Friday, June 22, 2018 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.28 AM

ആ കത്തിനു പിന്നിലെ കഥ

uploads/news/2017/09/142729/re5.jpg

മൂന്നു പെണ്‍കുട്ടികളുടെ കത്താണ്‌ ഈ കഥയ്‌ക്ക് ആധാരം. അപ്പനും അമ്മയും മൂന്നു പെണ്‍മക്കളും അടങ്ങിയ കുടുംബം. മൂത്തള്‍ക്ക്‌ 25 വയസ്‌. രണ്ടാമത്തെയാള്‍ക്ക്‌ മകള്‍ക്ക്‌ 22 ഉം ഏറ്റവും ഇളയ മകള്‍ക്ക്‌ 19 വയസുമുണ്ട്‌.
അന്യപുരുഷന്മാര്‍വീടിന്റെ മുറ്റത്തു പോലും വരുന്നത്‌ അപ്പനും അമ്മയ്‌ക്കും ഇഷ്‌ടമല്ല. അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ വീട്ടില്‍ വന്നാലും പ്രശ്‌നമാണ്‌. ആണുങ്ങളോട്‌ അടുത്തു നിന്നു സംസാരിക്കാന്‍ ഈ പെണ്‍കുട്ടികള്‍ക്കു അവകാശമില്ല. എപ്പോഴെങ്കിലും തല്ലുകൊള്ളുന്നെങ്കില്‍ അതിന്റെ കാരണം ആണുങ്ങളോട്‌ സംസാരിച്ചതാണ്‌. പലപ്പോഴും വഴക്കിനും ബഹളത്തിനും ശേഷം അമ്മ പറയും, അച്ചായനും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നതു കൊണ്ടാണ്‌ ഇങ്ങനെ ശിക്ഷിക്കുന്നത്‌...
ഇങ്ങനെയുള്ള വാക്കുകള്‍ ഒരു പരിധി വരെ മനസിലടക്കി അവര്‍ ജീവിച്ചു.
എന്നാല്‍, ഒരു ദിവസം ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അവരോടു തന്നെ സമാധാനത്തില്‍ വാക്കുകള്‍ പറഞ്ഞു ജീവിച്ച സാഹചര്യത്തിനു അന്ത്യം വന്നു. മൂത്ത രണ്ടുപേരും കൂടി രാത്രി ഒരു പരിപാടി ആസൂത്രണം ചെയ്‌തു. ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ്‌ നല്ലത്‌.
കൂട്ടിലടച്ച കിളികളെപ്പോലെ ജീവിതം. ആരുടെയും മുഖത്തു നോക്കാന്‍ സമ്മതിക്കില്ല. ആരുമായും വര്‍ത്തമാനം പറയാന്‍ അനുവാദമില്ല. എത്ര വേദന നിറഞ്ഞ ജീവിതം. വീട്ടില്‍ നിന്നു ഒളിച്ചോടി പോകാന്‍ അവര്‍ ഉറച്ചു.
കുറെ പണം സംഘടിപ്പിച്ച്‌ ഈ മൂന്നു പെണ്‍കുട്ടികളും കേരളത്തിനു പുറത്തുള്ള ഒരു പട്ടണത്തിലേക്കു ട്രെയിന്‍ കയറി. അവിടെ അവര്‍ക്കു അറിയാവുന്ന ഒന്നു രണ്ടു കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു കുടുംബത്തില്‍ ഇവര്‍ എത്തിച്ചേര്‍ന്നു. അവരോട്‌ കാര്യം പറഞ്ഞു, ദൈവത്തെ ഓര്‍ത്ത്‌ ഞങ്ങളുടെ വീട്ടില്‍ വിവരം അറിയിക്കരുത്‌. ഞങ്ങള്‍ ഒളിച്ചോടി പോന്നിരിക്കുകയാണ്‌. ഇവിടെയും രക്ഷയില്ലെങ്കില്‍ ഞങ്ങളുടെ മുമ്പില്‍ ശേഷിച്ചിരിക്കുന്നത്‌ മരണം മാത്രമാണ്‌. വീട്ടുകാര്‍ പെണ്‍കുട്ടികള്‍ക്ക്‌ ധൈര്യം നല്‍കി.
എന്നിട്ട്‌ രഹസ്യമായി വിവരം അവരുടെ വീട്ടില്‍ അറിയിച്ചു. വിവരം അറിഞ്ഞ ഉടനെ അപ്പനും അമ്മാവച്ചനും സ്‌ഥലത്ത്‌ വന്നു കുട്ടികളെയും കൂട്ടി തിരിച്ച്‌ നാട്ടില്‍വന്നു. മൂവരെയും മുറിക്കകത്തു പൂട്ടിയിട്ടു.
എന്നിട്ട്‌ അറിയപ്പെടുന്ന മന്ത്രവാദികളെ വിളിച്ചു വരുത്തി എന്തോ ഭയങ്കര ഭൂതം പിള്ളേരെ ബാധിച്ചിരിക്കുന്നു, അതു കൊണ്ടു അതിറക്കുവാനായി മന്ത്രവാദവും ആരംഭിച്ചു. പെണ്‍കുട്ടികള്‍ തടവറയില്‍ കിടന്നു കൊണ്ട്‌ ദീര്‍ഘമായ ഒരു കത്ത്‌ എനിക്കെഴുതി. അതിലെ വാചകങ്ങള്‍ വായിച്ചാല്‍ ഹൃദയമുള്ള ഏതു മനുഷ്യനും കരയും. അതിലെ ചില വാചകങ്ങള്‍ ഇങ്ങനെയാണ്‌:
ഞങ്ങളെ സ്‌നേഹിക്കുന്ന തിരുമേനീ, ജനിച്ചതില്‍ പിന്നെ ഇതുവരെ സ്‌നേഹമെന്തെന്ന്‌ ഞങ്ങള്‍ അറിഞ്ഞിട്ടില്ല. തൊടുന്നതിനും മിണ്ടുന്നതിനും സകലതിനും എപ്പോഴും വഴക്കാണ്‌. വഴക്കു മാത്രമേ ഞങ്ങള്‍ കേട്ടിട്ടുള്ളൂ. ഞങ്ങള്‍ നോക്കാന്‍ പാടില്ല, ചിരിക്കാന്‍ പാടില്ല. പുരുഷന്മാരെ കാണുവാന്‍ പാടില്ല. എങ്ങനെയാണ്‌ മനുഷ്യരായ ഞങ്ങള്‍ ജീവിക്കുന്നത്‌?
തിരുമേനീ, ഞങ്ങള്‍ക്കു ഭ്രാന്തൊന്നും ഇല്ല. ഞങ്ങള്‍ ഭൂതാവേശിതരല്ല. ചിന്തിക്കുവാനും കരയുവാനും സംസാരിക്കുവാനും കഴിവുള്ള വ്യക്‌തികളാണ്‌ ഞങ്ങള്‍. പക്ഷേ, ഞങ്ങളെ മനുഷ്യരായി കാണുവാന്‍ മാതാപിതാക്കള്‍ക്ക്‌ കഴിയുന്നില്ല. ദയവു ചെയ്‌ത് അങ്ങ്‌ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണമേ.
എന്താണ്‌ ഈ വീട്ടിലെ പ്രശ്‌നം? മക്കളില്‍ നിന്നും നൂറു ശതമാനം നിങ്ങളുടെ ആഗ്രഹത്തിനും ചിന്തയ്‌ക്കും അനുസരിച്ചു പെരുമാറ്റവും പ്രതികരണവും പ്രതീക്ഷിക്കുന്നു. ഇങ്ങനെയുള്ള ഭവനത്തില്‍ സംഭവിക്കുന്ന തകര്‍ച്ചയാണിത്‌. അവിടുത്തെ മക്കള്‍ സുരക്ഷിത ബോധമില്ലാത്ത അനാഥരെപ്പോലെ ജീവിക്കുന്നു. മാതാപിതാക്കളുമായി സ്‌നേഹബന്ധം അവര്‍ക്കില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഒരിക്കലും മാതാപിതാക്കളോടു തുറന്നു പറയുന്നില്ല. അവര്‍ ഭയത്തില്‍ ജീവിക്കുന്നു.
നൂറു കണക്കിന്‌ ചോദ്യങ്ങള്‍ ഈ കുഞ്ഞുങ്ങളുടെ മനസില്‍ ഉണ്ട്‌. പക്ഷേ, അവര്‍ ആരോടും ചോദിക്കുന്നില്ല. പരിഹാരമില്ലാതെ അവര്‍ മുന്നോട്ടു നീങ്ങുന്നു. അറിയേണ്ട കാര്യങ്ങള്‍, സഹപാഠികളോടാണ്‌ ചോദിച്ചു മനസിലാക്കുന്നത്‌. കാരണം, ഈ സംശയങ്ങളും പ്രയാസങ്ങളും ദുഃഖവും അവരുടെ വീട്ടില്‍ പറഞ്ഞാല്‍ തല്ലുകിട്ടും.
നിങ്ങള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ തമ്മില്‍ ഇടപെടുമ്പോള്‍, മറ്റുള്ളവരുടെ കുറവുകളും വീഴ്‌ചകളും ക്ഷമിക്കുക. അവരോടു ചേര്‍ന്നു അവരെ അംഗീകരിക്കുവാനും സ്‌നേഹിക്കുവാനും ശ്രമിക്കുക. ഒരു പുതിയ ആരംഭമിടുക. നിങ്ങളുടെ ഭവനം ധന്യമായിത്തീരും.
തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍, ഇങ്ങനെ ക്രിസ്‌തുവിന്റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍. നമ്മോടുള്ള ദൈവത്തിന്റെ കല്‌പനയാണിത്‌. ജോലിസ്‌ഥലത്തോ മറ്റ്‌ എവിടെയോ ആയിരുന്നാലും മറ്റുള്ളവരുമായി നിങ്ങളുടെ ഇടപാട്‌ എപ്രകാരമാണ്‌? തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമക്കണം.
സ്‌നേഹശൂന്യമായ ഭവനം ആത്മാവില്ലാത്ത ശരീരം പോലെ എന്ന്‌ ലോര്‍ഡ്‌ ആവേബറി പറഞ്ഞിട്ടുണ്ട്‌.
സ്‌നേഹമനര്‍ഘ മനശ്വര മത്യന്ത-
മോചനം ജീവിതശാന്തി സൂനം! എന്നു ചങ്ങമ്പുഴ.
നമ്മുടെ കുടുംബങ്ങളില്‍ സ്‌നേഹവും സ്വാതന്ത്ര്യവും ക്ഷമയും കരുതലും പുലരുന്നുണ്ടോ?

Ads by Google
Sunday 03 Sep 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW