Saturday, May 19, 2018 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 01.11 PM

ആല്‍ബനിയില്‍ ബലി പെരുന്നാള്‍ ആഘോഷം

ആല്‍ബനി (ന്യൂയോര്‍ക്ക്): ത്യാഗസ്മരണയില്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ആല്‍ബനിയിലെ മുസ്ലിം സമൂഹവും പെരുന്നാള്‍ ആഘോഷിച്ചു.

ഏറെ പ്രാര്‍ത്ഥനകളുടെ ഫലമായി ഇബ്രാഹിം നബിക്ക് ജനിച്ച മകന്‍ ഇസ്മായിലിനെ ദൈവ കല്പനയനുസരിച്ച് ബലി നല്‍കാന്‍ തീരുമാനിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈദുല്‍ അദ്‌ഹ അഥവാ ബലി പെരുന്നാളായി ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ആചരിക്കുന്നത്.

എല്ലാ വര്‍ഷവും ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍ നടന്നു വന്നിരുന്ന പെരുന്നാള്‍ നിസ്ക്കാരം ഇത്തവണ നടത്തിയത് ആല്‍ബനി ക്യാപിറ്റല്‍ സെന്ററില്‍ വെച്ചായിരുന്നു. മസ്ജിദ് അസ്സലാം (ആല്‍ബനി), അല്‍‌ഹിദായ ഇസ്ലാമിക് സെന്റര്‍ (ലേഥം), മസ്ജിദ് അല്‍ അര്‍ഖം (ക്ലിഫ്ടന്‍ പാര്‍ക്ക്), മസ്ജിദ് ദാറുല്‍ തഖ്‌വ (സ്കെനക്റ്റഡി), ബോസ്നിയന്‍-അമേരിക്കന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി സെന്റര്‍ (വാട്ടര്‍‌വ്ലിയറ്റ്), ടര്‍ക്കിഷ് കള്‍ച്ചറല്‍ സെന്റര്‍ (മെനന്‍‌ഡ്സ്) എന്നീ പള്ളികള്‍ സം‌യുക്തമായാണ് ഇത്തവണ ആല്‍ബനി ക്യാപിറ്റല്‍ സെന്ററില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയത്. അതുകൊണ്ടു തന്നെ ആയിരങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ 7:30ന് തന്നെ തക്ബീര്‍ ധ്വനികളാല്‍ ഓഡിറ്റോറിയം ശബ്ദമുഖരിതമായി. 8:30ന് ആരംഭിക്കേണ്ടിയിരുന്ന പെരുന്നാള്‍ നിസ്ക്കാരവും ഖുത്‌ബയും ജനപ്രവാഹം മൂലം പതിനഞ്ച് മിനിറ്റ് വൈകി 8:45നാണ് ആരംഭിച്ചത്. അതിനു മുന്‍പ് അസംബ്ലി വുമന്‍ പട്രീഷ്യാ ഫാഹിയുടെ ആശംസാപ്രസംഗം ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് അപ്സ്റ്റേറ്റിലെ മുസ്ലിം സമൂഹത്തെക്കുറിച്ചും, അവര്‍ കമ്മ്യൂണിറ്റിക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും പ്രകീര്‍ത്തിച്ചു സംസാരിച്ചു. എല്ലാ വിശ്വാസികള്‍ക്കും ഈദ് ആശംസകളും നേര്‍ന്നു.

ഇമാം ജാഫര്‍ സെബ്ഖൗയിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നിസ്ക്കാരം. തുടര്‍ന്ന് ഖുത്ബയും നടത്തി. ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചും, ഇപ്പോള്‍ ഹ്യൂസ്റ്റണില്‍ സംഭവിച്ച പ്രകൃതി ദുരന്തത്തെക്കുറിച്ചും അദ്ദേഹം ഖുത്ബയില്‍ ഉദ്ബോധിപ്പിച്ചു. ഓരോ ദുരന്തങ്ങള്‍ വരുമ്പോഴും നാം ചിന്തിക്കുന്നത് എന്തുകൊണ്ടാണ് തുടരെത്തുടരെയുള്ള ഈ ദുരന്തങ്ങള്‍ ഇപ്പോള്‍ ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്? ദൈവത്തിന്റെ പരീക്ഷണങ്ങളാണവ. ദുരന്തങ്ങളില്‍ പെടുന്നവരെ സഹായിക്കുകയാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ കടമ. അവിടെ ജാതിയോ മതമോ വര്‍ഗമോ ദേശമോ നോക്കേണ്ടതില്ല. സത്ക്കര്‍മ്മങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുക... എല്ലാവര്‍ക്കും പുണ്യം കിട്ടും, ഇമാം ഖുത്ബയില്‍ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ, വ്യത്യസ്ഥ സംസ്ക്കാരമുള്ളവര്‍ ഒരുമിച്ച് ഒരു സ്ഥലത്ത് സമ്മേളിച്ചതാണ് ഇത്തവണത്തെ ഈദിന്റെ പ്രത്യേകത. തുടര്‍ന്നും ഇതുപോലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് വിവിധ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഈദുല്‍ അദ്‌ഹ ഒരു ഇസ്ലാം മതവിശ്വാസിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോകമെങ്ങുമുള്ള വിശ്വാസികള്‍ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നടത്തുന്ന ദിനമാണ് ഈ ദിവസം. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകള്‍ക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്ന ദിവസം. കണ്ണീരുകൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നില്‍ സ്വയം സമര്‍പ്പിക്കുന്ന ദിവസം. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കുന്ന ദിവസം. കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കണമെന്ന് നിർബ്ബന്ധമാണ്‌. ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെയ്ക്കാനില്ലാത്ത സമര്‍പ്പണമാണു ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകല്പന ശിരസ്സാ വഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.

മൊയ്തീന്‍ പുത്തന്‍‌ചിറ

Ads by Google
Saturday 02 Sep 2017 01.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW