Tuesday, June 05, 2018 Last Updated 29 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 03.46 PM

കണ്ണീരോണം !

ചന്ദ്രബോസിന്റെ ഓര്‍മ്മയില്‍ അമ്മ പങ്കജാക്ഷിയും ഭാര്യ ജമന്തിയും മകന്‍ അമല്‍ദേവും.
uploads/news/2017/09/142287/chndhraboss.jpg

ഓണത്തിന്റെ ആരവങ്ങള്‍ ഉയരുമ്പോള്‍ ജമന്തിയുടെയും മക്കളുടെ യും പങ്കജാക്ഷി അമ്മയുടെയും കണ്ണ് നിറയും. വട്ടക്കളി കളിച്ചും പൂക്കളമിട്ടും ഓണമാഘോഷിക്കാന്‍ ചന്ദ്രബോസ് ഒപ്പമില്ല എന്ന സങ്കടം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

2015 ഫെബ്രുവരി 16 നാണ് ഈ കുടുംബത്തിന് ചന്ദ്രബോസിനെ നഷ്ടമായത്. ചന്ദബോസില്ലാത്ത മൂന്നാമത്തെ ഓണം. ചന്ദ്രബോസിന്റെ ഓര്‍മ്മകളുമായി തോരാകണ്ണീരോടെ ഒരു കുടുംബം.

ഇനിയെന്ത് ഓണം?


ഓണവും വിഷുവും ഒന്നും ഞങ്ങള്‍ക്കിനിഇല്ല. എന്റെ ബോസ്‌മോന്‍ പോയില്ലേ? ഞാന്‍ ഇളയ മകനൊപ്പം തറവാട്ടിലാണ് താമസം. എന്നെ കാണാത്ത ഒരു ദിവസം പോലും ബോസിനുണ്ടായിരുന്നില്ല.

ഒന്നുകില്‍ ജോലിക്ക് പോകും മുമ്പ് അല്ലെങ്കില്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍, എന്നെ വന്ന് കാണും. ഒരു ദിവസം പോലും ആ പതിവ് മുടക്കിയിട്ടില്ല. വീട്ടില്‍വന്ന് എന്റെ കൈയില്‍നിന്ന് കാപ്പി വാങ്ങി കുടിച്ചിട്ടേ അവന്‍ പോകു.

ഏഴ് വര്‍ഷം മുമ്പാണ് അവന്റെ അച്ഛ ന്‍ മരിക്കുന്നത്. അദ്ദേഹത്തിന് എന്നും അസുഖമായിരുന്നു. എങ്കിലും ജോലി ചെയ്ത് കൊണ്ടുവരുന്ന തുച്ഛമായ കാശുകൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ വളര്‍ത്തിയത്. എന്റെ മകന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

പല ജോലികളും ചെയ്തു. അവസാനം വളരെ ബുദ്ധിമുട്ടിയാണ് ശോഭാ സിറ്റിയില്‍ ജോലി ശരിയായത്. ജീവിതം ഒന്നു പച്ചപിടിച്ചപ്പോഴേക്കും അവനങ്ങ് പോയില്ലേ?

കല്യാണം കഴിഞ്ഞ് ഇവിടെ വന്നത് മുതല്‍ ജമന്തിയും ഒരുപാട് കഷ്ടപ്പെടുന്നു ണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ടെന്ന് പറഞ്ഞിട്ടെന്താ? മക്കളെ പഠിപ്പിക്കണം, വീ ട് നോക്കണം എല്ലാ ചുമതലയും അവളുടെ ചുമലിലായില്ലേ? എന്റേയും ഭര്‍ത്താവിന്റേയും ജമന്തിയുടെ വീട്ടുകാരുടേയും ഇഷ്ടപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

ജമന്തിയുടെ വീട്ടുകാരുമായി പണ്ടുതൊട്ടേ ഞങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. ഇവളെ ഞങ്ങള്‍ക്കു ജീവനാണ്. അങ്ങനെയാണ് ബോസിനുവേണ്ടി ആലോചിച്ചത്. അവസാനം എന്റെ മോളുടെ വിധി ഇങ്ങനെയായല്ലോ?

നാട്ടിലെ ഏത് കാര്യത്തിനും അവന്‍ മുമ്പിലുണ്ടാകും. നാടകമെഴുതും, അഭിനയിക്കും, കവിത ചൊല്ലും. വീടിനടുത്തു പ്രതിഭ ക്ലബിന്റെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായിരുന്നു മോന്‍. നാട്ടിലെ കുട്ടിക ളെയൊക്കെ വട്ടക്കളി പഠിപ്പിച്ചത് എന്റെ മോനാണ്. ഞാനും മക്കളും ഒരുമിച്ച് വട്ടക്കളി കളിക്കാന്‍ പോയിട്ടുമുണ്ട്.

മരിക്കും മുമ്പുള്ള ഓണത്തിന് അവന്‍ എന്നെ വീട്ടിലേക്ക് വിളിച്ചു. ഞാന്‍ വന്നപ്പോള്‍ ഇത്തവണ നമുക്ക് അടുത്തുള്ള കുട്ടികളെ വട്ടക്കളി പഠിപ്പിക്കണണമെന്ന് പറഞ്ഞു. ഓണത്തിന് ഞങ്ങള്‍ എല്ലാവരും കൂടി വട്ടക്കളി കളിച്ചു. നോക്ക,് ( ഷെല്‍ഫിലെ ട്രോഫികള്‍ ചൂണ്ടിക്കാട്ടി) ഇതെല്ലാം അവന് കിട്ടിയ സമ്മാനങ്ങളാ. പൂക്കള മത്സരത്തിന് എന്നും അവനായിരുന്നു ഒന്നാംസ്ഥാനം.

പാപ്പന്‍ (അച്ഛന്റെ അച്ഛന്‍)അവനിട്ട പേര് സുഭാഷ് ചന്ദ്രബോസ് എന്നായിരുന്നു. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ചന്ദ്രബോസ് എന്നാക്കി. പഠിക്കുന്ന സമയംമുതല്‍ നാടകവും പാട്ടുമൊക്കെ അവന്് ഇഷ്ടമായിരുന്നു. പഠിക്കാനും മിടുക്കനായിരുന്നു.

ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അവന് ഒരു പനി വന്നു. ആ വര്‍ഷം പരീക്ഷയില്‍ തോറ്റു. പത്താംക്ലാസ് വരയേ എന്റെ കുട്ടി പഠിച്ചിട്ടുള്ളു. പിന്നെ മോട്ടോര്‍വൈന്‍ഡിങ് പഠിച്ചു. വര്‍ക്ക്‌ഷോപ്പ് പണിക്ക് പോയി, ചെരിപ്പ് കമ്പനിയില്‍ പോയി. അവന് അറിയാത്ത പണികളൊന്നുമില്ല.

uploads/news/2017/09/142287/chndhraboss1.jpg

ശോഭാ സിറ്റിയില്‍ ജോലി കിട്ടിയേേശഷം പണിക്ക് പോവാന്‍ വലിയ ഉത്സാഹമായിരുന്നു. ഒരു ദിവസം വെളുപ്പിന് മൂന്ന് മണിയായപ്പോള്‍, മോന് സുഖമില്ല, ആശുപത്രിയിലാണ.്് എന്ന് ഫോണ്‍ വന്നു. ഞങ്ങള്‍ ആശുപത്രിയിലെത്തി കുറേ നേരം കഴിഞ്ഞിട്ടും മോനെ കാണിച്ചില്ല.

ചോദിച്ചപ്പോള്‍ അവനെ വണ്ടിയിടിച്ചെന്നും കൈയ്ക്ക് പ്ലാസ്റ്റര്‍ ഇടുകയാണെന്നും പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞു ഞങ്ങളുടെ ബന്ധുക്കളൊക്കെ അവിടെയെത്തി. പിന്നീടാണറിയുന്നത് ബോസ്‌മോന്‍ ഐ. സി. യുവിലാണെന്ന്.

ഞാന്‍ ഐ.സി.യുവിന്റെ ചില്ലിലൂടെ നോക്കുമ്പോള്‍ അവന്‍ എന്നെ കൈപൊക്കി കാണിക്കും. നഴ്‌സുമാരോട് പറഞ്ഞപ്പോള്‍ ജമന്തിയെ അകത്ത് കയറ്റി കാണിച്ചു. സ്‌കാനിംഗിന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ഞാന്‍ ഓടിപ്പോയി കാണും.

മോന് പെട്ടെന്ന് സുഖമാകും.. എന്ന് പറയുമ്പോള്‍ പാവം എന്റെ കുട്ടിയുടെ കണ്ണുകള്‍ നിറയും. ഒരുതവണ അവന് കഞ്ഞിവേണമെന്ന് പറഞ്ഞു. കുടല്‍ മുറിഞ്ഞതിനാല്‍ കഞ്ഞികൊടുക്കാന്‍ പോലും കഴിഞ്ഞില്ല.

എന്റെ മോനെ കൊന്നവനെ വെറുതെ വിടരുത്. ഇപ്പോള്‍ അവന് ഭ്രാന്താണെന്നാണ് പറയുന്നത്. അതൊക്കെ വെറും അഭിനയമാണ്. കേസ് നടക്കുമ്പോള്‍ ഞാന്‍ അവനെ തൊട്ടടുത്ത് കണ്ടതാണ്. അവനൊരു കുഴപ്പവുമില്ല. അവനെ പുറത്തുവിടണമെങ്കില്‍ എനിക്ക് എന്റെ മകനെ തിരിച്ചുതരണം.

കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളോടെ ചന്ദ്രബോസിന്റെ ഫോട്ടോ നോക്കി പങ്കജാക്ഷി ഇരുന്നു. മകന്‍ നഷ്ടപ്പെട്ട ഈ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുമരില്‍ ചാരി നില്‍ക്കുകയാണ് ജമന്തി. അവരുടെ മൗനത്തിനുമുണ്ട് കണ്ണീരിന്റെ ഉപ്പുരസം.

തോരാ കണ്ണീരോടെ...


ജമന്തിയുടെ കണ്ണുനീര്‍ ഇനിയും തോര്‍ന്നിട്ടില്ല. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഔഷധിയില്‍ ടൈപ്പിസ്റ്റാണ് ജമന്തി. ദിവസവുമുള്ള യാത്ര ബുദ്ധിമുട്ടായതോടെ ജോലിസ്ഥലത്തിനടുത്ത് ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണവര്‍. ചന്ദ്രബോസിനെക്കുറിച്ച് ജമന്തിയുടെ വാക്കുകളിലൂടെ...

ഏട്ടന്‍ ആറുവര്‍ഷം ശോഭസിറ്റിയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു. അതിന് മുമ്പ് പല ജോലികളും ചെയ്തു. തുച്ഛ വരുമാനമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു. ഞാനും പണിക്കുപോകും. കിട്ടുന്ന കാശുമുഴുവന്‍ ഏട്ടന്‍ എന്റെ കൈയില്‍തരും. ഒരുരൂപ പോലും വെറുതെ കളയില്ല. വീട്ടിലെ കാര്യങ്ങളെല്ലാം ഞാന്‍ നോക്കിനടത്തുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് കാശ് എന്നെ ഏല്‍പ്പിക്കുന്നത്.

ഏട്ടന്റെ കേസ് തീര്‍ന്നത് 2016 ജനുവരി 21നാണ്. 22ന് എനിക്ക് അപ്പോയിന്‍മെന്റ്് ഓഡര്‍ കിട്ടി. നടുവേദനയുള്ളതുകൊണ്ട് എന്നും യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണ്. മക്കള്‍ പഠിക്കാനായി പോകുന്നതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കാനും വയ്യ.

മകള്‍ രേവതി ബി.ടെക് കഴിഞ്ഞ് കൊല്ലത്ത് ബാങ്ക് കോച്ചിങിന് ചേര്‍ന്നു. മകന്‍ അമല്‍ദേവ് ചെന്നൈയില്‍ അമ്മായിക്കൊപ്പം നിന്ന് പഠിക്കുന്നു. മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നത് ഏട്ടന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അതെനിക്ക് പൂര്‍ത്തിയാക്കണം.

നഷ്ടം ഞങ്ങള്‍ക്കു മാത്രം


ചെന്നൈയില്‍ എന്‍ജിനീയറിങ് ഡിപ്ലോമ വിദ്യാര്‍ത്ഥിയായ അമല്‍ദേവിന് അച്ഛന്റെ ഓര്‍മ്മകള്‍ ഇന്നും തീരാവേദനയാണ്.

അച്ഛന് ഞങ്ങളെ ജീവനായിരുന്നു. ഞങ്ങളുടെ ഏത് ആവശ്യവും സാധിച്ച് തരും. ഞാന്‍ പഠിക്കാതെ മടിപിടിച്ചിരിക്കുമ്പോള്‍ വഴക്കുപറയും. എന്നെ പഠിപ്പിച്ച് പട്ടാളക്കാരനാക്കമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW