Monday, June 04, 2018 Last Updated 15 Min 24 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 27 Aug 2017 06.53 PM

മാനസാന്തരം വന്ന സണ്ണിലിയോണും ക്രിമിനല്‍ ആള്‍ദൈവങ്ങളും

കോപ്രായങ്ങള്‍ കാട്ടി, സ്വയം ദൈവങ്ങളായി ഭാവിക്കുന്നവരുടെ നിരവധി അന്തപുരകഥകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എല്ലായിടത്തും സമാനമായ ചില സംഭവങ്ങളുണ്ട്. ലൈംഗീക ചൂഷണവും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അതിനുള്ള മറയായി കുറേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും.
Gurmeet ram rahim, sunny leone

അവതാരങ്ങളെന്ന് സ്വയംനടിച്ച് നടക്കുന്നവര്‍ക്ക് മുന്നില്‍ കാണിക്കവയ്ക്കുന്നതെന്തും മോക്ഷപ്രാപ്തിക്കുള്ള പ്രസാദങ്ങളാകുമ്പോള്‍, ജീവിക്കാനായി സ്വയം വില്‍ക്കാന്‍ തയാറാകുന്നവരെ വേശ്യയെന്ന് വിളിച്ച് ഒറ്റപ്പെടുത്തും നമ്മുടെ സമൂഹം. തെറ്റുകളിലേക്ക് വഴുതിവീണവരെ ശരിയുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരികയെന്നതാണ് ഏത് സംസ്‌ക്കാരവും നമ്മെ പഠിപ്പിക്കുന്നത്. കുപ്രസിദ്ധയായ വാസവദത്തയെപ്പോലും മോക്ഷത്തിന്റെ പാതയിലേക്ക് കൊണ്ടുപോയ ഒരു സംസ്്ക്കാരമാണ് നമ്മുടേത്. ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ പിച്ചിചീന്തുകയും അത് കുറ്റമാണെന്ന് വിധിച്ച കോടതിയെപ്പോലും തൃണമായി കണ്ടുകൊണ്ട് അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന ഭ്രാന്തന്‍ സമൂഹം വാഴുന്നിടത്താണ് ഇത്തരം ഒറ്റപ്പെടുത്തലുകളും നടക്കുന്നത്.

നമ്മുടെ കൊച്ചുകേരളവും വലിയ ഇന്ത്യയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചചെയ്യുന്നത് ഇത്തരത്തിലുള്ള രണ്ടുകാര്യങ്ങളാണ്. ഒന്ന് കൊച്ചിയില്‍ ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുന്‍ പോണ്‍നായികയും ഇപ്പോള്‍ ബോളിവുഡ് നടിയുമായ സണ്ണിലിയോണിനെ കാണാന്‍ എത്തിയ ജനക്കൂട്ടത്തെക്കുറിച്ച്. രണ്ട്, ദേരാ സച്ചാ സൗദ എന്ന സംഘടനയുടെ ആത്മീയനായകനായ ഗുര്‍മിത് റാം റഹിം എന്ന അഭിനവ ആള്‍ദൈവത്തിനെ ബലാല്‍സംത്സത്തിന് കുറ്റക്കാരനാണെന്നുകണ്ട കോടതിവിധിയുണ്ടാക്കിയ കോലാഹലങ്ങളെക്കുറിച്ച്. ആദ്യത്തേത് തങ്ങള്‍ ടി.വി.യില്‍ രഹസ്യമായി കണ്ടിട്ടുള്ള നായികയെ കാണാനുള്ള കൗതുകമായിരുന്നെങ്കില്‍ രണ്ടാമത്തേത് കൃത്യമായ ക്രിമിനല്‍ നടപടിയായിരുന്നു.

ദൈവത്തെക്കാള്‍ ആള്‍ ദൈവങ്ങളെ ഭയക്കുകയും അവരില്‍ ആകൃഷ്ടരാകുകയും ചെയ്യുന്ന ഒരുസമൂഹത്തിന് ഇതിനെ രണ്ടിനേയൂം തുല്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെന്നും വരും. സണ്ണിലിയോണിനെ കാണാന്‍ പോയവരെ വേശ്യയെകാണാന്‍ പോയവരായും അവരുടെ ഭര്‍ത്താവിനെ പിമ്പായും ചിത്രീകരിക്കുകയാണ് സംസ്്ക്കാരസമ്പന്നരായ നാം. അതേസമയം ബലാത്സംഗവും കൊലപാതകവും കൊള്ളയും അടക്കം എന്തും ചെയ്യുന്ന ചമ്പല്‍ കൊള്ളക്കാരെപ്പോലെ നാണിപ്പിക്കുന്ന ഗുര്‍മിത് റാം റഹിം എന്നവ്യക്തി കുറ്റക്കാരനാണെന്ന് ഒരു കോടതി വിലയിരുത്തിക്കഴിഞ്ഞാല്‍ അതിന്റെ ഭാരം സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച് അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതാണ് ഇന്ന് നമ്മുടെ സംസ്‌ക്കാരം.

എന്തുകൊണ്ട് നാം ഇങ്ങളെ കാപട്യത്തിന്റെ കാവലാള്‍മാരാകുന്നുവെന്നത്. സണ്ണിലിയോണിന്റെ കാര്യം എടുക്കുകയാണെങ്കില്‍ ഗുര്‍മിത് റാം റഹിം എന്ന ക്രിമിനല്‍ ദൈവത്തിനെക്കാള്‍ കുറേക്കുടി സത്യസന്ധമായിരുന്നു അവരുടെ ജീവിതം എന്ന് നമുക്ക് വിലയിരുത്താന്‍ കഴിയും. അവര്‍ ചലച്ചിത്രാഭിനയം തൊഴിലാക്കി എന്നാണ് അവരുടെ ഭാഷ്യം. അവര്‍ നിയമലംഘനം നടത്തിയിട്ടില്ല. നഗ്നചലച്ചിത്രങ്ങള്‍ അല്ലെങ്കില്‍ നീലചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമപരമായി അംഗീകരിച്ചിരുന്ന ഒരു നാട്ടില്‍ അവര്‍ അതില്‍ അഭിനയിച്ചു. അത് അവരുടെ ഒരു തൊഴില്‍ മാത്രമായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടാല്‍ നമുക്ക് നിഷേധിക്കാനും കഴിയില്ല. ആരുടെയും വീട്ടിനുള്ളില്‍ നിയമവിരുദ്ധമായി അവര്‍ കടന്നുവന്നിട്ടില്ല, പകരം നമ്മള്‍ നിയമലംഘിച്ചുകൊണ്ട് അവരെ നമ്മുടെ വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. അത്തരത്തില്‍ നിയമംലംഘിച്ച് അവരുടെ നഗ്നസ്ത്രീശരീരത്തെ ഒളിഞ്ഞും തെളിഞ്ഞും ആസ്വദിച്ച് രസിച്ചവരാണ് ഇന്ന് അവര്‍ അത് നിര്‍ത്തിയപ്പോള്‍ അവരെ വേശ്യയെന്ന് മുദ്രകുത്തുന്നത്. ഇത് മലയാളിക്ക് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണം.

അവര്‍ നഗ്നചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് മറ്റ് പല ജോലികളിലും അവര്‍ വ്യാപൃതയായിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും നാം സംസാരിക്കുന്നുമില്ല. മാത്രമല്ല, ഏകദേശം നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ മുഖ്യധാരാ ചലച്ചിത്രത്തില്‍ അഭിനയിക്കാനായി അവര്‍ എത്തിയതോടെ പഴയ ആ തൊഴില്‍ അതായത് നീലചിത്ര അഭിനയം നിര്‍ത്തുകയുംചെയ്തു. ഇന്ന് തീര്‍ത്തും ഇന്ത്യയുടെ നിയമങ്ങള്‍ അനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. ഇതുവരെ അവര്‍ക്കെതിരെ ഇവിടെ നിയമലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. മാത്രമല്ല,ആര്‍ക്കും വേണ്ടാതിരുന്ന ഒരു കുട്ടിയെ ദത്തെടുത്ത് അവര്‍ മാതൃകകാട്ടുകയുംചെയ്തു. ഏത് രാജ്യത്തായാലും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന തന്നെ നല്‍കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നിയമവിധേയമായ ഒരു തൊഴില്‍ നമ്മെ സംബന്ധിച്ചിടത്തോളം അത് സദാചാരവിരുദ്ധമായിരിക്കാം, അവര്‍ ചെയ്തിരുന്നുവെന്നത് സത്യമാണ്. അവര്‍ ചെയ്തിരുന്നത് നമുക്ക് സദാചാരവിരുദ്ധമായതുകൊണ്ട് അതിനെ എന്നും അധിക്ഷേപിക്കണമെന്ന അര്‍ത്ഥവുമില്ല. തെറ്റുകള്‍ ചെയ്യുന്നത് സഹജമാണ്, അത് മനസിലാക്കി തിരുത്തുന്നതിലാണ് നന്മ. രാമായണത്തില്‍ വിഭീഷണനില്‍ തുടങ്ങി, വാസവദത്തവഴി മറ്റു നിരവധി കഥാപാത്രങ്ങളിലൂടെ ചമ്പല്‍താഴ്‌വരയിലെ കൊടും കുറ്റവാളികളില്‍വരെ അത് എത്തിനില്‍ക്കുന്നുമുണ്ട്.

കൊള്ളയും കൊലപാതകങ്ങളുമായി നാടിനെ വിറപ്പിച്ച ഫുലന്‍ദേവിയെ ജനപ്രതിനിധിയാക്കി മാതൃക കാട്ടിയ നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി നല്ലതല്ല. മാര്‍ക്കേസിന്റെ കോളറാകാലത്തെ പ്രണയം എന്ന മഹത്തായ കൃതി വായിച്ചാല്‍ ചിലപ്പോള്‍ ചിലര്‍ക്ക് അതില്‍ സദാചാരവിരുദ്ധമായ ലൈംഗികതയുടെ അതിപ്രസരം കാണാന്‍ കഴിയുമായിരിക്കും. എന്നാല്‍ അത് ജീവിതത്തിന്റെ പ്രണയത്തിന്റെ ഒരു ഭാവം മാത്രമാണ്. അത് ചിത്രീകരിച്ചതുകൊണ്ട് മാര്‍കേസ് സദാചാരവിരുദ്ധനാണെന്നും മോശപ്പെട്ടവനാണെന്നും ഒരു മലയാളിയും പറയില്ല. എന്തിന് നമ്മുടെ രാമായണം മുതല്‍ ഇപ്പോള്‍ സെന്‍സേഷനായ മനുഷ്യന് ഒരു ആമുഖം വരെയുള്ള കൃതികളിലും രതി ഒരു പ്രധാനഘടകമായിട്ടുണ്ട്. സ്ത്രീയുടെ ശരീരവര്‍ണ്ണനയും കാമത്തിന്റെ ആളിക്കത്തലുമൊക്കെ വളരെ മനോഹരമായി ഇതിലൊക്കെ വരച്ചുചേര്‍ത്തിട്ടുമുണ്ട്. അത്തരത്തില്‍ മനുഷ്യന്റെ വികാരത്തെ വരച്ചുകാട്ടിയതിന് ഈ കൃതികളുടെ സൃഷ്ടാക്കളെ ആരും വേശ്യയെന്നും പിമ്പെന്നും വിളിക്കാറുമില്ല. രതി എന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഫ്രോയിഡിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വിപ്ലവം രതിയാണ്. സണ്ണിലിയോണ്‍ കാട്ടിയത് രതിയാണോ, രതിവൈകൃതമാണോയെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട് എന്നത് വസ്തുതതന്നെയാണ്. എന്നാലും മാറാന്‍ തയാറായ ഒരു വ്യക്തിയെ ഇത്തരത്തില്‍ ഇടിച്ചുതാഴ്‌ത്തേണ്ടതുണ്ടോയെന്ന് നാംചിന്തിക്കണം.

മറുവശത്ത് ദേരാ സച്ചാ സൗദാ എന്ന സംഘടനയുടെ ദൈവമായ ഗുര്‍മിത് റാം റഹിം എന്ന ക്രിമിനല്‍. അയാള്‍ എന്തുകൊണ്ട് ക്രിമിനല്‍ ആകുന്നുവെന്ന് ചോദിച്ചാല്‍ ഒരിക്കലും മാറാന്‍ തയാറല്ലാത്തതും, തന്റെ സ്വാധീനം കൊണ്ട് സമൂഹത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്നതും കൊണ്ടാണ് അയാള്‍ ക്രിമിനല്‍ ആകുന്നത്. പുരോഗമനത്തിന്റെ പാതയില്‍ എന്ന് നാഴികയ്ക്ക് നാന്നൂറുവട്ടം പ്രസംഗിക്കുന്ന നാം ശിലായുഗത്തിനും പിന്നിലേക്ക് അധഃപതിക്കുന്നുവെന്നതാണ് ഇതുമായിബന്ധപ്പെട്ട് ചൂണ്ടിക്കാട്ടാനുള്ളത്.

പുരോഗമനംഎന്നുപറഞ്ഞാല്‍ ബഹിരാകാശത്ത് പേടകത്തേയോ, മനുഷ്യനെയോ അയക്കുന്നതും ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതും മറ്റു ശാസ്ത്രസാങ്കേതിക വിദഗ്ധന്മാരെ സൃഷ്ടിക്കുന്നതുംമാത്രമല്ല. പുരോഗമനം എന്നാല്‍ മനസില്‍ ഉണ്ടാകേണ്ടതാണ്. ഏകകോശ ജീവിയായ അമീബയില്‍ നിന്നും ബഹുകോശ ജീവിയും ബഹുശേഷികളുമുളള മനുഷ്യനിലേക്കുള്ള പ്രയാണം തന്നെ അത്തരത്തിലുള്ളതാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ നാം കാലഘട്ടത്തിന്റെ പിന്നിലേക്ക് പോകുകയാണ്. അതാണ് ഗുര്‍മിതിനെപ്പോലുള്ള ആള്‍ ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

സ്വന്തം അനുയായിയായ ഒരു സ്ത്രീയെ ബലാത്സംഗം നടത്തിയ കേസിലാണ് അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അതാണ് ഇന്ന് ഈ നാട്ടില്‍ കലാപം അഴിച്ചുവിട്ടിരിക്കുന്നത്. പരാതി നല്‍കിയ ലൈംഗിക പീഡനത്തിന് ഇരയായ ആ സ്ത്രീയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രാകൃതസംസ്‌കൃതിയെ വീണ്ടും നമ്മിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ കച്ചകെട്ടിയിറിങ്ങിയിരിക്കുന്ന ചിലര്‍ ശ്രമിക്കുന്നത്. അതാണ് കുറ്റക്കാരനായ ആ ക്രിമിനലിന്റെ അനുയായികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചത്. അതുകൊണ്ടാണ് കുപ്രസിദ്ധമായ '' റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു'' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ '' ഹരിയാന കത്തിയെരിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉറങ്ങി'' എന്ന് പറയാന്‍ കോടതിയെ നിര്‍ബന്ധിതമാക്കിയത്.

ആള്‍ ദൈവങ്ങളായി അവതരിക്കുന്നവര്‍ ആരായാലും അവിടെയെല്ലാം ഇതാണ് സ്ഥിതി. ഒരു മനുഷ്യനും ദൈവീകമായ ഒരു ശക്തിയും ഉണ്ടാകുന്നില്ല. മനുഷ്യനുള്ളത് അവനില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളാണ്. അതിനെ പരിപോഷിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഐന്‍സ്റ്റിനോ, മാഡം ക്യൂറിയോ, മൈക്കല്‍ ആഞ്ചലയോ, മാര്‍ക്വേസോ, നെരുദയോ, മണ്ടേലയോ, മഹാത്മാഗാന്ധിയോ ഒക്കെ ആകാന്‍ കഴിയും. അത് അര്‍പ്പണമാണ് സാധനയാണ്. ഇല്ലാതെ ദൈവംആരുടെയും രൂപത്തില്‍ ജനിക്കുന്നില്ല. സഹജീവികളെ സ്‌നേഹിക്കുന്നവരിലാണ് ദൈവത്തെ കാണേണ്ടത്. ഇല്ലാതെ സ്ത്രീയെ പിച്ചിചീന്തുന്നവനിലും രാജ്യത്തെ കൊള്ളയടിക്കുന്നവരിലുമല്ല, ദൈവീകത്വമുള്ളത്.

എന്നാല്‍ ഇവിടെ ആള്‍ ദൈവങ്ങളെ അവതരിപ്പിച്ച് നടക്കുന്നത് ഇതാണ്. കോപ്രായങ്ങള്‍ കാട്ടി, സ്വയം ദൈവങ്ങളായി ഭാവിക്കുന്നവരുടെ നിരവധി അന്തപുരകഥകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എല്ലായിടത്തും സമാനമായ ചില സംഭവങ്ങളുണ്ട്. ലൈംഗീക ചൂഷണവും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അതിനുള്ള മറയായി കുറേ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും. അതോടൊപ്പം രാജ്യത്തിന്റെ ചുക്കാന്‍ തന്നെ കൈയില്‍പിടിക്കാനുള്ള ത്വരയും.

നമ്മുടെ സംസ്‌കാരത്തിന്റെയും തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനത്തില്‍ സന്യാസം എന്നത് ഒരു മനുഷ്യന്റെ അന്തിമരൂപമാണ്. എല്ലാതരം ഭൗതികചിന്തകളും വെടിഞ്ഞ് ആത്മീയതയില്‍ മാത്രം മുങ്ങിപ്പോകുന്ന അവസ്ഥ. എന്നാല്‍ ഇവിടെ ഇത്തരത്തില്‍ സന്യാസികള്‍ എന്ന് ഭാവിക്കുന്നവരാണ് ഇന്ന് ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. ഒന്നുംപരസ്യസമായി ചെയ്യാന്‍ കഴിയാതെ എല്ലാം രഹസ്യമായി ചെയ്യുകയും അതുകൊണ്ടു തന്നെ അത് അരാജകത്വമായി മാറുകയുംചെയ്തിട്ടുള്ളവര്‍. അവര്‍ക്ക് ഇത്തരത്തില്‍ ആള്‍ ദൈവങ്ങള്‍ അനിവാര്യമാണ്. അധികാരം അരക്കിട്ടുറപ്പിക്കാന്‍ ഇത്തരം ക്രിമിനല്‍ ദൈവങ്ങളും അവരുടെ വോട്ടുബാങ്കുകളും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം അവതാരങ്ങളെ അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. അങ്ങനെ സൃഷ്ടിക്കപ്പെടുന്നവര്‍ ഒടുവില്‍ സ്രഷ്ടാതാക്കളെക്കാള്‍ വളര്‍ന്ന്, ഭസ്മാസുരന് വരം കൊടുത്തതുപോലെയാകും. അരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത് സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതാണ് മാറേണ്ടത്.

അതോടൊപ്പം നമ്മുടെ ഉള്ളിലെ കപട ചിന്തകളും കപട സദാചാരവും മാറണം. തെറ്റിനെ അത് സണ്ണിലിയോണിന്റെ കാര്യത്തിലായാലും ഗുര്‍മിത്തിന്റെ വിഷയത്തിലായാലും അതല്ല, ഇനികേരളത്തിലെ ഏതെങ്കിലും വലിയആള്‍ ദൈവങ്ങളുടെ കാര്യത്തിലായാലും അങ്ങനെ തന്നെ ചൂണ്ടിക്കാട്ടണം. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ കുറേ ആള്‍ദൈവങ്ങള്‍ അവരുടെ പണി അവസാനിപ്പിക്കുകയും പിന്നീട് ജയിലഴിയില്‍ പോകുകയും ചെയ്തത്. അത് ഇനിയും തുടരണം. അതുകൊണ്ട് മാനസാന്തരം വന്ന സണ്ണിലിയോണ്‍മാരെ മനുഷ്യരായി നമുക്ക് ഒപ്പം കൂട്ടുകയും രാജ്യത്തെ കാല്‍ക്കീഴിലിട്ട് പന്താടുന്ന കപടദൈവങ്ങളെ തല്ലിതുരത്തുകയുംചെയ്യുന്ന ദൗത്യത്തില്‍ നമുക്ക് ഏര്‍പ്പെടാം. അതാണ് ഇനി നാടിനാവശ്യം.

Ads by Google
Ads by Google
Loading...
TRENDING NOW