Thursday, June 07, 2018 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Friday 01 Sep 2017 06.06 PM

ചേലാകർമ്മം നടത്തി നശിപ്പിക്കരുത് അവളുടെ ചോദനകളെ !!!

സ്ത്രീയെയും പുരുഷനെയും എടുത്തു നോക്കിയാൽ പുരുഷനാണ് ലൈംഗികതയോടു ഏറ്റവുമധികം താല്പര്യമെങ്കിൽപോലും ആ അവസ്ഥയിൽ ഏറ്റവുമധികം ആനന്ദം അനുഭവിക്കുന്നത് സ്ത്രീ തന്നെയാണ്.ചേലാകർമ്മം വഴി അത്തരം അനുഭൂതികളിലേക്കാണ് ആചാരങ്ങൾ അധികാരം സ്ഥാപിക്കുന്നത് . തികച്ചും മനുഷ്യാവകാശങ്ങളിലേയ്ക്ക് ആചാരങ്ങൾ കടന്നു കയറുന്ന അവസ്ഥ.
Female genital mutilation

എന്റെ ലൈംഗികത എന്റെ അവകാശമാണ് എന്ന് സ്ത്രീകൾ എത്രയുറക്കെ പ്രഖ്യാപനം നടത്തിയാൽപോലും ആ അവകാശം നടത്തിത്തരണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന് പുരുഷസമൂഹം ഉറക്കെ പറയും. ലൈംഗികതയ്ക്ക് മുകളിൽ അടിച്ചമർത്തലുകൾ നടത്തുക തന്നെയാണ് ഒരു സ്ത്രീയെ മണ്ണോളവും പിന്നെ അതിനടിയിലേയ്ക്കും താഴ്ത്തികെട്ടാനുള്ള ഏക മാർഗ്ഗമെന്നും ആരൊക്കെയോ കണ്ടുവച്ചിരിക്കുന്നു. അതിന്റെ പ്രത്യാഘാതമാണ് സ്ത്രീകൾക്കിടയിൽ ചേലാകർമ്മം നടക്കുന്നു എന്ന വാർത്തയുണ്ടാക്കുന്ന ഷോക്ക്.

ശരീരത്തിന് അകത്തും പുറത്തുമായി കൃത്യമായി നിശ്ചയമില്ലാത്ത എന്തൊക്കെ അവയവങ്ങളുണ്ട് നമുക്കൊക്കെ! എന്തിനാണ് ഇത്രയധികം അവയവങ്ങളെന്നു ഇതുവരെയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ അവയവങ്ങളും നമ്മളറിയാതെ അവരുടേതായ ജോലികൾ ചെയ്തു കൊണ്ടേയിരിക്കുന്നു. പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ, ക്ഷീണം വന്നാൽ വേദനകളായി തലച്ചോറിനെ അറിയിക്കുകയും മരുന്നുകളോ വിശ്രമമോ വഴി അവയവത്തിനു പരിഹാരം നൽകുകയും ചെയ്യുന്നു. പല അവയവങ്ങൾക്കും പ്രത്യേകിച്ച് ജോലിയൊന്നും ശരീരത്തിൽ ചെയ്യാനില്ല എന്ന് തോന്നിയാൽ പോലും സ്വന്തം കണ്ണ് കൊണ്ട് കാണുകയോ ബോധം കൊണ്ട് അറിയുകയോ ചെയ്യുന്നതിനപ്പുറം ജോലികൾ അവയ്ക്കുണ്ട്, കാരണം എന്തെങ്കിലും ചെയ്യാനില്ലാത്ത ഒരു അവയവവും മനുഷ്യ ശരീരത്തിലില്ല, കാരണം ശരീരം എന്നത് പരീക്ഷണത്തിനായി നിർമ്മിക്കപ്പെട്ട ഒന്നല്ല, എല്ലാം കൊണ്ടും പൂർണമാക്കപ്പെട്ടതാണ്. ആ ശരീരത്തിലെ ഒരു അവയവം യാതൊരു മാനുഷികതയുമില്ലാതെ ഛേദിച്ചു കളയുന്ന അവസ്ഥയെന്നാൽ എങ്ങനെ അത് വ്യാഖ്യാനിക്കണം?

സ്ത്രീയെയും പുരുഷനെയും എടുത്തു നോക്കിയാൽ പുരുഷനാണ് ലൈംഗികതയോടു ഏറ്റവുമധികം താല്പര്യമെങ്കിൽപോലും ആ അവസ്ഥയിൽ ഏറ്റവുമധികം ആനന്ദം അനുഭവിക്കുന്നത് സ്ത്രീ തന്നെയാണ്.ചേലാകർമ്മം വഴി അത്തരം അനുഭൂതികളിലേക്കാണ് ആചാരങ്ങൾ അധികാരം സ്ഥാപിക്കുന്നത് . തികച്ചും മനുഷ്യാവകാശങ്ങളിലേയ്ക്ക് ആചാരങ്ങൾ കടന്നു കയറുന്ന അവസ്ഥ. ഒരുപക്ഷെ ആഫ്രിക്കൻ ഗോത്ര വർഗ്ഗങ്ങളുടെ ഇടയിൽ മാത്രം നടന്നു വന്നിരുന്ന ഒരു പ്രാകൃത കർമ്മമാണ്‌ ഇപ്പോൾ ഇന്ത്യയിലും നമ്മുടെ കേരളത്തിലും സ്ത്രീകൾക്കിടയിൽ നടക്കുന്നതെന്നറിയുമ്പോൾ സാക്ഷരതയും ബോധവും കൂടിയതെന്ന് അഭിമാനിക്കുന്ന കേരളീയ ജനത തല താഴ്ത്തി തന്നെ നടക്കണം!

Female genital mutilation

ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരുടെ ഇടയിലെ ഏറ്റവും വിശുദ്ധമായ ഒരു ചടങ്ങാണ് ‘‘ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ" വളരെ പ്രാകൃതമായ രീതിയിൽ ബ്ലേഡ് പോലെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആചാരപ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം അവരുടെ ഇടയിലെ ഇത്തരം കർമ്മങ്ങൾ ചെയ്ത് പരിചയമുള്ള ഒരു സ്ത്രീയാണ് ചേലാകർമ്മം പതിനൊന്ന് വയസ്സോളം പ്രായമുള്ള പെൺകുട്ടികൾക്ക് ചെയ്യുക. ലൈംഗിക അവയവങ്ങളുടെ മുകളിൽ കാണപ്പെടുന്ന ഭാഗങ്ങൾ മുറിച്ച് മാറ്റുകയാണ് ചേലാകർമ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു എൻ ഓ പോലെയുള്ള ആഗോള സംഘടനകൾ പോലും എതിർത്തിട്ടും ഇപ്പോഴും നടക്കുന്ന ആചാരത്തെ പലപ്പോഴും നമ്മൾ മലയാളികൾ കണ്ടത് പുച്ഛത്തോടെയാണ്. അല്ലെങ്കിലും അക്ഷരാഭ്യാസം ഇത്തിരിയുണ്ടെന്നു വന്നാൽ നമുക്ക് മുകളിൽ മറ്റൊരാളില്ലല്ലോ. ആ അഹങ്കാരങ്ങൾക്കു മുകളിലാണ് വടക്കൻ കേരളത്തിൽ നിന്നും വരുന്ന വാർത്തകൾ വലിയ അടിയായത്.

എന്തിനു സ്ത്രീകളിലെ ചേലാകർമ്മം? സ്ത്രീകളിലെ ലൈംഗിക വികാരം കുറയ്ക്കുക , ഗുഹ്യരോഗ സംബന്ധിയായ അസുഖങ്ങൾ കുറയ്ക്കുക എന്നൊക്കെ കാരണങ്ങൾ പറഞ്ഞാണ് വടക്കൻ കേരളത്തിലെ ഒരു വിഭാഗം ആചാരം എന്ന പേരിൽ സ്ത്രീകൾക്ക് വേണ്ടി സുന്നത്ത് കർമ്മം പോലെ ചേലാകർമ്മം നടത്തുന്നതെന്നാണ് വാർത്തകൾ. ഗോത്രവർഗ്ഗത്തിന്റെ അത്ര പ്രാകൃത അവസ്ഥയിലല്ല തങ്ങൾ ചെയ്യുന്നതെന്ന് അവർക്ക് ന്യായീകരണവും പറയാനുണ്ടാകും .ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ക്ലിനിക്ക് യുവാക്കളായ സമൂഹം കഴിഞ്ഞ ദിവസം നശിപ്പിക്കയും ചെയ്തിരുന്നു. പ്രതീക്ഷയുള്ളത് യുവാക്കളുടെ മനസ്സിനെ കുറിച്ചാണെങ്കിൽ പോലും ഇന്നത്തെ കാലത്തും പെൺകുട്ടികളെ അവനവനിലേക്ക് ഒതുക്കാനും അവളിലെ അടിസ്ഥാന വികാരങ്ങളെ പോലും അടിച്ചമർത്താനും നടത്തുന്ന പ്രവർത്തനങ്ങൾ ഒരു തരം ഗോത്ര സംസ്കാരത്തിലേക്ക് തരംതാഴുന്നുണ്ട്.

2.2 കോടി ജനസംഖ്യയുള്ള ഒരു നഗരമാണ് മുംബൈ. നൂറ്റാണ്ടുകൾക്കു മുൻപ് ഒരു വിഭാഗത്തിൽ തുടങ്ങിവച്ച ചേലാകർമ്മത്തിന്റെ ആചാരങ്ങൾ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും അവിടെ നടക്കുന്നു. ഇത്തരം ചേലാകർമ്മത്തിനു വിധേയ ആക്കപ്പെട്ടു ഇപ്പോൾ ഈ അനാചാരത്തിനെതിരായി പ്രവർത്തിക്കുന്ന മാസൂമ റാനല്‍വി എന്ന സ്ത്രീയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. സ്ത്രീകൾ പലപ്പോഴും ഇത് അഭിമാനത്തോടെയാണ് അവിടെ ചെയ്യുന്നതെന്ന് മാസൂമ പറയുന്നു കാരണം പുരുഷന്മാർക്ക് നടത്തുന്ന സുന്നത്ത് പോലെ സ്ത്രീകൾക്കും നടത്തുമ്പോൾ അവിടെ തുല്യത അവകാശപ്പെടാനാകുന്നു എന്നാണു അവരുടെ ചിന്തകൾ. എന്നാൽ ഇതിന്റെ അനന്തരഫലങ്ങളിൽ പലപ്പോഴും സ്ത്രീകൾ അത്ര ബോധവതികളല്ല. ആർത്തവത്തിന്റെ ക്രമമില്ലായ്മ, ലൈംഗികാവയവങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ, രക്തസ്രാവം, പ്രസവത്തിലെ പ്രശ്നങ്ങൾ എന്നതിലെല്ലാം ഉപരിയായി ലൈംഗികതയിലുള്ള ആനന്ദം കുറവ് എന്നിവയെല്ലാം സ്ത്രീകൾക്ക് ബാധിക്കപെടുമെന്നു ചേലാകർമ്മത്തിന്റെ അനന്തരഫലമായി ശാസ്ത്രം വെളിപ്പെടുത്തുന്നു. എവിടെയെങ്കിലും തങ്ങൾക്ക് ലഭിക്കപ്പെടുന്നു എന്ന് പറയുന്ന തുല്യത ഒരുതരം അടിച്ചമർത്തപ്പെടലിന്റെ രഹസ്യധാരണയാണെന്നു പലപ്പോഴും സ്ത്രീകൾ മനസിലാക്കുന്നില്ല.

സുന്നത്ത് മതപരമായ ഒരു ആചാരമായി പറയാമെങ്കിലും ചേലാകർമ്മം എന്ന സ്ത്രീകളുടെ ലൈംഗിക അവയവങ്ങളുടെ ഛേദത്തിന് മതത്തിന്റെ പിന്തുണയില്ല. കാരണം സമുദായം ഭൂരിപക്ഷമായി നിൽക്കുന്ന രാജ്യങ്ങളിൽ പോലും ഇത് നിയമപരമാക്കുകയോ മതത്തിന്റെ ഭാഗമായി നിർബന്ധമാക്കുകയോ ചെയ്തിട്ടില്ല. ഒരു പ്രത്യേക മതവിഭാഗത്തിന്റേതു മാത്രമാണ് ചേലാകർമ്മം എന്നും പറയാനാകില്ല, കാരണം ആഫ്രിക്കപോലെയുള്ള ഇടങ്ങളിൽ ചില ക്രിസ്ത്യൻ വിഭാഗങ്ങളും ഈ കർമ്മം നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മതപരമായ കർമ്മം എന്നതിനുമപ്പുറം വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഒരു പ്രാകൃത ആചാരം എന്ന് പറയുന്നതാവും ശരി. മുംബൈയിൽ ഇപ്പോഴും തുടരുന്ന ഈ അനാചാരത്തിനെതിരെ മാസൂമയെ പോലെയുള്ള സ്ത്രീകൾ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്നുണ്ട്, വിദ്യാഭ്യാസവും വിവരവുമുണ്ടെന്നു പറയുകയും ബോധമുണ്ടെന്ന് അവകാശപ്പെടുകയും ചെയുന്ന കേരളത്തിൽ സമുദായത്തിലെ തന്നെ യുവാക്കൾ ഇതിനെതിരെ ഇറങ്ങാൻ തയ്യാറാകണം. കാരണം മതം ഉദ്‌ബോധനം ചെയ്യാത്ത, വെറും അനാചാരം മാത്രമായ ഇത്തരമൊരു അംഗവൈകല്യപ്പെടുത്തൽ സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് ദൂരത്തേക്ക് മാറ്റി നിർത്തുകയെ ഉള്ളൂ. ഇതൊരു അഭിമാനമല്ല, സാക്ഷരമായ ഒരു സമൂഹത്തിനു അപമാനമാണെന്നും സ്ത്രീകൾ തന്നെ തിരിച്ചറിയണം. കാരണം മാസൂമയെ പോലെയുള്ള സ്ത്രീകൾ അനാചാരത്തിന്റെ അതിരുകൾ വിട്ടു പുറത്തിറങ്ങിയാൽ മാത്രമേ അനാചാരങ്ങൾ അവസാനിക്കുകയുള്ളൂ. ലൈംഗികത എന്നത് ഒരു മനുഷ്യാവകാശമാണ്. അത് പുരുഷനൊപ്പം തന്നെ ഒരുപക്ഷെ അവനെക്കാളധികം ആസ്വദിക്കാനുള്ള അവകാശം സ്ത്രീയ്ക്കുണ്ട്. അത് പ്രകൃതി തന്നെ അവൾക്കു കൊടുത്ത അനുഗ്രഹവുമാണ്. അങ്ങനെ വരുമ്പോൾ അവകാശ ലംഘനം അവരാൽ തന്നെ ചോദ്യം ചെയ്യപ്പെടുക വേണം. അതിനുള്ള ചങ്കൂറ്റം സ്ത്രീകൾ ഇനിയെങ്കിലും നേടിയെടുക്കട്ടെ. ബോധമുള്ള യുവസമൂഹം അവരോടൊപ്പം ശക്തിയായി ഉണ്ടാകട്ടെ!

Ads by Google

ചുറ്റുവട്ടം

Sreeparvathy
Sreeparvathy
Friday 01 Sep 2017 06.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW