Thursday, May 31, 2018 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Friday 01 Sep 2017 08.19 PM

ഞണ്ടുകളുടെ സ്‌നേഹസ്പര്‍ശം

പൂര്‍ണമായും കാന്‍സറിനെക്കുറിച്ച് പറയുന്ന സിനിമ. ഒരുപക്ഷേ മുഖ്യധാരാ മലയാള സിനിമയില്‍ ആദ്യം. കേള്‍ക്കുമ്പോഴേ സിനിമ ഡിപ്രസിങ് ആണെന്നു തോന്നിയെങ്കില്‍ തെറ്റി. വളരെ പ്ലെസന്റായ, മരണമുഖത്തുപോലും ചിരിയുടെ സാധ്യതകള്‍ കണ്ടെത്തുന്ന റിഫ്രഷിങ് ആയ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആണ് !ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള'. ശോകമൂക വിഷാദഭരിതമാകേണ്ട, മെലോഡ്രാമയുടെ ആറാട്ടുപൂരമാകേണ്ട കാഴ്ചയെ കൈയടക്കത്തോടെ, പുതുതലമുറ സിനിമയുടെ രുചിയില്‍ മുക്കി അല്‍ത്താഫ് സലിം ആദ്യസിനിമയില്‍ തന്നെ വരവറിയിച്ചു.
njandukalude nattil oridavela, movie review

കാന്‍സറിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട കാലത്തെക്കുറിച്ച് ചന്ദ്രമതി ടീച്ചര്‍ എഴുതിയ കഥയാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള'. പ്രേമം എന്ന സിനിമയിലെ 'ഏതു രാജകുമാരനാണ് ചേട്ടാ' എന്ന ചോദ്യത്തിലൂടെ ശ്രദ്ധനേടിയ അല്‍ത്താഫ് സലീം ആദ്യമായി സംവിധാനം ചെയ്യുന്ന അതേപേരിലുള്ള സിനിമ, (പേരിന് ചന്ദ്രമതി ടീച്ചര്‍ക്കുള്ള കടപ്പാടോടെയാണ് സിനിമ തുടങ്ങുന്നത്.) ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള പറയുന്നതും കാന്‍സര്‍ എന്ന രോഗത്തിന്റെ ഞണ്ടുപോലുള്ള പിടിമുറുക്കലിനെക്കുറിച്ചാണ്. പൂര്‍ണമായും കാന്‍സറിനെക്കുറിച്ച് പറയുന്ന സിനിമ. ഒരുപക്ഷേ മുഖ്യധാരാ മലയാള സിനിമയില്‍ ആദ്യം. കേള്‍ക്കുമ്പോഴേ സിനിമ ഡിപ്രസിങ് ആണെന്നു തോന്നിയെങ്കില്‍ തെറ്റി. വളരെ പ്ലെസന്റായ, മരണമുഖത്തുപോലും ചിരിയുടെ സാധ്യതകള്‍ കണ്ടെത്തുന്ന റിഫ്രഷിങ് ആയ ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആണ് !ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള'. ശോകമൂക വിഷാദഭരിതമാകേണ്ട, മെലോഡ്രാമയുടെ ആറാട്ടുപൂരമാകേണ്ട കാഴ്ചയെ കൈയടക്കത്തോടെ, പുതുതലമുറ സിനിമയുടെ രുചിയില്‍ മുക്കി അല്‍ത്താഫ് സലിം ആദ്യസിനിമയില്‍ തന്നെ വരവറിയിച്ചു. വിജയനാകയനായ നിവിന്‍പോളി കൂടെയുണ്ടായിട്ടും അല്‍പം പോലും നായകപരിവേഷമില്ലാതെ, കാന്‍സറിനെതിരേ പോരാടുന്ന ഷീല എന്ന കോളജ് അധ്യാപികയായ വീട്ടമ്മയെ കേന്ദ്രസ്ഥാനത്തുനിര്‍ത്തിയാണ് അല്‍ത്താഫ് തന്റെ കന്നിസിനിമ ഒരുക്കിയിരിക്കുന്നത്. ദീര്‍ഘകാലത്തിനുശേഷം മലയാളത്തിലേക്കു മടങ്ങിയെത്തുന്ന ശാന്തികൃഷ്ണയാണ് ഷീലയെ അവതരിപ്പിക്കുന്നത്.

njandukalude nattil oridavela, movie review

'ആക്ഷന്‍ ഹീറോ ബിജു'വിനുശേഷം നിവിന്‍പോളി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടില്‍. തുടര്‍ഹിറ്റുകളുടെ ഹാങ്ഓവറില്‍നില്‍ക്കുന്ന നിവിന്‍പോളി ഒരു പുതുമുഖ സംവിധായകനില്‍ എന്തുകൊണ്ട് വിശ്വാസം അര്‍പ്പിച്ചു എന്നതിന്റെ തെളിവാണ് ഞണ്ടുകളുടെ നാട്ടിലെ ഇടവേള. അല്‍ത്താഫിനൊപ്പം ജോര്‍ജ് കോരയും ചേര്‍ന്നാണു പുതിയ കാല പ്രേക്ഷകരെ ആകര്‍ഷിച്ചിരുത്താനുള്ള ചേരുവകളുള്ള സ്‌ക്രിപ്റ്റ് രചിച്ചിട്ടുള്ളത്.

ഒരു അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബം. സന്തോഷകരമായ ജീവിതം, അതിനിടയിലേക്കു കാന്‍സര്‍ എന്ന വില്ലന്‍ വീട്ടമ്മയെ ആക്രമിക്കുന്നു. ഒരു സാദാ മലയാളി കുടുംബത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യം. അതിനെ വലിയ നാടകീയതകളില്ലാതെ, അത്തരം ഒരു സാഹചര്യത്തെ ഒരു സാധാരണ കുടുംബം എങ്ങനെയാണു നേരിടുക, തരണം ചെയ്യുക എന്ന് പറയാനാണ് അല്‍ത്താഫ് ശ്രമിക്കുന്നത്. സിനിമയുടെ മുഴുവന്‍ ഫോക്കസും ഈയൊരു കാര്യത്തിലൂന്നിയാണ്. അതിനിടയില്‍ പ്രണയവും കുടുംബബന്ധങ്ങളും വളരെ സ്വഭാവികമായി ചിരിയുടെ അകമ്പടിയോടെ കടന്നുവരുന്നതുകൊണ്ട് ആയാസമോ അസ്വസ്ഥതയോ തോന്നാതെ ഷീലയുടെ ഈ രോഗാവസ്ഥയ്‌ക്കൊപ്പം സഞ്ചരിക്കാനാകുന്ന വിധത്തിലാണ് 131 മിനിട്ടുള്ള സിനിമ ഒരുക്കിയിരിക്കുന്നത്.

njandukalude nattil oridavela, movie review

ആസ്റ്റര്‍ മെഡിസിറ്റി അടക്കമുള്ള സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സിങ് കടന്നുവരുന്നത് അല്‍പം കല്ലുകടിയായി തോന്നിയിട്ടുണ്ട്. കാശുള്ളവനു കാന്‍സര്‍ വന്നാലെ ഈ പറയുന്ന അനായാസതയുണ്ടാകു എന്നൊരു മറുപുറം സിനിമയുടെ സരസമുധരമായ ആഖ്യാനത്തിനുണ്ട്. ഒരു ഇടത്തരം കുടുംബത്തെ ഛിന്നഭിന്നമാക്കാന്‍ ഒരു കാന്‍സര്‍ ചികിത്സയ്ക്കു സാധിക്കും. രക്ഷപ്പെട്ടാല്‍ രക്ഷപ്പെട്ടു എന്നതു മാത്രമാണ് സമകാലീന അര്‍ബുദ ചികിത്സയിലെ ക്ലിനിക്കല്‍ സത്യം. മെഡിക്കല്‍ കോളജുകളിലെ ഓങ്കോളജി വാര്‍ഡുകളിലെ കാന്‍സര്‍ ദുരന്തങ്ങള്‍ കണ്ട, കീമോയുടെ മാരകപ്രഹരങ്ങളെ ഏറ്റുവാങ്ങിയവരുടെ, ചികിത്സയ്ക്കു കിടപ്പാടം വിറ്റവരുടെ നാട്ടുകാര്‍ പിരിവെടുത്തു ചികിത്സ നടത്തിയവരുടെ മുന്നിലൊന്നും ലളിതസുന്ദരമായ ഈ ഫൈവ് സ്റ്റാര്‍ സെറ്റപ്പിലുള്ള കാന്‍സര്‍ ചികിത്സ അത്ര ചിരി ഒരുക്കിയെന്നുവരില്ല.
അര്‍ബുദത്തിന്റെ വ്യാധിയെ ഇത്തരത്തില്‍ ലഘൂകരിച്ചതുകൊണ്ടോ, ചികിത്സയുടെ ഘട്ടങ്ങളെ സരസമായി പറഞ്ഞതുകൊണ്ടോ സിനിമയുടെ മെറിറ്റ് ഇല്ലാതാകുന്നില്ല. ചികിത്സയുടെയും സിനിമയുടേയും ഒരു 'അപ്പര്‍ക്ലാസ്' സ്വഭാവത്തെപ്പറ്റി ഒന്നു സൂചിപ്പിച്ചെന്നേയുള്ളു.

സിനിമയിലെ നായിക ഷീല സമ്പന്നകുടുംബാംഗമാണ്. തനിക്കു സ്തനാര്‍ബുദമാണോ എന്ന ഷീലയുടെ സംശയത്തോടെയാണ് തുടങ്ങുന്നത്. അതു ഭര്‍ത്താവ് ചാക്കോ(ലാല്‍)യോടു പങ്കുവയ്ക്കുകയും ഷീല മകന്‍ കുര്യനെ(നിവിന്‍ പോളി) ലണ്ടനില്‍നിന്നു വിളിച്ചുവരുത്തുകയും ചെയ്യുന്നതോടെ മൊത്തം കുടുംബത്തിന്റെ വിഷയമാകുന്നു. കുര്യന്‍ എന്ന കെയര്‍ഫ്രീ ചെറുപ്പക്കാരനെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. പിതാവിന്റെ കാന്‍സര്‍ ചികിത്സയ്ക്കിടെ കുര്യനെ കണ്ടുമുട്ടുന്ന റെയ്ച്ചലിനെ പുതുമുഖം ഐശ്വര്യലക്ഷ്മി അവതരിപ്പിക്കുന്നു.അഹാന കൃഷ്ണകുമാര്‍, ശ്രിന്റ ആഷാബ്, സിജു വില്‍സണ്‍, ഷറഫുദീന്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരാണു മറ്റുവേഷങ്ങളില്‍. ചാക്കോ എന്ന വേഷത്തില്‍ ലാല്‍ ഒരു മുതല്‍ക്കൂട്ടാണ്. പരുക്കനായ, വില്ലനായ അച്ഛന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള ലാല്‍ ഭീരുവായ, കുടുംബത്തെ കൈകാര്യം ചെയ്യാന്‍ അധൈര്യപ്പെടുന്ന കുടുംബനാഥനായി രസികത്തവും എന്നാല്‍ ഉള്‍ക്കനവും നിറഞ്ഞ കഥാപാത്രമായി മാറിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷമാണ് എത്തുന്നതെങ്കിലും ശാന്തികൃഷ്ണയ്ക്കു ഷീല ശാന്തികൃഷ്ണയുടെ കൈയില്‍ ഏറെക്കുറെ ഭദ്രമാണ്. ബോള്‍ഡും പ്രായോഗികവാദിയുമായ വിദ്യാസമ്പന്നയായ അപ്പര്‍ മിഡില്‍ ക്ലാസ്, വീട്ടമ്മയെ മിതത്വത്തോടെയും വിശ്വസനീയതോടെയും അവതരിപ്പിക്കാന്‍ ശാന്തിക്കു കഴിയുന്നുണ്ട്.

njandukalude nattil oridavela, movie review

നിലവില്‍ മലയാളസിനിമയിലെ കുടുംബചിത്രങ്ങളിലെ തുറുപ്പുഗുലാനാണ് നിവിന്‍ പോളി. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനുശേഷം ഏതാണ്ട് അതേ ഫോര്‍മാറ്റിലാണു നിവിന്‍ എത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ജെറിയില്‍നിന്ന് ഞണ്ടുകളിലെ കുര്യന്‍ ചാക്കോയിലേക്കെത്തുമ്പോഴും നിവിന് വീട്ടിലെ പയ്യന്‍ എന്ന ആ ഇമേജ് ഉണ്ട്. ആക്ഷന്‍ ഹീറോ ബിജുവും സഖാവും നല്‍കിയ പരുക്കന്‍ ഭാവങ്ങളില്ലാതെ ചെറിയ ചമ്മലുകളും കുട്ടികളികളുമായി നടക്കുന്ന മസിലുപിടിത്തമില്ലാത്ത കുര്യനെ നിവിന്‍ രസകരമായി അവതരിപ്പിക്കുന്നുണ്ട്. കരിയറിലെ ഈ സുവര്‍ണകാലത്തു നില്‍ക്കുമ്പോള്‍ തന്നെ നായകന്റെ വഴിയേ പറയാത്ത സിനിമ നിര്‍മിക്കാനും നായകഗുണങ്ങള്‍ അല്‍പംപോലും തന്റെ കഥാപാത്രത്തില്‍ കയറിവരാന്‍ നിര്‍ബന്ധം പിടിക്കാതിരിക്കാനും നിവിന്‍ കാണിക്കുന്ന പ്രഫഷണലിസവവും വകതിരിവും സിനിമയിലെ അന്തകവിത്തുകളുടെ കാലത്തു ശ്രദ്ധേയമാണ്.
നിവിന്‍ പോളി, ലാല്‍, ശാന്തികൃഷ്ണ എന്നിവര്‍ ഒഴിച്ചാല്‍ കാമറയ്ക്കുമുന്നിലും അത്ര വിലയുള്ള താരങ്ങളില്ല. പിന്നണിയില്‍ ഏറെയും പുതുമുഖങ്ങളാണ്. ഛായാഗ്രഹണം പുതുമുഖം മുകേഷ് മുരളീധരനാണ്. ദൃശ്യങ്ങളിലെ ആ ഫ്രഷ്‌നെസ് ശ്രദ്ധേയം. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ശ്രദ്ധേയമാണ്.

[IMG]

ചെറിയ പയ്യന്‍ എന്നു നമ്മള്‍ കരുതിയിരുന്ന അല്‍ത്താഫിന് പുതിയ സിനിമയുടെ ക്രാഫ്റ്റ് വഴങ്ങുമെന്ന് ഉറപ്പാണ്. സിനിമയുടെ ബോക്‌സ്ഓഫീസ് വിധിയെന്തായാലും അല്‍ത്താഫ് വരുകാല മലയാളസിനിമയുടെ ചോയ്‌സാണ്. സങ്കീര്‍ണതകളില്ലാതെ, ദുരൂഹതകളില്ലാതെ, വളച്ചുകെട്ടലില്ലാതെ കഥ പറയാനും ദൃശ്യവല്‍ക്കരിക്കാനുമുള്ള ആ മികവ് അംഗീകരിക്കാം. പ്രത്യേകിച്ച് ഈയൊരു വിഷയം പറയാന്‍ എടുത്ത ചിരിയുടെ ട്രാക്ക്. വളരെ ഡള്ളായി പറയേണ്ട, ഡോക്ടര്‍മാരുടെ ജീവന്‍രക്ഷാ ഉപദേശങ്ങള്‍ നിറയേണ്ട, ആശുപത്രിയുടെ ആസ്വദിക്കാനാവാത്ത അന്തരീക്ഷം പശ്ചാത്തലമാകേണ്ട ഒരു കണ്ണീര്‍ സിനിമയെ നര്‍മത്തിന്റെ ട്രാക്കിലേക്കു തിരിച്ചുവിട്ടത് ബോധപൂര്‍വമാണ്. കാന്‍സര്‍ ചികിത്സയില്‍ രോഗിയുടെ മനസിനു നല്‍കണ്ടേത് ഒപ്പമുള്ളവരുടെ ചിരിയാണെന്ന ലളിതയുക്തിയാണ് സിനിമ പങ്കുവയ്ക്കുന്നത്. അതിന്റെ 'പോഷ്' രീതികളോടു മനസാ എതിര്‍പ്പുണ്ടെങ്കിലും ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.

അവസാനവാക്ക്: കാന്‍സര്‍ ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ എഴുതിയിട്ടുള്ള ആയിരം ലേഖനങ്ങളേക്കാള്‍, കൗണ്‍സിലിങ് ക്ലാസുകളേക്കാള്‍ കരുത്തുണ്ട്, ലളിതമധുരമായ ഈ കുടുംബചിത്രത്തിന്.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW