Friday, June 22, 2018 Last Updated 10 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 01.04 AM

ഓണം... പൊന്നോണം...

uploads/news/2017/08/141723/re1.jpg

ചിങ്ങപ്പൊന്‍ പുലരി... കരിങ്കര്‍ക്കിടകത്തിന്റെ ദുരിത മഴക്കൊടുവില്‍ പത്തരമാറ്റുള്ള പൊന്നിന്‍ ചിങ്ങത്തിന്റെ സൂര്യോദയം. പ്രകൃതിയും മനുഷ്യനും പരസ്‌പരം വാരിപ്പുണരുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കരയും കടലും ഒരുപോലെ ഒരുങ്ങിക്കഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും തെളിഞ്ഞ പകലുകള്‍ മനസില്‍ പ്രതീക്ഷയുടെ പൂക്കളം തീര്‍ത്തു. കോളാമ്പിപ്പൂക്കളും കാട്ടുതുളസിയും കഥ പറഞ്ഞുറങ്ങിയ സ്‌മൃതികളുണര്‍ത്തുന്ന ഇടവഴി കടന്നെത്തുന്ന ഓണം ഇന്നും മലയാളിക്ക്‌ ഏറെ പ്രിയങ്കരമാണ്‌. വടക്കേമുറ്റത്തെ മരത്തിന്റെ ഉയര്‍ന്ന ചില്ലയില്‍ കെട്ടിയ ഊഞ്ഞാലില്‍ ചില്ലാട്ടമാടുന്ന മലയാളി പെണ്ണിന്റെ മനസില്‍ തിരുവാതിരപ്പാട്ടിന്റെയും കൈകൊട്ടിപ്പാട്ടിന്റെയും ഈരടികള്‍. ചിങ്ങം പിറന്നു വീടിന്റെ തൊടികളില്‍ പൂമ്പാറ്റകള്‍ പാറിപ്പറന്നെത്തി. തുമ്പതൊട്ടുള്ള ചെറു ചെടികള്‍പോലും പൂത്താലമേന്തി ഓണത്തെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ്‌.
ഓര്‍മകളുടെ ഊഞ്ഞാലില്‍ പിന്നിലേക്കാടുമ്പോള്‍ മനസില്‍ നിറയുന്ന ഓണത്തിന്‌ വര്‍ണക്കാഴ്‌ചകളുടെ പൊലിമയുണ്ടായിരുന്നു. തിളക്കവും ഏറെയായിരുന്നു. അത്തം മുതല്‍ 10 നാള്‍ വീട്ടുമുറ്റത്തു പൂക്കളങ്ങള്‍ ഒരുക്കി- കാടും മേടും താണ്ടി പൂവിറുത്ത്‌ പൂവേ പൊലിപാടി വരുന്ന കുട്ടികള്‍ ആനന്ദകരമായ കാഴ്‌ചയായിരുന്നു. എന്നാല്‍ ഓണനിലാവിന്‌ ഇന്ന്‌ തിളക്കം കുറഞ്ഞതുപോലെ. പൂക്കളങ്ങള്‍ പേരിലൊതുങ്ങി. തൊടികളില്‍ വിടരുന്ന പൂക്കള്‍ പൂക്കളം കാണാതെ കൊഴിയുന്നു. ഊഞ്ഞാലില്ലാത്ത മരങ്ങളിലേക്കു നോക്കി നില്‍ക്കുന്ന കുട്ടിയുടെ കണ്ണില്‍ നഷ്‌ടബോധത്തിന്റെ നിഴലുകള്‍, മുത്തശ്ശിയും മുത്തച്‌ഛനും പറഞ്ഞുതന്ന ഓണക്കഥകളിലെ സത്യങ്ങള്‍ കണ്ടറിയാനാകാതെ അലയുന്ന ബാല്യങ്ങള്‍. നാം കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ തിരുവോണ നാളുകള്‍ക്ക്‌ ഇന്നു പ്രസരിപ്പും പ്രകാശനവും നഷ്‌ടപ്പെട്ടതുപോലെ. ആധുനികതയുടെ തിരക്കില്‍ ജനം അകലുമ്പോള്‍ ഇന്നലെകളിലെ പൊന്നോണവും ഓണപ്പാട്ടുകളും ഒക്കെ നമുക്കന്യമാകുന്നതുപോലെ ടിന്നുകളിലും പ്ലാസ്‌റ്റിക്‌ കവറിലുമൊക്കെ ഓണ വിഭവങ്ങള്‍ റെഡിമെയ്‌ഡായി ലഭിക്കുന്ന ഇക്കാലത്ത്‌ പൂവടയും ഓണവില്ലുമൊക്കെ കഥകളുടെ ഏടുകളിലേക്ക്‌ മടങ്ങി. വിപണികളും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും ഓണപ്പൊലിമ പങ്കിട്ടെടുത്തെങ്കിലും ഓണം ഇന്നും മലയാളികള്‍ക്ക്‌ ഉത്സവങ്ങളുടെ ഉത്സവമാണ്‌.
കോടി മണത്തിന്റെയും വഞ്ചിപ്പാട്ടുകളുടെയും വള്ളംകളികളുടെയും പുലികളിയുടെയും ഊഞ്ഞാല്‍പ്പാട്ടിന്റെയും സദ്യവട്ടത്തിന്റെയും പൊടിപൂരം. മലയാളിയുടെ മനസില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയാണ്‌ ഓണം. ഇന്നത്തെ ഓണത്തനിമയ്‌ക്ക് മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും മലയാളി എവിടെയുണ്ടോ അവിടെ ഓണക്കാഴ്‌ചയുണ്ട്‌, ഓണവിഭവങ്ങള്‍ ഉണ്ട്‌, ഓണക്കോടിയുണ്ട്‌, ഓണമനസുണ്ട്‌.... അത്തം മുതല്‍ ഓണാഘോഷങ്ങള്‍ തുടങ്ങുകയായി. പത്തുനാള്‍ പൂക്കളത്തിനു മുന്നില്‍ ഓണത്തപ്പനെ പ്രതിഷ്‌ഠിക്കും. ഉത്രാടം മുതല്‍ ചതയംവരെ ഓണസദ്യ ഒരുക്കാനുള്ള തന്ത്രപ്പാടാണ്‌. ഉത്രാടപ്പാച്ചില്‍ ഇന്നു പേരിനു മാത്രമായി. തിരക്കിന്റെ ലോകത്ത്‌ ദൂരങ്ങള്‍ തേടിപ്പോയവര്‍ക്ക്‌ തിരുവോണം ഒത്തുചേരലിന്റെ നിമിഷങ്ങളാണ്‌ സമ്മാനിക്കുന്നത്‌.

Ads by Google
Thursday 31 Aug 2017 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW