Tuesday, November 21, 2017 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 01.24 AM

സിറോ മലബാര്‍സഭയ്‌ക്കു പുതിയ മൂന്നു മെത്രാന്മാര്‍

കൊച്ചി: സിറോ മലബാര്‍സഭയില്‍ മൂന്നു മെത്രാന്മാര്‍ കൂടി നിയമിതരായി. റവ. ഡോ. ടോണി നീലങ്കാവില്‍ തൃശൂര്‍ അതിരൂപതയുടെയും റവ. ഡോ. ജോസഫ്‌ പാംബ്ലാനി തലശേരി അതിരൂപതയുടെയും സഹായമെത്രാന്മാരാകും. സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ കൂരിയാ മെത്രാനായി റവ. ഡോ. സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കലും നിയമിക്കപ്പെട്ടു.
കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ഇന്നലെ സമാപിച്ച സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്‌. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ റോമന്‍ സമയം ഉച്ചയ്‌ക്ക്‌ 12 നു വത്തിക്കാനിലും ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ കാക്കനാട്‌ സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. പുതിയ മെത്രാന്മാരെ നിയമിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കല്‌പന കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു.
അറിയിപ്പിനുശേഷം മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, തലശേരി ആര്‍ച്ചുബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞെരളക്കാട്ട്‌, കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ നിയുക്‌ത മെത്രാന്മാരെ സ്‌ഥാനചിഹ്നഹ്‌നങ്ങള്‍ അണിയിച്ചു.
ത്രോയിന (ഫാ.സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍), മസുക്കാബാ (ഫാ. ടോണി നീലങ്കാവില്‍), നുംളുലി (ഫാ. ജോസഫ്‌ പാംബ്ലാനി) എന്നിവയാണു നിയുക്‌ത മെത്രാന്മാരുടെ സ്‌ഥാനികരൂപതകള്‍. മൂവരുടെയും മെത്രാഭിഷേക തീയതികള്‍ പിന്നീട്‌ തീരുമാനിക്കും.
നീലങ്കാവില്‍ ഷെവ: എന്‍. എ. ഔസേപ്പിന്റെയും ടി.ജെ. മേരിയുടെയും അഞ്ചു മക്കളില്‍ മൂത്തമകനായി 1967 ജൂലൈ 23ന്‌ ജനിച്ച നിയുക്‌തമെത്രാന്‍ ഫാ. ടോണി തൃശൂര്‍ ലൂര്‍ദ്‌ കത്തീഡ്രല്‍ ഇടവകാംഗമാണ്‌. ഒല്ലൂര്‍ സെന്റ്‌ റാഫേല്‍സ്‌ എല്‍.പി. സ്‌കൂള്‍, തൃശൂര്‍ ലത്തീന്‍ കോണ്‍വെന്റ്‌ യു. പി. സ്‌കൂള്‍, മോഡല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും സെന്റ്‌ തോമസ്‌ കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം 1984 ല്‍ വൈദികപരിശീലനത്തിനായി തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍ തത്വശാസ്‌ത്രപഠനവും ദൈവശാസ്‌ത്രപഠനവും നടത്തി. 1993 ഡിസംബര്‍ 27-ന്‌ മാര്‍ ജോസഫ്‌ കുണ്ടുകുളത്തില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ഒല്ലൂര്‍, പാലയൂര്‍ പള്ളികളില്‍ അസിസ്‌റ്റന്റ്‌ വികാരിയായിരുന്നു. 1995 ല്‍ ഉപരിപഠനാര്‍ഥം ബെല്‍ജിയത്തിനു പോയ നിയുക്‌ത മെത്രാന്‍ ലുവൈന്‍ കാത്തലിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ദൈവശാസ്‌ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്‌ടറേറ്റും നേടി.
2002-ല്‍ നാട്ടില്‍ തിരിച്ചെത്തി തൃശൂര്‍ മേരി മാതാ സെമിനാരിയില്‍ ആനിമേറ്ററായും അധ്യാപകനായും ഡീന്‍ ഓഫ്‌ സ്‌റ്റഡീസ്‌ ആയും സേവനമനുഷ്‌ഠിച്ച അദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ സെമിനാരിയില്‍ റെക്‌ടറായി.
പാംബ്ലാനിയില്‍ തോമസ്‌-മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ മൂന്നിനു ജനിച്ച ഫാ. ജോസഫ,്‌ തലശേരി അതിരൂപതയിലെ ചരല്‍ ഇടവകാംഗമാണ്‌. ചരല്‍ എല്‍.പി. സ്‌കൂള്‍, കിളിയന്തറ യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും നിര്‍മലഗിരി കോളജില്‍ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന്‌ ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്‌ത്രപഠനവും ദൈവശാസ്‌ത്രപഠനവും നടത്തിയ നിയുക്‌ത മെത്രാന്‍ 1997 ഡിസംബര്‍ 30ന്‌ മാര്‍ ജോസഫ്‌ വലിയമറ്റത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
പേരാവൂര്‍ പള്ളിയില്‍ അസിസ്‌റ്റന്റ്‌ വികാരിയും ദീപഗിരി ഇടവകയില്‍ വികാരിയായും സേനവമനുഷ്‌ഠിച്ചു. 2001 ല്‍ ഉപരിപഠനാര്‍ഥം ലൂവൈനു പോയ നിയുക്‌ത മെത്രാന്‍, ലുവൈന്‍ കാത്തലിക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്‌ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്‌ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശേരി ബൈബിള്‍ അപ്പസ്‌തോലേറ്റ്‌ ഡയറക്‌ടറായി നിയമിതനായി. ആല്‍ഫാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സ്‌ഥാപകനായ ഫാ. പാംബ്ലാനി ആലുവാ, വടവാതൂര്‍, കുന്നോത്ത്‌, ബംഗളുരു സെന്റ്‌ പീറ്റേഴ്‌സ്‌ എന്നീ സെമിനാരികളില്‍ വിസിറ്റിങ്‌ പ്രഫസറാണ്‌. നിയുക്‌ത മെത്രാന്‍ ഇപ്പോള്‍ തലശേരി അതിരൂപതയുടെ സിന്‍ചെല്ലൂസാണ്‌. പെരുവന്താനം വാണിയപ്പുരയ്‌ക്കല്‍ വി.എം. തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒന്‍പതു മക്കളില്‍ എട്ടാമനായി 1967 മാര്‍ച്ച്‌ 29ന്‌ ജനിച്ച ഫാ. സെബാസ്‌റ്റ്യന്‍, കാഞ്ഞിരപ്പള്ളി രൂപതയിലെ നിര്‍മലഗിരി ഇടവകാംഗമാണ്‌. മുണ്ടക്കയം സെന്റ്‌ ലൂയിസ്‌ എല്‍.പി. സ്‌കൂള്‍, പെരുവന്താനം സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1982ല്‍ വൈദികപരിശീലനത്തിനായി പൊടിമറ്റം മേരി മാതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്റ്‌ തോമസ്‌ അപ്പസ്‌തോലിക്‌ സെമിനാരിയില്‍ തത്വശാസ്‌ത്രപഠനവും ദൈവശാസ്‌ത്രപഠനവും നടത്തിയ ഫാ. വാണിയപ്പുരയ്‌ക്കല്‍ 1992 ഡിസംബര്‍ 30ന്‌ മാര്‍ മാത്യു വട്ടക്കുഴി പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ അസിസ്‌റ്റന്റ്‌ വികാരിയായി ശുശ്രൂഷ ചെയ്‌തു. 1995 -ല്‍ കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്‌തി ഡയറക്‌ടറായി. 2000-ല്‍ ഉപരിപഠനാര്‍ഥം റോമിനു പോയ നിയുക്‌ത മെത്രാന്‍, ഹോളിക്രോസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സഭാനിയമത്തില്‍ ഡോക്‌ടറേറ്റു നേടി. കാഞ്ഞിരപ്പള്ളി രൂപതാ ജൂഡീഷ്യല്‍ വികാരിയായും കൊരട്ടി, പൂമറ്റം, ചെന്നാക്കുന്ന്‌, മുളംകുന്ന്‌ എന്നീ പള്ളികളില്‍ വികാരിയായും സേനവനമനുഷ്‌ഠിച്ചു. കപ്പാട്‌ ബനഡിക്‌റ്റൈന്‍ ആശ്രമത്തിലും കുന്നോത്ത്‌ ഗുഡ്‌ ഷെപ്പേര്‍ഡ്‌ സെമിനാരിയിലും പൊടിമറ്റം നിര്‍മലാ തിയളോജിക്കല്‍ കോളജിലും പഠിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വൈസ്‌ ചാന്‍സലറാണ്‌.
സിറോ മലബാര്‍ സഭയിലെ രണ്ടാമത്തെ കൂരിയാ മെത്രാനാണ്‌ ഫാ.സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍. 2010 മുതല്‍ 2014 വരെ പ്രഥമ കൂരിയാ മെത്രാനായിരുന്ന ബിഷപ്‌ ബോസ്‌കോ പുത്തൂര്‍ ഓസ്‌ട്രേലിയയില്‍ മെല്‍ബണ്‍ കേന്ദ്രമാക്കി സ്‌ഥാപിതമായ സിറോ മലബാര്‍ രൂപതയുടെ മെത്രാനായി നിയമിതനായതു മുതല്‍ ഈ സ്‌ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Ads by Google
Saturday 02 Sep 2017 01.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW