Tuesday, June 19, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 01.04 AM

ഓണം: ഐതിഹ്യങ്ങളും അഭിപ്രായങ്ങളും

uploads/news/2017/08/141722/re5.jpg

ഓണവും മഹാബലിയും കേരളീയന്റെ മാത്രം സ്വകാര്യസ്വത്തായാണ്‌ നമ്മള്‍ കരുതുന്നത്‌. എന്നാല്‍ തമിഴ്‌നാട്ടില്‍ ഓണം ആഘോഷിച്ചിരുന്നതായി സംഘകാലകവിയായ മാങ്കുടി മരുതനാര്‍ തന്റെ 'മതുരൈകാളി' എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്‌. അതുപോലെതന്നെ മഹാബലിയുടെ കഥ അല്‌പം വ്യത്യാസത്തോടെ ഗുജറാത്തിലും മഹാരാഷ്‌ട്രയിലും പ്രചാരത്തിലുണ്ട്‌. മഹാബലിയെ പാതാളത്തിലേക്ക്‌ അയയ്‌ക്കുന്നതിന്‌ മുമ്പ്‌ വാമനന്‍ ബലിയോട്‌ വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ബലി പ്രതികരിച്ചത്‌ ഇപ്രകാരമായിരുന്നുവത്രേ.
''എനിക്കു വേണ്ടിയല്ല, പ്രജകളുടെ ക്ഷേമത്തിനുവേണ്ടി ഞാനൊരു വരം ചോദിക്കുന്നു. ഈ മൂന്നു ദിവസങ്ങളില്‍ എനിക്കു വേണ്ടി ദീപദാനം ചെയ്യുന്നവര്‍ നരകയാതന അനുഭവിക്കാതെയും അവരുടെ വീട്ടില്‍ നിരന്തരം ലക്ഷ്‌മിയുടെ സാന്നിധ്യമുണ്ടായിക്കൊണ്ടിരിക്കയും വേണം.''
അശ്വിന്‍മാസത്തില്‍ (ചാന്ദ്രമാസമാണിത്‌) ദീപാവലി ഉള്‍ക്കൊള്ളുന്ന മൂന്നു ദിവസങ്ങളില്‍ ജനങ്ങള്‍ ബലിയെ സ്‌മരിക്കുമെന്ന്‌ വാമനന്‍ വരം കൊടുത്തു. അതുകൊണ്ടാണ്‌ ദീപാവലിക്ക്‌ ദീപവിതാനം അനിവാര്യമായത്‌. ഗുജറാത്തികളും മഹാരാഷ്‌ട്രക്കാരും ദീപാവലി ആഘോഷിക്കുമ്പോള്‍ സ്‌മരിക്കുന്നത്‌ മഹാബലിയെയാണ്‌. അതുപോലെ കര്‍ണ്ണാടകത്തിലും ആന്‌ധ്രയിലും മഹാബലി അനുസ്‌മരിക്കപ്പെടുന്നുണ്ട്‌.
മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയതും മഹാബലി വര്‍ഷംതോറും പ്രജകളെ കാണാന്‍ വരുന്നതും തിരുവോണനാളിലാണ്‌ എന്ന ഐതിഹ്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മലയാളികള്‍ ഓണമാഘോഷിക്കുന്നതെങ്കിലും ഓണത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ വളരെക്കാലം മുതല്‍ക്കുതന്നെ നിലനില്‍ക്കുന്നുണ്ട്‌.
തൃക്കാക്കര മഹാദേവന്റെ തിരുനാളാണ്‌ ഓണം എന്നതാണ്‌ ഒരു അഭിപ്രായം. മറ്റൊന്ന്‌ കേരള ചക്രവര്‍ത്തിയുടെ ആസ്‌ഥാനം തൃക്കാക്കരയായിരുന്നുവെന്നും; തൃക്കാക്കരപ്പന്റെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ സാമന്തരായ നാടുവാഴികളെ ഓണമാഘോഷിക്കാന്‍ തൃക്കാക്കരയിലേക്ക്‌ ക്ഷണിച്ചുവരുത്തിയിരുന്നുവെന്നും തലസ്‌ഥാനം തിരുവഞ്ചിക്കുളത്തേക്ക്‌ മാറ്റിയതോടെ ഓണാഘോഷം സ്വഗൃഹങ്ങളില്‍ മതിയെന്ന്‌ നിശ്‌ചയിക്കപ്പെട്ടെന്നുമാണ്‌.
മറ്റൊരു അഭിപ്രായമുള്ളത്‌ കാല്‍ക്കരൈ നാട്ടുരാജാക്കന്മാരുമായി ബന്ധപ്പെട്ടതാണ്‌. അവരിലൊരു നാട്ടുരാജാവായ മഹാബലിപെരുമാള്‍ തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ തൃക്കാക്കരദേവന്റെ തിരുനാളായ ചിങ്ങമാസത്തിലെ തിരുവോണംവരെ ഇരുപത്തെട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ഏര്‍പ്പെടുത്തിയിരുന്നു.
അത്തം മുതല്‍ തിരുവോണം വരെയുള്ള ഉത്സവത്തിന്റെ അവസാന പത്തു നാളുകള്‍ മഹോത്സവമായി കൊണ്ടാടണമെന്നും ആ ദിവസങ്ങളില്‍ എല്ലാ നാടുവാഴികളും പ്രഭുക്കന്മാരും തൃക്കാക്കര എത്തണമെന്നുമായിരുന്നു കേരള ചക്രവര്‍ത്തിയുടെ കല്‌പന. കാലക്രമേണ ദൂരെദിക്കിലുള്ളവര്‍ക്ക്‌ തൃക്കാക്കരയെത്താനുള്ള പ്രയാസം പരിഗണിച്ച്‌ സ്വഗൃഹത്തില്‍ ഓണമാഘോഷിച്ചാല്‍ മതിയെന്ന്‌ തീരുമാനിക്കപ്പെട്ടു. അങ്ങനെയാണ്‌ ഓണാഘോഷമുണ്ടായതെന്നാണ്‌ ഒരു വാദം. ഓണവുമായി പരശുരാമന്‌ ബന്ധമുണ്ടെന്ന വാദവും നിലവിലുണ്ട്‌.
ക്ഷത്രിയന്മാരെ നിഗ്രഹിച്ച പരശുരാമന്‍ പാപ പരിഹാരാര്‍ത്ഥം കേരളത്തെ സൃഷ്‌ടിച്ച്‌ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌തത്‌ തൃക്കാക്കരവച്ചാണ്‌. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എല്ലാവരും തൃക്കാക്കര ഒത്തുകൂടി തന്നെ സ്‌മരിച്ചാല്‍ അപ്പോള്‍തന്നെ താനെത്തുമെന്ന്‌ പറഞ്ഞിട്ടാണ്‌ പരശുരാമന്‍ പോയത്‌. എന്നാല്‍ പരശുരാമന്റെ വാക്കില്‍ വലിയ വിശ്വാസമില്ലാതിരുന്ന ബ്രാഹ്‌മണര്‍ പരശുരാമനെ പരീക്ഷിക്കാന്‍ ഒത്തുകൂടുകയും അദ്ദേഹത്തെ സ്‌മരിക്കുകയും ചെയ്‌തു. ഉടനെ പരശുരാമന്‍ പ്രത്യക്ഷപ്പെട്ടു. കാര്യമൊന്നും ഇല്ലാതെയാണ്‌ തന്നെ വരുത്തിയതെന്നറിഞ്ഞ്‌ കോപിഷ്‌ഠനായ പരശുരാമന്‍ അവരെ ശപിച്ചെങ്കിലും അവരുടെ അപേക്ഷപ്രകാരം ശാപമോക്ഷം നല്‍കുകയും എല്ലാ ചിങ്ങത്തിലും തിരുവോണനാളില്‍ താന്‍ തൃക്കാക്കര എത്തുമെന്നും അന്ന്‌ ആഹ്‌ളാദത്തോടെ ഉത്സവം ആഘോഷിക്കണമെന്നും പറഞ്ഞ്‌ അപ്രത്യക്ഷമാകുകയും ചെയ്‌തു. ഈ ഐതിഹ്യപ്രകാരം, പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ സ്‌മരണ പുതുക്കുന്നതാണ്‌ തിരുവോണം. ബുദ്ധമതത്തിന്റെ സംഭാവനയാണ്‌ 'ഓണം' എന്നൊരു വാദവുമുണ്ട്‌. ശ്രാവണം (ഓണം) എന്ന പദസംജ്‌ഞ, ബുദ്ധന്‍ ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചവര്‍ക്ക്‌ നല്‍കിയിരുന്നു.
മഞ്ഞവസ്‌ത്രം ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടും അതും തമ്മിലുള്ള സാദൃശ്യം ഈ വാദത്തിന്‌ പിന്‍ബലമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. കേരളത്തിലെ വിളവെടുപ്പു മഹോത്സവമാണ്‌ ഓണമെന്നും അതല്ല മലബാറില്‍ ആണ്ടുപിറവി കുറിക്കുന്ന ദിനമാണ്‌ ഓണമെന്നുമുള്ള അഭിപ്രായങ്ങളും നിലനില്‍ക്കുന്നു.
ഇതിനൊക്കെ പുറമേ ഇസ്ലാംമതം സ്വീകരിച്ച്‌ ചേരമാന്‍പെരുമാള്‍ മക്കത്തേക്ക്‌ തിരിച്ച സംഭവത്തെ സ്‌മരിക്കുന്നതാണ്‌ ഓണമെന്നും ഗവേഷകര്‍ വാദിക്കുന്നുണ്ട്‌.
വടക്കേ മലബാറുകാര്‍ വിശ്വസിക്കുന്നത്‌ ഓണത്തിന്റെ ആഗമനത്തിന്‌ മാമാങ്കവുമായി ബന്ധമുണ്ടെന്നാണ്‌. അവിടുത്തുകാരുടെ ഓണത്തിന്‌ മാവേലിയുടെയും തൃക്കാക്കരപ്പന്റെയും സ്‌മരണയില്ല. അവര്‍ ഓണക്കാലത്ത്‌ പൂവിടുന്നത്‌ 'ചീയോതി ശ്രീ ഭഗവതി'യെ സ്വീകരിക്കാനാണ്‌, മാവേലിയെയല്ല.

Ads by Google
Thursday 31 Aug 2017 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW