Saturday, March 16, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 04.38 PM

തുമ്പപ്പെണ്ണിന്റെ ആത്മഗതങ്ങള്‍...

അത്തപ്പൂക്കളത്തില്‍ റാണിയാണിവള്‍. തൊടിയിലധികമാരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്ന പൂവ്. പരിശുദ്ധിയുടെയും നൈര്‍മല്യത്തിന്റെയും പ്രതീകമായ തുമ്പപ്പൂവ്. ഓണത്തിനു തനിമ നഷ്ടപ്പെടുന്ന കാലത്ത് ചില തുമ്പപ്പൂക്കഥകളും കൗതുകങ്ങളും.
uploads/news/2017/09/142297/thumpapooo.jpg

തുമ്പപ്പൂവേ പൂത്തിരളേ
നാളേക്കൊരുവട്ടി പൂ തരണേ
ആക്കില ഈക്കില ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ

ഒരു വട്ടിപോയിട്ട് ഒരുപൂവ് പോലും തരില്ല. എങ്ങനെ തരാനാ? ടൈല്‍ പാകിയ വീട്ടുമുറ്റത്ത,് റോസയും ഓര്‍ക്കി ഡുമൊക്കെയല്ലേ? ഞങ്ങളെയാരും ചട്ടിയി ല്‍ വളമൊക്കെ ഇട്ട് വളര്‍ത്തില്ലല്ലോ? മണവും ഗ്‌ളാമറുമില്ലെങ്കിലും ഞാനത്ര മോശക്കാരിയൊന്നുമല്ല. മാവേലിത്തമ്പുരാന്റെ പ്രിയപ്പെട്ടവളാണേ ഞാന്‍; തുമ്പ!

പരിശുദ്ധിയുടെ പ്രതീകംഎന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും എനിക്കതിന്റെ ജാഡയൊന്നുമില്ലാട്ടോ. ഐശ്വര്യത്തിന്റെ പൊന്നിന്‍ചിങ്ങത്തില്‍ മാത്രമല്ലേ ഞങ്ങളെ എല്ലാവരും അന്വേഷിക്കൂ.

തമിഴ്‌നാട്ടില്‍ നിന്നു വന്‍ വിലയ്ക്കു കൊണ്ടുവരുന്ന പൂക്കളെത്രയുണ്ടെങ്കിലും ഓണത്തപ്പ നു മുറ്റത്ത് കളമൊരുക്കുമ്പോള്‍ തുമ്പയില്ലാണ്ട് പറ്റുമോ? വിഷുക്കണിക്കു കൊന്നപോലെ ഓണപ്പൂക്കളത്തിന് തനിമ നല്‍കാനും ഞാന്‍തന്നെ വേണം.

ഇന്നത്തെ ഫ്രീക്കന്മാര്‍ക്കൊക്കെ നമ്മളെ പരിചയമുണ്ടോ ആവോ? ഗൂഗിളിലൊക്കെ കാണുമല്ലോ ചിത്രമടക്കമുള്ള എന്റെ ചരിത്രം. എന്നാലും എന്നെപ്പറ്റി ഞാന്‍ പറയുന്നതുപോലാവില്ലല്ലോ മറ്റൊന്നും.

ഐതിഹ്യം


സര്‍വ പൂക്കള്‍ക്കും എന്നോട് പണ്ട് പരമ പുച്ഛമായിരുന്നു. കാരണം എനിക്ക് കാ ഴ്ചയില്‍ എടുപ്പില്ല, മണവുമില്ല. എന്നിട്ടും തിരുമേനിക്ക് ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവളായി. അതെങ്ങനെയെന്നല്ലേ?

ഒരു ഓണക്കാലത്ത് വന്നപ്പോള്‍ പ്രജാ ക്ഷേമതല്‍പ്പരനായ സാക്ഷാല്‍ മഹാബലി ത്തമ്പുരാന്‍ എല്ലാ പൂക്കളേയും താലോലി ച്ചു, കുശലമോതി. ഒഴിഞ്ഞുമാറിനിന്ന എ ന്നെ പ്രത്യേകം ശ്രദ്ധിച്ച തമ്പുരാന്‍ എന്നെ ചേര്‍ത്തു നിര്‍ത്തി അനുഗ്രഹിച്ചു:നിന്റെ കുറവുകള്‍ സാരമില്ല.

വിശുദ്ധിയുടെ പൂര്‍ണരൂപമായ വെളുപ്പുതന്നെയാണ് നിന്റെ അനുപമമായ അഴക്. ഓണത്തിന് നിന്നെ ഒഴിവാക്കി പൂക്കളം തീര്‍ക്കാനാവാതിരി ക്കട്ടെ!വീശിയടിച്ച കാറ്റില്‍ രോമാഞ്ചം കൊണ്ടു ഞാന്‍ തുള്ളിച്ചാടി. അന്നു മുതലാണത്രേ അത്തപ്പൂക്കളത്തിന്റെ ഒത്തനടുക്ക് മഹാറാണിയെപ്പോലെപ്പോലെ ഞാന്‍ വാണരുളാന്‍ തുടങ്ങിയത്.

ചരിത്രം


കേരളത്തില്‍ വ്യാപകമായ സസ്യമാണ് തുമ്പ. വിനയത്തിന്റെ പ്രതീകം. കേരളത്തി ന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമുള്ള വിശുദ്ധപുഷ്പം. ആയുര്‍വേദൗഷധങ്ങളില്‍ ഇതിന്റെ ഇല യും വേരും ഉപയോഗിക്കാറുണ്ട്. ബലി തുടങ്ങി മരണാനന്തര ക്രിയകള്‍ക്കനിവാര്യം.

അത്തപ്പൂക്കളമൊരുക്കാനാണു പ്രധാന ഉപയോഗം. അത്തദിവസം തുമ്പ കൊണ്ടാണു കളമിടുക. മധ്യകേരളത്തില്‍ ഓ ണരാത്രിയില്‍ ഓണത്തപ്പനു പൂവട നേദി ക്കുന്ന ചടങ്ങുണ്ട്.

സംസ്‌കൃതത്തില്‍ ദ്രോണ പുഷ്പി,ചിത്ര പത്രിക, കരഭപ്രിയ എന്നും തമിഴില്‍ തുമ്പൈ എന്നും കന്നടത്തില്‍ തുമ്പെ എന്നും തെലുങ്കില്‍ തുമ്മി എന്നുമാണറിയപ്പെടുന്നത്.

പൂക്കളില്‍ നീയേ ഭാഗ്യവതി


തുമ്പപ്പൂവിനെക്കുറിച്ച് ജയരാജ് വാര്യര്‍: പൂക്കളിലേറ്റവും ലാളിത്യമുള്ളതാണ് തുമ്പ യെന്ന് വൈലോപ്പള്ളി എഴുതിയിട്ടുണ്ട്. കഥയിങ്ങനെയാണ്, മാവേലി തമ്പുരാന്‍ എഴുന്നുള്ളുകയാണ്. മണവും ഗുണവും തികഞ്ഞ പൂക്കളായ പൂക്കളെല്ലാം, മഹാബലിയെ വരവേല്‍ക്കാനായി നില്‍ക്കുകയാണ്.

ഇന്ത്യന്‍ പ്രസിഡന്റ് വരുമ്പോള്‍ എതിരേല്‍ക്കാനായി പെണ്‍കുട്ടികളെ താലപ്പൊലിയുമായി നിര്‍ത്തില്ലേ? അതുപോലെ. കൂട്ടത്തില്‍ നമ്മുടെ പാവം തുമ്പയും. മഹാബലി അതിനെയെടുത്ത് തലയില്‍ ചൂടി എന്നാണ് വൈലോപ്പള്ളിമാഷ് പറയുന്നത്.

കരള്‍ കവരുന്നൊരു നിറമോ മണമോ കണികാണാത്തൊരു തുമ്പപ്പൂ
വ്രീഷയൊതുക്കിയണഞ്ഞു കാലടി പോലെയിരിക്കും തുമ്പപ്പൂ
ദേവന്‍ കനിവൊടു നറുമുക്കുറ്റിപ്പൂവിനെയൊന്നു കടാക്ഷിച്ചു
കുതുകാല്‍തടവി ചിറ്റാടപ്പൂ കൂടുതലൊന്നു തുടുപ്പിച്ചു
ആമ്പലിനേകി പുഞ്ചിരി നെല്ലിിപൂണ്‍പിനെയമ്പൊടു ചുംബിച്ചു
പാവം തുമ്പയെ വാരിയെടുത്തഥ ദേവന്‍ വച്ചു മൂര്‍ദ്ധാവില്‍
പുളകംകൊള്ളുക തുമ്പപ്പൂവേ
പൂക്കളില്‍ നീയേ ഭാഗ്യവതി
എന്നാണ് വൈലോപ്പള്ളി പറയുന്നത്.

ഭഗവാന്‍ പരമശിവന്‍ തലയില്‍ തുമ്പപ്പൂവ് ചൂടുമെന്ന് കേട്ടിട്ടുണ്ട്. ലാളിത്യം കൊണ്ടും ഭംഗികൊണ്ടും വെണ്‍മകൊണ്ടുമൊക്കെയാണ് തുമ്പപ്പൂവിന് ഇത്രയും പ്രാധാന്യം കിട്ടിയതെന്ന് എനിക്ക് തോന്നാറുണ്ട്. തുമ്പപ്പൂവിനെ ശരിക്കും നോക്കൂ, കുട്ടികളുടെ പാദംപോലെയില്ലേ?

ഏറ്റവും ചെറിയ പൂവാണത്, അത് നേരെയെത്തിയതു മാവേലിത്തമ്പുരാന്റെ ശിരസിലേക്കും. ഏറ്റവും എളിമയും വിനയവുമുള്ളത് ഏറ്റവും മുകളിലെത്തും. ഏറ്റവും മുകളിലുള്ളത് ഏറ്റവും താഴെയെത്തും എന്നതിന്റെ സൂചനയാണ് ഈ വരികള്‍.

തുമ്പപ്പൂവിനെ ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. അവരെ കുറ്റം പറഞ്ഞിട്ടെന്ത്? തുമ്പയും മുക്കുറ്റിയുമൊന്നും ഇന്ന് കാണാനില്ലല്ലോ? ഇന്റര്‍നെറ്റിലൂടെയല്ലേ ഓണ വും തുമ്പയുമെന്താണെന്നവര്‍ മനസിലാക്കുന്നത്! നഗര വീട്ടുമുറ്റത്ത് മണ്ണില്ലല്ലോ, മാവിലുള്ളത് മാങ്ങ, തെങ്ങിലുള്ളത് തേങ്ങ, പ്ലാവിലുള്ളത് പ്ലാങ്ങ എന്ന് ഒരു കുട്ടി പറഞ്ഞതായി കുഞ്ഞുണ്ണി ഫലിതമുണ്ട്.

ഇപ്പോള്‍ പൂക്കളമിടുന്നതു വാട്ട്‌സാ പ്പിലും ഫേസ്ബുക്കിലുമല്ലേ?കണിക്കൊന്നപോലും പ്ലാസ്റ്റിക്കായില്ലേ? തുമ്പയ്ക്കുമീ ഗതി വന്നേക്കാം. പൊള്ളാച്ചിയില്‍ നിന്ന് തുമ്പയും പഴനിക്കടുത്തുനിന്ന് മുക്കൂറ്റിയും വരുന്ന കാലം അകലെയല്ല!

ഒരു കഥ കൂടി, വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലുമൊക്കെ തുമ്പപ്പൂ കണ്ട ഒരു കുട്ടി കുടുംബസമേതം ദുബായില്‍ നിന്ന് നാട്ടിലെത്തി. 30 നില ഫ്‌ളാറ്റിലാണ് താമസം. തുമ്പപ്പൂവ് കാണണമെന്നാവശ്യപ്പെട്ട അവനേയും കൂട്ടി അച്ഛന്‍ റൂഫ് ടോപ്പിലെത്തി, തെങ്ങ് ചൂണ്ടിക്കാട്ടി പറഞ്ഞു::തുമ്പപ്പൂവ് ഇതുപോലിരിക്കും. തെങ്ങില്‍ ഓല പോലാണല്ലോ തുമ്പക്കുടത്തിന്റെ രൂപവും. അപാര ഉപമ!!

ഓണത്തിന്റെയന്ന് വീട്ടില്‍ അമ്മയും ഭാര്യയുമൊക്കെയുള്ളതു കൊണ്ട് സദ്യയൊരുക്കും, കായ വറക്കും. പക്ഷേ പായസം പുറത്തുനിന്നാണ്. അല്ലെങ്കിലും ഇക്കാലത്ത് ഓണത്തിത്തിനെന്തു പ്രസക്തി? എന്നും ഓണമല്ലേ? തുണി, ഭക്ഷണം, സ്വര്‍ണ്ണം, ഇവയെല്ലാമാണ് സമൃദ്ധിയുടെ ലക്ഷണങ്ങള്‍.

ഇവയൊക്കെ എന്നും വാങ്ങി കൂട്ടുന്നുണ്ട്. സാധാരണക്കാരുടെ വീടുകളില്‍പ്പോലും പപ്പടമടക്കം വിഭവസമൃദ്ധമായ സദ്യയാണന്നും. പണ്ടൊക്കെ പപ്പടം, പഴം ഇവയൊക്കെ ഓണത്തിനും വിഷുവിനും മാത്രമേ ഉള്ളു.

മുമ്പ് 100 രൂപ കൊണ്ട് സുഹൃത്തിനൊപ്പം ചായയും വടയും കഴിക്കാമായിരു ന്നു. ഇന്നതിന്് 130 രൂപ വേണം, ജി.എസ്.ടി. കൊടുക്കണ്ടേ? ഇന്ന് ഏതൊക്കെ കാര്‍ഡ് എന്തൊക്കെയായിട്ട് ലിങ്ക് ചെയ്യണമെന്ന് ആര്‍ക്കുമറിയില്ല.

പൊളി എന്ന വാക്കാണ് ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പൊളിവചനങ്ങള്‍ എന്നു പറഞ്ഞാല്‍ കള്ളം, തെറ്റ് എന്നൊക്കെയാണര്‍ത്ഥം. പക്ഷേ ഇപ്പോള്‍ ഏറ്റവും നല്ലതിനെ പറയുന്നതും ഇതേവാ ക്കുകൊണ്ടാണ്. പൊളിച്ചൂട്ടാ എന്ന് പറഞ്ഞാല്‍ അടിപൊളി എന്നൊക്കെയല്ലേ? പൊളിവചനങ്ങള്‍ സത്യമായിക്കൊണ്ടിരിക്കുന്നു.

അല്പം മലയാളിത്തം ബാക്കിനി ല്‍ക്കുന്നത് ഓണത്തിലാണ്. അത് നന്നായി കൊണ്ടാടുക. ഉള്ളതുകൊണ്ട് ഓണംപോലെ, നമ്മുടെ സംസ്‌ക്കാരത്തിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ ഓണം വേണം. ഞാന്‍ നന്നായി ഓണം ആഘോഷിക്കുന്ന വ്യക്തിയാണ്. ഉത്രാടത്തിനും തിരുവോണത്തിനും വേറെയെങ്ങും പോവില്ല, വീട്ടില്‍ത്തന്നെ കാണും.

അഷ്ടമംഗലവും വാസ്തുവും


അഷ്ടമംഗലപ്രശ്‌ന സമയത്ത് അത്യാവശ്യം വേണ്ട വസ്തുക്കളില്‍ ഒന്നാണ് തുമ്പപ്പൂവ്. ഒരു നാഴി പൂവ് വേണമെന്നാണ് പറയുന്നതെങ്കിലും ഒരുകൈക്കുമ്പിള്‍ പൂവെങ്കിലും അത്യാവശ്യമാണ്്.

വാസ്തുശാസ്ത്രപ്രകാരം വീടിന്റെ തെക്കു പടിഞ്ഞാറ് മൂലയില്‍ തുമ്പ, തുളസി എന്നിവ താനേ മുളയ്ക്കുന്നത് സമ്പത്തു ണ്ടാക്കും. വീടിന്റെ തെക്കു പടിഞ്ഞാറ് അല്പം മണ്ണിട്ടുയര്‍ത്തി തുമ്പ,തുളസി എന്നിവ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്.

തുമ്പശാസ്ത്രം


കേരളത്തിലെ ഏറ്റവും വലിയ ശാസ്ത്രസ്ഥാപനങ്ങളിലൊന്നും ഇന്ത്യയിലെ ഒരേയൊരു ബഹിരാകാശഗവേഷണകേന്ദ്രവും ആദ്യം സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്ത് വേളിമലയ്ക്കടുത്തുള്ള തുമ്പ എന്ന സ്ഥലത്താണ്. തുമ്പയെന്ന ഞാന്‍ ഏറെ വളര്‍ന്നുനിന്ന ഇടമായതുകൊണ്ടാണോ ആ സ്ഥലത്തിന് ആ പേരുണ്ടായതെന്നറിയില്ല. എന്നാല്‍ ശാസ്ത്രീയമായി തുമ്പ അറിയപ്പെടുന്നത് ലൂക്കാസ് ആസ്പിര (Leu cas aspera)എന്നാണ്. തുമ്പയെക്കുറിച്ച് വിശദമായി പറഞ്ഞാല്‍ Kingdom: Plantae, Order:Lamiales,Family: Lamiaceae,Genus: Leucas, Species: L. aspera.

തുമ്പ (Leucas aspera) കരിന്തുമ്പ, (Aniso meles malabarica) പെരുന്തുമ്പ (Leucas ceph alotes). എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങ ളാണ് കേരളത്തില്‍ കണ്ടുവരുന്നത്.

തുമ്പ ആയുര്‍വേദത്തില്‍


കഫക്കെട്ട്, കുറുകല്‍, തലവേദന, തുമ്മ ല്‍, ചുമ, നീരിറക്കം തുടങ്ങിവയ്ക്ക്് തുമ്പനീര് കുടിക്കുന്നതും ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവിപിടിക്കുന്നതും നന്ന്്. ബാലചികിത്സയിലും തുമ്പയ്ക്ക് പ്രാധാന്യമുണ്ട്.

വിഷഹാരിയായും തുമ്പ ഉപയോഗിക്കുന്നു. തുമ്പ സമൂലം ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് അഞ്ജനമായി എഴുതുന്നതും നസ്യമായി ഉപയോഗിക്കുന്നതും വിഷചികിത്സയുടെ ഭാഗമാണ്.

* ദ്രോണദുര്‍വാധി തൈലത്തിലെ പ്രധാ ന ചേരുവയാണ് തുമ്പ.
* നേത്ര രോഗങ്ങള്‍ക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണില്‍ ഒഴിക്കുന്നത് നല്ല താണ്.
* തുമ്പയുടെ നീര് അല്ലെങ്കില്‍ തുമ്പ കഷായം കൃമിരോഗത്തിന് ഉത്തമമാണ്.
* മുറിവുണങ്ങാന്‍ തുമ്പനീര് ഉത്തമമാണ്. പഴക്കം ചെന്ന മുറിവുകളിലും പ്രമേഹരോഗികളിലെയും മുറിവുണക്കാന്‍ തുമ്പനീര് ഉപയോഗിക്കാറുണ്ട്.
* കഫക്കെട്ട് മൂലമുണ്ടാകുന്ന പനിക്ക് തുടക്കത്തില്‍ തുമ്പനീരും തേനും ചേര്‍ത്ത് നല്‍കിയാല്‍ പനി ശമിക്കും.

തുമ്പപ്പൂ പാട്ടുകള്‍


കവിതയില്‍ മാത്രമല്ല, ചലച്ചിത്രഗാനങ്ങളിലും തുമ്പ പ്രണയാര്‍ദ്രമായ പരിശുദ്ധിയുടെ പ്രതീകമാണ്. ശ്രോതാക്കളുടെ ഹൃദയസരസുകളില്‍ ഇടം നേടിയ എത്രയോ അനശ്വരഗാനങ്ങളില്‍ തുമ്പ ഗാനരചയിതാക്കളുടെ ഇഷ്ടബിംബമായിരുന്നിട്ടുണ്ട്.

തുളുനാടന്‍ പട്ടുടുത്ത തുമ്പപ്പൂവേ
വെയിലാട തോളിലിട്ട വെളുത്ത പൂവേ...
(ചിത്രം: പാലാട്ട് കോമന്‍,രചന: യൂസഫലി കേച്ചേരി,സംഗീതം: ജി.ദേവരാജന്‍, ആലാപനം: പി. സുശീല)

തുമ്പപ്പൂ കാറ്റില്‍ താനേയൂഞ്ഞാലാടി
തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി...
(ചിത്രം: നിന്നിഷ്ടം എന്നിഷ്ടം,രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സംഗീതം: കണ്ണൂര്‍ രാജന്‍. ഡോ.പി.വി രഞ്ജിത്, ആലാപനം: എം.ജി ശ്രീകുമാര്‍,സയനോര ഫിലിപ്)

തുമ്പപ്പൂ കോടിയുടുത്തൂ തൃപ്പടിപ്പൊ ന്നളന്നൂ
തിന വിതയ്ക്കാന്‍ പറ നിറയ്ക്കാന്‍ കളമൊരുക്കും കൈകളില്‍...
(ചിത്രം: സന്ദേശം, രചന: കൈതപ്രം, സംഗീതം: ജോണ്‍സണ്‍, ആലാപനം: ജി. വേണുഗോപാല്‍,കെ.എസ്.ചിത്ര)

തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏന്‍
നെഞ്ചിനെറയണ പൂക്കിനാവേ...
(ചിത്രം:രണ്ടിടങ്ങഴി, രചന: തിരുനയിനാര്‍ക്കുറിച്ചി മാധവന്‍നായര്‍, സംഗീതം: ബ്രദര്‍ലക്ഷ്മണന്‍, തൃശൂര്‍ പി.രാധാകൃഷ്ണ ന്‍,ആലാപനം: കമുകറ പുരുഷോത്തമന്‍)

തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി
ഈ ചെല്ലക്കാറ്റും തേരിലിറങ്ങി..
(ചിത്രം: വൈഷ്ണവര്‍, രചന: പി.കെ. ഗോപി,സംഗീതം: ഔസേപ്പച്ചന്‍, ആലാപനം: സുജാത, ഉണ്ണിമേനോന്‍)

തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം ഹരിവാസരം
തന്‍ തങ്കത്തൂവല്‍ ഉടഞ്ഞു വിണ്ണിലും ഈ മണ്ണിലും...
(ചിത്രം: അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്, രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം: ജോണ്‍സണ്‍, ആലാപനം: യേശുദാസ്)

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴുകയ്യാല്‍ നിറയണ മലനാട്...
(ചിത്രം: മേഘം,രചന: ഗിരീഷ് പുത്തഞ്ചേ രി, സംഗീതം: ഔസേപ്പച്ചന്‍, ആലാപനം: കെ.എസ്.ചിത്ര)

ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പ്പൂവേ
നിന്നെ തഴുകാനായ് കുളിര്‍ കാറ്റിന്‍ കുഞ്ഞിക്കൈകള്‍...
(ചിത്രം:ക്വട്ടേഷന്‍,സംഗീതം:സബീഷ് ജോര്‍ജ്, ആലാപനം: ഹരിഹരന്‍, സമദ് ,സായനോര കല്യാണി)))

തുമ്പപ്പൂവേ സുന്ദരി ചുണ്ടില്‍ കണ്ടേ പുഞ്ചിരി
കാതില്‍ കമ്മല്‍ തന്നുവോ പകലിന്‍പൊന്‍തരി...
(ചിത്രം: കുഞ്ഞിരാമായണം,രചന: മനു മന്‍ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, ആലാപണം: ശങ്കര്‍ മഹാദേവന്‍)

ഓണത്തനിമയും മലയാളത്തിന്റെ മാധുര്യവുമൊക്കെ കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. മാവേലിയും അത്തപ്പൂക്കളവുമൊക്കെ എന്താണെറിയാന്‍ വരും തലമുറയ്ക്ക് ഇന്റര്‍നെറ്റിന്റെ സഹായം വേണ്ടിവരുമെന്നതില്‍ സംശയമില്ല.

പണ്ടു പണ്ട് കേരളത്തില്‍ ഓണമാഘോഷിക്കുമായിരുന്നു എന്നും മഹാബലി എന്നൊരു രാജാവ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മക്കളെ കാണിക്കുന്ന അമ്മമാരോട് മാവേലിയെ ചൂണ്ടി കാട്ടി കുട്ടികള്‍ ചോദിക്കും ഹു ഈസ് ദിസ് ഫണ്ണി അങ്കിള്‍ള്‍? തുമ്പപ്പൂവെന്നൊക്കെ പറഞ്ഞാല്‍ കുട്ടികള്‍ കണ്ണുമിഴിക്കുകയേ ഉള്ളു.

ഇത്രയൊക്കെ പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാല്‍ കര്‍ക്കിടകത്തില്‍ ജനിച്ച് ചിങ്ങത്തില്‍ പൂവണിഞ്ഞ് നാളുകള്‍ക്കുള്ളില്‍ മരിക്കുന്ന എനിക്ക് , ഈ തുമ്പച്ചെടിക്ക് ഇത്രയൊക്കെ കഴിവുകളുണ്ടെങ്കില്‍ എല്ലാ ടെക്‌നോളജികളും കൈവശമുണ്ടെന്നു പറയുന്ന മനുഷ്യരേ, നിങ്ങളുടെ കാര്യമോ? അവനവന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മഹാബലി ആഗ്രഹിച്ചതുപോലെ കള്ളവും ചതിയുമില്ലാത്ത ഒരു കേരളം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ ,

എന്ന് സ്വന്തം
തുമ്പപ്പൂവ്.

പാര്‍വതീദേവിക്ക് തുമ്പപ്പൂവ്


ശ്രീപാര്‍വ്വതിദേവിക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളാണ് ചെത്തി, ചെമ്പരത്തി, തുമ്പ, താമര എന്നിവ. പാര്‍വതിദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കള്‍ ശ്രീപരമേശ്വരന്റെ നടയ്ക്കല്‍ വയ്ക്കുന്നത് കുടുംബസൗഭാഗ്യത്തിനുത്തമം. മുടങ്ങാതെ 41 തിങ്കളാഴ്ച പാര്‍വ്വതിദേവിയെ പ്രാര്‍ത്ഥിച്ചു തുമ്പപ്പൂ ശിവനടയ്ക്കല്‍ സമര്‍പ്പിച്ചാല്‍ മംഗല്യസൗഭാഗ്യം സുനിശ്ചയം. ശിവ/പാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ തുമ്പപ്പൂ സമര്‍പ്പിക്കുകയും ഉമാ മഹേശ്വരപൂജ നടത്തുകയും ചെയ്യുന്നത് മംഗല്യഭാഗ്യത്തിന് അത്യുത്തമമാണത്രേ...

അശ്വതി അശോക്

ഫോട്ടോ ആനന്ദ് കെ.എസ്‌

Ads by Google
Friday 01 Sep 2017 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW