Friday, June 22, 2018 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 01.04 AM

ഇനി പൂവിളിയുടെ ഓണക്കാലം

uploads/news/2017/08/141721/re3.jpg

മലയാളികള്‍ക്കിത്‌ പൂവിളിയുടെ പൊന്നോണക്കാലമാണ്‌. മനസില്‍ മധുരതരമായ ബാല്യകാലത്തിന്റെ ഗൃഹാതുരത്വം നിറയുന്ന മഹോത്സവം. ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഓരോ പ്രഭാതത്തിലും നിറയെ പൂക്കണിയൊരുക്കുന്ന പ്രകൃതി..
പൂവിളിയും പൂക്കളവുമായി അവധിക്കാലം ചിലവഴിച്ച ഓര്‍മ്മകളുടെ വേലിയേറ്റം. ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്നു കിട്ടിയ ഓണക്കോടിയുമുടുത്ത്‌ ഓണപ്പാട്ടും ഊഞ്ഞാലാട്ടവുമായി പകലന്തിയോളം കൂട്ടുകാരോടൊപ്പം മേഞ്ഞു നടന്ന പോയകാലത്തിന്റെ മധുരസ്‌മരണകളാണ്‌ പൂര്‍വികര്‍ക്ക്‌ പൊന്നിന്‍ ചിങ്ങം..ജാതിമതഭേദമെന്യേ പെണ്‍കുട്ടികള്‍ കോടിയില്‍ കസവുകരയുള്ള പട്ടുടുപ്പും പാവാടയും അമ്മമാര്‍ സെറ്റുസാരിയും മുത്തശ്ശിമാര്‍ സെറ്റുമുണ്ടും ഉടുക്കുന്ന, പുരുഷന്മാര്‍ കസവുകരയുള്ള കോടിമുണ്ടുടുക്കുന്ന മലയാള നാടിന്റെ ഐക്യം വിളിച്ചോതുന്ന തിരുവോണക്കാലം..
ധര്‍മവും നീതിയുമനുസരിച്ച്‌ സര്‍വജനങ്ങളെയും ഒന്നുപോലെ കരുതിയിരുന്ന സമത്വസുന്ദരമായ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു അസുരനായ മഹാബലി. അദ്ദേഹത്തിന്റെ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ഥന മാനിച്ച്‌ മഹാവിഷ്‌ണു വാമനനായി അവതരിക്കുകയും മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുകയും ചെയ്‌തു. വര്‍ഷത്തിലൊരിക്കല്‍ തന്റെ ജനങ്ങളെ വന്നു കാണാന്‍ അവസരമുണ്ടാക്കണമെന്ന്‌ പ്രജാക്ഷേമ തല്‍പരനായ മഹാബലി വാമനനോട്‌ അഭ്യര്‍ഥിച്ചു. വാമനന്‍ അതനുവദിച്ചുവെന്നും അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ മഹാബലി നാടുകാണാന്‍ എത്തുന്നുവെന്നുമാണ്‌ ഐതിഹ്യം.
തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്‍പിച്ചുവെന്നും അങ്ങനെയാണ്‌ ഓണ മഹോത്സവത്തിന്റെ തുടക്കമെന്നും മറ്റൊരു ഐതിഹ്യമുണ്ട്‌. 28 ദിവസമായിരുന്നു അന്ന്‌ ഓണാഘോഷം. പ്രധാന ദിവസമായ തിരുവോണ നാളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ രാജാക്കന്മാരും പ്രഭുക്കളും നാടുവാഴികളും സാധാരണജനങ്ങളും മഹാദേവനെ ദര്‍ശിക്കാനും മഹാബലിപ്പെരുമാളിനെ ചെന്നുകാണാനും തൃക്കാക്കരക്ക്‌ പോകാറുണ്ടായിരുന്നു. ഈ യാത്ര പുറപ്പെടലിന്റെ സ്‌മാരകമാണ്‌ കൊച്ചി രാജാവിന്റെ അത്തച്ചമയം.
സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്റെയും അഴിമതിരഹിതമായ സമൂഹത്തിന്റെയും സാമൂഹികനീതിയുടെയും പ്രതീകമാണ്‌ ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന്‌ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലമാണിത്‌. മനുഷ്യനും മറ്റ്‌ ജീവജാലങ്ങള്‍ക്കും എന്തിന്‌ പ്രകൃതിക്കുപോലും ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്‌ഠാന പൈതൃകം മലയാളിയുടെ മാത്രം സ്വന്തമാണ്‌. വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന്‌ ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക്‌ കൈമാറേണ്ടതുണ്ട്‌. സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്റെ പുന:സൃഷ്‌ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്‌ ഓരോ ഓണക്കാലവും നമുക്ക്‌ സമ്മാനിക്കുന്നത്‌.

പൂക്കളം ഒരുക്കാം...

ഓണക്കാലത്ത്‌ പലതരം പൂക്കളുണ്ടാകുമെങ്കിലും പൂക്കളമൊരുക്കുന്നതിന്‌ ചിട്ടവട്ടങ്ങളുണ്ട്‌. തുമ്പപ്പൂവ്‌, ഓണപ്പൂവ്‌, കാശിപ്പൂവ്‌, അരിപ്പൂവ്‌, ശംഖുപുഷ്‌പം എന്നിവയാണ്‌ പ്രധാനമായും പൂക്കളത്തിന്‌ ഉപയോഗിക്കുക.
വളരെ ശുദ്ധിയോടെയാണ്‌ അത്തപ്പൂവിടുക. വീട്ടുമുറ്റത്ത്‌ പൊടിമണ്ണ്‌ വിരിച്ചുതീര്‍ക്കുന്ന പൂത്തറ ചാണകം മെഴുകി ശുദ്ധിവരുത്തും. ഇതിനുമീതെയാണ്‌ കളമിടുക. പല ദേശത്തും പല തരത്തിലാണ്‌ പൂക്കളമിടുന്നത്‌. ചിലയിടങ്ങളില്‍ 10 ദിവസത്തെ പൂക്കളങ്ങള്‍ക്കും വ്യത്യസ്‌ത ആകൃതിയാണ്‌. കളത്തിന്റെ എണ്ണത്തിലുമുണ്ട്‌ വ്യത്യാസങ്ങള്‍. അത്തത്തിന്‌ ഒരു കളം, ചിത്തിരക്ക്‌ രണ്ട്‌, ചോതിക്ക്‌ മൂന്ന്‌...തിരുവോണനാളില്‍ പത്തുനിര നിര്‍ബന്ധം. എന്നാല്‍, ഉത്രാടത്തിനും തിരുവോണത്തിനും പൂവിടുന്ന പതിവില്ലാത്ത ചില സ്‌ഥലങ്ങളുമുണ്ട്‌ . ഉത്രാടം നാളിലിടുന്ന പൂക്കളം തിരുവോണ ദിവസവും മാറ്റമില്ലാതെ സൂക്ഷിക്കുന്ന പ്രത്യേകതയും ചിലയിടങ്ങളിലുണ്ട്‌. തിരുവോണം കഴിഞ്ഞാലും വരികളില്ലാതെ ലഭ്യമായ പൂക്കള്‍കൊണ്ട്‌ മകംവരെ പൂക്കളമിടുന്ന സവിശേഷരീതിയും ചില പ്രദേശങ്ങളുടെ പ്രത്യേകതയാണ്‌.

Ads by Google
Thursday 31 Aug 2017 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW