Friday, June 08, 2018 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 02.00 AM

ഒരു ചിങ്ങപ്പൊന്‍പുലരി, പൊന്നോണം വരവായി

uploads/news/2017/09/142538/r1.jpg

ഓര്‍മ്മകളുടെ ഓടക്കുഴലൂതി പൊന്നോണം വരവായി. ഒരു ചിങ്ങപ്പൊന്‍പുലരി. പഞ്ഞക്കര്‍ക്കിടകത്തിലെ പെയ്‌തൊഴിയാത്ത മഴമേഘങ്ങള്‍ ചിങ്ങപ്പൊന്‍പുലരിയുടെ പിറവിക്കായി വഴിമാറുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വൃക്ഷത്തില്‍ തളിരിട്ട ചിങ്ങപ്പൂമൊട്ടിന്റെ സുഗന്ധം മലയാളക്കരയാകെ വ്യാപിക്കുന്നു. ചിങ്ങനിലാവിന്റെ തെളിമയില്‍ നാടെങ്ങും ആര്‍പ്പുവിളികള്‍.... ആഘോഷങ്ങള്‍ .... മലയാളത്തിന്റെ മനം കുളിര്‍പ്പിക്കുന്ന മഹോത്സവം. പൊന്നിന്‍ചിങ്ങത്തിലെ തിരുവോണനാള്‍ പ്രകൃതിയും മനുഷ്യനും പരസ്‌പരം വാരിപ്പുണര്‍ന്നു പുതുവര്‍ഷാരംഭത്തെ വരവേല്‍ക്കുവാന്‍ കരയും കടലും ആകാശവും ഭൂമിയും ഒന്നുപോലെ ഒരുങ്ങിക്കഴിഞ്ഞു. തെളിഞ്ഞ പകലുകള്‍ മനസില്‍ പ്രതീക്ഷയുടെ അത്തപ്പൂക്കളം തീര്‍ക്കുമ്പോള്‍ നമ്മുടെ ഓര്‍മ്മകളില്‍ വീണ്ടും ഒരോണംകൂടി. നിറകതിര്‍നിറഞ്ഞ പൊന്നാര്യന്‍പാടങ്ങളില്‍ പൊന്‍കതിര്‍കൊത്തിയകലുന്ന പറവകളും പൊന്നിന്‍ചിങ്ങത്തിന്റെ വരവ്‌ വിളിച്ചോതി എത്തുന്ന പൂത്തുമ്പികളും മലയാളിയുടെ മനസില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്‌. ഒരിക്കല്‍ക്കൂടി പാടവരമ്പുകളില്‍ ദശപുഷ്‌പങ്ങള്‍ വിരിയുന്നു. മുക്കുറ്റിയും മന്ദരവും തുളസിയും ചെമ്പരത്തിയും ഉള്ള പറമ്പുകളില്‍ അവ പൂത്താലമേന്തി തോടുകളിലും ആറ്റിലും പാടത്തും അല്ലിയാമ്പലുകള്‍ പൂക്കളം തീര്‍ത്തു. ഓണം പൂക്കളുടെ ഉത്സവമാണ്‌. പൂക്കളങ്ങളും ഓണത്തപ്പനുമൊക്കെ മുറ്റം നിറയുമ്പോഴാണ്‌ മലയാളിയുടെ മനസും നിറയുക. തികഞ്ഞ ശുദ്ധിയോടും വ്രതത്തോടുമാണ്‌ പണ്ട്‌ പൂക്കളങ്ങള്‍ ഒരുക്കിയിരുന്നത്‌.
അത്തംനാള്‍ ഒരു വരി പൂവ്‌, ചിത്തിരയ്‌ക്ക് രണ്ട്‌ എന്നിങ്ങനെ തുടങ്ങി തിരുവോണത്തിന്‌ 10 വരിപ്പൂക്കളിടുന്നു. എന്നാല്‍ ഇപ്പോള്‍ വീടുകളില്‍ പൂക്കളങ്ങള്‍ തീര്‍ക്കുന്നത്‌ കുറഞ്ഞുവരികയാണ്‌. പൂക്കളുടെ ലഭ്യതക്കുറവാണ്‌ പ്രശ്‌നം. പറമ്പുകള്‍ ഇല്ലാതായതോടെ നാട്ടുപൂക്കള്‍ അപ്രത്യക്ഷമായി. തുമ്പയും തുളസിയും കുടമുല്ലപൂവും മുക്കൂറ്റിയും നന്ത്യാര്‍വട്ടവും മന്ദാരവും തെറ്റിയുമൊക്കെ കണ്ടുമറന്ന കാഴ്‌ചകളാകുന്നു. പൂക്കള്‍ തേടി കാട്ടിലും മറ്റും അലയുന്ന ചെറുബാല്യങ്ങള്‍ ഓര്‍മ്മകള്‍ മാത്രമായി. കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട്‌ ഒഴുകി ഒലിച്ചുപോയ പഴമയുടെ പടിക്കലേക്കുള്ള ഒരു തിരനോട്ടം കൂടിയാണിത്‌. ഓണനാളിലെ തിരുവാതിരയും തുമ്പിതുള്ളലും മറ്റ്‌ ഓണക്കളികളും ഇന്ന്‌ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വര്‍ണപ്പൂക്കള്‍ അല്‍പായുസോടെ മത്സര ഇനമായി ചുരുങ്ങി. താമരയ്‌ക്കും തെച്ചിക്കും തുളസിക്കും പകരം അന്യ സംസ്‌ഥാന പൂക്കളും ഓര്‍ക്കിഡുകള്‍, ഗോള്‍ഡന്‍ റോള്‍, ഗ്ലാഡിയോല തുടങ്ങിയവ അത്തപൂക്കളത്തില്‍ ആധിപത്യമുറപ്പിക്കുന്നു. അതിനിടയില്‍ ആര്‍ക്കുവേണം മുക്കുറ്റിയും തുമ്പയും കൃഷ്‌ണകാന്തിയും തുളസിയുമൊക്കെ. പുതിയ തലമുറയ്‌ക്ക് ഓണാഘോഷങ്ങള്‍ ഒരു മുത്തശി കഥമാത്രം. ഓണസദ്യയുടെ മലയാളത്തനിമ ഇന്ന്‌ അന്യംനില്‍ക്കുന്നു. വിഭവങ്ങള്‍ റെഡിമെയ്‌ഡ് പായ്‌ക്കറ്റുകളിലാക്കി ഊണുമേശയ്‌ക്ക് മുന്നിലെത്തുന്ന കാലം. ആധുനീകതയുടെ കടന്നുകയറ്റംമൂലം പറമ്പിലെ വാഴയുടെ തൂശനില വെട്ടി സദ്യ ഉണ്ടിരുന്നിടത്ത്‌ ഇപ്പോള്‍ പ്ലാസ്‌റ്റിക്‌ ഇലകളില്‍ നേരത്തെ ഓര്‍ഡര്‍ നല്‍കി സദ്യ ഉണ്ണുന്നവരുമുണ്ട്‌. ഇന്ന്‌ ഓണസദ്യപോലും വാണിജ്യവല്‍ക്കരിക്കപ്പെട്ടു. കേരളത്തിലെ പല ഹോട്ടലുകളിലും ഓണദിവസം തയാറാക്കുന്ന ഓണസദ്യ ബുക്കുചെയ്യാന്‍ തിരക്കേറുന്ന കാലഘട്ടമാണിത്‌. ഓര്‍മ്മകളുടെ പൊന്നൂഞ്ഞാലില്‍ പിന്നിലേക്കോടുമ്പോള്‍ തെളിയുന്ന ഓണക്കാഴ്‌ചകള്‍ക്ക്‌ പത്തരമാറ്റിന്റെ തിളക്കമുണ്ട്‌. അത്തംമുതല്‍ പത്തുനാള്‍ കുട്ടികള്‍ വീട്ടുമുറ്റത്ത്‌ പൂക്കളം ഒരുക്കും. അത്തം പത്തിനാണ്‌ പൊന്നോണം (തിരുവോണം). കുട്ടികള്‍ക്കായി പറമ്പിലെ മരങ്ങളില്‍ ഊഞ്ഞാല്‍കെട്ടി കൊടുക്കും. കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, തിരുവാതിരകളി തുടങ്ങിയവയാണ്‌ സ്‌ത്രീകളുടെ പ്രധാന ഓണക്കാലവിനോദങ്ങള്‍. ഊഞ്ഞാലാട്ടം, പുലികളി തുടങ്ങിയവയാണ്‌ പുരുഷന്മാരുടെ വിനോദങ്ങള്‍. പൊന്നാണപ്പൊലിമയില്‍ കേരളം വീണ്ടും പൂത്തുലയുകയാണ്‌. പ്രകൃതി വസന്തത്തിലേക്കുള്ള യാത്ര. ഓര്‍മ്മയില്‍ നിറംപെയ്യുന്ന ഓണം ഐശ്വര്യസമൃദ്ധിയുടെയും നന്മയുടെയും ത്യാഗത്തിന്റെയും പ്രതീകോത്സവം കൂടിയാണ്‌. നമുക്ക്‌ ഒരു മനസോടെ വരവേല്‍ക്കാം ഈ പൊന്നോണത്തെ. എല്ലാവര്‍ക്കും നന്മനിറഞ്ഞ ഓണാശംസകള്‍...

Ads by Google
Saturday 02 Sep 2017 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW