Wednesday, January 10, 2018 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 03.55 PM

ഓര്‍മയിലെ ഓണപ്പൂവിളികള്‍...

uploads/news/2017/09/142290/lenaculm17.jpg

ഓണവും പൂക്കളവും ഓണസദ്യയുമൊക്കെ ഏതൊരു മലയാളിയെയും പോലെ ഞാനും ആഘോഷിച്ചിട്ടുണ്ട്. സിനിമയിലെത്തിയ ശേഷമുള്ള ഓണത്തേക്കാള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ചെറുപ്പത്തിലെ ഓണമാണ്.

തറവാട്ടിലെ ഓണപ്പൂക്കളം


നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഞങ്ങള്‍ ഓണം ശരിക്കും ആഘോഷിച്ചു തുടങ്ങിയത്. മുത്തശ്ശിക്കൊപ്പം തറവാട്ടില്‍ ഓണം ആഘോഷിക്കുന്നതായിരുന്നു അന്നത്തെ പതിവ്. അവിടെ വീട്ടുമുറ്റത്ത് അത്തപ്പൂക്കളമൊരുക്കുന്നതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.

ചാണകം മെഴുകിയ തറയില്‍ ഓരോ ഇതളായി പൂവിടും. മുത്തശ്ശിയുടെ സഹായത്തിനു വന്ന നളിനി ചേച്ചിയാണ് ചാണകം മെഴുകുക. പറമ്പില്‍ നിന്നു പൂക്കള്‍ പറിക്കാനും പൂക്കളമൊരുക്കാനുമൊക്കെ നളിനിചേച്ചിയും ഞങ്ങള്‍ കുട്ടികളെ സഹായിക്കുമായിരുന്നു.

അത്തം മുതല്‍ തിരുവോണം വരെ 10 ദിവസം പൂക്കളമൊരുക്കും. ഓരോ ദിവസവും പൂക്കള വൃത്തങ്ങളുടെ എണ്ണവും കൂടും. പത്താം നാള്‍ 10 വൃത്തങ്ങളുള്ള പൂക്കളമായിരിക്കും. ദിവസവും നടുവില്‍ മണ്ണില്‍ തീര്‍ത്ത ഓണത്തപ്പനെ വയ്ക്കും. അന്നൊക്കെ പൂക്കളമിടുമ്പോള്‍ അതിനെക്കുറിച്ചുള്ള പല കഥകളും മുത്തശ്ശി പറയുമായിരുന്നു.

വീട്ടില്‍ പൂക്കളമിടുന്നത് കൊണ്ട് സ്‌കൂള്‍ ഓണാഘോഷങ്ങളിലെ പൂക്കളമത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ എനിക്കു പുതുമയൊന്നുമില്ലായിരുന്നു. മുത്തശ്ശി പറഞ്ഞു തന്ന കഥകള്‍ സ്‌കൂളിലൊരുക്കിയ പൂക്കളത്തില്‍ രണ്ടാം സ്ഥാനം നേടാനും സഹായിച്ചിട്ടുണ്ട്.

മറക്കാനാവാത്ത ആ പൂക്കളം


നാട്ടിലെത്തിയ വര്‍ഷം തന്നെ ഞാന്‍ ക്ലാസ് ലീഡറും സ്‌കൂള്‍ ടോപ്പറുമൊക്കെയായി. അതുകൊണ്ടു തന്നെ ഓണാഘോഷങ്ങളില്‍ ഹൗസ് ക്യാപ്റ്റന്‍ പദവിയും എനിക്കായിരുന്നു.

യെല്ലോ ഹൗസ് ക്യാപ്റ്റനായത് ആറാം ക്ലാസിലെത്തിയപ്പോഴാണ്. അത്തവണ ഓണാഘോഷവും പൂക്കളവുമൊക്കെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്.

വലിയ പൂക്കളമൊരുക്കി ക്ലാസ് മുറിയില്‍ ഞാനും ഞങ്ങളുടെ ടീമുമൊക്കെ വലിയ ഗമയില്‍ നില്‍ക്കുകയാണ്. അല്‍പ്പ സമയത്തിനകം ജഡ്ജസ് വന്ന് ഞങ്ങള്‍ക്ക് ഫസ്റ്റ് പ്രഖ്യാപിക്കുമെന്നൊക്കെ കരുതിയാണു നില്‍പ്.

അപ്പോഴുണ്ട് അടുത്ത ക്ലാസില്‍ നിന്ന് ഒരു കുട്ടി ഓടി വരുന്നു, കൊടുങ്കാറ്റ് പോലെ. അവള്‍ പറഞ്ഞ കാര്യങ്ങളാണ് ഞങ്ങളെ ഞെട്ടിച്ചത്. ഒരു പ്രശ്‌നമുണ്ട്.

പൂക്കളത്തിന് തീം വേണം. ബാക്കിയെല്ലാവരും വള്ളംകളിയോ, മഹാബലിയോ ഒക്കെ തീമാക്കിയാണ് പൂക്കളമിട്ടിരിക്കുന്നത്. നമ്മുടേതിന് ഡിസൈന്‍ മാത്രമേയുള്ളു..

അവളത് പറഞ്ഞ് ഞാന്‍ ചിന്തിച്ചു തുടങ്ങും മുമ്പ് ജഡ്ജ് എത്തി. അവരോട് പൂക്കളത്തെക്കുറിച്ച് വിവരിക്കേണ്ടത് ഹൗസ് ക്യാപ്റ്റനായ ഞാനാണ്. പൂക്കളത്തിന്റെ അളവ്, പ്ലാസ്റ്റിക്ക് പൂക്കളുണ്ടോ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളൊക്കെ അവര്‍ നോക്കിയ ശേഷം തീമിനെക്കുറിച്ച് എന്നോട് ചോദിച്ചു.

സാധാരണമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയ ആ പൂക്കളത്തെക്കുറിച്ച് ആ നിമിഷം ഞാനൊരു കഥയുണ്ടാക്കി. സ്‌പോട്ട് സ്‌റ്റോറി. മുത്തശ്ശി പറഞ്ഞു തന്ന കഥകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണത് പറഞ്ഞത്.

വട്ടപൂക്കളത്തിന്റെ നടുവില്‍ കാണുന്ന ചുവപ്പ് മഹാബലിയെ ചവിട്ടിത്താഴ്ത്തിയതിനെ സൂചിപ്പിക്കുന്നതാണെന്നും, പച്ചനിറം കേരളത്തിന്റെ പച്ചപ്പാണെന്നും, മഞ്ഞ സമൃദ്ധിയുടേതാണെന്നും, ഊര്‍ജ്ജത്തെ സൂചിപ്പിക്കുന്നത് ഓറഞ്ച് നിറമാണെന്നും, മഹാബലിയെ കാത്തിരിക്കുന്ന മലയാളികളെ സൂചിപ്പിക്കുന്നു രീതിയിലാണ് പൂക്കളമൊരുക്കിയതെന്നും ഞാന്‍ പറഞ്ഞു. ശരിക്കുമൊരു കഥയായിത്തന്നെയാണത് പറഞ്ഞത്.

കഥയില്‍ വിശ്വാസ്യത തോന്നിയതു കൊണ്ടാവും ആ വര്‍ഷം ഞങ്ങള്‍ക്ക് രണ്ടാം സ്ഥാനം കിട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു താരമായ ശേഷം പൂക്കളമത്സരത്തില്‍ ജഡ്ജായും അതിഥിയായുമൊക്കെ ഞാന്‍ പോയിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സില്‍ വരുന്നത് അന്നു ഞാന്‍ പറഞ്ഞ കഥയാണ്.

TRENDING NOW