Sunday, May 20, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google

സെക്കന്‍ഡ് ഷോ

E.V. Shibu
E.V. Shibu
Thursday 31 Aug 2017 06.24 PM

കുത്തിക്കെട്ടിയ പുസ്തകം

തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചാന്തുപൊട്ടിന്റെ എഴുത്തുകാരനെ കൂട്ടുകിട്ടിയിട്ടും ആ പഴയ ലാല്‍ജോസ് മാജിക്ക് ആവര്‍ത്തിച്ചില്ല എന്നേ പറയാനാവു. ലാല്‍ജോസിന്റെ പിഴവല്ല, ദുര്‍ബലമായ വാക്കുകളാല്‍ എഴുതിക്കൂട്ടിയ ഒരുപുസ്തകം കുത്തഴിഞ്ഞുപോയി എന്നല്ലേ പറയേണ്ടതുള്ളു.
velipadinte pusthakam, movie review, mohanlal

ലാലും ലാലും ചേര്‍ന്നാല്‍ 'ലാലിസ'മാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അതേതായാലും ഉണ്ടായില്ല. മലയാളസിനിമയില്‍ ഏറ്റവും വിലയേറിയ രണ്ടുപേരുകള്‍, മോഹന്‍ലാല്‍, ലാല്‍ ജോസ് ഇവര്‍ ഒന്നിക്കുന്നു എന്നതാണ് 'വെളിപാടിന്റെ പുസ്തകത്തെ' റിലീസിനുമുമ്പേ ശ്രദ്ധാക്രേന്ദമാക്കിയത്. ആ ഹൈപ്പര്‍ ഹൈപ്പിനെ തൃപ്തിപ്പെടുത്താനായില്ലെങ്കിലും ശരാശരി എന്നു വിശേഷിപ്പിക്കാവുന്ന നേരംകൊല്ലി സിനിമയാണ് ഇരുവരുംചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ക്യാമ്പസ്, സിനിമ, പ്രതികാരം, പരകായം, ഷീസോഫ്രീനിയ എല്ലാം കൂടി ചേര്‍ന്നൊരു കോക്‌ടെയിലാണ് വെളിപാടിന്റെ പുസ്തകം.

മോഹല്‍ലാല്‍ ഏറ്റവും ഒടുവില്‍ കാമ്പസില്‍ വന്നത് പത്തുവര്‍ഷം മുമ്പിറങ്ങിയ തുളസീദാസ് സിനിമ കോളജ് കുമാരനിലാണ്. അന്നുപക്ഷേ കാന്റീന്‍കാരനായിരുന്നു. 'കാന്റീന്‍ കുമാരന്‍' എന്നായിരുന്നു ആ സിനിമയ്ക്കുപേരിടേണ്ടിയിരുന്നത്. ഏതായാലും കോളജ് ഭരിച്ച കാന്റീന്‍കാരനില്‍നിന്ന് പത്തുവര്‍ഷം കഴിഞ്ഞ് മൈക്കല്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ ഇക്കുറി എത്തുന്നത്. പ്രിയദര്‍ശന്റെ ചെപ്പ് എന്ന സിനിമയ്ക്കുശേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കോളജ് അധ്യാപകവേഷം.

velipadinte pusthakam, movie review, mohanlal

എന്നാല്‍ ഒരു പക്കാ കാമ്പസ് സിനിമയല്ല ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ലാല്‍ ജോസ് ഒരുക്കുന്നത്. കാമ്പസിന്റെ പിറവിയ്ക്കു കാരണമായ വിശ്വന്‍(അനൂപ് മേനോന്‍) എന്ന യുവാവിന്റെ മരണത്തിനുപിന്നിലെ കഥയന്വേഷിക്കാനാണ് വെളിപാടിന്റെ പുസ്തകം ശ്രമിക്കുന്നത്. സിനിമ മുതല്‍ ബാല്യകാല ചിത്തഭ്രമങ്ങള്‍ വരെയുള്ള വിഷയങ്ങളെ ഓരോ കള്ളികളിലാക്കി സങ്കീര്‍ണവും ചിലപ്പോള്‍ വലിച്ചുനീട്ടിയുമാണ് ആ കഥ പറയുന്നതെന്നു മാത്രം.

ലാല്‍ജോസിന്റെ മിക്കസിനിമകളെയും പോലെ ഫ്‌ളാഷ്ബാക്കില്‍നിന്നു തുടങ്ങി വര്‍ത്തമാനത്തിലേക്കും അവിടെനിന്നു ഫ്‌ളാഷ്ബാക്കിലേക്കും സമാന്തരമായി സഞ്ചരിക്കുന്ന ഒരു ആഖ്യാനരീതിയാണ് വെളിപാടിലേത്. എന്നാല്‍ തുടക്കത്തില്‍ ഇതു സൃഷ്ടിക്കുന്ന കൗതുകം രണ്ടാംപകുതിയില്‍ പലപ്പോഴും വിരസതയിലേക്കു നയിക്കുന്നുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയാണ് കഥ പറയാനുപയോഗിക്കുന്ന സങ്കേതം. എന്നാല്‍ അതിനോടകം പരിചിതമായ ഒരു കഥയെ ആവര്‍ത്തിച്ചുകാണിക്കാനേ ഈ സിനിമാക്കഥയ്ക്കു കഴിയുന്നുള്ളു.

velipadinte pusthakam, movie review, mohanlal

സമ്പന്നമായ താരനിര, പെര്‍ഫഫെക്ട് എന്നു വിശേഷിപ്പിക്കേണ്ട സാങ്കേതികനിര എന്നിവയാണു സിനിമയുടെ ബലം. എന്നാല്‍ ദുര്‍ബലമായത് ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയാണ്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ഭയ്യ ഭയ്യ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സൗണ്ട് തോമ, സ്പാനിഷ് മസാല എന്നിവയാണ് ഇതിനുമുമ്പ് ബെന്നിയുടെ തിരക്കഥകള്‍. അതുവച്ചാണു താരതമ്യമെങ്കില്‍ വെളിപാടിന്റെ പുസ്തകം വേദപുസ്തകമാണ്. പക്ഷേ കുത്തഴിഞ്ഞ, എങ്ങനെയോ തുന്നിക്കെട്ടിയതാണെന്നുമാത്രം. തുന്നിക്കെട്ടാന്‍ ലാല്‍ജോസ് തന്റെ ക്രാഫ്ടിന്റെ മികവുകൊണ്ടു പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാലും അതിനൊക്കെ ഒരു പരിധിയില്ലേ.

ബെന്നി പി. നായരമ്പലം തന്നെ തിരക്കഥയെഴുതിയ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയവുമായി ഒരു സാമ്യമുണ്ട് ഈ പുസ്തകത്തിന്. ഗുണ്ടയായ ഒരാള്‍ യേശുക്രിസ്തുവായി നാടകത്തില്‍ വേഷമിടുകയും ഒരു പ്രതികാരം പൂര്‍ത്തിയാക്കുന്നതുമാണ് സിനിമ. ഇക്കുറി ഒരു വൈദികന്‍ ഗുണ്ടയായി സിനിമയില്‍ വേഷമിടുകയും പ്രതികാരം ചെയ്യുകയുമാണ്. അതായത് തേങ്ങയെത്ര അരച്ചാലും കറി താളുതന്നെയെന്ന്. !

പതിവുപോലെ തല്ലും അടിയുമായി അടയാളപ്പെടുത്ത ഒരു കാമ്പസാണ് സിനിമയിലും. മഹാരാജാസും സി.എം.എസുമല്ല, ഒരു സാദാരണകാമ്പസാണിക്കുറി എന്നത് വെറൈറ്റി തന്നെ. അത്രയും നല്ലത്. ആഴിപൂന്തുറ എന്ന തീരദേശത്തെ കോളജാണ് പശ്ചാത്തലം. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തില്‍നിന്നുവരുന്ന കുട്ടികളും നഗരത്തില്‍നിന്നുവരുന്നവരുമായ കുട്ടികളും തമ്മിലുള്ള സംഘര്‍ഷവും അവര്‍ക്കിടയിലേക്ക് വൈദികനായ അധ്യാപകന്‍ ഇടിക്കുള വരുന്നതുമാണ് സിനിമയുടെ പ്രമേയം. കാര്യമായ സംഭവവികാസങ്ങള്‍ ഒന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്നതാണ് ഒന്നാംപകുതി. സലീംകുമാറിന്റെ സദാചാരപോലീസ് വണ്‍ലൈനുകളും തമാശകളുമാണ് സിനിമയെ സജീവമാക്കുന്നത്. ഒരല്‍പം ഉപദേശമുണ്ടെങ്കിലും സമകാലീന കാമ്പസിനെ കുറച്ചൊക്കെ അടയാളപ്പെടുത്താന്‍ ആദ്യരംഗങ്ങളില്‍ ലാല്‍ജോസിനും സംഘത്തിനും കഴിയുന്നുണ്ട്. വലിയനിറപ്പകിട്ടൊന്നുമില്ലെങ്കിലും കാമ്പസിലെ കാഴ്ചയ്ക്കു കുറച്ചൊക്കെ സത്യസന്ധതയുണ്ട്; ജിമിക്കി കമ്മല്‍ എന്ന പാട്ട് ഒഴിച്ചാല്‍. തുടക്കത്തില്‍ ഒരോളമുണ്ടെങ്കിലും എന്താണ് ജിമിക്കിയില്‍ എഴുതിക്കൂട്ടിയതെന്ന് അനില്‍ പനച്ചൂരാനുപോലും നിശ്ചയമുണ്ടെന്നുതോന്നുന്നില്ല.

velipadinte pusthakam, movie review, mohanlal

വൈദികനായുള്ള മോഹന്‍ലാലിന്റെ ആദ്യവേഷപ്പകര്‍ച്ചയാണ് മൈക്കിള്‍ ഇടിക്കുള. വൈദികനില്‍നിന്ന് സിനിമയ്ക്കുള്ളിലെ സിനിമയിലെ നടനിലേയ്ക്കുള്ള രൂപമാറ്റത്തില്‍ ലാല്‍ മാസാകുന്നുണ്ട്. മനസെത്തുന്നിടത്ത് പഴയപോലെ ലാലിന്റെ ശരീരമെത്തുന്നില്ല എന്നു ചില രംഗങ്ങളില്‍ തോന്നുന്നുണ്ടെങ്കിലും മൈക്കിള്‍ ഇടിക്കുളയില്‍നിന്ന് വിശ്വനിലേക്കു വേഷംമാറുമ്പോള്‍ ലാല്‍ പഴയ മീശപിരിയന്‍ ലാലേട്ടന്‍ ആവുന്നുണ്ട്. അവസാനരംഗങ്ങളിലെ മോഹന്‍ലാലിന്റെ ഭാവപ്രകടനങ്ങള്‍ സിനിമയ്ക്ക് അതുവരെ ഇല്ലാതിരുന്ന ഒരു മുറുക്കവും ഒരുക്കുന്നുണ്ട്.
അങ്കമാലി ഡയറീസിലെ ലിച്ചിയായി വന്ന അന്ന രേഷ്മ രാജനാണു മേരിയെന്ന നായികയായെത്തുന്നത്. മേരിയെ അന്ന സുരക്ഷിതമായി അവതരിപ്പിച്ചുണ്ട്. ഫ്‌ളാഷ്ബാക്ക് സീനില്‍ പ്രത്യക്ഷപ്പെടുന്ന അനൂപ് മേനോന്‍ ആരാ മോഹന്‍ലാല്‍ എന്ന ആശയക്കുഴപ്പം ഇടയ്ക്കുണ്ടാക്കി എന്നൊഴിച്ചാല്‍ ജോലി വൃത്തിയാക്കിയിട്ടുണ്ട്. പ്രിയങ്ക നായര്‍, അങ്കമാലി ഡയറീസിലെ അപ്പാനി രവിയായിവന്ന ശരത്കുമാര്‍, ചെമ്പന്‍ വിനോദ് ജോസ്, അലന്‍സിയര്‍, വിജയ് ബാബു, ജൂഡ് ആന്റണി ജോസഫ്, സിദ്ധീഖ് എന്നിവരാണു മറ്റുവേഷങ്ങളില്‍. ജൂഡ് ആന്റണിയുടെ അപ്പിയറന്‍സും പ്രകടനവും ശ്രദ്ധേയമാണ്. പ്രതിനായകനായെത്തുന്ന ചെമ്പന്‍ വിനോദ് ശബ്ദമോഡുലേഷന്‍ കൊണ്ട് വേറെ തലത്തിലാണെങ്കിലും കാര്യമായ പ്രാധാന്യം ലഭിച്ചിട്ടില്ല.

ഗോദയുടെ കാമറ ചെയ്ത വിഷ്ണു ശര്‍മയാണ് ലാല്‍ജോസിനുവേണ്ടി ഇക്കുറി ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. തന്റെ ഫ്രെയിമുകള്‍ സാധ്യമായിടത്തെല്ലാം അസാധാരണമാക്കാന്‍ ശ്രമിക്കുന്ന ലാല്‍ജോസിനു പറ്റിയ കൂട്ടാണ് വിഷ്ണുശര്‍മ. ഇരുട്ടിന്റെയും മഴയുടേയും കടലിന്റെയും കാഴ്ചകളെ മികച്ച കലാസംവിധാനത്തിന്റെ പിന്തുണയോടെ ലാല്‍ജോസ് മികവുറ്റതാക്കിയിട്ടുണ്ട്.

സെന്‍സില്ലാത്ത ചില സിനിമകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ജനപ്രിയനായി തുടരുന്ന സീനിയര്‍ സംവിധായകരില്‍ ഏറ്റവും സെന്‍സിബിളാണ് ലാല്‍ജോസ് എന്നു തോന്നിയിട്ടുണ്ട്. ന്യൂജനറേഷനും ഓള്‍ഡ് ജനറേഷനും ഇടയില്‍പ്പെട്ട ഒരു ജനറേഷന്റെ പ്രതീകമാണ് അദ്ദേഹം. ഡയമണ്ട് നെക്‌ളേസ് മുതല്‍ നീന വരെയുള്ള ലാല്‍ജോസിന്റെ സമീപകാല സിനിമകളില്‍ ഈ ആശയക്കുഴപ്പം കാണാനുമുണ്ട്. നീന പതിവുമസാലകളില്‍നിന്ന് വിട്ട് തന്റേതായ സിനിമ സൃഷ്ടിക്കാനുള്ള ലാല്‍ജോസിന്റെ ആത്മാര്‍ഥമായ ശ്രമമായിരുന്നു. അതു പ്രതീക്ഷിച്ചപ്രതികരണം സൃഷ്ടിക്കാത്തതുകൊണ്ടാവണം എല്ലാ കൊമേഴ്‌സ്യല്‍ ചേരുവകളുമായി ക്ലാസ്‌മേറ്റ് പോലൊരു ഹിറ്റ് ലക്ഷ്യമിട്ട് മോഹന്‍ലാലുമായി ഒരുമിച്ചത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചാന്തുപൊട്ടിന്റെ എഴുത്തുകാരനെ കൂട്ടുകിട്ടിയിട്ടും ആ പഴയ ലാല്‍ജോസ് മാജിക്ക് ആവര്‍ത്തിച്ചില്ല എന്നേ പറയാനാവു. ലാല്‍ജോസിന്റെ പിഴവല്ല, ദുര്‍ബലമായ വാക്കുകളാല്‍ എഴുതിക്കൂട്ടിയ ഒരുപുസ്തകം കുത്തഴിഞ്ഞുപോയി എന്നല്ലേ പറയേണ്ടതുള്ളു.

evshibu1@gmail.com

Ads by Google
Ads by Google
Loading...
TRENDING NOW