Tuesday, September 05, 2017 Last Updated 38 Min 57 Sec ago English Edition
Todays E paper
അഡ്വ.എം.എസ് അനില്‍ കുമാര്‍
അഡ്വ.എം.എസ് അനില്‍ കുമാര്‍
Friday 01 Sep 2017 02.00 PM

എന്നെയും കുഞ്ഞിനെയും വേണ്ടാത്തയാളെ എനിക്കും വേണ്ട... നിറമിഴികളോടെ അഞ്ജലി എടുത്ത ഉറച്ച തീരുമാനത്തിനു പിന്നിലുള്ള കാരണം?

''കുഞ്ഞിനിപ്പോള്‍ രണ്ട് വയസ്സ് കഴിഞ്ഞു. ഇതിനിടെ അദ്ദേഹം മോനെ വന്നു കാണുകയോ എന്നെ കൂട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടില്ല. ''
uploads/news/2017/09/142272/Weeklyfmlycort10917.jpg

വാവിട്ട് കരയുന്ന കുഞ്ഞിനെ മാറോട് അണച്ച് അഞ്ജലിയെന്ന യുവതി എന്നെ കാണാന്‍ വന്നു. കാര്യം എന്തെന്ന് അന്വേഷിച്ചു.
ഇരുന്നതിനുശേഷം തലോടലിലൂടെ കുഞ്ഞിന്റെ കരച്ചില്‍ അടക്കിയിട്ട് ഒരു കഥ പറയും പോലെ അവള്‍ പറഞ്ഞു തുടങ്ങി.

''അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ചെറിയൊരു കുടുംബമായിരുന്നു എന്റേത്. അടുത്തുളള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്താണ് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത്. ഇരുപത് വയസ്സായപ്പോള്‍ വിവാഹാലോചനകള്‍ വന്നു. ആ സമയമാണ് ചേച്ചിയുടെ ഭര്‍ത്താവിന്റെ ബന്ധത്തിലുളള സന്ദീപിന്റെ ആലോചന വന്നത്.

സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബം, നല്ല ജോലി , എല്ലാം കൊണ്ടും ചേരുന്ന ബന്ധമാണെന്ന് ചേച്ചിയും ചേട്ടനും പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും അതിനെ എതിര്‍ത്തില്ല. ഒരാഴ്ച കഴിഞ്ഞ് സന്ദീപേട്ടന്‍ എന്നെക്കാണാന്‍ വന്നു. അദ്ദേഹത്തെ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമായി. എനിക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും അദ്ദേഹം എന്നോട് അധികം സംസാരിച്ചില്ല. പുളളി എന്താ ഇങ്ങനെയെന്ന് പലവട്ടം ഞാന്‍ ചിന്തിച്ചു. വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടില്‍ എത്തുന്ന ഏതൊരു പെണ്ണിന്റെയും എല്ലാകാര്യങ്ങളും അറിഞ്ഞ് സപ്പോര്‍ട്ട് ചെയ്യേണ്ടത് ഭര്‍ത്താവാണ്.

സന്ദീപേട്ടന്റെ കാര്യത്തില്‍ അതുണ്ടായില്ല. അതോടെ ഞാന്‍ ആ വീട്ടില്‍ ഒറ്റപ്പെട്ടുപോയി. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരിയില്‍ നിന്നാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത ഞാനറിയുന്നത്.

വിവാഹത്തിന് മുന്‍പ് അദ്ദേഹത്തിനൊരു പ്രണയമുണ്ടായിരുന്നു. വ്യത്യസ്ത മതമായതുകൊണ്ട് രണ്ടു വീട്ടുകാരും അത് സമ്മതിച്ചില്ല. ആ പെണ്‍കുട്ടി വിദേശത്ത് അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി.

വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മാത്രമാണ് സന്ദീപേട്ടന്‍ എന്നെ വിവാഹം കഴിച്ചതെന്ന് എനിക്ക് മനസിലായി. അതോടെ എന്റെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും അവസാനിച്ചു. ഉളളിലെ വിഷമം ആരും കാണാതെ കരഞ്ഞ് തീര്‍ത്തു.

വിവാഹത്തിന് മുന്‍പ് പല ബന്ധങ്ങളും ഉണ്ടാകും, അതെല്ലാം സ്വാഭാവികമെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. എല്ലാ വിഷമങ്ങളും ഉളളിലൊതുക്കി ഞാനദ്ദേഹത്തോട് സ്‌നേഹമായി പെരുമാറി.

പക്ഷേ സന്ദീപേട്ടന് മാറ്റം ഒന്നുമുണ്ടായില്ല. ആ മനസില്‍ എനിക്ക് സ്ഥാനമുണ്ടായിരുന്നില്ല. വീട്ടിലെ ജോലികള്‍ ചെയ്യാനും, സമയത്ത് ഭക്ഷണം എടുത്ത് കൊടുക്കാനും തുണിയലക്കാനും വേണ്ടി മാത്രമൊരു ഭാര്യ.

കുറച്ചുനാള്‍ കഴിഞ്ഞ് അദ്ദേഹം ജോലിക്കായി വിദേശത്ത് പോയി. എന്നെ ഇങ്ങോട്ട് ഫോണ്‍ വിളിക്കാറില്ല, ഞാനങ്ങോട്ട് വിളിക്കണം. മാസം തോറും മുടങ്ങാതെ പണം അയച്ച് തരും. മൂന്ന് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും നാട്ടിലെത്തിയില്ല. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വിസിറ്റിംഗ് വിസയില്‍ എന്നെയും കൊണ്ടുപോയി.

മൂന്നുമാസം ഞാനവിടെ കഴിഞ്ഞു. ആ സമയത്ത് മാത്രമാണ് ഭര്‍ത്താവിന്റെ സ്‌നേഹവും സാമീപ്യവും ലഭിച്ചത്. വിസയുടെ കാലാവധി കഴിഞ്ഞതോടെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും എന്റെ ഉളളില്‍ ഒരു കുഞ്ഞ് ജീവന്‍ തുടിച്ച് തുടങ്ങിയിരുന്നു.

പിന്നീടുളള ഓരോ നിമിഷവും കുഞ്ഞിനുവേണ്ടിയുളള കരുതലായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും സന്ദീപേട്ടന് സന്തോഷമായില്ല. പ്രസവത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ച് ദിവസം കഴിഞ്ഞ് ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് എന്റെ വയറ്റില്‍ വളരുന്നത് അദ്ദേഹത്തിന്റെ കുഞ്ഞല്ലെന്ന്.

അതോടെ ഞാന്‍ മാനസികമായി തളര്‍ന്നു പോയി. മറ്റെല്ലാ തെറ്റുകളും ഞാന്‍ ക്ഷമിച്ചു. ഇതു മാത്രം എനിക്കാവില്ല. എനിക്ക് മാത്രമല്ല ലോകത്ത് ഒരു പെണ്ണിനും ക്ഷമിക്കാന്‍ പറ്റില്ല.

കുഞ്ഞിനിപ്പോള്‍ രണ്ട് വയസ്സ് കഴിഞ്ഞു. ഇതിനിടെ അദ്ദേഹം മോനെ വന്നു കാണുകയോ എന്നെ കൂട്ടിക്കൊണ്ടുപോവുകയോ ചെയ്തിട്ടില്ല. സ്വന്തം കുഞ്ഞിനെ കാണാന്‍ ആഗ്രഹിക്കാത്ത അച്ഛനുണ്ടാകുമോ?

എന്നെയും കുഞ്ഞിനെയും വേണ്ടാത്ത അയാളെ എനിക്കും വേണ്ട. സ്‌നേഹിച്ച പെണ്ണിനെയും വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കട്ടെ. അതിന് ഞാനും കുഞ്ഞും ഒരു തടസമായി നില്‍ക്കില്ല''

ഇത്രയും പറഞ്ഞ് ആ യുവതി പൊട്ടിക്കരഞ്ഞു. ഭര്‍ത്താവിനെ ജീവനുതുല്യം സ്‌നേഹിച്ചിട്ടും അയാള്‍ക്ക് അഞ്ജലിയുടെ സ്‌നേഹം മനസിലാക്കാന്‍ സാധിച്ചില്ല. അവരുടെ കേസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

അഞ്ജു രവി

Ads by Google
അഡ്വ.എം.എസ് അനില്‍ കുമാര്‍
അഡ്വ.എം.എസ് അനില്‍ കുമാര്‍
Friday 01 Sep 2017 02.00 PM
TRENDING NOW