Tuesday, September 19, 2017 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.28 AM

തിരുവോണത്തോണി യാത്രയ്‌ക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴഞ്ചേരി: ആറന്മുളയപ്പന്‌ ഓണവിഭവങ്ങളുമായി തിരുവോണത്തോണി യാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നു സന്ധ്യയ്‌ക്കു കാട്ടൂര്‍ മഹാവിഷ്‌ണു ക്ഷേത്രത്തില്‍നിന്നു പുറപ്പെടുന്ന തിരുവോണത്തോണി യാത്രയ്‌ക്കായി കാട്ടൂരിലെത്തിച്ചു. ആചാരപ്രകാരം യാത്രയ്‌ക്കു നേതൃത്വം നല്‍കാന്‍ കുമാരനല്ലൂരില്‍നിന്നു ജലമാര്‍ഗം പുറപ്പെട്ട്‌ മങ്ങാട്ട്‌ നാരായണഭട്ടതിരി ഇന്നലെ ആറന്മുളയിലെത്തി.
കാട്ടൂര്‍ മഹാവിഷ്‌ണു ക്ഷേത്രത്തില്‍നിന്ന്‌ തിരുവോണത്തോണിയില്‍ പാര്‍ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി ഭട്ടതിരിയുടെ നേതൃത്വത്തില്‍ തിരുവോണത്തോണി യാത്ര തിരിച്ച്‌ നാളെ പുലര്‍ച്ചെ ആറന്മുളയിലെത്തും. മഹാവിഷ്‌ണു ക്ഷേത്രത്തില്‍ കാട്ടൂരിലെ നായര്‍ കുടുംബങ്ങളില്‍നിന്നു സമാഹരിച്ച ഓണവിഭവങ്ങളും ആറന്മുളയില്‍നിന്നു ചോതി അളവിനു ലഭിച്ച നെല്ലു കുത്തിയ അരിയും ആറന്മുള ക്ഷേത്രത്തിലെ ശ്രീകോവിലിലെ കെടാവിളക്കില്‍ തെളിയിക്കുന്നതിനു മഹാവിഷ്‌ണു ക്ഷേത്രത്തില്‍നിന്നു തെളിയിക്കുന്ന ഭദ്രദീപവും വെറ്റ പുകയിലയും വഹിച്ചുകൊണ്ടുള്ള തോണി ഇന്ന്‌ വൈകിട്ട്‌ 6.45 നു ക്ഷേത്ര കടവില്‍നിന്നു പുറപ്പെടും.
ദേവസ്വം സത്രത്തില്‍ തങ്ങുന്ന ഭട്ടതിരി ഉത്രാടം നാളില്‍ രാവിലെ കാട്ടൂരിന്‌ പുറപ്പെട്ട്‌ അയിരൂര്‍ പുതിയകാവ്‌ ദേവീ ക്ഷേത്രത്തിലെ ഉച്ചപൂജ തൊഴുതശേഷം കാട്ടൂര്‍ ക്ഷേത്രക്കടവിലെത്തും. തിരുവോണസദ്യക്കു വിഭവങ്ങളൊരുക്കുന്ന 18 നായര്‍ കുടുംബാംഗങ്ങളും ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ ഭട്ടതിരിയെ സ്വീകരിക്കും. ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുന്ന ഭട്ടതിരി വൈകിട്ട്‌ ദീപാരധനയില്‍ പങ്കെടുത്തശേഷം ക്ഷേത്രത്തിന്‌ പുറത്തേക്കു വരും. ഈ സമയം കാട്ടൂരിലെ അവകാശികളായ 18 നായര്‍ കുടുംബാംഗങ്ങള്‍ ആറന്മുളയപ്പന്‌ തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങള്‍ തോണിയില്‍ കയറ്റും. ക്ഷേത്ര ശ്രീകോവിലില്‍നിന്നു മേല്‍ശാന്തി പകര്‍ന്ന്‌ നല്‍കുന്ന ദീപം ഏറ്റുവാങ്ങുന്ന ഭട്ടതിരി തോണിയിലേറി ദീപം പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ഉറപ്പിക്കും. ഈ ദീപമാണ്‌ ആറന്മുള ക്ഷേത്രത്തില്‍ അടുത്ത ഒരു വര്‍ഷം കെടാവിളക്കില്‍ തെളിയുന്നത്‌. തോണിയിലിരിക്കുന്ന ഭട്ടതിരിക്ക്‌ ഭക്‌തര്‍ ദക്ഷിണ നല്‍കും.
ദക്ഷിണ സ്വീകരിച്ചശേഷം നായര്‍ കുടുംബാംഗങ്ങളും ദേവസ്വം ഉദ്യോഗസ്‌ഥരും
തോണിയില്‍ ഭട്ടതിരിക്കു കൂട്ടായി കയറും. ഭട്ടതിരിയുടെ അനുമതി വാങ്ങിയ
ശേഷം തോണി മൂന്ന്‌ വള്ളപ്പാട്‌ കിഴക്ക്‌ ദിശയിലേക്ക്‌ തുഴഞ്ഞു നീങ്ങി വടക്ക്‌ ഭാഗത്തേക്കു തിരിഞ്ഞ്‌ പടിഞ്ഞാറ്‌ ദിശയിലേക്ക്‌ മാറി ആറന്മുള ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ കാട്ടൂര്‍, ചെറുകോല്‍, കോറ്റാത്തൂര്‍, അയിരൂര്‍ തുടങ്ങിയ പള്ളിയോടങ്ങള്‍ അകമ്പടി സേവിക്കും. കാട്ടൂരില്‍നിന്നു പുറപ്പെട്ട്‌ അയിരൂര്‍ മഠത്തിലെത്തുന്ന തോണിക്കു സ്വീകരണം നല്‍കും. മഠത്തിലെ ദീപാരാധനയ്‌ക്കും ഭക്ഷണത്തിനുംശേഷം പുറപ്പെടുന്ന തോണിക്ക്‌ മേലുകര വെച്ചൂര്‍ മനയിലും സ്വീകരണം നല്‍കും. മനയിലെ ദീപാരാധനയ്‌ക്കും മേളപ്പെരുമയ്‌ക്കും
നാരായണീയപാരായണത്തിനുംശേഷം പുറപ്പെടുന്ന തോണിയെ ഇടനാട്ട്‌ കാവ്‌,
തേവരക്കുന്ന്‌ ക്ഷേത്രക്കടവുകളിലും പമ്പയുടെ ഇരുകരകളിലും ഭക്‌തര്‍ മണ്‍ ചിരാത്‌ ഒഴുക്കിയും വായ്‌ക്കുരവയിട്ടും വഞ്ചിപ്പാട്ട്‌ പാടിയും ആദരിക്കും. പുലര്‍ച്ചെ നിക്ഷേപമാലിയിലെത്തുന്ന തോണിയില്‍നിന്ന്‌ ഭട്ടതിരി ഒരു പിടി നദിയില്‍ നിക്ഷേപിക്കും. തോണിയെ സ്വീകരിക്കാന്‍ കാത്തുകിടക്കുന്ന പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാള്‍ പുലര്‍ച്ചെ തോണി ആറന്മുള ക്ഷേത്രക്കടവിലെത്തും.
ഉത്രാടം നാളിലെ ദീപാരാധനയ്‌ക്കും അത്താഴപൂജയ്‌ക്കുംശേഷം മേല്‍ശാന്തി കെടാവിളക്കിലെ ദീപംകെടുത്തി വച്ച്‌ തിരുവോണനാളിലെത്തുന്ന ദീപം കാത്തിരിക്കും. കാട്ടൂരില്‍നിന്നു സ്വീകരിച്ച ദീപവുമായി തോണിയില്‍നിന്നിറങ്ങുന്ന ഭട്ടതിരിയെ പള്ളിയോടസേവാസംഘം, ഉപദേശക സമിതി, കരനാഥന്മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിക്കും. ഭട്ടതിരി ക്ഷേത്രത്തിലെത്തി ദീപം മേല്‍ശാന്തിക്കു കൈമാറും. മേല്‍ശാന്തി ഈ ദീപം അടുത്ത ഉത്രാടം നാള്‍ വരെക്കും തെളിയുന്നതിനായി കെടാവിളക്കിലേക്കു പകരും.
ഈ സമയം ഊട്ടുപുരയില്‍ തിരുവോണസദ്യക്ക്‌ ഒരുക്കങ്ങള്‍ ആരംഭിക്കും. കരക്കാരും ഭട്ടതിരിയും ഭഗവാനൊപ്പം തിരുവോണ സദ്യ കഴിക്കും. തിരുവോണ നാളിലെ ദീപാരാധന തൊഴുന്ന ഭട്ടതിരി ദേവസ്വം ബോര്‍ഡ്‌ നല്‍കുന്ന കിഴിപ്പണം സ്വീകരിച്ച്‌ അത്‌ ഭഗവാന്‌ ദക്ഷിണയായി സമര്‍പ്പിച്ച്‌ അടുത്ത വര്‍ഷവും ഇതിന്‌ അവസരം തരണമെന്ന്‌ പ്രാര്‍ത്ഥിച്ച്‌ ഇറങ്ങി കുമാരനല്ലൂരിനു മടങ്ങും. അയിരൂര്‍ മഠത്തിലും രാത്രി 11 മണിയോടെ മേലുകര വെച്ചൂര്‍ മനയ്‌ക്കല്‍ ക്ഷേത്ര കടവിലുമെത്തി വിശ്രമിക്കും. അവിടെനിന്നു മൂന്നു മണിക്ക്‌ പുറപ്പെടുന്ന തോണി ഇരുകരകളിലെയും ഭക്‌തജനങ്ങള്‍ ദീപാലങ്കാരത്തോടെയും താളമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയും തോണിയെ വരവേല്‍ക്കും.

Ads by Google
Advertisement
Sunday 03 Sep 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW