Tuesday, June 05, 2018 Last Updated 29 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 03.50 PM

ഉത്രാട പൂനിലാവേ വാ...

മധുരമുള്ള ഓര്‍മകളെ സ്നേഹിക്കുന്ന... അവയെ താലോലിക്കുന്ന... കുട്ടിക്കാലവും. ബന്ധങ്ങള്‍ കോര്‍ക്കുന്ന കുടുംബമെന്ന സ്നേഹനൂലിനെക്കുറിച്ചും മൃദുല...
uploads/news/2017/09/142288/mrudulawarrier.jpg

മലയാളത്തിന്റെ സംഗീത വാടിയിലെ നല്ലോമല്‍പൂവാണ് മൃദുലാ വാര്യര്‍. ചുരുങ്ങിയ കാലംകൊണ്ടുതന്നെ മൃദുലയുടെ ശബ്ദമാധുര്യം അന്യഭാഷയിലുള്‍പ്പെടെ ശ്രദ്ധനേടുകയും ചെയ്തു.

തന്റെ മകളെപ്പോലെ സംഗീതവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് മൃദുല പറയുന്നു. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന ഏട്ടനെക്കുറിച്ചും ഓണവിശേഷങ്ങളെക്കുറിച്ചും മൃദുലാ വാര്യര്‍.....

ഓണനിലാവ്....


കുട്ടിക്കാലത്തെ ഓരോ ഓണവും നല്ല ഓര്‍മകള്‍ തന്നാണ് കടന്നുപോയിട്ടുള്ളത്. പൂക്കളവും സദ്യയും ഊഞ്ഞാലും ഓണക്കളികളും... അങ്ങനെ ഇന്നത്തെ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്ത എല്ലാ ഓണ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍കഴിഞ്ഞ ഒരാളാണ് ഞാന്‍.

പത്ത് ദിവസം സ്‌കൂള്‍ അവധി കിട്ടുമ്പോള്‍ നേരെ പോകുന്നത് അമ്മയുടെ നാടായ കൊയിലാണ്ടിയിലേക്കാണ്. ഞങ്ങള്‍ ചെല്ലുമ്പോഴേക്കും കസിന്‍സെല്ലാം തറവാട്ടിലെത്തിയിട്ടുണ്ടാവും. പിന്നെ പത്ത് ദിവസം ഉത്സവമാണ്.

എല്ലാവരും ചേര്‍ന്ന് സദ്യകഴിക്കും, ഓണപ്പുടവ കിട്ടും, പൂക്കളം ഇടും. എത്രവലിയ പൂക്കളം ഇടാമോ അത്രയും വലുതാവും ഇടുക. അതൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു വാശിപോലെയായിരുന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞുള്ള ഓണവും മകള്‍ മൈത്രേയി ഉണ്ടായശേഷമുള്ള ഓണവും ഒന്നും അതുപോലെ മറക്കാനാവില്ല. ഇതുവരെ ജീവിതത്തിലെ എല്ലാ ഓണക്കാലവും നല്ല ഓര്‍മകള്‍ മാത്രമേ തന്നിട്ടുള്ളൂ. എന്നും അങ്ങനെയാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

വെണ്ണിലാക്കൊമ്പിലെ രാപ്പാടി....


വെണ്ണിലാക്കൊമ്പിലെ രാപ്പാടി...
എന്നും ഈ എട്ടന്റെ ചിങ്കാരി.... ഈ പാട്ട് എനിക്കും ഏട്ടനും വേണ്ടി എഴുതിയതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം. ഞാനെന്നും എന്റെ ഏട്ടന്റെ കുഞ്ഞുപെങ്ങളാണ്. ഏട്ടന്റെ പേര് ജയദീപ് എന്നാണ്. ഞങ്ങള്‍ തമ്മില്‍ എട്ട് വയസിന്റെ വ്യത്യാസമുണ്ട്.

ഞാന്‍ സംഗീതം ഇഷ്ടപ്പെടാന്‍ കാരണം ഏട്ടനാണ്. ഏട്ടന്‍ നന്നായി പാടും. ആ പാട്ട് കേട്ടാണ് ഞാന്‍ പാടിത്തുടങ്ങിയത്. എനിക്ക് കുട്ടിക്കാലത്ത് താരാട്ട് പാടിത്തന്നിരുന്നതും ഏട്ടനാണ്. ഏട്ടന്‍ ചെറുപ്പത്തില്‍ എപ്പോഴും വീട്ടില്‍ കാസറ്റ് പ്ലേ ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ സംഗീതം നിറഞ്ഞ അന്തരീക്ഷമായിരുന്നു വീട്ടിലെപ്പോഴും.

uploads/news/2017/09/142288/mrudulawarrier1.jpg

ഏട്ടനോട് ചോദിച്ചിട്ടേ ജീവിതത്തില്‍ ഓരോ തീരുമാനങ്ങളും ഞാന്‍ എടുക്കാറുള്ളൂ. പാട്ടുകാരനാവണമെന്ന് ഏട്ടന് ഭയങ്കര ആഗ്രഹമായിരുന്നു. പഠനവും ജോലിത്തിരക്കുമൊക്കെയായപ്പോള്‍ അതൊക്കെ വിട്ടുപോയി.. പക്ഷേ ഇപ്പോഴും ഏട്ടന്‍ പാടാറുണ്ട്.

എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരില്‍ ഒരു ഐ.റ്റി. കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത്. ഞങ്ങള്‍ രണ്ടുപേരും എഞ്ചിനീയറിംഗ് തന്നെയാണ് പഠിച്ചതും. ഏട്ടനും അവിടുത്തെ സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മ്യൂസിക് ബാന്‍ഡൊക്കെ നടത്തുന്നുണ്ട്. സംഗീത രംഗത്ത് സജീവമായുണ്ട്.

അമ്മ പാട്ട്...


എന്റെ ജീവിതത്തിലെ മറ്റൊരു ഭാഗ്യം എം.ജയചന്ദ്രന്‍ സാറിന്റെ ഈണത്തില്‍ കളിമണ്ണിലെ താരാട്ടുപാട്ട് പാടാന്‍ കഴിഞ്ഞതാണ്. ഒരു ദിവസം സാര്‍ വിളിച്ചിട്ടു പറഞ്ഞു. ഒരു നല്ല പ്രോജക്ടുണ്ട്. അതില്‍ മൃദുല പാടണം.

വയറ്റില്‍ വളരുന്ന കുഞ്ഞിനുവേണ്ടി അമ്മ പാടുന്ന താരാട്ടുപാട്ടാണ്. അതാണ് അതിന്റെ പ്രത്യേകത. പറഞ്ഞതുപോലെ ഞാന്‍ പാടാന്‍ സ്റ്റുഡിയോയില്‍ എത്തി. പാടിക്കഴിഞ്ഞപ്പോള്‍ സൗണ്ട് എഞ്ചിനീയര്‍മാര്‍ അടക്കം എല്ലാവരും നല്ലതെന്നുപറഞ്ഞു.

പാട്ട് ഇഷ്ടപ്പെട്ടെങ്കിലും ജയചന്ദ്രന്‍സാര്‍ അപ്പോഴും എനിക്ക് ഉറപ്പുതന്നിട്ടില്ല. കാരണം ചിത്രത്തിന്റെ ഡയറക്ടറായ ബ്ലസിസാര്‍ ഓകെ പറഞ്ഞാലെ ആ പാട്ട് സിനിമയില്‍ വരൂ.

അങ്ങനെ എന്റെ ടെന്‍ഷന്‍ കണ്ട് ജയചന്ദ്രന്‍ സാര്‍ അദ്ദേഹത്തിന്റെ ജോലിത്തിരക്കുകളെല്ലാം മാറ്റിവച്ച് തൊട്ടടുത്ത ദിവസംതന്നെ ബ്ലസിസാറിന്റെ വീട്ടില്‍ പോയി പാട്ട് കേള്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിനും അത് ഇഷ്ടപ്പെട്ടു.

എന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്നാണത്. മകള്‍ മൈത്രേയിയെ ഗര്‍ഭിണിയായിരുന്നപ്പോഴും ഈ പാട്ട് എപ്പോഴും പാടുമായിരുന്നു. കൂടാതെ ധാരാളം അമ്മമാര്‍ ഈ ഗാനത്തെക്കുറിച്ച് എന്നോട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.

Ads by Google
Loading...
TRENDING NOW