Saturday, May 19, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 03.09 PM

തലയാണ് താരം

''പ്രമുഖ നടന്മാര്‍ പലരും പ്രായം മറന്ന് മുടി കറുപ്പിക്കുമ്പോഴും കൊച്ചു പെണ്‍കുട്ടികളോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോഴും ഈ സൂപ്പര്‍ താരം നേര്‍ വിപരീതമാണ്.''
uploads/news/2017/08/141348/Weeklyajiththala.jpg

മോഡലിംഗിലൂടെ സിനിമയിലെത്തിയപ്പോഴും അഭിനയം മുന്നോട്ട് കൊണ്ടുപോകണമെന്ന ചിന്തയില്ലാത്ത വ്യക്തിയായിരുന്നു അജിത്ത് കുമാര്‍. തമിഴകത്തിന്റെ സ്വന്തം തല യെന്നു പറയുന്നതാകും ശരി.

സൂപ്പര്‍ സ്റ്റാര്‍ പദവിയിലിരിക്കുമ്പോഴും സാധാരണക്കാരനില്‍ ഒരാളായി ജീവിക്കാനാണ് ഈ നടന്‍ ആഗ്രഹിച്ചത്. മലയാളികളുടെ മാമാട്ടിക്കുട്ടിയെ ജീവിതസഖിയാക്കി സന്തുഷ്ടമായി ജീവിക്കുന്ന 'തല'യുടെ വിശേഷങ്ങള്‍.

കടബാധ്യത തീര്‍ക്കാനായി സിനിമയിലേക്ക്


പത്താംക്‌ളാസില്‍ പഠനം നിര്‍ത്തിയ നടനാണ് അജിത്ത്. അതേസമയം ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. പഠനത്തേക്കാള്‍ താരത്തിനിഷ്ടം സ്‌പോര്‍ട്‌സും ബൈക്ക് റേസിംഗുമായിരുന്നു.

സ്‌കൂള്‍ പഠനം പാതി വഴിയില്‍ അവസാനിപ്പിച്ചപ്പോഴേക്കും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹം തോന്നിത്തുടങ്ങി. താമസിയാതെ ഒരു പ്രൈവറ്റ് കമ്പനിയില്‍ അപ്രന്റീസായി ജോലി നോക്കി കുടുംബം പുലര്‍ത്തി. ദിവസക്കൂലിയില്‍ നിന്ന് മുക്കാല്‍ഭാഗവും കടംവീട്ടാനായി താരം വിനിയോഗിച്ചു.

ഈ സമയത്താണ് അപ്രതീക്ഷിതമായി സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. കടങ്ങള്‍ വീട്ടാനുള്ള ഒന്നായി മാത്രമാണ് തുടക്കത്തില്‍ സിനിമയെ കണ്ടിരുന്നത്. എല്ലാം വീട്ടിക്കഴിയുമ്പോള്‍ സിനിമയില്‍ നിന്ന് പടിയിറങ്ങണമെന്നാഗ്രഹിച്ചിരുന്നെങ്കിലും നായകനായി അഭിനയിച്ച 'ആശൈ' എന്ന സിനിമ വന്‍ഹിറ്റായി.

തുടര്‍ന്ന് ധാരാളം അവസരങ്ങള്‍ ഈ നടനെത്തേടിയെത്തി. കുട്ടിക്കാലം തൊട്ടുള്ള കഷ്ടപ്പാടുകള്‍ കണ്ടിട്ടാകാം ദൈവം തന്നെ സിനിമയിലെ നക്ഷത്രമാക്കിയതെന്നാണ് അജിത്തിന്റെ വിശ്വാസം.

ആരാധകരെ നിരാശപ്പെടുത്തില്ല


തന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആരാധകര്‍ ചുറ്റുമുണ്ടെന്നും അവരാണ് തന്റെ ശക്തിയെന്നും അജിത്ത് അഭിപ്രായപ്പെടുന്നു. അവരുടെ സ്‌നേഹമാണ് തലയെന്ന പേര് ചാര്‍ത്തലിന് പിന്നിലുമുള്ളത്. തലയുടെ സിനിമ റിലീസ് ദിവസം തിയേറ്ററില്‍ ചെന്ന് ആരാധകരുടെ സ്‌നേഹം മനസ്സിലാക്കിയ വ്യക്തിയാണ് അജിത്ത്.

അന്നേദിവസം അവിടെ എത്തുന്ന എല്ലാവരുമായി സംസാരിച്ച ശേഷമേ അദ്ദേഹം തിയേറ്ററിനുള്ളിലേക്ക് പോവുകയുള്ളൂ. താരത്തിന്റെ ഫ്‌ളെക്‌സില്‍ പാലഭിഷേകം നടത്തുന്ന ആരാധകരെ ഒരിക്കലും അദ്ദേഹം വിഷമിപ്പിച്ചിട്ടില്ല.

ലൊക്കേഷനില്‍ വന്നുകഴിഞ്ഞാല്‍ താരജാഡ കാട്ടാതെ എല്ലാവരോടും വിശേഷങ്ങള്‍ പങ്കുവെക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മറ്റുതാരങ്ങളെപ്പോലെ കാരവനിലിരുന്ന് സമയം കളയുന്ന നടനെക്കാള്‍ തന്നെക്കാണാന്‍ വരുന്ന ആരാധകരോടൊപ്പം സെല്‍ഫിയെടുക്കാനും അവരിലൊരാളായി നടക്കാനും ആഗ്രഹിക്കുന്ന നായകനാണ് ഈ തലൈവന്‍.

uploads/news/2017/08/141348/Weeklyajiththala1.jpg

ലുക്കില്‍ കാര്യമില്ല


പ്രമുഖ നടന്മാര്‍ പലരും പ്രായം മറന്ന് മുടി കറുപ്പിക്കുമ്പോഴും കൊച്ചുപെണ്‍കുട്ടികളോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോഴും സൂപ്പര്‍താരം തല ഇവര്‍ക്ക് നേര്‍വിപരീതമാണ്. നര കയറിയ മുടി ഡൈ ചെയ്യാതെ സിനിമയില്‍ അഭിനയിക്കുന്ന ഈ നടന്‍ മറ്റുപലര്‍ക്കും ഒരു മാതൃകയാണ്.

നരച്ചമുടിയുമായി അഭിനയിച്ചപ്പോഴും തന്നെ സ്‌നേഹിച്ചവര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നുമാണ് താരം പറയുന്നത്. അപ്പോള്‍ പിന്നെ ലുക്കില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മാമാട്ടിക്കുട്ടിയുമൊത്തുള്ള സുന്ദരജീവിതം


വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഈ നിമിഷം വരെ ശാലിനി അറിയാത്ത ഒരു രഹസ്യവും തന്റെ മനസില്‍ ഇല്ലെന്ന് അജിത്ത് പറയുന്നു. താരവിവാഹവും വേര്‍പിരിയലും പതിവാകുന്ന ഇക്കാലത്ത് തങ്ങളുടെ ദാമ്പത്യം ഒരു മാതൃകയായി കാട്ടാമെന്ന് താരം പല ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിട്ടുണ്ട്.

വിവാഹശേഷം ശാലിനിയെ അഭിനയത്തിലേക്ക് വിടാന്‍ താന്‍ തയ്യാറായിരുന്നുവെങ്കിലും സ്വന്തം താല്പര്യാര്‍ത്ഥം അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതം നയിക്കാന്‍ അവള്‍ തീരുമാനിച്ചപ്പോള്‍ അങ്ങനെതന്നെയാകട്ടെയെന്നും അദ്ദേഹം വിചാരിച്ചു. തന്റെ സിനിമകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതോടൊപ്പം ഭാര്യ നല്ലൊരു വിമര്‍ശക കൂടിയാണെന്നും നായകന്‍ ചൂണ്ടിക്കാട്ടുന്നു.

പാചകം ഇഷ്ടമാണ്


പാചകം പുരുഷന്മാര്‍ക്കും ചെയ്യാമെന്ന് അജിത്തിനെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ അമ്മയാണ്. വിശേഷാവസരങ്ങളില്‍ വീട്ടിലേക്ക് വരുന്ന അതിഥികള്‍ക്ക് കഴിക്കാനായി അച്ഛനും അമ്മയും പലഹാരങ്ങളുണ്ടാക്കും. മക്കള്‍ വിളമ്പും. അതാണ് ശീലം.

കുട്ടിക്കാലത്ത് തന്നെ പാചകം പഠിച്ചതുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ട് ഏതുനാട്ടില്‍ ചെന്നാലും തനിക്കുള്ള ഭക്ഷണം താരം സ്വയം പാകം ചെയ്യും. സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തി നില്‍ക്കുമ്പോഴും പാചകം ചെയ്യുന്ന കാര്യത്തില്‍ മറ്റാരെയും സമീപിക്കില്ല.

uploads/news/2017/08/141348/Weeklyajiththala2.jpg

ചിലപ്പോഴൊക്കെ ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിക്കും. ആ സമയം കഴിക്കുന്ന വിഭവം ഇഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ കൈകഴുകി നേരെ അവിടുത്തെ അടുക്കളയിലേക്ക് പോയി ഷെഫിനെ കണ്ട് താന്‍ കഴിച്ച ഭക്ഷണത്തിന്റെ റെസിപ്പി ചോദിച്ചു മനസ്സിലാക്കുകയും വീട്ടില്‍ വന്ന് അത് പരീക്ഷിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ് തമിഴകത്തിന്റെ സ്വന്തം തല.

അജിത്ത് പാകംചെയ്ത ഭക്ഷണങ്ങള്‍ കഴിച്ച് അദ്ദേഹം നല്ലൊരു കുക്കാണെന്ന സര്‍ട്ടിഫിക്കേറ്റും ഭാര്യ ശാലിനി നല്‍കിയിട്ടുണ്ട്.

വിജയ് എന്റെ ശത്രുവല്ല


സിനിമയില്‍ ആരുമായും മത്സരിക്കാന്‍ തനിക്കാകില്ലെന്നും എല്ലാവരെയും നല്ല സുഹൃത്തുക്കളായി മാത്രമേ കണ്ടിട്ടുള്ളുവെന്നും അജിത്ത് പറയുന്നു. എന്നാല്‍ ഇളയദളപതി വിജയ് തന്റെ ശത്രുവാണെന്നും മറ്റും പറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ വരുന്ന പോസ്റ്റുകള്‍ മനസ്സിനെ വേദനിപ്പിക്കുന്നുവെന്നും ഇത്തരം പോസ്റ്റുകളിടുന്നവര്‍ ദയവായി അങ്ങനെ ചെയ്യരുതെന്നും താരം അപേക്ഷിക്കുന്നു.

വിജയ് തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും തങ്ങളുടെ സിനിമകള്‍ വ്യത്യസ്തമാകാം, എന്നാല്‍ വ്യക്തിപരമായി ഇരുവരെയും താരതമ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW