Thursday, May 31, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 03.51 PM

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം

ഓര്‍മയിലെ സുഗന്ധ കാലവും, തനതു നാടക വേദിയുടെ കുലപതിയായിരുന്ന അച്ഛന്‍ കാവാലം നാരായണ പണിക്കരെക്കുറിച്ചുള്ള ഓര്‍മകളും...സംഗീതത്തിലെ നനുത്ത ഓര്‍മകളും പങ്കുവച്ച് കാവാലം ശ്രീകുമാര്‍...
uploads/news/2017/08/141062/kavalamsreekumar280817.jpg

കിഴക്ക് വെള്ളകീറുമ്പോള്‍ മുതല്‍ അന്തിച്ചോപ്പ് മായും വരെ കാവാലത്തെ വലിയ പഠിപ്പുര തുറന്നു കിടക്കും. മാറി മാറി വരുന്ന കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകള്‍ ആവാഹിച്ചും നാടന്‍പാട്ടിന്റെ ശീലുകള്‍ക്കു കാതോര്‍ത്തുമൊക്കെ.

കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കാവാലം നാരായണ പണിക്കര്‍ എന്ന സാഹിത്യനായകന്റെ മകന്‍ അച്ഛന്‍ പകര്‍ന്നുനല്‍കിയ കലാപാരമ്പര്യത്തെ നെഞ്ചോട് ചേര്‍ത്തുവച്ചു. കാവാലത്തെ കലകളുറങ്ങുന്ന ആ തറവാട്ടുമുറ്റത്തെ കാറ്റിന് ഇപ്പോഴുമുണ്ട് നാടന്‍ പാട്ടിന്റെ സുഗന്ധം.

അച്ഛന്റെ അനുഗ്രഹം ആവോളം ലഭിച്ച കാവാലം ശ്രീകുമാര്‍ എന്ന മകന് സംഗീതം തന്നെയാണ് ജീവിതവും. പ്രശസ്ത ഗായകനായ കാവാലം ശ്രീകുമാര്‍ സംഗീതത്തെക്കുറിച്ചും തന്റെ അച്ഛനെക്കുറിച്ചും....

ആലപ്പുഴയിലെ കുട്ടിക്കാലം....


1975 വരെ ആലപ്പുഴയായിരുന്നു എന്റെ ജീവിതം. ഞങ്ങളുടെ വീടിന്റെ നേരെ എതിര്‍വശത്ത് തിരുമല ദേവസ്വം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അവധിക്കാലങ്ങള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. കാവാലത്ത് അച്ഛന്റെ ചേട്ടനും അമ്മയുടെ ചേച്ചിയും ഉണ്ട്.

വലിയമ്മയുടെ മീന്‍കറിയുടെ സ്വാദ് ഇപ്പോഴും നാവിന്‍തുമ്പിലുണ്ട്. പിന്നെ ഞങ്ങള്‍ കുട്ടികളെല്ലാം ഒത്തുചേര്‍ന്നുള്ള കളികളും, ഒന്നും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ തന്നെയാണ്.

വീട്ടില്‍ത്തന്നെ താമസിച്ചു പഠിപ്പിച്ചിരുന്ന ഒരു ഭാഗവതര്‍ സാറുണ്ടായിരുന്നു. അദ്ദേഹമാണ് എനിക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നത്. കാവാലത്തെ പുഴകളും, പാടങ്ങളും ഒക്കെ പ്രത്യേകതരം ഊര്‍ജം പകര്‍ന്നുതന്നിരുന്നു. അച്ഛനും അങ്ങനെതന്നെയായിരുന്നു.

ഏക്കറുകണക്കിന് വരുന്ന പാടത്തിന്റെ നടുവിലെ ഏറുമാടത്തിലിരുന്ന് തേക്കുപാട്ടും കൊയ്ത്തുപാട്ടും വിതച്ചില്‍പാട്ടും ഒക്കെ കേട്ട് അതിന്റെ താളത്തില്‍ ലയിച്ചാണ് അച്ഛന്‍ കവിതയും പാട്ടും ഒക്കെ എഴുതിയിരുന്നത്. ആലപ്പുഴയില്‍ വച്ച് എന്നെ സംഗീതം പഠിപ്പിക്കാനുള്ള താല്‍പര്യം കാട്ടിയത് അമ്മ ശാരദാമണിയായിരുന്നു. അഞ്ച് വയസ്സുമുതല്‍ ഞാന്‍ സംഗീതം പഠിച്ചുതുടങ്ങി.

കഥാപാത്രങ്ങള്‍ ജീവന്‍തുടിച്ച വീട്...


ആലപ്പുഴയിലെ വീട് വിട്ട് 1975 ലാണ് ഞങ്ങള്‍ തിരുവനന്തപുരത്തെത്തുന്നത്. 40 വര്‍ഷത്തിനുശേഷം അടുത്തിടെ ഒരിക്കല്‍കൂടി ഞാന്‍ ആ വീട്ടിലേക്ക് ചെന്നു. തലമുറകള്‍ കടന്നുപോയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ഓര്‍മയിലുള്ളതുപോലെതന്നെ ആ വീട് അവര്‍ കാത്തു സൂക്ഷിക്കുന്നുണ്ട്, ഒരു വ്യത്യാസവുമില്ലാതെ.

നാടകം രൂപപ്പെട്ടുവരും മുന്‍പ് ബാലെകളും കാക്കാരിശ്ശി നാടകവും മറ്റും പ്രാക്ടീസ് ചെയ്തിരുന്നത് വീട്ടില്‍ത്തന്നെയായിരുന്നു. പിന്നീട് നാടകത്തിന്റെയും പാട്ടിന്റെയും നൃത്തത്തിന്റെ യും ഒക്കെ അരങ്ങായി ആ വീട് മാറിയിട്ടുണ്ട്. ഇന്നും അവിടെ കാലെടുത്ത് വയ്ക്കുമ്പോള്‍ ഉള്ളന്‍കാലില്‍കൂടി ഓര്‍മയുടെ ഒരു തരിപ്പ് അരിച്ചുകയറും.

അച്ഛന്‍ പകര്‍ന്ന സംഗീതം....


പലതരം സംഗീതത്തെ അടുത്തറിയാന്‍ കഴിഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. നാടന്‍ പാട്ടുകളുടെ വലിയൊരു ശേഖരം അച്ഛന്റെ കയ്യിലുണ്ടായിരുന്നു. ഇതൊക്കെ ശേഖരിക്കാന്‍ എത്ര കഷ്ടപ്പെട്ടും യാത്ര പോകാന്‍ അച്ഛന് ഒരു മടിയുമില്ലായിരുന്നു.

അന്യംനിന്ന കുറേ നാടന്‍ കലാരൂപങ്ങള്‍, അതത് കമ്യൂണിറ്റിയിലുള്ള ആളുകളുടെ പ്രകടനങ്ങള്‍, പാട്ടുകള്‍, നൃത്തങ്ങള്‍ ഇവയെക്കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും സൂക്ഷിച്ചുവയ്ക്കാനുമൊക്കെ അച്ഛന് വളരെ ഇഷ്ടമായിരുന്നു.

ഇത്തരം പാട്ടുകളൊക്കെ കേട്ട് അതൊക്കെ എന്റെ മനസില്‍ പതിഞ്ഞിട്ടുണ്ട്. സംഗീതത്തോട് താല്‍പര്യമുണ്ടായിരുന്നതുകൊണ്ടാവണം അവയൊക്കെ എന്നെയും ആകര്‍ഷിച്ചത്. മറ്റൊരു വശത്തുകൂടി ബാലമുരളിയുടേയും എം. ഡി രാമനാഥന്റെയും ക്ലാസിക്കല്‍ ഗാനങ്ങള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലമായിരുന്നു.

കേള്‍വി ഒരു സംഗീതജ്ഞനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു ണ്ട്. അച്ഛനോടൊപ്പം ചേര്‍ന്ന് ആദ്യകാലത്ത് സംസ്‌കൃത നാടകങ്ങള്‍ക്കൊക്കെ സംഗീതം നല്‍കുകയും പാടുകയും അതില്‍ വാദ്യങ്ങള്‍ വായിക്കുകയും ഒക്കെചെയ്തിരുന്നു.

എനിക്കായി പാട്ടെഴുതി അച്ഛന്‍...


ഞാന്‍ എപ്പോള്‍ ചോദിച്ചാലും പാട്ടെഴുതി തരുന്നത് അച്ഛന് ഇഷ്ടമായിരുന്നു. മനസില്‍ ഏത് രാഗം രൂപപ്പെട്ടുവന്നാലും ഞാനത് അച്ഛനോട് പറയും. അപ്പോള്‍ത്തന്നെ അച്ഛനതിനനുസരിച്ച് വരികള്‍ എഴുതി തരും.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്റെയും അച്ഛന്റെ സുഹൃത്തും നൃത്താദ്ധ്യാപകനുമായ പരമശിവന്‍ മാസ്റ്ററിന്റെയും കൂടി ആദ്യമായി മൂകാംബികയില്‍ പോയത്. എഴുപതുകളിലാണത്. അവിടെ വച്ച് ഞാന്‍ അച്ഛനോട് പറഞ്ഞു: അച്ഛന്‍ ഒരു കീര്‍ത്തനമുണ്ടാക്കണം.
ഞാനത് ഈണമിട്ട് പാടാം.. അങ്ങനെ ആദ്യമായി മൂകാംബിക ദേവിയുടെ മുന്‍പില്‍ ഞാന്‍ പാടി.
സംഗീതരസികെ മൂകാംബികേ.....

പിന്നീട് പലപ്പോഴും ഞാനവിടെ പോയിട്ടുണ്ട്. ചെല്ലുമ്പോഴെല്ലാം അച്ഛനെഴുതിയ പാട്ടുകള്‍കൊണ്ടുതന്നെ ദേവിയുടെ മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയിട്ടുണ്ട്.

Ads by Google
Loading...
TRENDING NOW