിച്ച കേരളം
അന്നില്ലില്ലങ്ങളിലോന്നിലും
അല്ലലില്ലാ സമ്പത്തിലും സ്‌നേഹത്തിലും
പത്തായപ്പുരകള്‍ നിറന്നിരുന്നു
ഫലമൂലാദികളെഥേഷ്‌ടം വിളഞ്ഞിരുന്നു
മാനിനിമാര്‍ക്കന്നില്ലൊരു വ്യഥയും
മദ്യവുമ്മര്‍ദ്ദനവുമിലലാത്ത കാലം
കേഴുന്നുനമ്മുടെ മാനസമഹോ
കേരളജീവിതമീത്തീവിധം മാറിയല്ലോ
ഇന്നഷ്‌ടിക്കു വകയില്ലാ ജനത്തിന്‌
അന്നംമുടക്കിയാന്ധ്രാക്കാരും
വിഷമയമാണ്‌ പച്ചക്കറികളെങ്കിലും തീ
വിലയാലെങ്ങനെ ഓണസദ്യയാകും
ആയുരാരോഗ്യമോടെ കഴിഞ്ഞിരുന്ന ജനം
രോഗാതുരരായി വലയുന്നു.
ഓണത്തല്ലും വിളയാട്ടങ്ങളുമെല്ലാം
ഓടിയൊളിച്ചു തമ്മില്‍ത്തല്ലായി
കള്ളവും കാപട്യവും ഇല്ലാതിരുന്ന നാട്ടില്‍
കൊല്ലും കൊലയുമഴിമതിയും മാത്രം
അമ്മപെങ്ങന്മാരെ തന്‍ പെണ്‍മക്കളെ
പേരക്കിടാവിനെപ്പോലും
തിരിച്ചറിവതില്ലാ നരന്മാര്‍
പീഡനം പലവിധമെന്നുമെന്നും
രാജവീഥികളും നാട്ടുവഴികളും തകര്‍ന്നു
മാലിന്യക്കൂമ്പാരങ്ങളുയര്‍ന്നു
ശ്വാനസന്തതികള്‍ നരഭോജികള്‍ പെരുകുന്നു
ശ്‌മശാന തുല്യമാക്കി നഗരം മാറുന്നു
'ഹരിത നഗരം സുന്ദര നഗരം'
ഹരണപ്പെട്ട്‌ ദുഷിച്ച നരകമായി
മരതകപ്പച്ചപ്പാര്‍ന്ന വയലേലകളില്‍
മട്ടുപ്പാവുകള്‍ ഫ്‌ളാറ്റുകള്‍ അംബരചുംബികള്‍
നാടുവാഴുവാനായിരം കക്ഷികള്‍
നാണം വെടിഞ്ഞ്‌ വോട്ട്‌ തെണ്ടിടുന്നു
മന്ത്രിക്കസേരയ്‌ക്കായി മത്സരിപ്പു- കുതന്ത്ര
തന്ത്രങ്ങള്‍ മെനഞ്ഞിടുന്നു.
നാടു നന്നായില്ലേലാക്ഷേപമില്ലാ
'നാം' നന്നാകണമെന്നോരോ കക്ഷിയും

Ads by Google
Sunday 03 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW