Saturday, May 19, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.44 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/09/142752/sun3.jpg

ഇങ്ങനെയൊരു മകനെയും വച്ച്‌ ഈ വഞ്ചി തുഴയുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ കുഞ്ഞുണ്ണിക്ക്‌ തോന്നി. അയാള്‍ ചങ്ക്‌ പറിയുന്ന വേദനയോടെ ആധാരത്തില്‍ എഴുതി ഒപ്പിട്ട്‌ കൊടുത്തു. അഡ്വാന്‍സ്‌ വാങ്ങാന്‍ നിന്നില്ല. ഒറ്റവില പറഞ്ഞ്‌ ഉറപ്പിച്ച്‌ ഒരു കച്ചവടം. രജിസ്‌ട്രേഷനും കയ്യോടെ നടന്നു. പണം വാങ്ങി യാത്ര പറഞ്ഞിറങ്ങാന്‍ നേരം തോളില്‍ കയ്യിട്ട്‌ മാറ്റി നിര്‍ത്തി കുര്യാച്ചന്‍ ഒരു രഹസ്യം പറഞ്ഞു.
''എനിക്കുളള കമ്മീഷന്‍ കിട്ടി. എന്റെ കാര്യോം കഴിഞ്ഞു. എന്നാലും നമ്മള്‌ തമ്മിലുള്ള ഇരിപ്പുവശം വച്ച്‌ ഞാനൊരു വഞ്ചന ചെയ്‌തെന്ന്‌ കുഞ്ഞുണ്യേട്ടന്‌ തോന്നരുത്‌.''
പറഞ്ഞു വരുന്നത്‌ കുഞ്ഞുണ്ണി ഏറെക്കുറെ ഊഹിച്ചു. എന്നാലും കുര്യാച്ചന്റെ വായില്‍ നിന്ന്‌ അത്‌ കേള്‍ക്കണമെന്ന്‌ അയാള്‍ക്ക്‌ നിര്‍ബന്ധമായിരുന്നു.
''എന്നതാ കുര്യാച്ചാ..''
കുര്യാച്ചനെ പോലെ തന്നെ അയാളും അജ്‌ഞത നടിച്ചു.
''സ്‌ഥലം എഴുതി വാങ്ങിയ ഹരിക്കുട്ടന്‍ നമ്മടെ കുമാരന്‍ മുതലാളീടെ അനന്തിരവനാ. തെളിച്ചു പറഞ്ഞാല്‍ ഒരു തരം ബിനാമി എടപാട്‌. അയാള്‍ക്ക്‌ നിങ്ങടെ കണ്‍വെട്ടത്ത്‌ വരാനുളള ബുദ്ധിമുട്ട്‌. പിന്നെ ടാക്‌സ് വെട്ടിക്കാനും ഇതാണ്‌ എളുപ്പം. ഇയാള്‌ എന്‍.ആര്‍.ഐ യാ. അവര്‍ക്ക്‌ എന്ത്‌ തോന്ന്യാസവും ആവാല്ലോ..''
അതും പറഞ്ഞ്‌ കുര്യാച്ചന്‍ ഒരു വെടക്ക്‌ ചിരി ചിരിച്ചു.
കുഞ്ഞുണ്ണിയുടെ കണ്ണുകള്‍ പെട്ടെന്ന്‌ നിറഞ്ഞു. അയാള്‍ പൊട്ടിത്തെറിക്കുമെന്ന്‌ കുര്യാച്ചന്‍ ഭയന്നു. പക്ഷെ അങ്ങേയറ്റം സംയമനത്തോടെയാണ്‌ അയാള്‍ പ്രതികരിച്ചത്‌. വളരെ സൗമ്യതാളത്തില്‍ പതിഞ്ഞ ശബ്‌ദത്തില്‍ ഇത്രമാത്രം പറഞ്ഞു.
''ഒരു കണക്കിന്‌ ആലോചിച്ചാല്‍ എന്നോട്‌ പകരം തീര്‍ക്കാന്‍ നടക്കുന്ന അവനാണ്‌ മണ്ടന്‍. കാരണം അയാള്‍ക്ക്‌ ഒറ്റമോളാണ്‌. അയാള്‍ എന്നെ തോല്‍പ്പിച്ച്‌ വാങ്ങിക്കൂട്ടുന്ന ഈ വസ്‌തു അടക്കം നാളെ ഒരു കാലത്ത്‌ എന്റെ മകനും മകള്‍ക്കും തന്നെ തിരിച്ചു വരേണ്ടതാണ്‌. അങ്ങനെയെങ്കിലും ഞാനൊന്ന്‌ സമാധാനിച്ചോട്ടെന്റെ കുര്യാച്ചാ...''
അപ്പോഴേക്കും ആ ശബ്‌ദം ഇടറിയോ എന്ന്‌ കുര്യാച്ചന്‌ തോന്നി. അയാള്‍ പിന്നെ നിന്നില്ല. യാത്ര പറഞ്ഞ്‌ പോയി. ലീലാമണി എല്ലാം കണ്ടുകൊണ്ട്‌ ദൂരെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഭര്‍ത്താവിനെ സമാധാനിപ്പിച്ച്‌ കാലത്ത്‌ വിളിച്ച ടാക്‌സിയില്‍ നേരെ ബാങ്കില്‍ പോയി രണ്ട്‌ അക്കൗണ്ടുകളിലായി കുറച്ച്‌ കാശ്‌ നിക്ഷേപിച്ചു. ബാക്കിപണം പൊതിഞ്ഞുകെട്ടി വീട്ടിലെ മച്ചിന്‌ മുകളില്‍ വച്ച്‌ പൂട്ടി. അത്‌ പണ്ടേയുളള രീതിയാണ്‌.
സൗമിനി എല്ലാം മനസിലാക്കിയിട്ടും ഒന്നും അറിയാത്ത മട്ട്‌ നടിച്ചു. ചെറുപ്പത്തിന്റെ ആവേശത്തില്‍ താന്‍ കാണിച്ച ഒരു പൊട്ടത്തരം രണ്ട്‌ കുടുംബങ്ങള്‍ നശിപ്പിക്കുന്നതിന്റെ നിശ്ശബ്‌ദചിത്രത്തിന്‌ മൂകസാക്ഷിയായി അവള്‍ നിന്നു. രാമുണ്ണിക്കൊപ്പം കൂടി അവളും നിര്‍വികാരത ശീലിച്ചു തുടങ്ങി. ഒന്നിനോടും പ്രതികരിക്കാതെ നിസംഗമായ ഒരു ജീവിതം.
അവളുടെ പ്രതീക്ഷ മുഴുവന്‍ ജനിക്കാനിരിക്കുന്ന ആ കുഞ്ഞിലായിരുന്നു. അതിനെ വളര്‍ത്തിയെടുക്കണം. പൊലിഞ്ഞുപോയ സ്വപ്‌നങ്ങള്‍ ആ കുഞ്ഞിലുടെ സാക്ഷാത്‌കരിക്കണം. സൗമിനിയെ പോലെ ഒരു സ്‌ത്രീയ്‌ക്ക് പരമാവധി മോഹിക്കാന്‍ കഴിയുന്നത്‌ അതു മാത്രമാണെന്ന്‌ അവള്‍ ധരിച്ചു.
എന്തൊക്കെ കുറവുകളുണ്ടെങ്കിലും രാമുണ്ണിയെ അവള്‍ക്ക്‌ ജീവനാണ്‌. അയാളുടെ കാലൊന്ന്‌ മുറിഞ്ഞ്‌ ചോര പൊടിഞ്ഞാല്‍ ഉടനെ അവള്‍ തൊടിയിലേക്കോടും. കൃഷ്‌ണതുളസിയുടെ ഇലകള്‍ പറിച്ച്‌ പിഴിഞ്ഞ്‌ നീരെടുത്ത്‌ പുരട്ടും. എന്നിട്ടും ഭേദമായില്ലെങ്കില്‍ നിര്‍ബന്ധിച്ച്‌ ഡോക്‌ടറുടെ അടുത്തെത്തിക്കും. അത്തരം ചില്ലറ ആവശ്യങ്ങള്‍ക്കായി അവള്‍ പണം സ്വരൂപിച്ചു വച്ചിട്ടുണ്ട്‌. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ വെറുതെ ഒരു രസത്തിന്‌ അയലത്തെ രാധേച്ചിയുടെ അടുത്ത്‌ തയ്യല്‌ പഠിക്കാന്‍ പോയത്‌ ഇപ്പോള്‍ ഗുണകരമായി. അത്യാവശ്യ കാര്യങ്ങള്‍ക്കുളള പണം അവള്‍ ആ വഴിക്ക്‌ ഉണ്ടാക്കും. കാതിപ്പൂ വിറ്റ കാശു കൊണ്ട്‌ ഒരു തയ്യല്‍മെഷീന്‍ വാങ്ങിയതും ഇപ്പോള്‍ ഉപകാരമായി.
കയ്യില്‍ കാശ്‌ വന്നിട്ടും കുഞ്ഞുണ്ണിക്ക്‌ ആ രാത്രി ഉറക്കം വന്നില്ല. അതിനടുത്ത രാത്രികളിലും സ്‌ഥിതി വിഭിന്നമായിരുന്നില്ല.
പണം മഴയത്ത്‌ ചോരുന്ന കൂര പോലെയാണ്‌. നേര്‍ത്ത വിടവിലുടെ ഒലിച്ച്‌ പോകും. ഇന്നത്തെ കാലത്ത്‌ ബാങ്കില്‍ കിടന്നാല്‍ കാര്യമായ പലിശ കിട്ടില്ല.
ഏതെങ്കിലും സംരംഭങ്ങളില്‍ സമര്‍ത്ഥമായി അത്‌ നിക്ഷേപിച്ച്‌ ഒരു സ്‌ഥിരവരുമാനമാക്കുന്നതിലാണ്‌ മിടുക്ക്‌. പക്ഷെ അതാര്‌ ചെയ്യും? പാലന്‍ കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടിലാണ്‌ കുഞ്ഞുണ്ണി. ഈ വയസുകാലത്ത്‌ താന്‍ ഓടിയാല്‍ എവിടം വരെ ഓടാനാ..? ആകെ ഒരു പോംവഴിയുളളത്‌ ആ പെണ്‍കൊച്ചിനെ ചുമതല ഏല്‍പ്പിക്കുകയാണ്‌. പക്ഷെ പാതി ഗര്‍ഭം ചുമന്ന്‌ നടക്കുന്ന അതിന്‌ ഈ അവസ്‌ഥയില്‍ വലിയ അദ്ധ്വാനമോ ഉത്തരവാദിത്തങ്ങളോ ഏറ്റെടുക്കാന്‍ പറ്റില്ല. ആലോചിക്കുന്തോറും കുഞ്ഞുണ്ണിയുടെ സൈ്വര്യത നശിച്ചു.
ജീവിതം ഭീഷണമായ എന്തോ ഒന്നു പോലെ തലയ്‌്ക്ക്‌ മീതെ നില്‍ക്കുകയാണ്‌. എന്തു തന്നെയായാലും ജീവിച്ചല്ലേ പറ്റൂ.
കവലയില്‍ കുറഞ്ഞ പകിടിക്ക്‌ ഒരു കടമുറി കൊടുക്കാനുണ്ട്‌. അത്‌ വാടകയ്‌ക്ക് എടുത്ത്‌ എന്തെങ്കിലും തുടങ്ങിയാല്‍ നന്നായിരിക്കുമെന്ന്‌ ഉപദേശിച്ചത്‌ കുര്യാച്ചന്‍ തന്നെയാണ്‌. പക്ഷെ തലയ്‌ക്ക് മൂളയില്ലാത്ത ചെക്കനെ വിശ്വസിച്ച്‌ എന്ത്‌ ബിസിനസ്‌ ഏല്‍പ്പിക്കാനാണ്‌. അതിനും പോംവഴി കുര്യാച്ചന്‍ തന്നെ പറഞ്ഞു കൊടുത്തു.
''ഒരു പലേരക്ക്‌ കടയങ്ങട്‌ തൊടങ്ങ്‌ കുഞ്ഞുണ്യേട്ടാ...അതിന്‌ ഇക്കണ്ട ബുദ്ധി വല്ലോം വേണോ? കണക്ക്‌ കൂട്ടാന്‍ അറിയണം. അത്ര തന്നെ. അത്‌ ഏതായാലും കൊച്ചന്‌ അറിയാം..''
അത്‌ ശരിയാണെന്ന്‌ കുഞ്ഞുണ്ണിക്കും തോന്നി.
''പിന്നെ ചേട്ടന്‍ പറേംപോലെ അത്ര ഊളയൊന്നുമല്ല കൊച്ചന്‍. ഒന്നൂല്ലേലും കല്യാണം കഴിഞ്ഞ്‌ പിറ്റേമാസം പെണ്ണിന്‌ വയറ്റിലൊണ്ടാക്കി കളഞ്ഞില്ലേ..മിടുക്കന്‍..''
അതും പറഞ്ഞ്‌ കുര്യാച്ചന്‍ തലചൊറിഞ്ഞു കൊണ്ട്‌ ഒരു വെടക്ക്‌ ചിരി വച്ചുകാച്ചി.
''അത്‌ പിന്നെ അവന്‍ എന്റെ മോനല്ലേ...''
കുഞ്ഞുണ്ണി മേനി നടിച്ചു.
കുര്യാച്ചന്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ കുഞ്ഞുണ്ണിക്കും തോന്നി. പലചരക്ക്‌കട തുടങ്ങുന്നതാവും മെച്ചം. അമ്പലം പൂട്ടിപ്പോയ സ്‌ഥിതിക്ക്‌ തനിക്കും കടയിലിരുന്ന്‌ കാര്യങ്ങള്‍ നിയന്ത്രിക്കാം. സാധനങ്ങള്‍ തൂക്കാനും എടുത്തുകൊടുക്കാനും രാമുവിനെ ഏല്‍പ്പിക്കാം.
എങ്ങനെ പോയാലും വീട്ടുചെലവിനുള്ള കാശ്‌ ഒത്തുകിട്ടും. ആ സമാധാനത്തോടെയാണ്‌ തുടര്‍ന്നുളള രാത്രികളില്‍ അയാള്‍ ഉറങ്ങിയത്‌. അമ്പലം കൂടി ഇല്ലാതായതോടെ രാമുണ്ണിക്ക്‌ സന്തോഷമായി. രാപ്പകല്‍ അയാള്‍ ഗ്രാമത്തിലുടെ അലഞ്ഞു തിരിഞ്ഞു നടന്നു.
ചീട്ടുകളി സംഘത്തിലും സമീപദേശങ്ങളിലെ ഉത്സവപ്പറമ്പുകളിലും രാമു നിത്യ സാന്നിദ്ധ്യമായി. മറ്റ്‌ നേരമ്പോക്കുകളില്ലാത്ത ദിവസങ്ങളില്‍ ടിവിയുടെ മുന്നില്‍ ചടഞ്ഞ്‌ കൂടും. ഇല്ലെങ്കില്‍ പോത്തുപോലെ കിടന്നുറങ്ങും. നല്ല കറികള്‍ വയ്‌ക്കുന്ന ദിവസങ്ങളില്‍ ചോറ്‌ വെട്ടിവിഴുങ്ങും. പറമ്പില്‍ എന്തെങ്കിലും പണിക്ക്‌ കൂടാന്‍ പറഞ്ഞാല്‍ മുഖം വീര്‍പ്പിക്കും. ആ ദിവസങ്ങളില്‍ കവലയിലേക്ക്‌ മുങ്ങും.
സൗമിനിക്ക്‌ ഇത്‌ മൂന്നാം മാസമായി. ഉദരഭാഗത്ത്‌ നേര്‍ത്ത തടിപ്പ്‌ പ്രത്യക്ഷമായി. ഗര്‍ഭിണിയാണെന്ന്‌ തിരിച്ചറിയാന്‍ പാകത്തില്‍ ഒരു വീര്‍പ്പ്‌ പോലെ. ഗര്‍ഭകാലത്ത്‌ പെണ്ണുങ്ങള്‍ക്ക്‌ ആസക്‌തി ഏറുമെന്ന്‌ ഏതോ വനിതാ മാസികയില്‍ വായിച്ചത്‌ അവള്‍ ഓര്‍ത്തു. അത്‌ സത്യമാണെന്ന്‌ അനുഭവം അവളോട്‌ പറഞ്ഞു. പല രാത്രികളിലും നേര്‍ത്ത മയക്കം കഴിഞ്ഞ്‌ പൊടുന്നനവെ ഞെട്ടിയുണരും. ആ സമയത്ത്‌ ഒരു വ്യാഘ്രം തന്നെ കീഴ്‌പെടുത്തിയിരുന്നെങ്കിലെന്ന്‌ അവള്‍ വ്യാമോഹിക്കും. അത്രയ്‌ക്കുണ്ട്‌ ആഗ്രഹം. രാമു കൂര്‍ക്കം വലിച്ച്‌ ഉറക്കമായിരിക്കും. ഈയിടെയായി കൂര്‍ക്കംവലി പഴയതിലും കൂടിയിട്ടുണ്ട്‌. ബോട്ട്‌പോകും പോലെ..!
സഹികെട്ട്‌ കുലുക്കിയുണര്‍ത്താന്‍ നോക്കി. വിരലുകള്‍ കൊണ്ട്‌ അവനില്‍ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ നോക്കി. ഈര്‍ഷ്യയോടെ ശബ്‌ദമുണ്ടാക്കി മുഖം തിരിച്ചു കിടന്നതല്ലാതെ ഫലമുണ്ടായില്ല.
രാമുവിന്റെ മനസും മറ്റ്‌ എവിടെയെങ്കിലും ചേക്കേറിയിട്ടുണ്ടാവുമോ എന്ന്‌ അവള്‍ ഭയന്നു.
അതിനും സാദ്ധ്യത കുറവാണ്‌. ഈയിടെയായി മുഴുവന്‍ സമയവും വീട്ടിനുളളില്‍ തന്നെയാണ്‌. അലസതയോടും ഉദാസീനതയോടും അലക്ഷ്യമായ ജീവിതത്തോടുമാണ്‌ രാമുവിന്റെ പ്രേമം എന്ന്‌ അവള്‍ക്ക്‌ തോന്നി. അര്‍ത്ഥശൂന്യമായി നേരം കൊല്ലുന്നതിലാണ്‌ അയാള്‍ ആഹ്‌ളാദം കണ്ടെത്തുന്നത്‌. ജീവിതത്തിന്റെ ഗതിവിഗതികളില്‍ പൂര്‍ണ്ണമായും നിയന്ത്രണം നഷ്‌ടപ്പെട്ട മനുഷ്യന്‍. ചില നേരങ്ങളില്‍ അവള്‍ക്ക്‌ അവനോട്‌ പുച്‌ഛം തോന്നി. ചിലപ്പോള്‍ സഹതാപവും.
വിവാഹം കഴിഞ്ഞ്‌ കുറഞ്ഞ കാലത്തിനുളളില്‍ ഒരു കാര്യം അവള്‍ തിരിച്ചറിഞ്ഞു. അനിവാര്യമായ വിധി അഭിശപ്‌തമായ ജീവിതപരിതോവസ്‌ഥയിലേക്ക്‌ തന്നെ എത്തിച്ചിരുന്നു. അച്‌ഛന്റെയും അമ്മയുടെയും വാക്കുകള്‍ ധിക്കരിച്ച്‌ താന്‍ തിരഞ്ഞെടുത്ത ജീവിതം തനിക്ക്‌ എല്ലാ അര്‍ത്ഥത്തിലും വിനയായി ഭവിച്ചിരിക്കുന്നു. ഇതില്‍ നിന്നും ഉടനടി ഒരു രക്ഷപ്പെടല്‍ അസാദ്ധ്യമാണ്‌. കുട്ടി ജനിക്കും മുന്‍പായിരുന്നെങ്കില്‍ എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ്‌ വീട്ടില്‍ അഭയം തേടാമായിരുന്നു.
ഇനിയും അത്‌ സാധിച്ചെന്നു വരാം. പക്ഷെ തന്റെ കുഞ്ഞ്‌...അച്‌ഛനില്ലാത്ത ഒരനാഥശിശുവായി എത്ര സൗഭാഗ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നാലും അതിന്‌ സ്വസ്‌ഥത കിട്ടില്ല. പരിഹാസത്തിന്റെ നിറമുളള സമൂഹക്കണ്ണുകള്‍ അവനെ അനുധാവനം ചെയ്‌തുകൊണ്ടേയിരിക്കും.
ആ കുഞ്ഞിനു വേണ്ടി അനുകൂലമായ ഒരവസരം ഒരുങ്ങുന്നത്‌ വരെ സ്വന്തം ജീവിതം അടിയറവയ്‌ക്കാന്‍ അവള്‍ തീരുമാനിച്ചു.

(തുടരും)

Ads by Google
Sunday 03 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW